TopTop
Begin typing your search above and press return to search.

ആ കോളേജിന്റെ പേരും ഇന്ത്യന്‍ ഭരണഘടനയുമാണ് അവരുടെ പ്രശ്‌നം

ആ കോളേജിന്റെ പേരും ഇന്ത്യന്‍ ഭരണഘടനയുമാണ് അവരുടെ പ്രശ്‌നം

അവരോട് ആദ്യം ആ മാഗസിന്‍ ഒന്നു വായിക്കാന്‍ പറയൂ. അതൊന്നു തുറന്നുപോലും നോക്കാതെ ഹിന്ദു മതത്തെ അപമാനിച്ചു, ദൈവങ്ങളെ പരിഹസിച്ചൂ എന്നൊക്കെ പറഞ്ഞു വരുന്നവര്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ; വര്‍ഗീയത വളര്‍ത്തുക; ആന കേറാ മല, ആട് കേറാ മല, അയിരം കാന്താരി പൂത്തിറങ്ങി' എന്ന മാഗസിനെതിരേ രംഗത്തു വന്നിരിക്കുന്ന സംഘപരിവാര്‍ സംഘടനകളെ തള്ളിക്കളയുകയാണ് കോതമംഗലം മാര്‍ അത്തനേഷ്യല്‍ എഞ്ചിനീയറിംഗ് കോളേജിലെ മാഗസിന്‍ സബ് എഡിറ്റര്‍ അതുല്‍ ആര്‍ എം. അതുല്‍ എഴുതിയ 'ശബരിമല വിധി തുടന്നിടുന്നത്' എന്ന ലേഖനമാണ് ഇപ്പോള്‍ വിവാദത്തിനുള്ള കാരണമാക്കിയിരിക്കുന്നത്. ഈ ലേഖനത്തിലൂടെ ശബരിമലയേയും ഹൈന്ദവ ആചാര-വിശ്വാസങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയേും തള്ളിപ്പറഞ്ഞ് ശബരിമലയില്‍ ഒളിച്ചു കയറിയ കനകദുര്‍ഗയേയും ബിന്ദുവിനെയും നവോഥാന നായകരാക്കിയിരിക്കുകയാണെന്നുമാണ് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശനം. ഹിന്ദു ഐക്യവേദിയുടെയും ശശികല ടീച്ചറെ പോലുള്ളവരുടെയും പ്രശ്‌നം കോളേജിന്റെ പേരാണെന്നും ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജും ഇന്ത്യന്‍ ഭരണഘടനയുമാണ് സംഘപരിവാറിനെ പ്രകോപിച്ചിരിക്കുന്നതെന്നുമാണ് അതുല്‍ കുറ്റപ്പെടുത്തുന്നത്. വിമര്‍ശനവുമായി വരുന്നവരില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ആ മാഗസിന്‍ തുറന്നു വായിച്ചു കാണില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം നുണ പ്രചരണങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല. സംഘപരിവാറുകാര്‍ക്ക് നുണകള്‍ പ്രചരിപ്പിച്ചാണ് ശീലമുള്ളതെന്നതിനാല്‍ അവരോട് സത്യത്തെ കുറിച്ചു പറയുന്നതിലും അര്‍ത്ഥമില്ല'; അതുല്‍ പറയുന്നു.

ഞങ്ങളുടെ മാഗസിനില്‍ ഒരിടത്തുപോലും ഹിന്ദു മതത്തേയോ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ വിമര്‍ശിക്കുന്നില്ല. ഹിന്ദു മതത്തിലെ എന്നല്ല, ഒരു മതത്തിന്റെയും വികാരം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ആ മാഗസിന്‍ മുന്നില്‍വച്ചുകൊണ്ടാണ് ഞങ്ങളിത് പറയുന്നത്. ലിംഗ സമത്വം എന്ന ആശയം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രതിഫലിക്കുന്നതാണ് മാഗസിനിലെ ലേഖനങ്ങളും കവിതകളുമെല്ലാം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ലിംഗ സമത്വത്തെ മുന്‍നിര്‍ത്തിയുള്ളതാണ്. ആ വിധി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ക്ക് കിട്ടിയ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ആയിരുന്നു മാഗസിന്‍. ഭരണഘടന എന്താണെന്ന് ഇപ്പോഴും സാധാരണക്കാര്‍ക്ക് അജ്ഞാതമാണ്. ഭരണഘടന നമ്മുടെ ജീവിതമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന അവകാശങ്ങളെക്കറിച്ച് ഭൂരിഭാഗത്തിവും അറിവില്ല. നമ്മുടെ പൗരാവകാശങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഒന്നായിരുന്നു ശബരിമല വിധി. അത് എന്നെക്കൊണ്ട് കഴിയും വിധം വിശദീകരിക്കാനാണ് ആ ലേഖനത്തിലൂടെ ഉദ്ദേശിച്ചതും. അതൊരു പോസിറ്റീവായ കാര്യമാണ്. കേവലം യുവതി പ്രവേശനമെന്നതിനപ്പുറം ഈ വിധി തുറന്നിടുന്നത് നമ്മുടെ ഭരണഘടനയേയും അത് അനുവര്‍ത്തിക്കുന്ന സ്വാതന്ത്ര്യങ്ങളെയും, അവകാശങ്ങളെയും, തുല്യതയേയും കുറിച്ചുള്ള കൃത്യമായ അവലോകനത്തിലേക്കും, ഏത് തരം മതനിയമങ്ങളായാലും അത് ഭരണഘടന നിഷ്‌കര്‍ക്കുന്ന ഇത്തരം മൂല്യങ്ങളെ അംഗീകരിക്കുന്നതാവണമെന്ന തിരിച്ചറിവിലേക്കുമാണ്'. എന്നാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആസൂത്രണം ചെയ്തു നടത്തിയ അക്രമങ്ങളാണെന്നു നമുക്ക് അറിയാവുന്ന കാര്യമാണ്. ആ അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആയവരും പങ്കാളികളായിരുന്നു. അതൊരുപക്ഷേ അവരുടെ രാഷ്ട്രീയബോധം വച്ചായിരിക്കാം. എന്നാലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും ഭരണഘടന അവകാശങ്ങളക്കുറിച്ചുള്ള അജ്ഞത നിലനില്‍ക്കുന്നുണ്ട് എന്ന ദുരവസ്ഥ കൂടിയാണ് വ്യക്തമാകുന്നത്. എന്താണ് ഇന്ത്യന്‍ ഭരണഘടനയെന്നും അതിന്റെ സത്തയെന്താണെന്നും വിദ്യാലയങ്ങളില്‍ എങ്കിലും അവബോധം സൃഷ്ടിക്കേണ്ടൊരു സാഹചര്യം ഇപ്പോഴും ഉണ്ട്. അതിനൊരു ശ്രമമേ ഞങ്ങളും നടത്തിയിട്ടുള്ളൂ. അല്ലാതെ ഹിന്ദുക്കളെ അപമാനിക്കാനോ വിശ്വാസം ഹനിക്കാനോ ഒന്നും ചെയ്തിട്ടില്ല. ആ ലേഖനത്തില്‍ എവിടെയാണ് ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയേയും അപമാനിച്ചിരിക്കുന്നതെന്നു പറയണം? അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ച്, എന്റെ ശിവന്‍ ഈഴവനാണ് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവും പഞ്ചമിയെന്ന പുലയ പെണ്‍കുട്ടിയുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് കയറിച്ചെന്ന അയ്യങ്കാളിയും, ജാതി തിരിച്ച് മുലയുടെ വലിപ്പം നോക്കി കരം വാങ്ങിയ ജന്മിക്ക് മുന്നിലേക്ക് തന്റെ മാറ് അറുത്തെറിഞ്ഞ് പ്രതിഷേധിച്ച നങ്ങേലിയും, ഗുരുവായൂരമ്പലത്തില്‍ കയറി മണിയടിച്ചതിന് സവര്‍ണ മേധാവികള്‍ തല്ലി അവശനാക്കിയ കൃഷ്ണപിള്ളയുമൊക്കെ നല്‍കിയ നേതൃത്വമാണ് ഒരിക്കല്‍ അചാരങ്ങളെന്നു വിശ്വസിച്ചിരുന്ന അനാചാരങ്ങളെ തുടച്ചു നീക്കുവാന്‍ സഹായകകമായത് എന്നെഴുതുമ്പോള്‍ അതിലെവിടെയാണ് ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും എതിരെയുള്ള വാക്കുകളാകുന്നത്? വിശ്വാസികള്‍ക്കിടയിലൂടെ തന്നെ ബിന്ദുവും കനകദുര്‍ഗ്ഗയും മല കയറിയിറങ്ങുന്നതിലൂടെ സ്ത്രീ പ്രവേശനവും അയ്യപ്പപ്രതിഷ്ഠയുടെ ബ്രഹന്മചര്യവും സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഇനി അപ്രസക്തമാവുകയാണ്' എന്നെഴുതുമ്പോള്‍ അതെങ്ങനെയാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമല്ല കനകദുര്‍ഗയും ബിന്ദുവുമാണ് നവോഥാന നായകരെന്ന രീതിയില്‍ വായിക്കാന്‍ കഴിയുക?

ഒരു ഹൈന്ദ ആചാരങ്ങളെയും ആ ലേഖനത്തില്‍ എന്നല്ല മാഗസിനില്‍ ഒരിടത്തും വിമര്‍ശിച്ചിട്ടില്ല. പണ്ട് കാലത്ത് നിലനിന്നിരുന്ന സതി, പുളികുടി കല്യാണം, തിരണ്ട് കല്യാണം തുടങ്ങി സ്ത്രീ വിരുദ്ധമായ ഒട്ടേറെ അനാചാരങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതൊന്നും ആചാരങ്ങളല്ല, അനാചാരങ്ങളാണ്. നമ്മുടെ നവോഥാന നായകന്മാരുടെ പ്രവര്‍ത്തനങ്ങളാണ് ഇത്തരം അനാചാരങ്ങളെ ഇല്ലാതാക്കിയത്. വിമര്‍ശിക്കുന്നവരോട് ചോദിക്കുകയാണ്, ഈ നാട് അനാചാരങ്ങളായികണ്ട് ഇല്ലാതാക്കിയതൊക്കെയും ആചാരങ്ങളായി കാണുന്നവരാണോ നിങ്ങള്‍?

'ആന കേറാമല ആട് കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന പേര് ശബരിമലയെ ആക്ഷേപിക്കാനാണെന്ന വാദവും മനസിലാകുന്നില്ല. മാഗസീനിന്റെ പശ്ചാത്തലത്തില്‍ ഒരു നാടോടിക്കഥ പറയുന്നുണ്ട്. അതിലെ രംഗങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ എന്തുകൊണ്ടാണ് ഈ പേരു വന്നതെന്ന് മനസ്സിലാവും. എഡിറ്റോറിയല്‍ കൃത്യമായി മാഗസിന്റെ പേരിനെ വിശകലനം ചെയ്യുന്നുമുണ്ട്. ഈ വസ്തുതകള്‍ വളച്ചൊടിച്ചുകൊണ്ടാണ് സംഘപരിവാര്‍ നുണപ്രചാരണം നടത്തുന്നത്. കേരളത്തിലെ സ്ത്രീ വിരുദ്ധതയേയും, ജാതിമേല്‍കോയ്മയേയും ഭരണഘടനപരമായി ചോദ്യം ചെയ്യുക മാത്രമാണ് മാഗസിന്‍ ചെയ്തിരിക്കുന്നത്. അതുമായ് ബന്ധപ്പെട്ട രചനകളില്‍ പള്ളി പ്രശ്നവും മുത്തലാഖും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. അല്ലാതെ മതം കേന്ദ്രീകരിച്ചുള്ള വേര്‍തിരിവ് ഉദ്ദേശിച്ചിട്ടില്ല. സ്ത്രീകളുടെ ശരീരം ആശുദ്ധം ആണെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അതിനെതിരെ ഉണ്ടാവുന്ന ആര്‍പ്പോ ആര്‍ത്തവം പോലുള്ള പ്രതിഷേധങ്ങളെ ഇത്തരം ആളുകള്‍ എന്തിനാണ് ഭയക്കുന്നതെന്നു മനസിലാകുന്നില്ല. ആര്‍പ്പോ ആര്‍ത്തവത്തെ പിന്തുണയ്ക്കുന്നതുകൊണ്ട് തന്നെ ഈ മാഗസിനു പിന്നില്‍ ഹിന്ദുത്വവിരുദ്ധ അജണ്ടയുണ്ടെന്നു വാശി പിടിക്കുന്നവര്‍ സ്ത്രീകളുടെ ശാരീരിക-ജൈവികഘടനയെയോ സ്വത്വത്തെയോ അംഗീകരിക്കാത്തവരാണ്.

ഒരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജില്‍ ഇത്തരമൊരു മാഗസിന്‍ ഉണ്ടായതിനു പിന്നില്‍ മാനേജ്‌മെന്റിനു പങ്കുണ്ടെന്ന് പറയുന്നതില്‍ വര്‍ഗീയതയല്ലാതെ മറ്റെന്താണുള്ളത്? ഒരു കോളേജ് മാഗസിനില്‍ ഉണ്ടാകുന്നത് വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും അഭിപ്രായങ്ങളുമാണ്. എം എ കോളേജ് ഗവ. എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജാണ്. മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടി കേരളത്തിനകത്ത് നിന്നും പുറത്തും നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഏതൊരു കലാലയത്തെയും പോലെ മതത്തിന്റെയും ജാതിയുടെയും ചുറ്റുമതിലുകളില്ലാതെ ഒരുമിച്ച് നില്‍ക്കാനാണ് ഈ കലാലയത്തിലെ അധ്യാപകരും അനധ്യാപകരുമൊക്കെ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. വര്‍ഷാവര്‍ഷം പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിന്‍ തയ്യാറാക്കുന്നത് അധ്യാപകരും മാനേജ്‌മെന്റും ചേര്‍ന്നല്ല. ഒരു സ്റ്റാഫ് എഡിറ്റര്‍ ഉണ്ടായിരിക്കും. അതു കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുള്ള മാഗസിന്‍ എഡിറ്ററുടെ നേതൃത്വത്തിലുള്ള സബ് എഡിറ്റര്‍മാരും എഡിറ്റോറിയല്‍ ബോര്‍ഡും അടങ്ങുന്ന മാഗസിന്‍ സമിതിയാണ് മാഗസിന്‍ തയ്യാറാക്കുന്നത്. ഉള്ളടക്കങ്ങള്‍ സ്റ്റാഫ് എഡിറ്റര്‍ പരിശോധിക്കും, പ്രിന്‍സിപ്പലും പരിശോധിക്കും. അല്ലാതെ മാനേജ്‌മെന്റിന്റെ ഭാഗത്തേക്ക് പോകുന്നില്ല. അവര്‍ ഒരുതരത്തിലുള്ള ഇടപെടലും നടത്താറുമില്ല. അതിവിടെ മാത്രമല്ല. എന്നിട്ടും മാനേജമെന്റിനെതിരേ സംഘപരിവാര്‍ വരുന്നുവെങ്കില്‍ അത് വര്‍ഗീയത ഒന്നുകൊണ്ടുമാത്രമാണ്.

ഞങ്ങളുടെ കോളേജിനെതിരെ നടക്കുന്നതും സംഘപരിവാര്‍ ഫാസിസമാണ്. സംഘപരിവാര്‍ ഫാസിസം ഇന്ത്യയില്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. ധാബോല്‍ക്കറും ഗൗരി ലങ്കേഷുമൊന്നും വണ്ടിയിടിച്ചു മരിച്ചവരല്ല; അവര്‍ സംഘപരിവാറിന്റെ നരനായാട്ടിന് ഇരയായവരാണ്. ഇത്തരം ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരേയുള്ള കൃത്യമായ പ്രതിഷേധം മാഗസിനില്‍ ഉണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നിരിക്കെ ആര്‍ക്കും ആശയ അവതരണത്തിനും അഭിപ്രായ സ്വാതന്ത്ര്യതിനുമുള്ള അവകാശമുണ്ട്. മാഗസിനിലെ രചനകളെ വിമര്‍ശിക്കുവാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ രചനകള്‍ വര്‍ഗ്ഗീയ ലക്ഷ്യം വച്ചുള്ളവയാണെന്ന ആരോപണത്തെ ഞങ്ങള്‍ നിഷേധിക്കുന്നു. അതോടൊപ്പം ഒന്നുകൂടി പറയുന്നു; ഇന്ത്യന്‍ ഭരണഘടനയ്ക്കു വേണ്ടി, ലിംഗസമത്വത്തിനു വേണ്ടി, പൗരാവകാശങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഇനിയും എഴുതിയും പറഞ്ഞും തന്നെ മുന്നോട്ടുപോകൂം.

Read More: കോതമംഗലം എംഎ കോളേജ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍, ‘ആയിരം കാ‍ന്താരി’ പിന്‍വലിച്ച് അധികൃതര്‍, ഭരണഘടനയെക്കുറിച്ച് പറയുന്നത് തെറ്റാണോയെന്ന് വിദ്യാര്‍ഥികള്‍


Next Story

Related Stories