TopTop

ഇന്ന് ലോക നാടക ദിനം; സിനിമയോടൊപ്പം ഓടി എത്താന്‍ നാടകങ്ങള്‍ക്ക് കഴിയില്ല: ടി എം അബ്രഹാം/അഭിമുഖം

ഇന്ന് ലോക നാടക ദിനം; സിനിമയോടൊപ്പം ഓടി എത്താന്‍ നാടകങ്ങള്‍ക്ക് കഴിയില്ല: ടി എം അബ്രഹാം/അഭിമുഖം
പ്രമുഖനാടകകൃത്തും നാടക സൈദ്ധാന്തികനുമായ ടി.എം അബ്രഹാം 30 ഓളം നാടക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'അഭിനയ കല ഒരു ആമുഖം' എന്ന ഇദ്ദേഹത്തിന്റെ പുസ്തകം നാടകങ്ങളെ പറ്റിയുള്ള പ്രമുഖ പുസ്തകങ്ങളില്‍ ഒന്നാണ്. ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് 12 ഓളം വിവര്‍ത്തനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. 1981ല്‍ കേരള സാഹിത്യ അവാര്‍ഡ്, നാടക രചനയിലുള്ള സമഗ്ര സംഭാവനയ്ക്ക് 1993ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 1994ല്‍ കെസിബിസി സാഹിത്യ അക്കാദമി അവാര്‍ഡ്, 2000ല്‍ വി.ടി ഭട്ടതിരിപ്പാട് അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, മേരി വിജയന്‍ പുരസ്‌കാരം എന്നിവയ്ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. രണ്ട് തവണ കേരള സംഗീത നാടക അക്കാദമി വൈസ്ചെയര്‍മാനായും കേരള സാഹിത്യ അക്കാദമിയുടെയും കേരള കലാമണ്ഡലം എന്നിവയുടെയും നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ചിലിയന്‍ നാടകകൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഏരിയല്‍ ഡോഫ്മന്റെ ഡെത്ത് ആന്‍ഡ് ദ മെയ്ഡന്‍ എന്ന പ്രശസ്തമായ രചനയ്ക്ക് ഇദ്ദേഹം രംഗഭാഷ്യം നല്‍കി. 1972 ഓടെയാണ് ഇദ്ദേഹം നാടക രംഗത്ത് സജീവമാകുന്നത്. നൂറുകണക്കിനു നാടകങ്ങള്‍ ടി.എം. ഏബ്രഹാം അരങ്ങിലെത്തിച്ചിട്ടുണ്ട്. അഹം അഹം, ആന്റിഗണി, ഈഡിപ്പസ്, തുഗ്ലക്ക്, ഗോദോയെ കാത്ത്, മാധവി, പ്രതിബിംബം തുടങ്ങിയ നാടകങ്ങള്‍ നാടകപ്രേമികളുടെ ഹൃദയങ്ങളില്‍ ഇദ്ദേഹം ഇടംനേടി. ലോകനാടക ദിനത്തില്‍ മലയാള നാടക ലോകത്തെ കുറിച്ചുള്ള തന്റെ അശങ്കകളും പ്രതീക്ഷകളും പങ്കുവെയ്ക്കുകയാണ്
ടി എം അബ്രഹാം
.


പഴയ നാടകങ്ങളും ഇന്നത്തെ നാടകങ്ങളും താരതമ്യം ചെയ്യുമ്പോള്‍ അവതരണത്തിലും, പ്രമേയത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ചുട്ടുണ്ടല്ലോ?

1940 കളില്‍ സംഗീത നാടകങ്ങളായിരുന്നു. ഹാര്‍മോണിസ്റ്റ് വായിക്കുമ്പോള്‍ നായിക നായകന്‍മാര്‍ പാടി അഭിനയിക്കുക ഇതായിരുന്നു സംഗീത നാടകങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച അഭിനേതാക്കളായിരുന്നു ഈ നാടകങ്ങളുടെ മറ്റൊരു പ്രത്യേകത. തുടര്‍ന്ന് 1952 ല്‍ കെപിഎസ്സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന സാമൂഹ്യ നാടകം പ്രഫഷണലായിട്ട് അവതരിപ്പിച്ച് തുടങ്ങിയത്. കെട്ടിലും മട്ടിലും യഥാസ്ഥിതികത കൈവരുന്നത് ഇത്തരം നാടകങ്ങളിലാണ്. കെപിഎസ്‌സിയുടെ ഈ നാടകം 5000 സ്റ്റേജുകളില്‍ വരെ കളിച്ചിട്ടുണ്ട്. കെപിഎസ്‌സി അന്ന് എങ്ങനെ നാടകം അവതരിപ്പിച്ചോ അതേ മാതൃകയില്‍ തന്നെയാണ് ഇന്നുള്ള പ്രഫഷണല്‍ നാടകം അവതരിപ്പിച്ച് വരുന്നതും തുടരുന്നതും. സാമൂഹ്യ പ്രശ്നങ്ങള്‍ പ്രയേമാക്കിയ നാടകങ്ങള്‍, ജീവചരിത്ര നാടകങ്ങള്‍ എന്നിവയെല്ലാം ഈ മാതൃക പിന്തുടര്‍ന്ന് അവതരിപ്പിച്ചു വന്നിരുന്നു.

പുതിയ തലമുറയ്ക്ക് ഇഷ്ടമാകുന്ന വിധം സിനിമകളുണ്ടായതു പോലെ ഇന്നത്തെ നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ടല്ലോ? എന്നാല്‍ സിനിമകള്‍ വിജയിക്കുന്ന പോലെ നാടകങ്ങള്‍ ജനശ്രദ്ധ നേടാത്തത് എന്തുകൊണ്ടാവാം?

1960ന് ശേഷം മലയാള പ്രഫഷണല്‍ നാടകങ്ങള്‍ സിനിമയെ അനുകരിച്ച് വന്നവയായിരുന്നു. സിനിമയിലെ ഫ്ളാഷ് ബാക്കുകള്‍ നാടകത്തിലും കടന്നു വന്നിരുന്നു. ഇപ്പൊഴും ഈ രീതി മലയാളത്തില്‍ പിന്തുടര്‍ന്നു വരുന്നു. സിനിമയുടെ സ്വാധീനം മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലെ കൊമേഴ്ഷ്യല്‍ നാടക വേദിയിലും ഉണ്ടായിട്ടുണ്ട്. പഴയകാലത്തു നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ബലമുള്ള നാടകകൃത്തുക്കള്‍ ആരും തന്നെ ഇല്ലാ എന്ന് തന്നെ പറയേണ്ടി വുരം. തോപ്പില്‍ ഭാസിയുടേയോ കെ.ടി മുഹമ്മദിന്റെയോ എന്‍.എന്‍ പിള്ളയുടെയൊക്കെ കൈയൊതുക്കവും സാമൂഹ്യ പ്രശന്ങ്ങളോടും ജീവിത പ്രശന്ങ്ങളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമോ ഇപ്പോഴില്ല എന്നതാണ് യാഥാര്‍ഥ്യം. പുതിയ തലമുറ നാടകത്തോട് മുഖം തിരിച്ച് നില്‍ക്കുകയാണ്. അതുകൊണ്ടാണ് മലയാള നാടകങ്ങള്‍ക്ക് വല്യ ഓട്ടമൊന്നുമില്ലാത്തത്.

അടുത്ത കാലത്ത് നാടകത്തിലഭിനായിക്കാന്‍ ഓഡീഷനു വന്ന പെണ്‍കുട്ടിയോട് നാടകത്തെ കുറിച്ചും നാടകം കണ്ടിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഒരു നാടകവും താന്‍ കണ്ടിട്ടില്ലെന്നും അഭിനയിച്ചിട്ടില്ലെന്നുമാണ്. ഇത് ഈ പെണ്‍കുട്ടിയുടെ മാത്രമല്ല ഈ തലമുറയില്‍ പലരും നാടകങ്ങള്‍ കാണാതെ അഭിനയിക്കാതെ ഈ രംഗത്തേക്ക് വന്നിട്ടുള്ളവരാണ്. ഐടി എന്‍ജിനീയറാണ് ഈ പെണ്‍കുട്ടി. സീരിയലിലും സിനിമയിലും അസിസ്റ്റന്റ് ഡയറക്ടറായിട്ട് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പെണ്‍കുട്ടിയെ ഓഡീഷന് ക്ഷണിച്ചതെന്നും ഇദ്ദേഹം പറയുന്നു. പുതിയ തലമുറയിലുള്ളവര്‍ എല്ലാവരും സിനിമയിലേക്കാണ് പോകുന്നത്. ലോക സിനിമയിലെ വിവിധ ഭാഷയിലുള്ള സിനിമകള്‍ ഇഷ്ടം പോലെ ലഭ്യമാണ്. അതൊക്കെ കണ്ട് യുവതലമുറ സിനിമയുമായി താദാത്മ്യം പ്രാപിക്കുകയാണ്. മറ്റ് കലകളൊന്നും അവര്‍ക്ക് പ്രശ്നമല്ല. സിനിമയുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരായതുകൊണ്ട് തന്നെ സിനിമയെ വളരെ എളുപ്പത്തില്‍ ഇക്കൂട്ടര്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യുന്നു.സിനിമയെ പോലെ ഒരു വലിയ വ്യവസായമായി നാടകങ്ങള്‍ മാറുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. നാടകങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഘടകങ്ങള്‍ എന്തൊക്കെയാകാം?

സിനിമ പോലെ വളരാന്‍ നാടകങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. നാടകത്തെ ഗൗരവത്തോടെ കാണുന്ന ഒരു ചെറിയ സമൂഹം മാത്രമെ ഇന്ന് കേരളത്തിലുള്ളു. ലോകത്തില്‍ പല ഇടത്തും സ്ഥിതി ഇങ്ങനെയല്ല. ഫ്രാന്‍സിനെ ഉദാഹരണമായെടുത്താന്‍ അവടെ സിനിമയെക്കാളും സിനിമാ നടനെക്കാളും പ്രാധാന്യം നാടകത്തിനും നാടകനടനുമാണ്. അവിടെ ഒരു നാടകത്തിന് ടിക്കറ്റ് കിട്ടണമെങ്കില്‍ ആറു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മാത്രമെ കാണാന്‍ സാധിക്കുള്ളു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അവസ്ഥയും ഇതിന് വ്യത്യസ്തമല്ല. ഇവിടെ പ്രഫഷണല്‍ നാടകങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ് ഒന്നുമില്ലെങ്കിലും ടിക്കറ്റ് ഇനത്തില്‍ വലിയ തുകയാണ് സംഘാടകര്‍ക്ക് ലഭിക്കുന്നത്. ഇവിടെ നാടങ്ങള്‍ വളരുന്നതിന് അനുകൂല സാഹചര്യമല്ല. നാടകങ്ങള്‍ക്ക് മത്രമായി എല്ലാ സൗകര്യങ്ങളോട് കൂടിയ വേദിയോ, സര്‍ക്കാരുകളില്‍ നിന്ന് ആവശ്യത്തിന് സാമ്പത്തികമായോ അല്ലാതെയുമേ ഉള്ള പിന്തുണ ലഭിക്കുന്നില്ലെന്നതാണ് സത്യം.

http://www.azhimukham.com/artist-sujathan-interview-malayalam-professional-drama-movement-rakesh-nair/

നടിനടന്‍മാര്‍ നാടക അഭിനയത്തിനോട് വിമുഖത കാണിക്കുന്നതായി തോന്നിയിട്ടുണ്ടോ?

നാടകത്തിലേക്ക് അഭിനയിക്കാനായി ആരും തന്നെ കടന്നുവരുന്നില്ല. അഭിനയം പഠിപ്പിക്കുന്നതിനായി ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും നാടകങ്ങള്‍ക്കുള്ളതല്ല. അവിടെ പ്രവേശനം ലഭിക്കാന്‍ ഇടിയാണ്. കാരണം അതൊക്കെ സിനിമയിലേക്കുള്ള ആദ്യ പടികളാണ് എന്നതുതന്നെ. നാടകം ഇനി ജനപ്രിയമാകുമോ എന്നത് വളരെ സംശയമാണ്. കാരണം ഇത് വളരെ ഗൗരവമുളള ഒരു കലയാണ്. പ്രഫഷണല്‍ നാടകങ്ങളായാലും അമച്വര്‍ നാടകങ്ങളായാലും വളരെ കുറഞ്ഞ പ്രേക്ഷകരാണ് ഉള്ളത്. സത്യസന്ധതയോടെ നാടകങ്ങളെ സമീപിക്കുന്നവരാണ് ഇവര്‍. കൂടാതെ സിനിമയില്‍ നിന്ന് വ്യത്യസ്തമായി നാടക അവതരണം ലൈവാണ്. വളരെ അധികം സമയം എടുത്ത് ചെയ്യേണ്ട കലയായതിനാലും കൂടുതല്‍ പരിശീലനം ആവശ്യമുള്ളതിനാലുമാകാം ഈ രംഗത്തേക്കുള്ള കലാകാരന്‍മാരുടെ ഒഴുക്ക് നിലയ്ക്കുന്നത്.

നാടകങ്ങള്‍ക്ക് ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ് സാധ്യമാണെന്ന് വിശ്വസിക്കുന്നുണ്ടോ?

പുത്തന്‍ തലമുറയുടെ കൈയ്യില്‍ പണമുണ്ട്. നല്ല ഉദ്യോഗമുള്ളവരാണ് പലരും. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ യുവാക്കള്‍ക്കിടയില്‍ കുറവാണെന്നു പറയാം. കേരളത്തിലെ അമച്വര്‍ നാടകങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. എന്നാല്‍ സംസ്ഥാനത്ത് നാടകങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദി വാടകയ്ക്കെടുക്കുന്നതിനും മറ്റുമായി ഒത്തിരി പണം നല്‍കേണ്ടി വരുന്നു. ബംഗ്ളൂരു പോലെയുള്ള സ്ഥലങ്ങളില്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് സ്ഥിരം വേദികളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുന്നതായി അറിയുന്നു. സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഈ രീതിയിലുള്ള കൈത്താങ്ങലുകള്‍ ഉണ്ടെങ്കില്‍ മാത്രമെ നഷ്ടപ്പെട്ടു പോകുന്ന കലകളെ വീണ്ടെടുക്കാന്‍ സാധിക്കൂ. ബിഗ് ബജറ്റ് നാടകങ്ങളാണ് അധികവും. വേദി, മേയക്കപ്പ്, കോസ്റ്റ്യൂം, നടി നടന്‍മാര്‍,റിഹേഴ്സല്‍ തുടങ്ങി പല വിഭാഗങ്ങളിലായി നാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് ചിലവ് കൂടി വരുകയാണ്. 20 ലക്ഷം രൂപയിലേറെയാണ് നാടകങ്ങളുടെ ബജറ്റ്. നിലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന കേന്ദ്രങ്ങളോ? പുത്തന്‍ സാങ്കേതീക വിദ്യകളോ? എല്ലാ സൗകര്യങ്ങളോട് കൂടിയ വേദികളോ ലഭ്യമല്ല? അതുകൊണ്ട് തന്നെ നാടകത്തിന് കൂടുതല്‍ മുതല്‍ മുടക്കേണ്ട സാഹചര്യമാണുള്ളത്. ഈ മേഖലയില്‍ പണം മുടക്കുന്നതിനായി സ്പോണ്‍സര്‍മാര്‍ കടന്നുവരാത്തതും വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായിട്ട് വിവിധ വിഭാഗങ്ങളിലായി മലയാള നാടകങ്ങള്‍ക്ക് ലോക നാടകവേദിയില്‍ അംഗീകാരം ലഭിക്കുന്നു എന്നത് ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് അത് പ്രാധാന്യമുള്ള വാര്‍ത്തയല്ല. ശങ്കര്‍ വെങ്കിടേശന്‍, ജീവന്‍ ശിവരാമന്‍, ജിനോ ജേസഫ്, ശശിധരന്‍ നടുവില്‍, ചന്ദ്രഹാസന്‍ തുടങ്ങി നിരവധി നാടക കലാകാരന്‍മാരുള്ള നാടാണ് കേരളം.

http://www.azhimukham.com/kaalinatakam-women-centric-play-sajitha-madathil-safiya/

Next Story

Related Stories