വായന/സംസ്കാരം

മാംസം കഴിച്ചിരുന്ന, ബ്രാഹ്മണ്യത്തെ സ്‌നേഹിച്ചിരുന്ന ബുദ്ധനെ കാട്ടിതരുന്ന ‘ബോധിവൃക്ഷത്തിലെ മുള്ളുകള്‍’

ഇന്ത്യയിലെ ബുദ്ധമത ചരിത്രം ശ്രീ. അംബേദ്കർനെ പരാമർശിക്കാതെ കടന്നു പോവുന്നില്ല. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ബുദ്ധമതം എത്രത്തോളം ബുദ്ധൻ അനുശാസിച്ച ബുദ്ധമതം ആയിരുന്നു എന്നത് ഒരു ചോദ്യമാണ്.

ശോഭ ചിത്ര

ശോഭ ചിത്ര

ആരാണ് ബുദ്ധൻ? എന്താണ് ബുദ്ധമതം?

ചിലപ്പോൾ ചിലരെങ്കിലും സ്കൂൾ കാലത്ത് മാർക്ക് കിട്ടാൻ വേണ്ടി മാത്രം പഠിച്ച ചിലതൊക്കെ ഉരുവിട്ട് പോയാൽ അത്ഭുതപ്പെടേണ്ടതില്ല. ജീവിതത്തിലെ സകല സുഖസൗകര്യങ്ങളും ത്യജിച്ച്, രാജപദവി പോലും ഉപേക്ഷിച്ച്, ലോകത്തിലെ വേദനകളിൽ മനം നൊന്ത്, സന്യാസത്തിൻ്റെ നിഗൂഢ ലഹരിയിലേക്ക് ഇറങ്ങിപ്പോയ സിദ്ധാർത്ഥരാജകുമാരനെ കേട്ടു പരിചയിച്ചവരാണ് നമ്മൾ. എന്നാൽ “ആരാണ് ബുദ്ധൻ” എന്ന ചോദ്യത്തിന് “ഒരു മതനേതാവ്” എന്ന ഉത്തരം ചെറിയ തോതിലെങ്കിലും ഒരു ഞെട്ടലിന് വക തരുന്നുണ്ട്. ഹിന്ദുമതത്തിലെ തിന്മകൾക്ക് എതിരായ് എന്ന് ഒരു കാലത്ത് പ്രചുരപ്രചാരം ലഭിച്ച ബുദ്ധമതം, പല നാടുകളിലും അതിനേക്കാൾ അന്ധവിശ്വാസ നിബിഢമാണെന്ന് അറിയുമ്പോഴൊ? ബുദ്ധൻ്റെയും ബുദ്ധമതത്തിൻ്റെയും ചിരപരിചിതമായ മുഖത്തിനൊരു പൊളിച്ചെഴുത്തുമായാണ് ഡോ: മനോജ് ബ്രൈറ്റ് എഴുതിയ “ബോധിവൃക്ഷത്തിൻ്റെ മുള്ളുകൾ – ബുദ്ധമതം വിമർശിക്കപ്പെടുന്നു” എന്ന പുസ്തകം വായനക്കാരുടെ കയ്യിലെത്തുന്നത്.

എന്തൊക്കെ പറഞ്ഞാലും ബുദ്ധമതമെന്നാൽ അഹിംസയെന്ന് എങ്ങിനെയൊ ഒരു വിശ്വാസം ഉറച്ചു പോയിട്ടുണ്ട്. മറ്റൊരു മതത്തിനും അവകാശപ്പെടാനാവാത്ത ദീനാനുകമ്പയും അലിവുമെല്ലാം ബുദ്ധമതത്തിൻ്റെ കണക്കുപുസ്തകത്തിൽ നമ്മൾ എഴുതി ചേർക്കുന്നുണ്ട്. അശരണർക്കും പാവപ്പെട്ടവർക്കും എന്ന് മാത്രമല്ല, മറ്റു മതങ്ങൾ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്തിരുന്ന ജനവിഭാഗങ്ങളെ നെഞ്ചോട് ചേർത്ത മതമെന്ന് പുകൾപെറ്റതുമാണ് ബുദ്ധമതം. വാമൊഴിയും വരമൊഴിയുമായ് ഏറ്റുപാടപ്പെട്ട വാഴ്ത്തുകൾ, ചോദ്യം ചെയ്യപ്പെടാതെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറപ്പെടുന്നു. ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടൊ എന്നൊരു ചോദ്യം പോലും ഉയരാത്തിടത്താണ് ബുദ്ധമത തത്വങ്ങളെ ബൗദ്ധസാഹിത്യത്തിൻ്റെ തന്നെ തെളിവുകളോടെ വിചാരണ ചെയ്യുന്ന ഒരു പുസ്തകത്തിൻ്റെ പ്രസക്തി തെളിയുന്നത്. ബുദ്ധമതത്തിൻ്റെ പരിചിതമായ വെള്ളിവെളിച്ചത്തിനപ്പുറം ആഴങ്ങളിലെക്ക് ഇറങ്ങിചെല്ലുകയും വിമർശനാത്മകമായ് സമീപിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണിത്.

ഇന്ത്യയിലെ ബുദ്ധമത ചരിത്രം ശ്രീ. അംബേദ്കർനെ പരാമർശിക്കാതെ കടന്നു പോവുന്നില്ല. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ബുദ്ധമതം എത്രത്തോളം ബുദ്ധൻ അനുശാസിച്ച ബുദ്ധമതം ആയിരുന്നു എന്നത് ഒരു ചോദ്യമാണ്. കീഴ്ജാതിക്കാർ എന്ന് മുദ്രകുത്തിയിരുന്ന ജനവിഭാഗത്തെ സ്വീകരിച്ചിരുന്ന മതമെന്നൊക്കെ അദ്ദേഹം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ “എലൈറ്റ് ക്ലബ്” ആയിരുന്നവരുടെ ഒരു കേന്ദ്രമായിരുന്നു ബുദ്ധമതം എന്നതിന് വേണ്ടതിലേറേ തെളിവുകൾ ഗ്രന്ഥകാരൻ ചൂണ്ടികാണിക്കുന്നു . ശ്രീ. അംബേദ്കർ അനുവർത്തിച്ചിരുന്നത് നവ്യയാനം എന്ന ബുദ്ധമതവിഭാഗമാണെന്ന് പറയുന്നെങ്കിലും അത് അദ്ദേഹത്തിൻ്റെ തന്നെ മസ്തിഷ്ക സൃഷ്ടിയാണെന്ന് തെളിയുന്നുണ്ട്. ഹിന്ദുമതത്തെ എതിർക്കുക എന്നൊരു ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ട് നടത്തിയ പ്രചാരണം മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ബുദ്ധമതം.

അക്കാലത്ത് നിലവിലിരുന്ന വിമതമതങ്ങളെ കുറിച്ചും മതനേതാക്കളെ കുറിച്ചും നല്ലൊരു വിവരണം ഈ പുസ്തകം നൽകുന്നുണ്ട്. ബ്രാഹ്മണർക്ക് എതിരായിരുന്നു ബുദ്ധൻ എന്ന് അവകാശപ്പെടുമ്പൊഴും ക്ഷത്രിയനായതിൽ അതിരുകവിഞ്ഞ അഭിമാനം പ്രകടിപ്പിച്ചിരുന്ന ബുദ്ധൻ തന്നെ ബ്രാഹ്മണ്യത്തെയും വേദങ്ങളെയും അനുകൂലിക്കുന്ന നിലപാടുകൾ എടുത്തിരുന്നതായ് കാണാം.

ബുദ്ധമതത്തിലെ കർമ്മസിദ്ധാന്തത്തിൻ്റെ നല്ലൊരു അവലോകനം നമുക്കിതിൽ ലഭിക്കുന്നുണ്ട്. ജന്മമല്ല കർമ്മമാണ് പ്രധാനം എന്ന് പറയുന്ന ബുദ്ധൻ തന്നെ ചണ്ഢാളർ, നായാടികൾ, മുളപ്പണിക്കാർ, വണ്ടിപ്പണിക്കാർ, തൂപ്പുകാർ തുടങ്ങി അഞ്ച് കുടുംബങ്ങളിൽ പിറക്കുന്നവർ ഇരുട്ടിൽ ജീവിക്കുന്നവരാണെന്ന അഭിപ്രായമാണ് നൽകുന്നത്. കൃഷ്ണനു പകരം അർജ്ജുനൻ്റെ സാർഥിയായ് വന്നിരുന്നത് ബുദ്ധനായിരുന്നെങ്കിൽ അഹിംസാഗീത ഉണ്ടാവുമായിരുന്നെന്ന ബുദ്ധപക്ഷക്കാർക്ക്, അദ്ദേഹത്തിൻ്റെ അറിവോടെയും അനുവാദത്തോടെയും തന്നെ അരങ്ങേറിയ യുദ്ധങ്ങളേ കുറിച്ചറിയുന്നത് അല്പം അമ്പരപ്പിനു വഴിവെച്ചേക്കാം.

അഹിംസക്കൊപ്പം കൊണ്ടാടപ്പെട്ടതാണ് ബുദ്ധൻ്റെ സസ്യഭക്ഷണവിശ്വാസങ്ങളും. ബുദ്ധൻ മാംസഭക്ഷണം കഴിച്ചിരുന്നുവെന്നും പഴകിയ പന്നിമാംസം ഭക്ഷിച്ചാണ് അദ്ദേഹം മരിച്ചതെന്നുമുള്ള വിവരങ്ങൾ പൊതുവെ മൂടിവെക്കാൻ ഇഷ്ടപ്പെടുന്നവയാണല്ലൊ.

ബുദ്ധൻ്റെ സ്ത്രീവിരുദ്ധതയും സാമൂഹികമായ നിലപാടുകളും അതിൻ്റെ ആഘാതങ്ങളും അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ നമുക്കിതിൽ വായിക്കാനാവും. അടിസ്ഥാനപരമായി ലോകത്തിലെ മിക്ക ആളുകളും മറ്റുള്ളവരോട് സ്നേഹവും ദയവും ഉള്ളവരായിരിക്കെ, ബുദ്ധമതം ആചരിച്ചതുകൊണ്ട് അവരുടെ എണ്ണം കൂടുകയൊ ആചരിക്കാത്തതുകൊണ്ട് കുറയുകയൊ ചെയ്തിട്ടില്ല എന്നൊരു നിഗമനത്തിലെത്താൻ ഈ പുസ്തകം വഴിവെക്കുന്നു. ബുദ്ധമതം ഒരു വിപ്ലവമായിരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് “എൻ്റെ ബുദ്ധമതം ഇങ്ങനെയല്ല” എന്നൊരു ചിന്തക്കൊപ്പം എന്താണ് എന്നറിയാനുള്ള ഒരു അവസരം കൂടിയാണ് ഈ വായന.

വിഗ്രഹങ്ങൾ ഉടഞ്ഞുവീഴുന്ന ഈ കാലഘട്ടത്തിൽ, മറ്റൊരു വിഗ്രഹത്തെ തകർക്കാനുള്ള ശ്രമമാണൊ എന്ന് സംശയിക്കുന്നരോട് ഒരു വാക്ക്. ആരോ പറഞ്ഞെന്നൊ എവിടെയൊ കേട്ടെന്നൊ തരത്തിലുള്ള ഒരു വിശദീകരണവും ഇതിലില്ല. ലഭ്യമായ ബുദ്ധമതസാഹിത്യത്തിൽ നിന്ന് കൃത്യമായ തെളിവുകളോടെയാണ് ഓരോ ചോദ്യത്തിനും ഉത്തരങ്ങൾ നിരത്തുന്നത്. പാലിപ്രമാണങ്ങൾ പോലെ ആദ്യകാല ബുദ്ധിസത്തിലെ പ്രാമാണികഗ്രന്ഥങ്ങളിൽ നിന്നും എടുത്തെഴുതിയത് ഒപ്പം വായിച്ച് നോക്കി വിശ്വസിക്കാവുന്നതുമാണ്. ഈ പുസ്തകം ബുദ്ധമതത്തിന് എതിരല്ല, മറിച്ച് ബുദ്ധമതത്തിലെ പിഴവുകളെ ബുദ്ധനെകൊണ്ട് എടുത്തു പറയിക്കുകയാണ്.

ബോധിവൃക്ഷത്തിലെ മുള്ളുകൾ
ഡോ: മനോജ് ബ്രൈറ്റ്
ഇൻസൈറ്റ് പബ്ലിക്ക
380 രൂപhttps://www.azhimukham.com/chekutty-dolls-in-malayalam-literature/https://www.azhimukham.com/literature-isro-espionage-case-accused-fauzia-hassan-reveals-mariam-rasheedas-statements-as-fake/https://www.azhimukham.com/litterateure-nina-burleigh-s-new-book-golden-handcuffs-the-secret-history-of-trump-s-women/ 

 

ശോഭ ചിത്ര

ശോഭ ചിത്ര

ബ്ലോഗര്‍, ട്രാവലര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍