TopTop

സഖാക്കളേ, ഇനിയെങ്കിലും ഒന്നു മാറിച്ചിന്തിച്ചു കൂടെ?

സഖാക്കളേ, ഇനിയെങ്കിലും ഒന്നു മാറിച്ചിന്തിച്ചു കൂടെ?

ടീം അഴിമുഖം


കേരളവും പശ്ചിമ ബംഗാളുമാണ് ഭാരതം എന്നാണെങ്കില്‍ ഇന്നത്തെ ബന്ദിനെ വിളിക്കേണ്ടത് 'ഭാരത് ബന്ദ്' എന്നു തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല കാര്യമെന്ന് നമുക്കുമറിയാം.കേരളത്തില്‍ മാത്രമായിരിക്കും ഈ ഭാരത് ബന്ദ്, അല്ലെങ്കില്‍ ഹര്‍ത്താല്‍ പൂര്‍ണ വിജയമാകാന്‍ പോകുന്നത്. ബംഗാളില്‍ ഒരു പൂര്‍ണ അടച്ചിടലിന് ഒരുക്കമല്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് ഉച്ചയ്ക്ക് ഒരുലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പന്‍ റാലി നടത്താനാണ് മമതയുടെ തീരുമാനം. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, ബംഗാള്‍ സി.പി.എം തന്നെ അക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നത്തെ സമരം 'വിജയമാക്കുക' എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്ന് പാര്‍ട്ടി പറയുന്നു."സമരം ഒരു വിജയമാക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടേത് ചിലപ്പോള്‍ ഒറ്റപ്പെട്ട ശബ്ദമായിരിക്കാം. പക്ഷേ ഈ സന്ദര്‍ഭത്തില്‍ അതുയര്‍ത്തുക എന്നതു തന്നെയാണ് പ്രധാനം"- അലിമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.നോട്ട് നിരോധന പ്രഖ്യാപനത്തിനു ശേഷം അതിനെതിരായ മുന്നേറ്റത്തില്‍ തുടക്കം മുതല്‍ മുന്നില്‍ നില്‍ക്കുന്ന മമതാ ബാനര്‍ജി ഒരു ബന്ദിനുള്ള ആഹ്വാനം തള്ളിക്കളയുകയാണ് ചെയ്തത്. നോട്ട് നിരോധനം കൊണ്ട് വലഞ്ഞിരിക്കുന്ന സാധാരണ മനുഷ്യരെ കൂടുതല്‍ പീഡിപ്പിക്കാന്‍ മാത്രമേ ഈ ബന്ദ് കൊണ്ട് കാര്യമുണ്ടാകുകയുള്ളൂ എന്നാണ് അവരുടെ നിലപാട്.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാകട്ടെ, നോട്ട് നിരോധന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ പ്രതിഷേധത്തിനാണ് ഒരുങ്ങുന്നത്. പക്ഷേ, ഒരു പൂര്‍ണ അടച്ചുപൂട്ടല്‍ അവരും നടപ്പാക്കുന്നില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ല. പകരം, ജന് ആക്രോശ് ദിവസ് ആയി നടത്താനാണ് അവരുടെ ആഹ്വാനം.സഖാക്കളെ, ഇത് മാറിച്ചിന്തിക്കേണ്ട സമയമാണ്.നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനം മൂലം വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ ജനങ്ങള്‍ക്കുണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ടുകളുടെ പേരില്‍ പ്രതിഷേധിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. അതൊരു തുക്ലക്കിയന്‍ തീരുമാനമായിരുന്നു എന്നതില്‍ സംശയവുമില്ല. ഉത്പാദനക്ഷമമായി തീരേണ്ടിയിരുന്ന നൂറുകണക്കിന് മണിക്കുറുകള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യു നില്‍ക്കാനും നിരവധി മരണങ്ങള്‍ക്ക് കാരണമാകാനും പാവപ്പെട്ടവരുടെ ഭക്ഷണം പോലും മുട്ടിക്കാനും ഒക്കെ കാരണമാവുകയും എന്നാല്‍ കള്ളപ്പണം പുറത്തുകൊണ്ടു വരുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരിക്കുകയും ചെയ്ത ഒരു തീരുമാനം.

മോദിയുടേത് ഒരു സ്വേച്ഛാധിപത്യപരമായ തീരുമാനം തന്നെയായിരുന്നു. ഏതാനും കുറച്ച് പേര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവന്‍ മനുഷ്യരേയും ശിക്ഷിക്കുന്ന വിഡ്ഡിത്തം നിറഞ്ഞ ധാര്‍മിക പദ്ധതി. അത് ജനാധിപത്യമല്ല, സമ്പദ്‌വ്യവസ്ഥയെ നോക്കിയാല്‍ ഒട്ടും ബുദ്ധിപുര്‍വവുമല്ലാത്ത തീരുമാനം.ഇതൊക്കെയായാലും ഈ പ്രശ്‌നത്തിന്റെ പേരില്‍ ഭാരത് ബന്ദ് പ്രഖ്യാപിക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനത്തെ ന്യായീകരിക്കാനാവില്ല. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ പോകുന്നത് കേരളത്തില്‍ മാത്രമായിരിക്കും, അതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നുള്ളതുകൊണ്ട് അത് ഉറപ്പുമാണ്.ഒരു ശരാശരി മലയാളിക്ക് അപ്രതീക്ഷിതമായി വീണുകിട്ടുന്ന ഒരു അവധി ദിവസം സന്തോഷമായിരിക്കും. പക്ഷേ, പുരോഗമനാത്മകമായ കേരളം പോലൊരു സമൂഹത്തില്‍ ഇടതുപക്ഷം എടുക്കുന്ന ഇത്തരം ചിന്താശൂന്യമായ തീരുമാനങ്ങള്‍ ഉണ്ടാക്കുന്നത് കൂടുതല്‍ ദുരിതം മാത്രമായിരിക്കും.വിമര്‍ശനങ്ങളും ഭിന്നസ്വരങ്ങളും ഒക്കക്കൂടി ചേര്‍ന്നതാണ് ജനാധിപത്യം. അത് പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ക്ക് പ്രതിഷേധം നടത്താനും അവകാശമുണ്ട്. പക്ഷേ അത്, സാധാരണ മനുഷ്യര്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിച്ചുകൊണ്ടാവരുത്. അത് സംസ്ഥാനത്തെ ജീവിതം, അവിടുത്തെ സമ്പദ്‌വ്യവസ്ഥ ഒക്കെ മരവിപ്പിച്ചു കൊണ്ടാകരുത്, അതുകൊണ്ടു തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് പുതിയ രൂപങ്ങള്‍ കണ്ടെത്തേണ്ട സമയമായിരിക്കുന്നു. എന്തിനോടാണോ എതിര്‍പ്പുയര്‍ത്തുന്നത് അത് കൃത്യമായി പ്രകടിപ്പിക്കാന്‍ കഴിയുന്നതുമായിരിക്കണം ആ പ്രതിഷേധം. അല്ലെങ്കില്‍ കാലക്രമേണെ ആ സമൂഹത്തിന്റെ വളര്‍ച്ച എന്നത് താഴേക്കായിരിക്കും. അതിന് ഉത്തരവാദികളാകേണ്ടതുണ്ടോ എന്നു കൂടി ചിന്തിക്കുന്നതും നന്നായിരിക്കും.
Next Story

Related Stories