TopTop
Begin typing your search above and press return to search.

176 വര്‍ഷം തുറന്നുവെച്ച ക്യാമറ കണ്ണുകള്‍ ഒടുവില്‍ അടഞ്ഞു

176 വര്‍ഷം തുറന്നുവെച്ച ക്യാമറ കണ്ണുകള്‍ ഒടുവില്‍ അടഞ്ഞു

ടീം അഴിമുഖം

നഗരം കല്‍ക്കട്ട എന്ന പേരില്‍ത്തന്നെ അറിയപ്പെട്ടിരുന്ന കാലം. രാജ്യം അന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു. കല്‍ക്കട്ടയിലെ എസ്പ്ലനേയ്ഡ് പ്രദേശത്ത് ‘Bourne and Shepherd’ ഫോട്ടോ സ്റ്റുഡിയോ അതിന്റെ വാതിലുകള്‍ ആദ്യമായി തുറന്നു. കൊല്ലം 1840.

ലോകത്തിലെത്തന്നെ പ്രവര്‍ത്തിച്ചിരുന്നതില്‍ ഏറ്റവും പഴക്കമുള്ളവയില്‍ ഒന്നായ ആ സ്റ്റുഡിയോ കഴിഞ്ഞയാഴ്ച്ച അടച്ചുപൂട്ടി. കൊല്ലം 2016. ഛായാഗ്രഹണം അതിന്റെ പ്രതാപകാലത്തുനിന്നും ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. ഇരുട്ടുമുറികള്‍, രാസവസ്തുക്കള്‍, ചില്ല് പലകകള്‍ തുടങ്ങിയവയെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ക്കും ഡിജിറ്റല്‍ ക്യാമറകല്‍ക്കും വഴിമാറിക്കൊടുത്തു. ഛായാഗ്രഹണത്തിന്റെ പ്രതാപൈശ്വര്യകാലത്തെ പല സുപ്രധാന സ്ഥാപനങ്ങളെയും പോലെ Bourne and Shepherd-നും ഈ മാറ്റങ്ങളെ അതിജീവിക്കാനായില്ല.

എങ്കിലും, 176 കൊല്ലങ്ങള്‍ പ്രവര്‍ത്തിച്ചതിനുശേഷം അടച്ചുപൂട്ടുന്ന,കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലം മനുഷ്യജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ പകര്‍ത്തിയ ഈ കല്‍ക്കട്ട സ്റ്റുഡിയോ,സമ്പന്നമായ ഒരു ഭൂതകാലമാണ് അവശേഷിപ്പിച്ചു പോകുന്നത്. ലണ്ടനിലെ National Portrait gallery-യിലേക്കൊ ബ്രിട്ടണിലെ കാംബ്രിഡ്ജ് സര്‍വകലാശാല ലൈബ്രറിയിലേക്കൊ, യു.എസിലെ Smithsonian Institution-ലേക്കൊ അത് ചെന്നെത്തുകയാണ്.റുഡ്യാര്‍ഡ് കിപ്ലിങ് മുതല്‍ രബീന്ദ്രനാഥ് ടാഗോറും സത്യജിത്ത് റെയും വരെയുള്ള നിരവധി പേരുടെ ഛായാചിത്രങ്ങളും അനേകായിരം മറ്റ് ചിത്രങ്ങളും ഇതുവരെയുള്ള പ്രവര്‍ത്തനകാലത്ത് അത് പകര്‍ത്തി.

ഗംഗാ നദിയുടെ തീരത്ത്, 1840-ല്‍ മൂന്ന് ബ്രിട്ടീഷ് ഛായാഗ്രാഹകരാണ് ഈ സ്റ്റുഡിയോ തുടങ്ങിയത്- വില്ല്യം ഹൊവാര്‍ഡ്, സാമുവല്‍ ബോണ്‍, ചാള്‍സ് ഷെപ്പേഡ്.

ഹെന്‍റ്റി അഞ്ചാമന്‍ രാജാവിനേയും മേരി രാജ്ഞിയേയുംഇന്ത്യയുടെ ചക്രവര്‍ത്തിയും ചക്രവര്‍ത്തിനിയുമായി വാഴിക്കുന്ന 1911-ലെ ‘ഡല്‍ഹി ദര്‍ബാറിലെ’കിരീടധാരണത്തിന് ഔദ്യോഗിക ഛായാഗ്രാഹകരായിരുന്നു ഇവര്‍. ഇതിന്റെ പേരില്‍ ഇവര്‍ക്ക് ‘കൈസര്‍-ഇ’ഹിന്ദ്’ എന്ന പദവിയും നല്കി. കട അടച്ചുപൂട്ടുംവരെ അവരുടെ ഔദ്യോഗിക കത്തുകളില്‍ ബ്രിട്ടീഷ് ഭരണം ചാര്‍ത്തിക്കൊടുത്ത ഈ സ്ഥാനപ്പേര് അവര്‍ ഉപയോഗിച്ചിരുന്നു.തങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ ബ്രിട്ടീഷ് ഭരണകാലത്തെ സംഭവങ്ങളുടെ ഒരു കാലഗണനാക്രമരേഖ അവരുടെ പക്കല്‍ ഉണ്ടായിരുന്നു. പക്ഷേ 1991-ലുണ്ടായ ഒരു തീപിടിത്തത്തില്‍ ഈ ശേഖരത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടുപോയി.

“വ്യാഴാഴ്ച്ച ഞങ്ങള്‍ പ്രവ്ര്‍ത്തനം നിര്‍ത്തി. കാര്യങ്ങളൊന്നും പഴയപോലെയല്ല. സാങ്കേതികവിദ്യ വളര്‍ന്ന്. എനിക്കാണെങ്കില്‍ വയസായി. എങ്ങനെയാണ് ഞാനിതു നടത്തുക,” സ്റ്റുഡിയോ ഉടമ ജയന്ത് ഗാന്ധി പറഞ്ഞു. സ്റ്റുഡിയോയിലെ ചിത്രശേഖരവും പഴയ ഉപകരണങ്ങളുമെല്ലാം സംരക്ഷിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്ന് ഇപ്പോള്‍ എഴുപതുകളിലെത്തിയ ഗാന്ധി പറയുന്നു.ബ്രിട്ടീഷ് രാജ് കാലഘട്ടത്തിലെ കല്‍ക്കട്ടയുടെ സുപ്രധാന പൈതൃകങ്ങളിലൊന്നായ, ഗോഥിക് നിര്‍മ്മാണശൈലിയിലുള്ള ഈ നാലുനിലകെട്ടിടം ഇപ്പോള്‍ ആളൊഴിഞ്ഞു ഇരുണ്ടുകിടക്കുന്നെങ്കിലും മുമ്പിത് ഒരു സജീവകേന്ദ്രമായിരുന്നു.

നിരവധിയായ ഛായാപടങ്ങളുടെ പേരില്‍ പ്രശസ്തമായ ഈ സ്റ്റുഡിയോയ്ക്ക് വിഖ്യാത സന്യാസിയായിരുന്ന ശ്രീ രാമകൃഷ്ണ പരമഹംസന്റെ ചിത്രം പകര്‍ത്തിയെന്ന ഖ്യാതിയുമുണ്ട്.മൂന്നു പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റുഡിയോ വിട്ട പ്രേം ശങ്കര്‍ പ്രസാദ് പറയുന്നതു കച്ചവടം വളരെ മോശമായിരുന്നു എന്നും ലാഭകരമായി സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ ഉടമകള്‍ക്ക് പ്രയാസമായിത്തീര്‍ന്നു എന്നുമാണ്. “എല്ലാവരും സ്വന്തം മൊബൈലിലും ഡിജിറ്റല്‍ ക്യാമറയിലും ചിത്രമെടുക്കുന്ന ഇക്കാലത്ത് ഒരു സ്റ്റുഡിയോ എങ്ങനെ നടത്തികൊണ്ടുപോകുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ആളുകള്‍ക്ക് ചിത്രത്തിന്റെ പകര്‍പ്പെടുക്കണം എന്നുപോലുമില്ല, അവരത് നേരെ ഫെയ്സ്ബുകില്‍ ഇടും,” സ്റ്റുഡിയോയില്‍ നിന്നും പിരിഞ്ഞ മറ്റൊരു ജോലിക്കാരന്‍ പറഞ്ഞു.

ചരിത്രത്തില്‍ വേരുകളാഴ്ത്തിയ ഈ സ്ഥാപനത്തിന്റെ തകര്‍ച്ച സാങ്കേതികവിദ്യാ വിപ്ലവത്തിന് മുമ്പേ തുടങ്ങിയിരുന്നു. 1991-ലെ തീപിടിത്തം സ്റ്റുഡിയോയെ സാമ്പത്തികമായി മാത്രമല്ല തകര്‍ത്തത്, അവിടെ സൂക്ഷിച്ചിരുന്ന ചരിത്രചിത്രങ്ങളുടെ നെഗറ്റീവുകളും നഷ്ടപ്പെട്ടു.

ആ പഴയ ചിത്രചട്ടക്കൂടുകളിലും ചില്ല് നെഗറ്റീവുകളിലും വളരെ കുറച്ചെണ്ണം മാത്രമേ ഈ നീണ്ടകാലത്തെ യാത്രയില്‍ പല ഉടമകളിലൂടെയും കൈമറിഞ്ഞുപോയ ഈ സ്റ്റുഡിയോയുടെ കൈവശം ഇപ്പോഴുള്ളൂ..

Next Story

Related Stories