TopTop
Begin typing your search above and press return to search.

സമ്പന്നരുടെ ക്ഷാമം തീര്‍ക്കാന്‍ ദരിദ്രര്‍ക്ക് റേഷന്‍

സമ്പന്നരുടെ ക്ഷാമം തീര്‍ക്കാന്‍ ദരിദ്രര്‍ക്ക് റേഷന്‍

സി.ആര്‍ നീലകണ്ഠന്‍

500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണല്ലോ ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നത്. കോടിക്കണക്കിനു മനുഷ്യര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടങ്ങളെ ശപിച്ചുകൊണ്ട് വെയിലില്‍ നിന്ന്‍ എരിപൊരി കൊള്ളുകയാണ്. ഇതൊക്കെ നല്ലൊരു നാളേക്ക് വേണ്ടിയാണെന്ന് പറയുന്നതില്‍ വിശ്വസിക്കാന്‍ അത് നടപ്പാക്കുന്നവരുടെ പാര്‍ട്ടിക്കാര്‍ തന്നെ തയ്യാറാകുന്നില്ല. കമ്പോളത്തില്‍ നിലനിന്നിരുന്ന നോട്ടുകളുടെ 86 ശതമാനത്തിലധികമാണ് ഇപ്പോള്‍ വിലയില്ലാത്തതാക്കിയിരിക്കുന്നത്. അതായത് നാണയം വഴി വ്യാപാരവും കൈമാറ്റവും നടത്താന്‍ ഇനി എല്ലാവരുടെയും കയ്യില്‍ ബാക്കിയുള്ളത് നൂറു മുതല്‍ താഴേക്കുള്ള നോട്ടുകള്‍ മാത്രം. അത് മുമ്പുണ്ടായിരുന്നതിന്റെ ഏഴിലൊന്നു മാത്രം. അതിനാലാണ് ബാങ്കുകാരും ജനങ്ങളുമായി സംഘര്‍ഷം ഉണ്ടാകുന്നത്.

മുന്‍പത്തെ ഡിമോണിറ്റൈസേഷനെ അപേക്ഷിച്ച് ഇത്തവണ മറ്റ് ചില പ്രത്യേകതകള്‍ ഉണ്ട്. 1946, 1978 എന്നീ വര്‍ഷങ്ങളില്‍ രാജ്യത്ത് ഈ പഴയ കറന്‍സിയെ തുല്യവിലയുള്ള സാധുതവിനിമയ കറന്‍സി ആക്കി നല്‍കണം. കാരണം മുന്‍പ് രണ്ട് പ്രാവശ്യവും വളരെ കുറച്ച് ബാങ്ക് ശാഖകള്‍, ഒപ്പം എസ് ബി അക്കൗണ്ടും തുലോം തുച്ഛമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജന്‍ധന്‍ യോജന്‍ വഴി മാത്രം 25 കോടി പുതിയ അക്കൗണ്ട് ഉണ്ട്. ഇത് കൂടാതെ നാളിതുവരെ എല്ലാ ബാങ്കും ഉണ്ടാക്കിയ കറന്റ്/എസ്ബി അക്കൗണ്ടുകള്‍. ഇത്തവണ നേരിട്ട് കൈകളിലേക്ക് 4000 മാത്രം ആണ് (ഇന്നലെ മുതല്‍ 4500) നല്‍കുന്നത്, ബാക്കി ഒക്കെ അക്കൗണ്ടില്‍ ഇട്ട് നല്‍കും. ഇനിയും അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഒരു രേഖയും ഇല്ലാതെ തന്നെ BSBDA അക്കൗണ്ട് തുറന്ന് നല്‍കുന്നു. ഇതില്‍ സീറോ ബാലന്‍സ്. എടിഎം കാര്‍ഡും നല്‍കും. അക്കൗണ്ട് ഓപ്പറേഷന്‍ 50,000 പരിധികടക്കണമെങ്കില്‍ KYC നല്‍കണമെന്ന് മാത്രം, സാവധാനം ഇതില്‍ എല്ലാം ആധാറോ മറ്റെന്തെങ്കിലും നമ്പറോ ഒക്കെ ചേര്‍ത്ത് സാധാരണ അക്കൗണ്ട് പോലെ ആകും. ജന്‍ധന്‍ യോജനയില്‍ 25 കോടി അക്കൗണ്ടും തുറന്നത് സമാനമായ പൂജ്യം ബാലന്‍സില്‍ ആണ്, എന്നാല്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ എടുത്ത റിപ്പോര്‍ട്ടില്‍ ആകെ 44000 കോടി രൂപ ഈ അക്കൗണ്ടില്‍ എല്ലാമായി എത്തി.

ഇതുവഴി കള്ളപ്പണമൊന്നും കാര്യമായി സര്‍ക്കാരിന് തിരിച്ചു കിട്ടില്ലെന്ന വസ്തുത മിക്കവാറും എല്ലാവരും ഇന്ന് അംഗീകരിക്കുന്നുണ്ട്. അതെല്ലാം വിദേശനിക്ഷേപമായും സ്വദേശത്തെ ഭൂമി, കെട്ടിടം, സ്വര്‍ണ്ണം മുതലായ ആസ്തികളായും കിടക്കുന്നതിനാല്‍ ഈ നടപടി കൊണ്ട് തിരിച്ചു പിടിക്കാന്‍ കഴിയില്ല. ഇതിനൊന്നും കഴിയാത്ത കുറച്ച് പേരുടെ പണം കിട്ടിയേക്കാം. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെയൊക്കെ വേണ്ടവിധം അറിയിച്ച ശേഷമാണ് ഈ നാടകം നടത്തിയതെന്ന്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തമായി പറഞ്ഞതിനെ നിഷേധിക്കാന്‍ തക്ക ബലം സര്‍ക്കാരിനില്ല. വെറും നിഷേധ പ്രസ്താവന കൊണ്ട് തെളിവുകളെ മായ്ക്കാന്‍ കഴിയില്ലല്ലോ. കള്ളനോട്ടിന്റെ കാര്യത്തില്‍ താല്‍ക്കാലികമായ ഒരു കുറവുണ്ടാകാം, പുതിയ നോട്ടുകള്‍ അടിച്ചു ശരിയാകും വരെ.


ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ പുതിയ നോട്ടുകള്‍ മുമ്പേ തന്നെ അടിച്ചു വയ്ക്കാമായിരുന്നില്ലേ എന്നാണു പലരും ചോദിക്കുന്നത്. 2000 രൂപയുടെ നോട്ടുകള്‍ കിട്ടിയത് കൊണ്ട് സാധാരണ ജനങ്ങള്‍ക്കൊരു ഗുണവുമില്ല. കമ്പോളത്തില്‍ അതിനു സ്വീകാര്യതയില്ല. കാരണം വ്യക്തം. മിക്കവാറും പണം കൊടുത്തു വാങ്ങുന്ന നിത്യോപയോഗ വസ്തുക്കള്‍ക്ക് അഞ്ഞൂറോ അറന്നൂറോ രൂപ വരെയേ വില കാണൂ. അപ്പോള്‍ ബാക്കി കൊടുക്കാന്‍ ഒട്ടനവധി നൂറു രൂപ നോട്ടുകള്‍ വേണം.അത് അവരുടെ കയ്യില്‍ കാണില്ല. ഇതുകൊണ്ട് ഒരിക്കല്‍ ക്യൂ നിന്ന് വാങ്ങിയ രണ്ടായിരത്തില്‍ നോട്ടു ചില്ലറയാക്കാന്‍ വീണ്ടും ബാങ്കില്‍ ക്യൂ നില്‍ക്കണം. മാത്രവുമല്ല ഈ രണ്ടായിരം നോട്ട് എടിഎം വഴി വിതരണം ചെയ്യാന്‍ കഴിയില്ല താനും. കാരണം ഇതിന്റെ വലുപ്പം വ്യത്യസ്തമാണ്. അത് വിതരണം ചെയ്യാന്‍ ചില കാതലായ മാറ്റങ്ങള്‍ അതിന്റെ തട്ടുകളില്‍ വരുത്തണം. ഇതിനു അനേക മാസങ്ങള്‍ വേണം. ഇനി പുതിയ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ വന്നാലും ഈ പ്രശ്നം ഉണ്ടാവുകയും ചെയ്യും. ചുരുക്കത്തില്‍ ഇപ്പോള്‍ കമ്പോളത്തിലുള്ള പതിനാലു ശതമാനം നോട്ടുകള്‍ കൊണ്ട് പല മാസങ്ങള്‍ നാം ജീവിക്കേണ്ടി വരും. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ അത്ര അധികമൊന്നും ഇപ്പോള്‍ അടിക്കുന്നില്ല. നിലവില്‍ മൊത്തമുണ്ടായിരുന്ന നോട്ടുകളില്‍ മൂല്യം വച്ച് അമ്പത് ശതമാനവും അഞ്ഞൂറിന്റെതായിരുന്നു. അതിന്റെ ചെറിയൊരു ശതമാനമേ പുതുതായി വരുന്നുള്ളൂ. പ്രശ്നങ്ങള്‍ അത്ര എളുപ്പം തീരില്ലെന്നര്‍ഥം.

ജനങ്ങള്‍ക്ക് ഇത്ര ബുദ്ധിമുട്ടുണ്ടാകും എന്ന് അറിയാതിരുന്നതിനാല്‍ പറ്റിയ ഒരബദ്ധമാണിത് എന്ന രീതിയിലാണ് എതിരാളികളുടെ പ്രധാന വിമര്‍ശനം. ചില സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് കൊണ്ട് ധൃതിയില്‍ ഇങ്ങനെ ചെയ്തത് കൊണ്ടാണ് ജനങ്ങള്‍ വലയുന്നത് എന്ന വരുടെ വാദം എത്രമാത്രം ശരിയാണ്? പ്രധാനമന്ത്രിയും ഉന്നത ബാങ്ക് തലവന്മാരും പറയുന്നത് പത്ത് മാസത്തെ ആലോചനക്ക് ശേഷം നടപ്പിലാക്കിയ ഒന്നാണിതെന്നാണ്. ഇത്തരം ചില പ്രധാന വിഷയങ്ങള്‍ വേണ്ടത്ര പുതിയ നോട്ടുകള്‍ അടിക്കാത്തതിന്റെയും അടിച്ചത് രണ്ടായിരം മാത്രമാകുന്നതിന്റെയും അതിനു യോജിച്ച എടിഎം ഇല്ലാത്തതിന്റെയും കാരണം കേവലം വിവരദോഷം മാത്രമാണെന്ന് പറഞ്ഞാല്‍ അത് സര്‍ക്കാരിനെ സഹായിക്കലാണ്. നല്ല ഉദ്ദേശം വച്ച് കൊണ്ട് ചെയ്ത ഒരു കാര്യം അനവധാനതയോടെ നടപ്പാക്കി എന്ന താരതമ്യേന ചെറിയൊരു തെറ്റ് മാത്രം. ഉദ്ദേശ ശുദ്ധിക്ക് മാപ്പു നല്‍കാവുന്ന ഒന്ന്. സര്‍ക്കാര്‍ അവകാശപ്പെടുന്ന ഗുണം ഉണ്ടായാല്‍ ജനങ്ങള്‍ ഈ തെറ്റിന് മാപ്പു നല്‍കുകയും ചെയ്യും. (മിക്കവാറും മറക്കുകയാകും ഉണ്ടാകുക)


എന്നാല്‍ ഈ നീക്കത്തിന് പിന്നില്‍ മറ്റൊരു മറച്ചു പിടിക്കപ്പെട്ട ലക്ഷ്യമുണ്ടെന്നു സംശയിക്കാന്‍ ന്യായമുണ്ട്. മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് അഥവാ മറന്നു എന്നത് കേവലം ഒരു കൈത്തെറ്റല്ല എന്ന് കരുതാനാണ് സാമാന്യബുദ്ധി പറയുന്നത്. അത്ര മന്ദബുദ്ധികളൊന്നുമല്ല ഈ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും. നോട്ടിനു ക്ഷാമം ഉണ്ടാകും എന്നറിയാമായിരുന്നല്ലോ. അതിന്റെ അളവും അവര്‍ക്കറിയാം. പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ട്, ചില്ലറ നോട്ടുകള്‍ കൂടുതലില്ലാതെ ഒരു ഗുണവും സാധാരണക്കാക്കുണ്ടാകില്ലെന്നും ഇവര്‍ക്കറിയാത്തതോ? പുതിയ ഒരു നോട്ട് രൂപകല്‍പന ചെയ്യുന്നത് ഒരു ദിവസം കൊണ്ടല്ല. മാസങ്ങള്‍ തന്നെ വേണം. നിലവിലുള്ള നോട്ടുകളിലെ സുരക്ഷാ ഏര്‍പ്പാടുകള്‍ മാറ്റി പരിഷ്കരിക്കണമെങ്കില്‍ കുറഞ്ഞത് ആറ് വര്‍ഷമെങ്കിലും വേണ്ടിവരും എന്നാണ് ഈയടുത്ത് ആര്‍ബിഐയിലെ തന്നെ ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലമത്രയും അതിനു പറ്റിയ ഒരു എടിഎം ഉണ്ടാക്കാനോ നിലവിലുള്ളവ പരിഷ്‌കരിക്കാനോ അല്ലെങ്കില്‍ നിലവിലുള്ള എടിഎമ്മിന് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന വിധത്തില്‍ രൂപകല്‍പ്പന നടത്താതിരുന്നതോ കേവല അശ്രദ്ധ കൊണ്ടാണെന്നു കരുതുന്നതെങ്ങനെ? ഇന്ന് ഏതു നോട്ടിന്റെയും വിതരണത്തിനുള്ള പ്രധാന വഴി എടിഎം അല്ലേ? അവിടെയാണ് മറ്റൊരു അജണ്ട കൂടി ഇതിലുണ്ടെന്നു സംശയിക്കാന്‍ ഇടനല്‍കുന്നത്.


ബാങ്കിങ് രംഗത്തെ ഒരു വിദഗ്ദ്ധനായ വികെ ആദര്‍ശ് ബാങ്കിന്റെ ഭാഗത്ത് നിന്നും ഈ വിഷയത്തെ കാണുന്നതിന്റെ ഒരു കുറിപ്പ് വായിച്ചപ്പോഴാണ് ഈ തോന്നല്‍ ഉണ്ടായത്. ഈ ലേഖനത്തിലെ സിഥിതിവിവരക്കണക്കുകള്‍ മിക്കവയും അദ്ദേഹത്തിന്റെ ലേഖനത്തില്‍ നിന്നും എടുത്തതാണ്. അദ്ദേഹത്തിന്റെ യുക്തി ഇങ്ങനെയാണ്: നവംബര്‍ 13നു വൈകുന്നേരം 5 മണി വരെ മൂന്ന് ലക്ഷം കോടി രൂപയുടെ നിഷ്‌കാസിതരായ 500/1000 നോട്ടുകള്‍ ബാങ്കുകളില്‍ എത്തി; ഇതില്‍ 0.50 ലക്ഷം കോടി അവര്‍ക്ക് തന്നെ 4000 രൂപ പരിധിയില്‍ കൈയ്യില്‍ കൊടുത്തു. അതായത് ബാങ്കിന്റെ കാസാ (CASA- Current Account and Savings Account) ഈ ഓപ്പറേഷന്‍ വഴി ഒറ്റയടിക്ക് ഈ മൂന്ന് ദിവസം കൊണ്ട് രണ്ടരലക്ഷം കോടി കൂടി. ഇനിയും ഏകദേശം 11 ലക്ഷം കോടി ബാങ്കിലേക്ക് ഫ്‌ലഷ് ചെയ്യാനുണ്ട്. ഇതില്‍ ഇന്‍ഡസ്ട്രി എസ്റ്റിമേറ്റ് പ്രകാരം ഒരു മുന്ന് ലക്ഷം കോടിയെങ്കിലും കാസ ആയി നില്‍ക്കും. അതായത് അത്രയും പണം ബാങ്കില്‍ അവശേഷിക്കും. കൊടുക്കുന്നതില്‍ നിയന്ത്രണവും ഭാവിയില്‍ രണ്ടായിരത്തില്‍ നോട്ടു തന്നെ പിന്‍വലിക്കപ്പെട്ടേക്കാമെന്ന ഭയവും ഇതിനു കാരണമായേക്കാം എന്നും അദ്ദേഹം വിലയിരുത്തുന്നു.


അതായത് ലോ കോസ്റ്റ് ഫണ്ട് നേരത്തെ പറഞ്ഞ കാസ രൂപത്തില്‍ ബാങ്കുകള്‍ക്ക് കരഗതമായി. കറന്റ് അക്കൗണ്ടില്‍ 0 ശതമാനം പലിശ, എസ് ബി അക്കൗണ്ടില്‍ 4 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. CASA മതിയായ അളവില്‍ എത്തിയാല്‍ ബാങ്കിന്റെ നെറ്റ് ഇന്‍ട്രസ്റ്റ് മാര്‍ജിന്‍ എന്‍ഐഎം) കൂടും. ഈ എന്‍ഐഎം ആണ്, ബാങ്കിന്റെ ജീവന്‍. എളുപ്പത്തില്‍ പറയാം. മൊത്തം വായ്പാ പലിശ വരുമാനം മൈനസ് മൊത്തം നിക്ഷേപ പലിശ. ഇത് കൂട്ടാന്‍ ഏറ്റവും നല്ല വഴി CASA എങ്ങനെയെങ്കിലും വര്‍ധിപ്പിക്കുക എന്നത് തന്നെ. ജന്‍ധന്‍ യോജന വന്നത് തന്നെ വലിയ നേട്ടമായി. ജനങ്ങളില്‍ സമ്പാദ്യശീലം വന്നു, അതിന്റെ ചെറിയ പലിശ 4 ശതമാനം അവര്‍ക്ക് കിട്ടി ഒപ്പം സുരക്ഷിതത്വവും. ഇവരില്‍ വളരെ ആവശ്യക്കാര്‍ക്ക് 5000 രൂപ മൈനസ് ബാലന്‍സും കൊടുത്തു. ചുരുക്കത്തില്‍ ജന്‍ധന്‍ യോജന മൂലവും റിസര്‍വ് ബാങ്കിന്റെ നിരക്ക് പ്രഖ്യാപനവും വഴി ബാങ്കുകള്‍ക്ക് അടിസ്ഥാന പലിശ (അന്നത്തെ ബേസ് റേറ്റ്, ഇപ്പോള്‍ MCLR) കുറയ്ക്കാനായി. നിക്ഷേപങ്ങളിലെ വളര്‍ച്ച ബാങ്കുകളുടെ മൂലധന ചെലവ് കുറക്കുന്നു, ശതമാനക്കണക്കില്‍. ഉദാഹരണത്തിന് ഒരു കച്ചവടത്തിന്റെ വിറ്റുവരവ് കൂട്ടിയാല്‍, മൂലധനത്തിനായി മുടക്കുന്ന പണം വിറ്റുവരവിന്റെ കുറഞ്ഞ ശതമാനമാകും. മൂലധനചിലവ് മാറുന്നില്ലല്ലോ. രാജ്യത്തെ പണപ്പെരുപ്പ ട്രെന്‍ഡും അടിസ്ഥാന നിരക്കും കുറയ്ക്കാന്‍ അനുഗുണമാണെന്ന് സ്‌റ്റേറ്റ് ബാങ്ക് മേധാവി പറഞ്ഞു കഴിഞ്ഞു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ കുറഞ്ഞ പലിശ നിക്ഷേപം ബാങ്കിനൊരു തലവേദനയാണ്. ഈ പണത്തെ എങ്ങനെയെങ്കിലും പ്രവര്‍ത്തിപ്പിച്ചേ പറ്റൂ. അതിനായി ഇത് വായ്പ കൊടുക്കണം, റേറ്റ് കുറച്ചാല്‍ വായ്പ സ്വാഭാവികമായും കൂടും. തീരെ ചെറിയ ഒരു ശതമാനം കേസില്‍ നിഷ്‌ക്രീയ ആസ്തിയും ഈ നടപടി കൊണ്ട് കുറയാന്‍ എല്ലാ സാധ്യതയും ഉണ്ട്. ഇതെത്ര എന്ന് അറിയാന്‍ ഈ പാദവര്‍ഷം (ഡിസംബര്‍ 31) അല്ലെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ (മാര്‍ച്ച് 31, 2017) ലെ പ്രവര്‍ത്തന ഫലം നോക്കിയാല്‍ മതിയാകും.


ഇനി ഇത് മാത്രമല്ല. കാഷ്‌ലസ് സംവിധാനം, ഡിജിറ്റല്‍ പേയ്‌മെന്റ് ക്രയവിക്രയങ്ങള്‍ ഒക്കെ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് ഞൊടിയിട കൊണ്ടുള്ള പണമാറ്റം മാത്രമാണ്. രാജ്യത്തെ എല്ലാ ബാങ്കകളേയും ഒറ്റ യൂണിറ്റ് ആയി എടുത്താല്‍ ഡിജിറ്റല്‍ പണവിനിമയം മൊത്തത്തില്‍ ഒരു വലിയ തുക തന്നെ. സമ്പദ് വ്യവസ്ഥയില്‍ സുഗമമായി ഒഴുകി നടക്കുന്നു എന്ന് പറയാം. ഓരോരുത്തരും സ്വന്തം പണം കൊടുത്ത് കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന കാഷ് ആന്‍ഡ് കാരി ബിസിനസില്‍ ആണെങ്കില്‍ നമ്മുടെ കയ്യില്‍ നിന്ന് കടക്കാരന്റെ പണപ്പെട്ടിയില്‍, അവിടെ നിന്ന് മൊത്തക്കടക്കാരനിലേക്ക് ഒക്കെ നീളുന്നത് ബാങ്ക് സിസ്റ്റത്തില്‍ എത്തണമെന്നില്ല, അത് കൊണ്ട് തന്നെ നികുതി ചോര്‍ച്ച കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണ് (സര്‍ക്കാരിന് നഷ്ടം, കള്ളപ്പണം പെരുകല്‍, വസ്തു വില കൂടല്‍...). ഈ പരിപാടി കൊണ്ട് സമൂഹത്തിനാകെ, പ്രത്യേകിച്ചും സാധാരണക്കാരന് വലിയ നേട്ടം ഉണ്ടാകും എന്ന അദ്ദേഹത്തിന്റെ വാദങ്ങളൊന്നും വിശ്വസിക്കാന്‍ മുന്‍കാല അനുഭവം സമ്മതിക്കുന്നില്ല എന്നത് വേറെ കാര്യം.


പാവപ്പെട്ടവരുടെ സമ്പാദ്യശീലത്തില്‍ വര്‍ധനവുണ്ടാക്കും ജന്‍ധന യോജന ബാങ്കിങ്, ഇനിയും സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ഭീതി (വീണ്ടും ക്യൂ നില്‍ക്കേണ്ടി വരുമെന്ന തോന്നല്‍) മുതലായവ മൂലം മിക്കവാറും പണം ബാങ്കില്‍ തന്നെ സൂക്ഷിക്കാന്‍ പ്രേരിപ്പിക്കപ്പെടും എന്ന വാദം ശരിയാകണമെങ്കില്‍ ഗ്രാമീണരും മറ്റു സാധാരണക്കാരും മിച്ച ജീവിതം നയിക്കുന്നവരാകണം. അങ്ങനെയുള്ളവര്‍ ഇന്ന് എത്രയുണ്ട്? ഗ്രാമീണ മേഖലയില്‍ ജനങ്ങളുടെ കടബാധ്യത എത്രയെന്നറിയണമെങ്കില്‍ അതെല്ലാം നേരില്‍ തന്നെ പോയിക്കാണണം. കയ്യില്‍ അധികം പണം ഉണ്ടായതുകൊണ്ടല്ല ഇവരൊക്കെ ജന്‍ധന്‍ എടുത്തത്. മറിച്ച് സര്‍ക്കാര്‍ സഹായം കിട്ടാന്‍ അത് വേണം എന്നതിനാലാണ്. സ്വന്തം ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ തമിഴരടക്കമുള്ള വട്ടിപ്പലിശക്കാരെയാണ് ഇവരെല്ലാം ആശ്രയിക്കുന്നത്. ഇപ്പോള്‍ അവര്‍ ബാങ്കില്‍ നിന്നും പണം എടുക്കാത്തത് നല്‍കുന്നതിനുള്ള നിയന്ത്രണം നിലനില്‍ക്കുന്നതിനാലാണ്.


ബാങ്കിന് ലാഭം കൂടുമ്പോള്‍ പലിശ നിരക്ക് കുറയും, കൂടുതല്‍ പേര് വായ്പ എടുത്ത് സംരംഭകരാകും, സമ്പന്നരാകും തുടങ്ങിയ ഭംഗി വാക്കുകള്‍ നാം കുറെ കേട്ടിട്ടുള്ളതായതിനാല്‍ നടന്നാലേ വിശ്വസിക്കൂ.
യാഥര്‍ത്ഥ പ്രശനം ഇതൊന്നുമല്ല. വന്‍ കുത്തക കമ്പനികള്‍ എടുത്തിട്ടുള്ള ഭീമമായ കടങ്ങള്‍ അവര്‍ അടക്കാറില്ല. പലപ്പോഴും ഇവരുടെ കടബാധ്യത എഴുതിത്തള്ളപ്പെടുകയുമാണ്. ഇതൊന്നും ചെറിയ സംഖ്യകളല്ല. ലക്ഷം കോടികളാണ്. മിക്കപ്പോഴും രാഷ്ട്രീയ, കോര്‍പ്പറേറ്റ് ബന്ധം മൂലമാകും എഴുതിത്തള്ളല്‍ എന്നതിനാല്‍ ബാങ്ക് അധികാരികള്‍ക്ക് മിണ്ടാന്‍ കഴിയില്ല. ഇങ്ങനെ നേരത്തെ പറഞ്ഞ കാസയും ഒപ്പം കയ്യിലുള്ള പണവും വളരെ കുറഞ്ഞ നിലയില്‍ ആയതിനാല്‍ വളരെ ബുദ്ധിമുട്ടുന്ന ബാങ്കുകളെ രക്ഷിക്കാനാണ് ഈ പരിപാടി. കടങ്ങള്‍ കഴിയുന്നത്ര തിരിച്ചു പിടിക്കണം എന്ന് പറഞ്ഞ രഘുറാം രാജനെ മാറ്റി റിലയന്‍സിന്റെ ശിഷ്യനായ ഊര്‍ജിത് പട്ടേലിനെ വയ്ക്കുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ പാവപ്പെട്ടവന്റെ സമ്പത്ത് നിര്‍ബന്ധിതമായി പിടിച്ചെടുത്ത് കോര്‍പറേറ്റുകളുടെ ആവശ്യത്തിന് പണം നല്‍കാനുള്ള പദ്ധതിയാണിത്. ജനങ്ങള്‍ ചെലവ് ചുരുക്കണം. ഇതിന്റെ ഫലമായി നാട്ടിലെ കമ്പോളം ചുരുങ്ങില്ലേ എന്ന സംശയം ന്യായം. പക്ഷെ കോര്‍പറേറ്റുകളുടെ പ്രധാന കമ്പോളം ഈ 'ദരിദ്രവാസികള്‍' അല്ല. മറിച്ച്, മാളുകളില്‍ പോയി കാര്‍ഡുപയോഗിച്ചു വ്യാപാരം നടത്തുന്നവരാണ്. ഇത്തരം പരിഷ്‌കാരങ്ങള്‍ വഴി അവരുടെ എണ്ണം കൂട്ടാം. അതിനു കഴിയാത്തവരെ നമ്മള്‍ പൗരന്മാരായി അംഗീകരിക്കുന്നില്ല. വോട്ടു ചെയ്യല്‍ മാത്രമാണ് അവരുടെ കടമ. അത് നേടാന്‍ പല വഴികളും ഉള്ളതിനാല്‍ അവരെ കറന്‍സി റേഷന് വിധേയരാക്കുന്ന ഈ മോദി തന്ത്രം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് പോലും കഴിയുന്നില്ല എന്നതാണ് നമ്മുടെ രാഷ്ട്രീയ പ്രശ്നം.

(ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറാണ് സി.ആര്‍ നീലകണ്ഠന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories