Top

'ഒറ്റവീർപ്പിൽ എഴുതിത്തള്ളാനും ഒറ്റശ്വാസത്തിൽ വാഴ്ത്തുപാടാനും എളുപ്പമാണ്'; എം എൻ വിജയനെ വീണ്ടും വായിക്കുമ്പോൾ

എക്കാലവുമോർക്കുന്ന ഏറ്റവും അസ്വസ്ഥജനകമായ ദൃശ്യങ്ങളിലൊന്ന്, ഡോ. എം എൻ വിജയൻ ഒരു വാർത്താസമ്മേളനത്തിൽ പിന്നിലേക്കു കണ്ണുകൾ മറിഞ്ഞുവീഴുന്ന ദൃശ്യത്തിന് ഇന്ന് പതിനൊന്ന് വർഷം.

സ്വീകരണവും തമസ്കരണവും ഒരേ മട്ടിൽ ഹിംസാത്മകമായിത്തീരുന്ന ഒരവസ്ഥ പലപ്പോഴും ഇന്ന് നമ്മുടെ സംവാദങ്ങൾക്കുണ്ട്. ‘മാർക്സിസ്റ്റ് സൈദ്ധാന്തികൻ’ എന്നിങ്ങനെയുള്ള അത്യുക്തികൾ കൊണ്ട് ആരാധകരാൽ അപമാനിക്കപ്പെടുകയോ അതല്ലെങ്കിൽ “ന്തൂട്ട് കോപ്പാണ് വിജയൻ മാഷ്" എന്ന് നിസ്സാരവൽക്കരിക്കപ്പെടുകയോ ചെയ്താണ് ഇക്കഴിഞ്ഞ ദിവസം പലരും എം എൻ വിജയനെ വായിച്ചുകണ്ടത്. ഇത്തരത്തിലുള്ള നൂറ്റെൺപത് ഡിഗ്രി അതിവാദങ്ങളാണ് രാഷ്ടീയകൃത്യത എന്നു തെറ്റിദ്ധരിക്കപ്പെട്ടുണ്ട്. എം എൻ വിജയനെ സംഘം ചേർന്നും ഒറ്റയ്ക്കും നായാടുന്നതിലും, ഹരഹര വിജയൻ ശരണം പ്രപദ്യേ എന്ന കീർത്തനാലാപത്തിലും വലിയ വ്യത്യാസമൊന്നുമില്ല.

1) തീർച്ചയായും എം എൻ വിജയൻ ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്നില്ല. ഡയലക്ടിക്കൽ സെൻസിൽ കൃത്യമായ ഊന്നലോടെ രൂപീകരിക്കപ്പെട്ട രാഷ്ടീയപരിപ്രേക്ഷ്യമോ അവയുടെ സൈദ്ധാന്തികമായ കൃത്യതയോടെയും പരസ്പരപൂരകത്വത്തിലൂടെയും നിർമ്മിക്കപ്പെടുന്ന വിശദീകരണമോ ഒരുകാലത്തും എം എൻ വിജയൻ പ്രദർശിപ്പിച്ചിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം ഒരു സവിശേഷകാലത്തു നടന്നു എന്നതുകൊണ്ട് മാത്രം ഒരെഴുത്തുകാരനും മാർക്സിസ്റ്റ് സൈദ്ധാന്തികനാവുന്നില്ല, പിന്നീട് പാർട്ടിവിമർശകനായതുകൊണ്ടും അതു സംഭവിക്കുന്നില്ല. എം എൻ വിജയൻ ആധുനികത രൂപീകരിച്ചെടുത്ത ഒരു എഴുത്തുകാരനായിരുന്നു - ശുദ്ധസൗന്ദര്യവാദത്തോളം അരാഷ്ടീയവൽക്കരിക്കപ്പെട്ട ഭാവുകത്വപരിമിതികളിൽ മലയാളം എന്ന കൊച്ചുഭാഷ അടിപതറി നിൽക്കുമ്പോൾ എം എൻ വിജയന്റെ നിലപാടുകൾക്ക് ചരിത്രപരമായി രാഷ്ടീയകൃത്യതയുണ്ടായിരുന്നു. അതിലപ്പുറമുള്ള ആലഭാരങ്ങൾ അസംബന്ധമാണ്.

2) ഒരു പുസ്തകമെന്ന നിലയിൽ വിജയൻ മാഷുടെ മികച്ച പുസ്തകം ചിതയിലെ വെളിച്ചമാണ്. ദുർമേദസ്സില്ലാത്ത, അടിതെളിഞ്ഞ ഭാഷയിൽ കാൽപ്പനികതയേയും ആധുനികതയേയും സൗന്ദര്യശാസ്ത്രത്തെയും വിശകലനം ചെയ്യാനുള്ള ആത്മാർത്ഥശ്രമങ്ങൾ ചിതയിലെ വെളിച്ചത്തിൽ ഉണ്ട്. പിന്നീട് വിജയന്മാഷിൽ കാണുന്ന ഗൂഢഭാഷാനിർമ്മിതി രൂപീകരിക്കപ്പെടാത്ത കാലമായതിനാൽ തന്നെ ഋജുവായ ആശയസംവേദനം സാദ്ധ്യമാകുന്നുമുണ്ട്.

3) എന്നാൽ ചിതയിലെ വെളിച്ചത്തിൽ നിന്ന് മുന്നോട്ടുപോവുകയല്ല, ബർണാഡ് ഷാ മാർഗത്തിൽ അൽപ്പം കപടവ്യവഹാരങ്ങൾക്കു തന്നെ സാദ്ധ്യതയുള്ള ഒരു ഗൂഢഭാഷാനിർമ്മിതിയിലേക്ക് വീണുപോവുകയാണ് പിന്നീട് വിജയൻ മാഷ് ചെയ്തത്. ഭാഷയുടെ കരുക്കളായ വാക്കുകൾക്ക് അർത്ഥാന്തരസാദ്ധ്യതകളുണ്ടെന്ന തിരിച്ചറിവ് നമുക്കു വളരെ മുൻപേയുണ്ട്. യമകസാദ്ധ്യതകൾ വെണ്മണിക്കവിതക്കേ സ്വന്തമാണ്. ഇത്തരം വാഗ്ലീലകളെ രാഷ്ടീയ-സാംസ്കാരികവിമർശത്തിലേക്ക് ആനയിച്ചുകൊണ്ടുവരാനാണ് പിന്നീട് വിജയൻ മാഷ് മുതിർന്നത്. ഭാഷയുടെ കേവലവ്യായാമങ്ങളിൽ തൽപ്പരരായ ഒരു ആരാധകസമൂഹം മാഷിനെ തോളിലേറ്റുക കൂടി ചെയ്തപ്പോൾ മാഷിനു തന്നെയും രക്ഷപ്പെടാൻ വഴിയില്ലാത്ത വിധം ഈ ഗൂഢഭാഷാവ്യവഹാരം മാഷെ കുരുക്കിക്കളഞ്ഞു. കൊടുങ്ങല്ലൂരെ കരുണയിൽ ചെന്നവർക്കറിയാം, ചായ വെക്കുമ്പോഴും കസേരയിൽ നാമിരിക്കുമ്പോഴും തൊടിയിൽ തെങ്ങിൻ പട്ട വീഴുമ്പോഴും വരെ മാഷ് ഗൂഢവാഗ്ലീലകൾ നടത്തി. കരുണാകരൻ പത്രസമ്മേളനം നടത്തുമ്പോൾ വെറുതേ ചിരിക്കുന്ന അൽപ്പബുദ്ധിച്ചിരികൾക്ക് വരെ അർത്ഥാന്തരങ്ങൾ അന്വേഷിച്ചിരുന്ന ഒരു ഭാവുകത്വക്കെണിയിൽ വീണിരുന്ന അന്നത്തെ നമ്മൾ, മാഷിന്റെ ഓരോ ഗൂഢവാഗ്ലീലയിലും ഉള്ളതും ഇല്ലാത്തതും ചാർത്തി ഊറിച്ചിരിച്ചു. ഇതാണ് പരമാർത്ഥം.

4) ഇത് ക്രമേണ, വിജയൻ മാഷിന്റെ പ്രഭാഷണങ്ങളുടെ ഐഡന്റിറ്റിയായി മാറി. തുടക്കം മുതലൊടുക്കം വരെ നീളുന്ന വിപരീതലക്ഷണകളുടെയും യമകങ്ങളുടെയും അർത്ഥാപത്തികളുടെയും ഗൂഢപ്രവാഹം പലപ്പോഴും അമ്പരപ്പിക്കുന്ന തച്ചുശാസ്ത്രവൈദഗ്ദ്ധ്യത്തോടെ മാഷ് നടത്തി. പലപ്പോഴും ഒറ്റയടിക്ക് പറഞ്ഞുപോവുമ്പോൾ പിന്തുടരാൻ പോലും പ്രയാസമായ ഈ വാഗ്ലീല, ഇടതുപക്ഷത്തിനു പ്രിയപ്പെട്ടതായിത്തീർന്നു. ഒന്നു വിക്കി, അടുത്ത വാക്കിനു നൽകുന്ന നിശ്ശബ്ദതയെ അവധാനതയോടെ കാത്തിരുന്ന ഇ എം എസ് പ്രസംഗക്കേൾവിയുടെ ആൾക്കൂട്ടശീലം ഇടതുപക്ഷത്തിൽ തന്നെ കൈമോശം വരികയും എന്തു പറയുന്നു എന്നതിലും പ്രധാനം എങ്ങനെ ഗൂഢഭാഷയിൽ പറയുന്നു എന്നതായിത്തീരുകയും ചെയ്തു. ഇത് തന്റെ അവസാനഭാഷണത്തിൽ വരെ വിജയൻമാഷിനൊപ്പം ഉണ്ടായിരുന്നു, അവസാനം കണ്ണുകൾ പിന്നിലേക്കു മറിഞ്ഞ് വീഴുന്നതിനു തൊട്ടുമുൻപ് മാഷ് പറഞ്ഞതും ഭാഷാശാസ്ത്രപ്രശ്നമായിരുന്നു.

5) എന്നാൽ ഒരു ഗൂഢഭാഷാദുരന്തമായി വിജയൻ മാഷെ ചുരുക്കിവായിച്ചാൽ ശരിയാവുമോ? എനിക്കു തോന്നുന്നില്ല. തൊണ്ണൂറുകളിൽ ആഗോളവൽക്കരണവും വർഗീയതയും ചേർന്ന് ഇന്ത്യൻ രാഷ്ടീയസാഹചര്യത്തെ മാറ്റിയെഴുമ്പോൾ വിജയൻ മാഷ് കേരളത്തിലുടനീളം നടത്തിയ പ്രഭാഷണങ്ങൾ അത്രമേൽ അവഗണനാർഹമോ നിസ്സാരമോ അല്ല. ഫാഷിസത്തെപ്പറ്റി മാഷ് പറഞ്ഞ ചില നിരീക്ഷണങ്ങളാണ് ഇന്നും പല സൈദ്ധാന്തികരിലും അനേകതരം പ്രച്ഛന്നവാചകങ്ങളായി പ്രത്യക്ഷപ്പെടുന്നത് എന്നതാണ് വാസ്തവം. ഹിറ്റ്ലറുടെ മെയ്ൻ കാംഫ് മലയാളത്തിൽ തർജ്ജമ ചെയ്യപ്പെട്ടപ്പോൾ മാഷ് എഴുതിയ അവതാരിക പോലെ ചിലതാണ് ഏറെക്കാലത്തേക്ക് ഫാഷിസ്റ്റ് വിരുദ്ധ ചർച്ചകളിൽ ഉയർന്ന ഫാഷിസ്റ്റ് നിർവ്വചനങ്ങൾ പോലും. ഉമ്പർട്ടോ എക്കോ വായിക്കപ്പെട്ടു തുടങ്ങിയിരുന്നില്ല, വിൽഹെം റീഹ് തന്നെ പൊതുവായനക്കു മലയാളി ഏറ്റെടുത്തിരുന്നില്ല. വിജയൻ മാഷ് അത്തരമൊരന്തരീക്ഷത്തിൽ അത്രമേലപ്രസക്തനായിരുന്നില്ല.

6) കേരളത്തിലുടനീളമുള്ള കാമ്പസുകളിൽ മാഷ് സംസാരിച്ചു കൊണ്ടിരുന്ന ഒരു വിദ്യാർത്ഥിപക്ഷമുണ്ടായിരുന്നു. അന്നു പഠിച്ചുപോന്ന ഞാനടക്കമുള്ളവർക്ക് അതു മറക്കാനാവുകയില്ല. കോളേജിലെ കൊടികൾ അഴിക്കണം എന്നു പറയുന്ന പ്രിൻസിപ്പാളും അദ്ധ്യാപകരുമുള്ള കാമ്പസിലേക്ക് വിജയൻ മാഷെ കൊണ്ടുവന്ന് അവരെക്കൊണ്ടു തന്നെ സ്വീകരിപ്പിച്ചിരുത്തി “ കൊടികൾ അഴിച്ച് കോടികൾ ഉടുത്ത് നടക്കാൻ പറ്റുന്ന കുട്ടികളെ മാത്രം നിർമ്മിക്കാൻ വരുന്നവർ അദ്ധ്യാപകരല്ല” എന്നു കേൾപ്പിച്ച് അവരുടെ ഇളിഞ്ഞ മുഖം കണ്ട് കയ്യടിച്ചിട്ടുണ്ട് ഞങ്ങൾ. ടി പത്മനാഭന്റെ അപകർഷതക്കും അഹങ്കാരത്തിനും വായിച്ചെടുക്കാൻ പറ്റുന്നത്ര നിസ്സാരമായിരുന്നില്ല വിജയൻ മാഷ്.

7) വൈലോപ്പിള്ളിക്കവിതകളുടെ ആമുഖം, മാമ്പഴത്തിന്റെ മനശ്ശാസ്ത്രാപഗ്രഥനം, കേസരിയെപ്പറ്റിയുള്ള നിരൂപണം എന്നിവയെല്ലാം ഇന്നെത്രമേൽ ഉദാത്തമോ നിസ്സാരമോ ആയിത്തീരുന്നു എന്നതല്ല പ്രധാനം, സൗന്ദര്യവാദത്തിന്റെ തിരികുറ്റിയിൽ കറങ്ങുമായിരുന്ന മലയാളത്തിന്റെ ദരിദ്രഭാവുകത്വത്തിൽ അവയെന്തു ചെയ്തു എന്നതാണ്. സൗന്ദര്യവാദം ആർക്കും എവിടെയും വെച്ചു ചെന്നെത്താവുന്ന ഒരു കെണിയാണ്. വിജയൻ മാഷുടെ വീട്ടിൽ വെച്ച് ഒരിക്കൽ കേരളത്തിലെ ‘പാരമ്പര്യകലക’കളുടെ സൗന്ദര്യത്തെപ്പറ്റിയും രൂപശിൽപ്പത്തെപ്പറ്റിയും ബാലിശതയോടെ വാചാലനായ എന്നോട് മാഷ് പറഞ്ഞ വാചകങ്ങൾ ഇന്നും എന്റെ കലാനിരീക്ഷണങ്ങളുടെ ആധാരശിലയാണ്:"മുംബൈയിലെ പക്ഷികൾ പ്ലാസ്റ്റിക്ക് നാരുകൾ കൊണ്ടും വേസ്റ്റ് കവറുകൾ കൊണ്ടും ഇരുമ്പുകമ്പികൾ കൊണ്ടും കൂടുണ്ടാക്കും. ഞങ്ങൾ പാരമ്പര്യമായി ചകിരിനാരിന്റെ ആൾക്കാരാണെന്നു പറഞ്ഞാൽ കൂടുണ്ടാക്കൽ നടക്കില്ല. അത്രതന്നെ.”

ഒറ്റവീർപ്പിൽ എഴുതിത്തള്ളാനും ഒറ്റശ്വാസത്തിൽ വാഴ്ത്തുപാടാനും എളുപ്പമാണ്. അത്തരം ഒറ്റസ്നാപ്പുകളിൽ എല്ലാവരും ഒതുങ്ങിയെന്നു വരില്ല.

(ഫേസ്ബുക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories