TopTop
Begin typing your search above and press return to search.

കല, സംസ്‌കാരം, മാധ്യമം: വിമര്‍ശനാത്മകസമീപനത്തിന്റെ അനിവാര്യതകള്‍

കല, സംസ്‌കാരം, മാധ്യമം: വിമര്‍ശനാത്മകസമീപനത്തിന്റെ അനിവാര്യതകള്‍

സെന്‍സര്‍ഷിപ്പിനെതിരെ ശൈലീസ്വാതന്ത്ര്യം സംരക്ഷിയ്ക്കാനുള്ള ഒരാഹ്വാനവുമായി, സാംസ്‌കാരികപത്രപ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തിലൂടെയാണ് കാള്‍ മാര്‍ക്‌സ് 1842ല്‍ പത്രപ്രവര്‍ത്തകരംഗത്തേയ്ക്കു കാലൂന്നുന്നത് എന്നൊരു ചരിത്രപാഠമുണ്ട്, പാവം കള്‍ച്ചറല്‍ ജേണലിസ്റ്റുകള്‍ക്ക് സമാധാനിയ്ക്കാം. ജര്‍മ്മനിയില്‍ സെന്‍സര്‍മാരുടെ ഇടപെടല്‍ മൂലം പ്രകാശിതമാകാതിരുന്ന പ്രസ്തുതലേഖനം അടുത്തവര്‍ഷം സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് അനെക്‌ഡോട്ടാ സമാഹാരത്തിലാണ് വെളിച്ചം കാണുന്നത്. കാരണം വ്യത്യസ്തമെങ്കിലും കള്‍ച്ചറല്‍ ജേണലിസ്റ്റുകളുടെ ശബ്ദം മിക്കവാറും പങ്തികളിലും പിന്നീടുള്ള സമാഹാരങ്ങളിലുമായി വെളിച്ചം കാണുന്നതാണ് ഇന്നും പതിവ്. 'മുഖ്യധാരാപത്രപ്രവര്‍ത്തന'ത്തില്‍ നിന്ന് പുറത്ത്, കുപ്പമാടം കെട്ടി താമസിയ്ക്കുന്ന പാട്ടക്കുടിയാന്റെ സ്ഥാനമാണ് ഇന്നും കള്‍ച്ചറല്‍ ജേണലിസത്തിനുള്ളത് എന്നതാണ് വാസ്തവം. മീഡിയയിലുടെ വിപുലലോകത്തിലേക്കു കയറും മുന്‍പേ ശിശുക്കള്‍ നടത്തേണ്ട ബാലചാപല്യങ്ങളിലൊന്നായാണ് കള്‍ച്ചറല്‍ ജേണലിസത്തെ 'മുഖ്യധാരാമാദ്ധ്യമലോകം' പൊതുവേ കണക്കാക്കുന്നത്. ചിലര്‍ ബാലചാപല്യങ്ങളില്‍ നിന്ന് അതിവേഗം മോചിതരാവും, ചിലര്‍ക്കു സമയമെടുക്കും, അപൂര്‍വ്വം ചിലര്‍ എന്നും കുട്ടിക്കളിയുമായി തുടരും. ഈ മൂന്നു സാദ്ധ്യതകളില്‍ നിന്നു വേറിട്ട ഇടം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അത്യപൂര്‍വ്വമാണെന്നു മാത്രമല്ല, അത്തരം ശ്രമങ്ങളെ തമസ്‌കരിക്കാനുള്ള ജാഗ്രത മാധ്യമലോകം എപ്പോഴും വെച്ചുപുലര്‍ത്തുന്നു എന്ന വാസ്തവവും ഉണ്ട്.

മറുവശത്ത്, കല ചരിത്രത്തിന്റെ അനുഭവഫോസിലുകള്‍ കൂടിയാണെന്ന തിരിച്ചറിവോടെയും രാഷ്ടീയബോധത്തോടെയും മാധ്യമങ്ങളില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ വിരളമാണെന്ന വാസ്തവവും ഉണ്ട്. നൃത്തവും കഥകളിയും നാടകവും സംഗീതവും ചിത്രപ്രദര്‍ശനവും ഇന്‍സ്റ്റലേഷനും റിവ്യൂ ചെയ്യുന്നതിന് അവയുടെ പ്രചരണപ്പരസ്യത്തേക്കാള്‍ ഉയര്‍ന്ന ഉരുവം ആവശ്യമില്ല എന്ന സ്ഥിതി അപ്രഖ്യാപിതാംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ട്. കലാ, സാംസ്‌കാരിക, മാധ്യമ വിമര്‍ശത്തിനാകട്ടെ, 'തെറ്റുതിരുത്തല്‍' പരിപാടി പോലെ ചില മിനിമം അജണ്ടകള്‍ നിശ്ചയിക്കപ്പെട്ടിട്ടുമുണ്ട്. കലയേയും സംസ്‌കാരത്തെയും എങ്ങനെ മികച്ച വ്യവസായമാക്കാം എന്നു മാത്രമല്ല, വര്‍ഗീയതയുടെയും പൈതൃകാഭിമാനബോധത്തിന്റെയും ഉപാധികളും ആയുധങ്ങളുമാക്കി മാറ്റാമെന്നു കൂടി തെളിയിക്കപ്പെട്ട ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സാംസ്‌കാരികമാധ്യമപ്രവര്‍ത്തനം ഇത്രമേല്‍ ലളിതമായി നിരീക്ഷിക്കപ്പെടേണ്ട ഒന്നല്ല. 'പോസിറ്റീവ് ജേണലിസം' 'നെഗറ്റീവ് ജേണലിസം' തുടങ്ങിയ ഉപരിപ്ലവവിഭജനങ്ങളില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ല അത്. വിമര്‍ശനാത്മകസമീപനത്തോടെ കാണേണ്ട നിരവധി പ്രശ്‌നസന്ധികളെ കലാസാംസ്‌കാരികമാധ്യമപ്രവര്‍ത്തനം ഇന്ന് അഭിമുഖീകരിയ്ക്കുന്നുണ്ട്. നിലവിലുള്ള കലാസാംസ്‌കാരികപരിസരവും അവയെ നിര്‍മ്മിക്കുന്ന സാമ്പത്തികരാഷ്ടീയകാരണങ്ങളൂം തമ്മിലുള്ള സംഘര്‍ഷങ്ങളും ബന്ധവിബന്ധങ്ങളും മുന്‍നിര്‍ത്തി ചില സന്ദേഹങ്ങളും നിരീക്ഷണങ്ങളും പങ്കുവെക്കാനേ ഈ സന്ദര്‍ഭത്തില്‍ ശ്രമിയ്ക്കുന്നുള്ളൂ.


സംസ്‌കാരവ്യവസായവും സാംസ്‌കാരികഒളിത്താവളങ്ങളും
'രാഷ്ടീയപീഢന'ത്തിനു പോലീസ് ലാത്തിയുടെയോ വെടിയുണ്ടകളുടെയോ രൂപത്തില്‍ മാത്രമല്ല, വര്‍ത്തമാനപത്രങ്ങളുടെയും കലാസൃഷ്ടികളുടെയും രൂപത്തില്‍ കൂടിയും സമൂഹത്തിന്റെ കോശങ്ങളില്‍ കയ്യേറ്റം നടത്താനാവും എന്ന് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് രവീന്ദ്രന്‍ എഴുതിയത് എന്നു നമുക്കു മുന്നില്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യമാണ്. 'ജനകീയകല' –'വരേണ്യകല', 'ക്ലാസിക്കല്‍ കല' – 'ഫോക് കല', 'ജനകീയസിനിമ' – 'അവാര്‍ഡ് സിനിമ' എന്നിങ്ങനെ പലമട്ടാര്‍ന്ന വര്‍ഗീകരണത്തിലൂടെ വെള്ളം കടക്കാത്ത കമ്പാര്‍ട്ടുമെന്റുകളെന്നോണം നാം വിഭജിച്ചുശീലിച്ച കലാസാംസ്‌കാരികസംഘാതം ഒന്നാകെ, അധികാരത്തിന്റെ മര്‍ദ്ദകോപാധിയും ചൂഷണോപാധിയും ആയി രൂപാന്തരപ്പെടുന്നതിന് കഴിഞ്ഞ ദശകങ്ങള്‍ സാക്ഷ്യം വഹിച്ചു. അറിവിന്റെ വ്യാഖ്യാനാത്മകവും വിമര്‍ശനാത്മകവുമായ തലങ്ങളെ നിഷേധിയ്ക്കുകയും, 'ഇന്‍ഫര്‍മേഷന്‍' ആയി അറിനെ ചുരുക്കുകയും ചെയ്യുന്ന ബോധനരീതിശാസ്ത്രവും അതിന്റെ മേല്‍ക്കോയ്മയും നാം അംഗീകരിച്ചത് സ്വാഭാവികമെന്നോണമാണ്. മനുഷ്യന്റെ ഭൗതികാധ്വാനം അവന്റെ ഭൗതികാവശ്യങ്ങളെ തൃപ്തിപ്പെടുത്താനായി പ്രകൃതിയെ മാറ്റിയും മെരുക്കിയുമെടുക്കുമ്പോള്‍ ധൈഷണികവും കലാപരവുമായ അധ്വാനം മനുഷ്യരുടെ ലക്ഷ്യങ്ങളെയോ ഇച്ഛകളേയോ ഭാവനകളേയോ വസ്തുനിഷ്ഠവല്‍ക്കരിക്കുക വഴി മനുഷ്യസത്തയെ ആവിഷ്‌കരിക്കുകയാണെന്നും അധ്വാനവും കലയും തമ്മില്‍ അടിസ്ഥാനപരമായി യാതൊരു വൈരുദ്ധ്യവുമില്ലെന്നും ഉള്ള എംഗല്‍സിന്റെ നിരീക്ഷണം പ്രതിലോമകരമായി ഉപയോഗിക്കാനാണെങ്കിലും വ്യക്തമായി മനസ്സിലാക്കിയത് വലതുവര്‍ഗീയകക്ഷികളാണ് എന്നതാണ് വാസ്തവം. അധ്വാനത്തിനെ പുതുരൂപങ്ങളിലേക്ക് നൈസര്‍ഗികമെന്നോണം കലയേയും സംസ്‌കാരത്തെയും ഉള്‍ച്ചേര്‍ക്കുകയും അനവധി നൂറ്റാണ്ടുകളുടെ ശേഖരമായ കലാംശങ്ങളെയും സാംസ്‌കാരികപ്രയോഗങ്ങളെയും അവയുടെ ആഴങ്ങളെ നിരാകരിച്ച് അകം ചോര്‍ന്നുപോയ പുറന്തോടുകളാക്കി ആഘോഷിയ്ക്കുകയും ചെയ്യാന്‍ നിലവില്‍ മുതലാളിത്തത്തിനു സാദ്ധ്യമായിക്കഴിഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികപരിപാടിയായാണ് വര്‍ഗീയത നമ്മുടെ നാട്ടില്‍ വേരോടിയത് എന്നോര്‍ക്കുക. ഇവ പലമട്ടിലാണ് നമ്മുടെ സംസ്‌കാരമണ്ഡലത്തെ മലീമസമാക്കിയത്.

1) സംസ്‌കാരം ഒരു വന്‍വ്യവസായമായി മാറിയതോടെ സിനിമയും രംഗകലയും നൃത്തവും സംഗീതവും മുതല്‍ ബിനാലേ വരെ നീളുന്ന ഒരു 'ജനപ്രിയവേലിയേറ്റം' സാദ്ധ്യമായി. യഥാര്‍ത്ഥജനകീയകലക്ക് എപ്പോഴും വിപരീതം നില്‍ക്കുന്ന ഇവ ബോധമലിനീകരണത്തില്‍ വഹിക്കുന്ന പങ്ക് ഒട്ടും വിമര്‍ശനാത്മകമായി വിലയിരുത്താന്‍ നമ്മുടെ സാംസ്‌കാരികമാധ്യമസംസ്‌കാരത്തിന് കഴിഞ്ഞില്ല. സാമ്പ്രദായികമായ ആഖ്യാനരൂപങ്ങളുടെയും ക്ലീഷേകളുടെയും ചതുരത്തില്‍ നിന്ന് അവ അതിസമര്‍ത്ഥമായി അധികാരയുക്തിക്കനുസരിച്ചുള്ള ഒരു സംസ്‌കാരത്തിന് മേല്‍പ്പുര പണിയുന്നു. സമൂഹത്തിനു വേണ്ടതെന്താണെന്ന് തങ്ങള്‍ക്കറിയാം എന്ന അഹന്തയോടെ, സംസ്‌കാരത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കുന്ന ഈ 'ജനപ്രിയസംസ്‌കാര'ത്തിന്റെ വിഷമാണ് മാധ്യമലോകമൊന്നാകെ വ്യാപിയ്ക്കുന്നത്. യഥാര്‍ത്ഥപ്രശ്‌നങ്ങളെ തമസ്‌കരിക്കാനും വ്യവസ്ഥാസംരക്ഷണത്തിനു മാത്രമുതകുന്ന വാര്‍ത്തകളും വിശകലനങ്ങളും കേന്ദ്രത്തില്‍ കൊണ്ടുവന്നു നിര്‍ത്താനും സാദ്ധ്യമാവുന്നത് ഈ മര്‍ദ്ദകസംസ്‌കാരത്തിന്റെ മേല്‍ക്കോയ്മ വഴിയാണ്.


2) ഗ്രാംഷി നിരീക്ഷിച്ച 'കള്‍ച്ചറല്‍ ഷെല്‍ട്ടര്‍' വേറിട്ടമാര്‍ഗത്തില്‍ സമൂര്‍ത്തമായി നമ്മുടെ സാംസ്‌കാരികലോകം ഏറ്റെടുത്തിട്ടുണ്ട്. ഒരിക്കല്‍ സാമൂഹികഘടനയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സാമ്പത്തിക അധീശത്വം നഷ്ടപ്പെട്ട വര്‍ഗം അതിന്റെ പിന്തള്ളപ്പെട്ട സാംസ്‌കാരികപ്രമാണിത്തം (hegemony) സ്ഥാപിക്കാനായി പ്രകടിപ്പിച്ച കഴിഞ്ഞ ദശകങ്ങളിലെ വെമ്പലുകള്‍, അവരുടെ സവിശേഷജന്മിത്തമായി സാംസ്‌കാരികലോകത്ത് ഇന്നു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ആറ്റൂര്‍ക്കവിതയിലെ 'പഴയൊരില്ലം വിറ്റ് പുതിയൊരോട്ടോ വാങ്ങിയ ഉണ്ണിക്കുട്ടന്മാ'രെല്ലാം ഇല്ലത്തുനിന്ന് മനസ്സുകൊണ്ടിറങ്ങാന്‍ കൂട്ടാക്കാതിരുന്നതുകൊണ്ട് അവരെല്ലാം ശാസ്ത്രീയകലകളുടെ ഗ്രഹിതവര്‍ഗ്ഗമായി പരിണമിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഭരതനാട്യത്തിനും കര്‍ണാടകസംഗീതത്തിനുമുണ്ടായ ബ്രാഹ്മണിസത്തിന്റെ അധീശത്വം മറ്റൊരു രൂപത്തില്‍ നമ്മുടെ കഥകളിയിലും മോഹിനിയാട്ടത്തിലുമെല്ലാം നിഴല്‍വീശിയിട്ടുണ്ട്. ക്രോണി ക്യാപ്പിറ്റലിസത്തിനു ബാദ്ധ്യതയില്ലാത്ത ജന്മിത്തവികാരങ്ങളുടെ സംരക്ഷണം അവര്‍ സ്വയമേറ്റെടുത്തു വിജയിപ്പിയ്ക്കുന്നത് ഇത്തരം സ്ഥലങ്ങളിലെ അധിനിവേശം കൊണ്ടാണ്. നഷ്ടപ്പെട്ട സാംസ്‌കാരികസംവര്‍ഗങ്ങളുടെ പ്രത്യായനം ആവശ്യപ്പെട്ടുകൊണ്ടാണ് യൂറോപ്പില്‍ ഫാഷിസം ആദ്യം അവതരിച്ചത് എന്നോര്‍ക്കുക. മതനിരപേക്ഷമെന്നു നടിക്കേണ്ട ബാദ്ധ്യത ഇന്നലെ വരെയുണ്ടായിരുന്നെങ്കില്‍ 'മോഡിഫൈയ്ഡ് ഇന്ത്യ'യില്‍ ഇനിയതില്ലാതാവുന്നതോടെ, ഈ സാംസ്‌കാരിക ഒളിത്താവളങ്ങളിലിരിയ്ക്കുന്നവര്‍ ചേക്കേറുക എവിടെയ്ക്കാണെന്നത് വ്യക്തമാണ്. ഈ സാംസ്‌കാരികജന്മിത്തത്തിന്റെ കളിപ്പുരകളാണ് നമ്മുടെ മാധ്യമലോകം.


3) രൂപം ഉള്ളടക്കത്തെ പ്രതിനിധീകരിയ്ക്കുന്നില്ലെങ്കില്‍ അതിനൊരു പ്രസക്തിയുമില്ല' എന്ന ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ഇന്ന് കലാലോകം പലതരത്തില്‍ വെല്ലുവിളിച്ചിട്ടുണ്ട്. കലാകാരനോട് ഏതു ചേരിയിലാണെന്നു നേര്‍ക്കുനേരെ ചോദിച്ച അറുപതുകളിലെയോ എഴുപതുകളിലെയോ സ്ഥൈര്യം ഇന്നു കൈമോശം വരികയും ചെയ്തിട്ടുണ്ട്. പടപ്പാട്ടുസാഹിത്യവും തെരുവുനാടകവും മാത്രമല്ല വര്‍ഗ്ഗരാഷ്ടീയശരിയുള്ള കല എന്ന തിരിച്ചറിവ് എന്നോ നാം നേടേണ്ടതായിരുന്നു. (ഇവയടക്കം ഒന്നും നിമ്‌നമോ മറ്റേതെങ്കിലും ഉച്ചമോ എന്ന അര്‍ത്ഥത്തിലല്ല.) രൂപം അതിന്റെ ഘടനകൊണ്ടു തന്നെ സവിശേഷമായ അനുഭവത്തെ ഉല്‍പ്പാദിപ്പിക്കുന്ന കലാപ്രത്യക്ഷങ്ങള്‍ ധാരാളമാണ്. രൂപത്തെ നിശിതമാം വിധം ചോദ്യം ചെയ്യുന്ന കലാപ്രത്യക്ഷങ്ങളും സമൃദ്ധമാണ്. കലയുടെ ഈ ബഹുസ്വരതയെ തിരിച്ചറിയാതെ സമകാലീനസംസ്‌കാരപരിസരത്തിലെ രാഷ്ടീയനിലപാട് സ്വരൂപിയ്ക്കുക സാദ്ധ്യമല്ല. അത് വലതുബോധത്തിന്റെ നിഷ്പക്ഷനാട്യമല്ല, വര്‍ഗ്ഗരാഷ്ടീയത്തിന്റെ ശരിമയാര്‍ന്ന കലാദര്‍ശനമായി രൂപീകരിക്കപ്പെടേണ്ടതും ഇന്നത്തെ അനിവാര്യതയാണ്. നിലവിലെ സാംസ്‌കാരികമാധ്യമപ്രവര്‍ത്തനം ചെയ്യുന്ന, വിപണിയുള്ളതിനേയെല്ലാം ആഘോഷിയ്ക്കുന്ന 'മാസ് കള്‍ച്ചര്‍' വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോഴാണ് ഇതിന്റെ അനിവാര്യത വ്യക്തമാവുക.


പരിവേഷങ്ങളുടെ ഉത്സവപ്പറമ്പ്
മുതലാളിത്തത്തിന്റെ യുഗപ്പിറവിയെ മുന്‍നിര്‍ത്തി ഫ്രഞ്ച് സിംബലിസ്റ്റ് കവിയായ ബോദ്‌ലെയര്‍ എഴുതിയ പ്രസിദ്ധകഥ 'നഷ്ടപ്പെട്ട പരിവേഷ'ത്തിലെ തലയ്ക്കു പിന്നിലെ പ്രഭാപരിവേഷം നഷ്ടപ്പെട്ട കവിയുടെ ആത്മനിന്ദ കലര്‍ന്ന ഹാസ്യം അന്നത്തേതിനേക്കാള്‍ ഇന്നു മുതലാളിത്തം അര്‍ഹിക്കുന്നുണ്ട്. വികസിത മുതലാളിത്തം എങ്ങനെ ഏറ്റവും 'ദിവ്യ'വും 'സ്വകാര്യ'വും ആയി കരുതിപ്പോന്ന സംസ്‌കാരസ്ഥലികളെ കോളനികളാക്കി മാറ്റുന്നു എന്ന വസ്തുതയിലേക്കാണ് ബോദ്‌ലെയര്‍ വെളിച്ചം വീശിയതെങ്കില്‍, ഇന്ന് നഷ്ടപ്പെട്ട പരിവേഷം തിരിച്ചുപിടിയ്ക്കാനോ ഇല്ലാതായതും പണ്ടും ഒരിക്കലുമില്ലാതിരുന്നതുമായ പരിവേഷങ്ങള്‍ ഉണ്ടെന്നു നടിയ്ക്കാനോ ഉള്ള തത്രപ്പാടുകളുടെ ഉത്സവപ്പറമ്പായി സാംസ്‌കാരികരംഗം മാറിപ്പോയിട്ടുണ്ട്. ഈ പ്രഭാപരിവേഷം ആവശ്യമുള്ളവര്‍ക്ക് ഊട്ടിമിനുക്കി നിര്‍മ്മിച്ചുകൊടുക്കുന്ന പണിക്കാരാണ് സാംസ്‌കാരികമാധ്യമപ്രവര്‍ത്തകര്‍ എന്ന ധാരണയും ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുണ്ട്. 'തന്നെ താന്‍ തന്നെ മാര്‍ക്കറ്റ് ചെയ്യണം' എന്ന ബോധം കുരുന്നിലേ കുത്തിവെച്ചു വളര്‍ത്തപ്പെട്ട ഒരുതലമുറ തന്നെ മാര്‍ക്കറ്റ് ചെയ്യാനാവശ്യമായ ഉപാധികളെ കണ്ടെത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍ ഈ ഉപരിപ്ലവസംസ്‌കാരം സംസ്‌കാരത്തിന്റെ അടിവേരുകളില്‍ ഏല്‍പ്പിക്കുന്ന പരിക്കുകളെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്. എല്ലാ വലതുപക്ഷയുക്തിയും ഈ പരിവേഷനിര്‍മ്മിതിയില്‍ ഉള്‍ച്ചേരുന്നു. മാര്‍ഗസൂചകമായി ചിലതു നോക്കുക:


1) ഇടതുവലതുഭേദമില്ലാത്തെ നാം പാലൂട്ടിവളര്‍ത്തിയ ആണ്‍കോയ്മ, സാംസ്‌കാരികലോകത്തെ സൂക്ഷ്മതലത്തില്‍ പൂര്‍ണമായും ഗ്രസിച്ചിരിയ്ക്കുന്നു. പ്രത്യക്ഷത്തില്‍ തോന്നുന്ന സമത്വം തന്നെയും ഒരു അരാഷ്ടീയനിര്‍മ്മിതിയാണ്. നമ്മുടെ സമൂഹവ്യവസ്ഥയുടെ അടിസ്ഥാനയൂണിറ്റ് ആയ കുടുംബം ഇപ്പോഴും കക്ഷിഭേദമില്ലാതെ ഒരു വലതുപക്ഷസ്ഥാപനമാണ്. കുടുംബത്തില്‍ വലതും ഇടതുമൊന്നുമില്ല, എല്ലാം വലതാണ്. തീവ്രമര്‍ദ്ദകസ്വഭാവമുള്ള ആണ്‍കോയ്മയില്‍ പടുത്തുയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ പകര്‍പ്പുകളായാണ് നമ്മള്‍ എല്ലാ സാമൂഹികസംഘരൂപങ്ങളെയും കാണുന്നത്. അതുകൊണ്ടൂതന്നെ സാംസ്‌കാരികരംഗം അതിനിശിതമാം വിധം അസാംസ്‌കാരികമായി മാറുന്ന ഒറ്റക്കാരണമായി ആണ്‍കോയ്മ നിലനില്‍ക്കുന്നു. 'അവള്‍ പെണ്ണാണ്' എന്ന ഒറ്റക്കാരണം കൊണ്ട് അന്യമാക്കുന്ന സാംസ്‌കാരിക ഇടങ്ങള്‍ നേരുലകത്തിലും നെറ്റുലകത്തിലും ഇവയിലൊട്ടും കുറയാതെ മാദ്ധ്യമ ഉലകത്തിലും അറിഞ്ഞും അനുഭവിച്ചുമാണ് നാമോരുത്തരും ജീവിക്കുന്നത്. പരിവേഷങ്ങളുടെ അളവും ബലവും നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണിത് എന്നര്‍ത്ഥം.

2) താന്‍ കടന്നുപോന്ന ചരിത്രത്തെപ്പറ്റിയുള്ള ബോധം ഒരു തെറ്റല്ല എന്നുമാത്രമല്ല, ഏറ്റവും അനിവാര്യമായ ശരിയുമാണ്. എന്നാല്‍ വര്‍ഗബോധത്തെ വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്ന വര്‍ഗീയബോധം വരെ എത്തിനില്‍ക്കുന്ന ജാതിരാഷ്ടീയം സാംസ്‌കാരികലോകത്തിനെ ഭരിക്കുന്നതിന് ഉദാഹരണങ്ങള്‍ ആര്‍ക്കും ആവശ്യമുണ്ടാവില്ല. യേശുദാസിനു കയറേണ്ട ഗുരുവായൂരമ്പലവും പൊതുവാള്‍ക്കും മാരാര്‍ക്കുമല്ലാതെ കയറിക്കൊട്ടേണ്ട വാദ്യസ്ഥലങ്ങളും വാര്‍ത്തകളിലിടം പിടിയ്ക്കുന്ന സാമൂഹ്യവ്യവസ്ഥ തകര്‍ക്കാന്‍ പോലും ഇത്രയും കാലമായിട്ട് നമുക്ക് സാദ്ധ്യമായിട്ടില്ല. ജാതിയുടെ സങ്കീര്‍ണപ്രയോഗത്തെ അഭിസംബോധനചെയ്യുന്നതില്‍ പുരോഗമനശക്തികള്‍ക്ക് ഉണ്ടായ പിഴവുകള്‍ അതിന്റെ ഭീഷണരൂപമാര്‍ജ്ജിച്ച് സാംസ്‌കാരികരംഗം ഭരിക്കുന്നതാണ് എന്നത്തേയും ഇന്നത്തേയും ചിത്രം. പരിവേഷങ്ങള്‍ ഇന്നും സവര്‍ണ്ണര്‍ക്കു റിസര്‍വ്വ് ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്നര്‍ത്ഥം.


3) അരാഷ്ടീയവല്‍ക്കരിക്കപ്പെടുന്ന സാംസ്‌കാരികസ്ഥലങ്ങളെപ്പറ്റി ഏറ്റവുമവസാനം ചിന്തിക്കുന്നവര്‍ രാഷ്ടീയബോധമുള്ളവര്‍ ആണെന്ന വിപര്യയമാണ് മറ്റൊന്ന്. അരാഷ്ടീയം മുന്നോട്ടുവെക്കുന്ന വലതുരാഷ്ടീയം തികഞ്ഞ രാഷ്ടീയപ്രയോഗമാവുന്നത് കലാപ്രവര്‍ത്തനത്തിന്റെ ഓരോ അടരുകളിലും പ്രത്യക്ഷമായിക്കഴിഞ്ഞു. വന്‍മേളകളും പൊതുസമൂഹത്തെയും കലാസമൂഹത്തെയും ഒരുപോലെ വിഭ്രമിപ്പിക്കുന്ന പദ്ധതികളും കൊണ്ട് നടത്തപ്പെടുന്ന ഈ വലതുപ്രയോഗം കലയുടെ അന്തസ്സത്തയെ നശിപ്പിയ്ക്കുന്നതൊപ്പം കലാവിമര്‍ശത്തിന്റെ ഇടത്തെയും ഇല്ലാതാക്കുന്നു.


വിമര്‍ശമെന്ന അറിവിന്റെ മൂന്നാം രൂപത്തെപ്പറ്റിയുള്ള ഹബര്‍മാസിന്റെ നിരീക്ഷണം സാംസ്‌കാരികരംഗം ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ക്രോണി ക്യാപ്പിറ്റലിസം അതിന്റെ മൂലധനതാല്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഒരു മടിയുമില്ലാത്ത വര്‍ഗീയകക്ഷികള്‍ക്ക് നാടു തീറെഴുതിക്കൊടുക്കുന്ന ഒരു രജ്യത്ത് നടത്തുന്ന സാംസ്‌കാരികപ്രയോഗങ്ങളെപ്പറ്റി നാം കൂടുതല്‍ ലക്ഷ്യബോധമുള്ളവരാവേണ്ടതുണ്ട്. ഒരേ സമയവും വര്‍ഗീയധ്രുവീകരണവും സാംസ്‌കാരികപൈതൃകത്തെപ്പറ്റിയുള്ള മിഥ്യാവബോധവും ഉത്പാദിപ്പിയ്ക്കുകയും ഈ സാംസ്‌കാരികപരിപാടിയുടെ ആത്യന്തികഫലമായി എല്ലാ ബഹുസ്വരതകളേയും നശിപ്പിയ്ക്കുകയും അതുവഴി സംസ്‌കാരത്തിന്റെ ആഴമില്ലാതാക്കുകയും ചെയ്യുന്ന ഒരു രാഷ്ടീയപ്രക്രിയ അതിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട് മുന്നോട്ടു കുതിക്കുന്നത് നാം കാണാതിരുന്നു കൂടാ.

ഭൂമിശാസ്ത്രപരമായി ഇടതുലോകം ചുരുങ്ങുന്നെങ്കില്‍ അതിനു കാരണം ആശയപരമായി ചുരുങ്ങുന്നതു കൂടിയാണ്. 'പ്രയോഗം തന്നെയും അടിസ്ഥാനപരമയി ഒരു സൈദ്ധാന്തികപരികല്‍പ്പനയാണല്ലോ' എന്ന അഡോര്‍ണോയുടെ പഴയ തമാശ ഇടതുബൗദ്ധികലോകം നേര്‍ക്കുനേര്‍ അഭിമുഖീകരിക്കണ്ട കാലമാണിത്. സാംസ്‌കാരികമാധ്യമപ്രവര്‍ത്തനത്തിന്റെ വിമര്‍ശനാത്മകസമീപനത്തെയും ഈ സങ്കീര്‍ണപരിതോവസ്ഥയെ മുന്‍നിര്‍ത്തിയേ ദര്‍ശിയ്ക്കാനാവൂ.

(എകെജി പഠനഗവേഷണകേന്ദ്രം സഘടിപ്പിച്ച അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിലെ മാധ്യമപഠന സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ സംഗ്രഹരൂപം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories