UPDATES

വായിച്ചോ‌

ക്യൂബയുടെ കാര്‍ഷിക വിപ്ലവത്തില്‍ നിന്ന് പഠിക്കാനുള്ളത്

നവംബര്‍ 25ന് ഫിദല്‍ കാസ്‌ട്രോ അന്തരിച്ചപ്പോള്‍ പാശ്ചാത്യ മാദ്ധ്യമങ്ങളുടെ സ്വാഭാവിക രീതിയില്‍ കാസ്‌ട്രോയെ മോശമായി ചിത്രീകരിച്ച് കൊണ്ടുള്ള സ്‌റ്റോറികള്‍ തന്നെയാണ് കാനഡയിലെ മാദ്ധ്യമങ്ങളിലും വന്നത്. എന്നാല്‍ ക്യൂബയെ സൂക്ഷ്മായി നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇതിന്‌റെ പൊള്ളത്തരം ബോദ്ധ്യമാകുമെന്ന് പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ലോയ്‌സ് റോസ് പറയുന്നു. കാസ്‌ട്രോയുടെ സംഭാവനകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ കനേഡിയന്‍ എഴുത്തുകാരന്‍ സറ്റീഫന്‍ കിംബറിന്‌റേയും അമേരിക്കന്‍ ഇടതുപക്ഷ ചിന്തകന്‍ നോം ചോംസ്‌കിയുടേയും ലേഖനങ്ങള്‍ മതിയെന്ന് ലോയ്‌സ് റോസ് പറയുന്നു. ഫിദല്‍ കാസ്‌ട്രോ ഇന്‍ കോണ്‍ടെക്‌സ്റ്റ് എന്ന ബെലന്‍ ഫെര്‍ണാണ്ടസിന്‌റെ ലേഖനവും റോസ് നിര്‍ദ്ദേശിക്കുന്നു.

ക്യൂബയുടെ ജൈവകൃഷി കാനഡ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്ന ഒന്നാണ്. 1960കള്‍ മുതല്‍ 90കളുടെ ആദ്യം വരെ ക്യൂബയുടെ കൃഷി വലിയ തോതില്‍ കീടനാശിനികളേയും രാവസവളങ്ങളേയും ആശ്രയിച്ചുള്ളതായിരുന്നു. ഗവണ്‍മെന്‌റ് ഉടമസ്ഥതയിലുള്ള ഫാമുകളായിട്ടാണ് വിപ്ലവത്തിന് ശേഷം ക്യൂബന്‍ കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നത്. പ്രധാനമായും കരിമ്പ് കൃഷി തന്നെ. പഞ്ചസാര ഉല്‍പ്പാദനവും സോവിയറ്റ് സഹായവുമാണ് ക്യൂബയെ മുന്നോട്ട് കൊണ്ടുപോയത്. വ്യത്യസ്ത വിത്തിനങ്ങളുടേയും രാസവളങ്ങളുടേയും അമിത ഉപയോഗവും പരീക്ഷണങ്ങളും കൃഷിയിടങ്ങളിലെ മണ്ണ് കൃഷി യോഗ്യമല്ലാതാക്കുകയും മണ്ണൊലിപ്പ് ശക്തമാക്കുകയും ചെയ്തു.

1959ല്‍ വിപ്ലവം വിജയിക്കുന്ന സമയത്ത് ക്യൂബയിലെ 75 ശതമാനം കൃഷിയിടങ്ങളും ഭൂമിയും അമേരിക്കയില്‍ നിന്നുള്ള യുണൈറ്റഡ് ഫ്രൂട്ട കമ്പനി അടക്കമുള്ള വിദേശ കോര്‍പ്പറേഷനുകളുടെ ഉടമസ്ഥതയിലായിരുന്നു. വിപ്ലവത്തിന് ശേഷം ഭൂപരിഷ്‌കരണം വന്നു. സോവിയറ്റ് മാതൃകയില്‍ കാര്‍ഷിക ഉല്‍പ്പാദനം പ്രത്യേകിച്ച് വലിയ കൃഷിയിടങ്ങള്‍ ഗവണ്‍മെന്‌റിന് കീഴില്‍ വന്നു. അതേസമയം ചെറു കൃഷിഭൂമികള്‍ അവഗണിക്കപ്പെട്ടു. കൃഷി അനുബന്ധ വ്യവസായങ്ങളിലും കയറ്റുമതിയിലും നിര്‍ണായകമായത് പഞ്ചസാര തന്നെയായിരുന്നു. അമേരിക്കന്‍ ഉപരോധം വ്യവസായ ബന്ധത്തില്‍ വലിയ തടസം സൃഷ്ടിച്ചു. സോവിയറ്റ് യൂണിയന്‌റെ സഹായമാണ് ആശ്വാസമായത്. 30 വര്‍ഷത്തേയ്ക്ക് ക്യൂബന്‍ കാര്‍ഷിക മേഖലയില്‍ ഏതാണ്ട് ഈ അവസ്ഥ തുടര്‍ന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചത് കൃഷിയെ വലിയ പ്രതിസന്ധിയിലാക്കി.

1980കളുടെ അവസാനത്തില്‍ ക്യൂബയില്‍ ഭൂമിയുടെ 80 ശതമാനവും ഗവണ്‍മെന്‌റ് ഉടമസ്ഥതയിലായിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കള്‍ 60 ശതമാനവും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയുണ്ടായി. 1991ല്‍ സോവിയറ്റ് യൂണിയന്‌റെ തകര്‍ച്ച ക്യൂബയെ സംബന്ധിച്ച് വഴിത്തിരിവായി. പെട്രോളിയം ഉല്‍പ്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും അടക്കം വിഭവങ്ങള്‍ ക്യൂബ വലിയ തോതില്‍ ആശ്രയിച്ചിരുന്നത് സോവിയറ്റ് യൂണിയനെ ആയിരുന്നു. ക്യൂബയുടെ പഞ്ചസാരയുടെ ഏറ്റവും വലിയ ഉപഭോക്താവും സോവിയറ്റ് യൂണിയനായിരുന്നു. വലിയ സ്‌റ്റേറ്റ് ഫാമുകള്‍ക്ക് പെട്രോളിയവും കീടനാശിനികളും വലിയ തോതില്‍ ആവശ്യമായിരുന്നു. ഇത് ഇറക്കുമതി ചെയ്യാന്‍ ആവശ്യമായ കറന്‍സി ക്യൂബയുടെ കയ്യിലുണ്ടായിരുന്നില്ല. ക്യൂബന്‍ ജനത ഭക്ഷണത്തിന് നന്നായി ബുദ്ധിമുട്ടി. പലപ്പോളും ഒരു നേരം പച്ചവെള്ളം മാത്രം കഴിച്ച് ജീവിക്കുന്ന ധാരാളം പേരുണ്ടായിരുന്നു അക്കാലത്ത് ക്യൂബയില്‍.

വലിയ പ്രതിസന്ധിയാണ് ക്യൂബയ്ക്ക് സോവിയറ്റ് തകര്‍ച്ച ഉണ്ടാക്കിയത്. കാര്‍ഷിക പരിഷ്‌കാരവും സ്വയംപര്യാപ്തതയും ക്യൂബയെ സംബന്ധിച്ച് അനിവാര്യമായി. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രിയാത്മക ഇടപെടലുകളിലൂടെ ബദലുകള്‍ കണ്ടെത്താനുള്ള ക്യൂബക്കാരുടെ മിടുക്ക് പുറത്തുവന്നു. ചിലവ് കുറഞ്ഞതും കൂട്ടായതുമായ രീതിയില്‍ ജൈവകൃഷിയിലേയ്ക്ക് കൂടുതലായി ക്യൂബ തിരിയുന്നത് അങ്ങനെയാണ്. ഇന്ധന ലഭ്യതക്കുറവ് മൂലം യന്ത്ര ഉപയോഗം താരതമ്യേന കുറഞ്ഞു. ചെറുകിട കൃഷിയെ ഗവണ്‍മെന്‌റ് കാര്യമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. തലസ്ഥാനമായ ഹവാനയിലടക്കം പ്രതീക്ഷിക്കാത്ത തോതില്‍ ചെറിയ പച്ചക്കറിത്തോട്ടങ്ങള്‍ നിരവധി വന്നു. ഫലം അദ്ഭുതകരമായിരുന്നു. വികസ്വര രാജ്യങ്ങള്‍ക്കും വികസിത രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്ന കാര്‍ഷിക സംസ്‌കാരം ക്യൂബ വികസിപ്പിച്ചു.

സുസ്ഥിര കൃഷി രീതി വികസിപ്പിച്ച ക്യൂബയെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിച്ചു. സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന ദ റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ക്യൂബയ്ക്ക് നല്‍കിയാണ് സ്വീഡിഷ് പാര്‍ലമെന്‌റ് ആദരവും അഭിനന്ദനവും അറിയിച്ചത്. അഗ്രോ ഇക്കോളജിയിലും ചെറുകിട ജൈവകൃഷി രീതികളിലും 25 വര്‍ഷമായി വലിയ മാതൃകയാണ് ക്യൂബ മുന്നോട്ട് വയ്ക്കുന്നത്. ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്യൂബന്‍ കൃഷി രീതികളെ പറ്റി പഠിക്കാന്‍ ഗവേഷകരും വിദ്യാര്‍ത്ഥികളും എത്തുന്നുണ്ട്. നഗരപ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് ശ്രദ്ധേയമാണ്. ഇതൊന്നും കാണാതെ കാസ്‌ട്രോ അന്തരിച്ച് ദിവസം അദ്ദേഹത്തേയും ക്യൂബയേയും നിന്ദിക്കാനും അപഹസിക്കാനും മാത്രം ശ്രമിച്ച കനേഡിയന്‍ മാദ്ധ്യമങ്ങളുടെ സമീപനം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

വായനയ്ക്ക്: http://rabble.ca/category/bios/lois-ross

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍