TopTop
Begin typing your search above and press return to search.

നോട്ട് പിന്‍വലിക്കലിന്റെ ദോഷഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് തന്നെ നമ്മെ ബാധിക്കുമെന്നുറപ്പ്

നോട്ട് പിന്‍വലിക്കലിന്റെ ദോഷഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് തന്നെ നമ്മെ ബാധിക്കുമെന്നുറപ്പ്

വര്‍ഗീസ് ആന്റണി

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നടത്തിയ വായനകളില്‍ നിന്നും പ്രധാനമെന്ന് തോന്നിയ 14 പോയന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു. ഈ കണക്കുകള്‍ നമ്മുടെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നവയാണ്. ആര്‍ക്കെതിരാണ് ഈ നീക്കമെന്ന് വ്യക്തമാക്കുന്ന സൂചികകളാണ് ഇതിലുള്ളത്.

1. ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകളുടേയും ഉപജീവനമാര്‍ഗം കാര്‍ഷികവൃത്തിയാണ്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വരുമാനങ്ങള്‍ക്കൊന്നും നികുതി ബാധകമല്ല. അതായത് ഇവരാരും കള്ളപ്പണം സൂക്ഷിക്കുന്നവരാകാന്‍ ഇടയില്ല.


2. ലോകബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ പൗരന്‍മാരില്‍ 43 ശതമാനത്തിന് മാത്രമേ സ്വന്തം ബാങ്ക് അക്കൗണ്ടുകളുള്ളു. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ (CRISIL) 2013-ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 62.4 കോടി സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉണ്ട്. 40 കോടിയോളം ആളുകള്‍ക്കായാണ് ഇത്. ചിലര്‍ക്ക് രണ്ടും മൂന്നും അക്കൗണ്ടുകള്‍ ഉണ്ടാകുമല്ലോ. 25 കോടിയോളം അക്കൗണ്ടുകള്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജന്‍ധന്‍ യോജന പദ്ധതി പ്രകാരം പുതുതായി തുടങ്ങിയിട്ടുമുണ്ട്. ജന്‍ധന്‍ യോജന വഴി തുടങ്ങിയവയില്‍ 72 ശതമാനവും പൂജ്യം ബാലന്‍സിലാണ് തുടരുന്നത്. കള്ളപ്പണം പോയിട്ട് സൂക്ഷിച്ച് വക്കാന്‍ ചില്ലിക്കാശ് പോലുമില്ലാത്തവരാണ് ഈ അക്കൗണ്ട് ഉടമകള്‍.


3. പ്രായപൂര്‍ത്തിയായിട്ടും ബാങ്ക് അക്കൗണ്ട് ഇല്ലാത്ത 200 കോടി ആളുകള്‍ ലോകത്തുണ്ട്. അവരില്‍ 21 ശതമാനം പേര്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്.


4. ഇന്ത്യയില്‍ ജീവിക്കുന്ന 30 കോടി മനുഷ്യര്‍ക്ക് ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിട്ടില്ല. 16 സംസ്ഥാനങ്ങളിലും യൂണിയന്‍ ടെറിട്ടറികളിലും നിര്‍ബന്ധമാക്കിയിട്ടും ജനസംഖ്യയുടെ മൂന്നിലൊന്നിന് പോലും ആധാര്‍ കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞിട്ടില്ല.


5. ഇന്ത്യയിലെ 90 ശതമാനം ഇടപാടുകളും നടക്കുന്നത് കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാണ്. അതിനാലാണ് ഇന്ത്യന്‍ എക്കോണമിയെ ഇപ്പോഴും ക്യാഷ് എക്കോണമി എന്ന് പറയുന്നത്.


6. ഇന്ത്യയില്‍ ഇപ്പോള്‍ 69 കോടി എടിഎം ഡെബിറ്റ് കാര്‍ഡുകളുണ്ട്. ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കുള്‍പ്പെടെയാണിത്. 2.5 കോടി ആളുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളത്. 1.3 കോടി ആളുകള്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നു. (ക്യാഷ് ലെസ് എക്കോണമി എന്നൊക്കെ പറയുന്നത് തമാശയല്ലേ ചേട്ടാ)


7. ഇന്ത്യന്‍ ജനതയുടെ ഒരു ശതമാനം മാത്രമേ ഇന്‍കം ടാക്‌സ് അടക്കുന്നുള്ളു. 2013-ല്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 2.87 കോടി ആളുകള്‍ ആ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നു. പക്ഷേ 1.25 കോടി ആളുകള്‍ മാത്രമേ നികുതി അടച്ചുള്ളു. 130 കോടിയാണ് ആകെ ജനസംഖ്യയെന്ന് ഓര്‍ക്കുക.


8. 2016 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം 16.42 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളാണ് ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. ഇതിന്റെ 86 ശതമാനവും 1000, 500 നോട്ടുകളാണ്. 14.18 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വരുമിത്. ഇതാണ് ഡിസംബര്‍ 30ന് മുന്‍പ് മാറി നല്‍കേണ്ടത്. ആകെ നോട്ടുകളുടെ 14 ശതമാനം കൊണ്ട് ഈ വലിയ വിപണി ഒരുമാസമെങ്കിലും പിടിച്ച് നില്‍ക്കേണ്ടിവരും. കച്ചവടം കുത്തനെ ഇടിയും എന്നതാകും ഫലം.


9. സാധാരണ കച്ചവടങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ എക്കോണമിയുടെ 40 ശതമാനത്തെയാണ് കറന്‍സി പിന്‍വലിക്കല്‍ ഏറ്റവും ബാധിക്കാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. അതായത് കാര്‍ഡ് സ്വൈപ്പിംഗ് സംവിധാനങ്ങളുള്ള, നഗരങ്ങളിലെ മിഡില്‍ക്ലാസുകള്‍ പര്‍ച്ചേസ് നടത്തുന്ന ഷോപ്പിംഗ് മാളുകളേയും റീട്ടയില്‍ ചെയിനുകളേയുമല്ല ഇത് ബാധിക്കുക. അവരുടെ കച്ചവടം കൂടും. കുഴപ്പത്തിലാകാന്‍ പോകുന്നത് നാട്ടിന്‍പുറങ്ങളിലെ സാധാരണ കച്ചവടക്കാരാണ്.

10. സി.ബി.ഐ ഡയറക്ടര്‍ സുപ്രീം കോടതിയില്‍ 2012-ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് വിദേശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ കള്ളപ്പണം 32.5 ലക്ഷം കോടി വരുമെന്നാണ്. ഇന്ത്യന്‍ എക്കോണമിയിലുള്ള ആകെ കറന്‍സി മൂല്യത്തിന്റെ ഇരട്ടിയാണിത്.


11. വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം യാതൊരു പിഴയും കൂടാതെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും സഹായം ചെയ്യുന്നുണ്ട്. മൗറീഷ്യസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അതിസമ്പന്നര്‍ കള്ളപ്പണമെത്തിക്കുന്നത്. 2011ല്‍ മാത്രം ഇങ്ങനെ 3.5 ലക്ഷം കോടി ഇന്ത്യയിലെത്തിയെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. വിദേശ നിക്ഷേപം എന്ന പേരിലാണ് ഇങ്ങനെ പണമെത്തിക്കുന്നത്.

12. രാജ്യത്തിനകത്തുള്ള കള്ളപ്പണം മൊത്തം കറന്‍സി മൂല്യത്തിന്റെ 15 ശതമാനം വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്. നികുതി അടക്കാതെ സമ്പാദിച്ചതും വ്യാജ നോട്ടുകളായി ഇറക്കിയതും ഉള്‍പ്പെടെയാണിത്. ഏകദേശം 2.5 ലക്ഷം കോടി.


13. പിന്‍വലിക്കപ്പെട്ട 14.18 കോടിയുടെ 500, 1000 നോട്ടുകളില്‍ 15 ശതമാനം കള്ളപ്പണമാണെങ്കില്‍ അത് തിരിച്ച് വരില്ലല്ലോ. ആ തുക സര്‍ക്കാരിന് ലഭിക്കും എന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇത് ഏകദേശം 2.3 ലക്ഷം കോടിവരുമെന്നും ജയ്റ്റ്‌ലിയുടെ ടീം വിചാരിക്കുന്നു. അത് ചെലവഴിക്കുക വഴി ജിഡിപി വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാം എന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.


14. ഇന്ത്യയുടെ ജി.ഡി.പി ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 7.1 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ മാസങ്ങളില്‍ 7.5 ശതമാനം ആയിരുന്നു വളര്‍ച്ച. ഇന്ത്യയുടെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യനായിരുന്ന പ്രണബ് സെന്‍ പറയുന്നത് കറന്‍സി പിന്‍വലിക്കല്‍ തീരുമാനം ജി.ഡി.പി വളര്‍ച്ചയെ 1 ശതമാനം വരെ ദോഷകരമായി ബാധിക്കുമെന്നാണ്. ഇത്തവണ വളര്‍ച്ചാ നിരക്ക് 8 ശതമാനം ആക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. പക്ഷേ 6 ശതമാനം ആകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

അതിസമ്പന്നര്‍ സൂക്ഷിക്കുന്ന 32.5 ലക്ഷം കോടി രൂപ ഇന്ത്യയിലെത്തിക്കാന്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇന്ത്യന്‍ എക്കോണമിയില്‍ തന്നെയുള്ള 2.3 ലക്ഷം കോടി വരുന്ന കള്ളപ്പണം പിടികൂടാന്‍ നോട്ട് പിന്‍വലിച്ചിരിക്കുന്നു. തുക എത്രയാണെങ്കിലും കള്ളപ്പണം പിടിക്കേണ്ടത് ആവശ്യം തന്നെ. പക്ഷേ, അതിന് ജനകോടികളുടെ ജീവനോപാധികളെ കുഴപ്പത്തിലാക്കണമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ദരിദ്രര്‍ കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നു എന്നതാണ് പെട്ടെന്നെടുത്ത ഈ തീരുമാനത്തിന്റെ ദോഷഫലം. കൂടുതല്‍ സമയമെടുത്ത് നടപ്പാക്കേണ്ട കാര്യമായിരുന്നു ഇത്. കള്ളപ്പണക്കാര്‍ രക്ഷപെടാതിരിക്കാന്‍ ബാങ്കിംഗ് നിയന്ത്രണത്തിലൂടെ സാധിക്കുമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് സ്വാതന്ത്ര്യം ലഭിച്ചിട്ട് 60 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം തിരിച്ചറിയല്‍ രേഖ പോലും നല്‍കാന്‍ കഴിയാത്തത് എന്ന യാഥാര്‍ത്ഥ്യം മറന്ന് പോകരുത്. തിരിച്ചറിയല്‍ രേഖകളില്ലാത്ത 30 കോടി മനുഷ്യര്‍ തങ്ങളുടെ സമ്പാദ്യം എങ്ങനെ മാറുമെന്ന് സര്‍ക്കാര്‍ ഇനിയും പറഞ്ഞിട്ടില്ല. 5 ശതമാനത്തില്‍ താഴെ വരുന്ന അതിസമ്പന്നരുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് ശിക്ഷ ഇനുഭവിക്കേണ്ടി വരുന്നത് ദിവസം 100 രൂപയുടെ പോലും വരുമാനമില്ലാത്ത ചെറുകിട കച്ചവടക്കാരും മറ്റുമാകുന്നത് എന്തുതരം നീതിയാണ്? ആസുത്രണമില്ലാതെ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാവും രാജ്യത്തെ നയിക്കുക എന്ന് ചിലര്‍ പറയുന്നു. അതിന്റെ ദോഷഫലങ്ങള്‍ ദീര്‍ഘകാലത്തേക്ക് തന്നെ നമ്മുടെ ജീവിതങ്ങളെ ബാധിക്കുമെന്നുറപ്പ്.

(വര്‍ഗീസ് ആന്റണി ഫേസ്ബുക്കില്‍ എഴുതിയത്: https://www.facebook.com/vargheseant)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories