TopTop
Begin typing your search above and press return to search.

ഈ യുദ്ധം കള്ളക്കമ്മട്ടത്തിലെ കറന്‍സിക്കെതിരെയാണ്

ഈ യുദ്ധം കള്ളക്കമ്മട്ടത്തിലെ കറന്‍സിക്കെതിരെയാണ്

രഞ്ജിത് ജി കാഞ്ഞിരത്തില്‍

കള്ളപ്പണമുള്ളവരെയും ഇല്ലാത്തവരെയും ഒരേ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു 500 /1000 എന്നീ കറന്‍സികള്‍ പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. തങ്ങളുടെ കയ്യിലെ പണമെന്തുചെയ്യുമെന്ന വേവലാതിയായിരുന്നു കള്ളപ്പണ മാഫിയയ്ക്ക്. പറഞ്ഞതുപോലെ പ്രവര്‍ത്തിക്കുന്ന, സ്വന്തം വാക്കിന് വിലയുള്ള, നിശ്ചയദാര്‍ഡ്യമുള്ള ഒരു രാഷ്ട്രീയക്കാരനെ, ഒരു പ്രധാനമന്ത്രിയെ കണ്ടതിന്‍റെ അമ്പരപ്പിലും സന്തോഷത്തിലുമായിരുന്നു ജനം. കേന്ദ്രമെന്തുചെയ്താലുമതിനെ നഖശിഖാന്തമെതിര്‍ക്കുന്ന പ്രതിപക്ഷവും, കള്ളപ്പണത്തിന്റെ മിശിഹാക്കളുമൊഴികെ സാധാരണ ജനമെല്ലാം ആദ്യദിവസം തന്നെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

കള്ളപ്പണമെന്ന സര്‍വ്വനാമത്തിലറിയപ്പെടുന്നുവെങ്കിലും അനധികൃതമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കയ്യില്‍ സൂക്ഷിയ്ക്കുന്ന പണം രണ്ടോ മൂന്നോ തരത്തിലുള്ളവയാണ്. ഒന്ന്‍ നികുതിയടക്കാത്ത സമ്പത്താണ്. ഉറവിടം വെളിപ്പെടുത്താനാകാത്ത ഒറിജിനല്‍ കറന്‍സി. അത് അഴിമതിയുടെ ഔരസപുത്രനോ അമിതലഭത്തിന്‍റെ നീക്കിയിരുപ്പോ ആകാം. ഒരു പരിധിവരെ മിച്ചമൂല്യം അഥവാ സര്‍പ്ലസ് വാല്യു എന്ന ഗണത്തില്‍പ്പെടുത്താവുന്ന പണവും ഇതിലുണ്ട്. അതായത് ആ പണം കൈവശം വെച്ചിരിക്കുന്നവന്‍റെയോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലുമോ അദ്ധ്വാനം കൊണ്ടുണ്ടാകുന്നതും എന്നാല്‍ രാജ്യത്ത് നിലവിലുള്ള നികുതി ഘടനയില്‍ക്കൂടി കടന്നു പോയിട്ടില്ലാത്തതുമായ പണം. രണ്ടാമത്തേത് വെറും കള്ളനോട്ടാണ്. ഏതെങ്കിലുമൊരു ക്രിമിനലിന്റെ കള്ളക്കമ്മട്ടത്തില്‍ അടവെച്ചു വിരിയിക്കുന്ന ആരുടെയുമധ്വാനഫലമല്ലാത്ത, ആരോടും ബാധ്യതയില്ലാത്ത, ഒരുത്പ്പന്നം. ഇന്ത്യയില്‍ പ്രചരിക്കുന്ന കള്ളനോട്ട് അഥവാ വ്യാജ കറന്‍സി പ്രധാനമായും രണ്ടു വിധത്തിലാണ്. പുകയിലക്കഷായമെന്ന പരമ്പരാഗത സാങ്കേതിക വിദ്യയില്‍ ലോക്കല്‍ കള്ളനോട്ടടിക്കാര്‍ നിര്‍മിക്കുന്ന എളുപ്പത്തില്‍ തിരിച്ചറിയാവുന്ന, തികച്ചും അല്‍പായുസായ ഒന്ന്. നമ്മുടെ തൊട്ടടുത്ത അയല്‍രാജ്യങ്ങള്‍ സര്‍ക്കാര്‍ സംവിധാനം വഴി നിര്‍മാണ - വിതരണം നടത്തുന്ന, ഒറിജിനല്‍ കറന്‍സിയെ വെല്ലുന്ന വ്യാജനാണ് മറ്റൊന്ന്. ഇതു കൂടാതെ വിദേശത്തു നിന്നു സമാഹരിക്കപ്പെടുകയും വിവിധ ഹവാല മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെത്തുകയും ചെയ്യുന്ന ധനമുണ്ട്. രാജ്യത്തെത്തിക്കഴിഞ്ഞായിരിക്കും അത് കറന്‍സിയായി രൂപം മാറുന്നതെന്നുമാത്രം. ഇവയെല്ലാം ഫലത്തില്‍ ഒന്ന് തന്നെയാണെങ്കിലും രാഷ്ട്രത്തിന്‍റെ ധനകാര്യധമനികളിലേക്കുള്ള വിഷപ്രവാഹത്തില്‍ ഏറ്റവും കൂടുതല്‍ അപകടം ചെയ്യുന്നത് പാകിസ്ഥാന്‍ നിര്‍മിത കള്ള നോട്ടാണ്.

ഇങ്ങനെയുള്ള കറുത്ത പണത്തിന്റെ സ്വാധീനവും വളര്‍ച്ചയും അറിയണമെങ്കില്‍ കഴിഞ്ഞ ദശാബ്ദത്തിലേക്കൊരു ടൈംട്രാവല്‍ ആവശ്യമുണ്ട്. കോടികളുടെ കിലുക്കങ്ങള്‍ കൊണ്ട് കണ്ണു മഞ്ഞളിക്കുന്ന മലയാളിയുടെ മുന്നില്‍ ഞാനൊരു ബെഞ്ച് മാര്‍ക്ക് വെക്കുന്നു. 1997 Dec 17-നാണ് ആറാം തമ്പുരാന്‍ എന്ന സിനിമ റിലീസ് ആയത്. സിനിമ എങ്ങിനെ ബഞ്ച് മാര്‍ക്കാകും എന്നാണോ. സിനിമ ഒരിയ്ക്കലും സ്വയമേവ അങ്ങനെ ആവില്ല. ഈ സിനിമയില്‍ സായികുമാറിന്‍റെ കഥാപാത്രം മോഹന്‍ലാലിനോട്-സിനിമയില്‍ ജഗന്നാഥന്‍ - പറയുന്ന ഒരു ഡയലോഗുണ്ട്. 250 കോടിയുടെ ആസ്തിയുണ്ട് നിന്‍റെ സുഹൃത്ത് നന്ദകുമാറിന്. അതില്‍ കൂടുതല്‍ വേണമെങ്കില്‍ മാത്രം ഒരല്പം സമയം തരണം. അതിനുള്ള ജഗന്‍റെ മറുപടിയുമുണ്ട്. 250 കോടിക്ക് കേരളം മുഴുവന്‍ വാങ്ങാമല്ലോ. ഇതിനത്രയൊന്നും വേണ്ട. ഇതു കേവലം ഒരു വാണിജ്യ സിനിമയിലെ രംഗമാണ്. പക്ഷേ അന്നത്തെ അവസ്ഥയും പൊതുബോധവും അതായിരുന്നു. അത്രയും തുക അതായത് 250 കോടി രൂപ കൊണ്ട് കേരളം മുഴുവന്‍ വാങ്ങാന്‍ കഴിയുമായിരുന്നു.1997-ല്‍ നിന്നും 2010-ലേക്കുള്ള പതിമൂന്നു വര്‍ഷം കൊണ്ട് 250 കോടി രൂപകൊണ്ട് ഒരു പഞ്ചായത്ത് പോലും വിലക്ക് വാങ്ങാന്‍ പറ്റാതെ വന്നതെങ്ങിനെ.??അത്രയും തുക കറന്‍സിയായി കൊണ്ട് നടക്കുന്ന ആയിരക്കണക്കിന് നവ കോടീശ്വരന്‍മാരുടെ നാടായി കേരളം. ഈ പ്രതിഭാസം എങ്ങിനെയുണ്ടായി? 2004-നു മുന്‍പ് സാധനങ്ങള്‍ക്കും സ്ഥലത്തിനും ഈ കൊച്ചു കേരളത്തിലിത്ര വിലയുണ്ടായിരുന്നോ? രണ്ടര രൂപക്ക് ചായയും മൂന്നു രൂപക്ക് പൊറോട്ടയും (2003-2004) ലഭ്യമായിരുന്നിടത്ത് ഇപ്പോള്‍ രണ്ടിനും പത്തുമുതല്‍ 12 വരെയാണ് വില. 12 വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ദ്ധന. അതിനു തൊട്ടുമുന്‍പുള്ള വ്യാഴവട്ടത്തെ അപേക്ഷിച്ച് എത്ര വ്യത്യസ്തമാണിത്. മറ്റൊരു അസ്വാഭാവിക വര്‍ദ്ധന വന്നത് സ്ഥലവിലയിലാണ്. നമുക്ക് ചുറ്റുമുള്ള ഭൂമി ഇടപാടുകള്‍ നോക്കൂ. സ്വന്തം അദ്ധ്വാനം കൊണ്ട് മാത്രം ജീവിക്കുന്നവര്‍ക്ക് സ്വപ്നം കാണാന്‍ കൂടി കഴിയാത്തത്ര ഉയര്‍ന്ന വിലയാണ് ഭൂമിക്ക്.

മോഹവിലയുടെ മായക്കാഴ്ചകള്‍
ചിലതരം പദ്ധതികള്‍ വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ട് ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദം ആ പദ്ധതി പ്രദേശത്തെ ഭൂമി വാങ്ങിക്കൂട്ടുന്ന ഒരഴിമതി കേരളത്തില്‍ ഉണ്ടായിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് പത്തു കിലോമീറ്റര്‍ ചുറ്റളവ്, കൊച്ചി കുണ്ടന്നൂര്‍ ഹൈവേയുടെ വശങ്ങള്‍. ഗോശ്രീ പദ്ധതി പ്രദേശം ഇവിടങ്ങളില്‍ നടന്ന ഭൂമി കൈമാറ്റങ്ങള്‍ അതിനുദാഹരങ്ങളാണ്. അതില്‍ പക്ഷേ മോഹവിലയെന്ന മാജിക് ഇല്ലായിരുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷമായി ഭൂമാഫിയ കേരളത്തില്‍ പരീക്ഷിച്ചു വിജയിച്ച ഒരു വാചകതന്ത്രമാണ് മോഹവില. ഒരു വസ്തുവിന് അതതു കാലത്ത് മാര്‍ക്കറ്റില്‍ ലഭിക്കാവുന്നതിനെക്കാള്‍ വലിയ വില നല്കി വാങ്ങുന്ന ഒരു കലാപരിപാടിയാണിത്. 2002- 2004 കാലഘട്ടത്തില്‍ എറണാകുളത്ത് ഇടപ്പള്ളി കേന്ദ്രീകരിച്ചു നടന്ന ഭൂമി ക്രയവിക്രയ ശൃംഖലകളാണ് ഇതിന്‍റെ തുടക്കം. അന്നുവരെയുള്ള മലയാളിയുടെ വസ്തുക്കൈമാറ്റ ശീലങ്ങളെ അട്ടിമറിച്ചുകൊണ്ട് അവിടെ ഓരോ വീട്ടിലും ഏജന്റുമാര്‍ കയറിയിറങ്ങി. സാമദാനഭേദദണ്ഡങ്ങള്‍ പ്രയോഗിച്ച് സ്ഥലം കൈവശപ്പെടുത്തി. നിയമസംവിധാനങ്ങള്‍ നോക്കുകുത്തിയായി, ഒരുവേള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും – പ്രത്യേകിച്ചു -റവന്യൂ- പോലീസ് – അതില്‍ ഭാഗഭാക്കായി. എന്തായാലും ആ കാലഘട്ടത്തിന് ശേഷം ഭൂമി വിലയുടെ കാര്യത്തില്‍ കേരളത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, ചോദിക്കുന്നതോ അതിലുപരിയോ നല്കി ഏത് പട്ടിക്കാടും വാങ്ങാനാളുണ്ടായി.

ചില രാഷ്ട്രീയ സംഭവങ്ങള്‍
കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളത്തിലുണ്ടായ ചില രാഷ്ട്രീയ സംഭവങ്ങളെ ഇതിനോട് ചേര്‍ത്തു വായിക്കണം. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന വലിപ്പമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് ഒരു സര്‍ക്കാര്‍ വിലാസം ചടങ്ങിലാണ്. അന്തംവിട്ട ആദര്‍ശം അന്നപാനീയമാക്കിയ ആന്‍റണിയെ അരങ്ങിലിരുത്തി അന്നത്തെ മന്ത്രിസഭയിലെ രണ്ടാമന്‍ 2003 ജനുവരിയില്‍ നടപ്പിലാക്കിയ ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റ് അഥവാ ജിം എന്ന നിക്ഷേപമാമാങ്കം ആണത്. തൊട്ടുപിന്നാലെ 2003 മേയില്‍ കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ഭീകര പ്രവര്‍ത്തനം – മാറാട് കലാപം നടന്നു. പിന്നീട് സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിക്കപ്പെട്ടു. അതോടെ മിച്ചമൂല്യം കയ്യിലുള്ള ബൂര്‍ഷ്വാകളുടെ ഫെയറി ലാന്‍ഡായി എറണാകുളത്തെ ആ കൊച്ചു ഗ്രാമം – കാക്കനാട് – മാറി. കൂടാതെ എറണാകുളം ജില്ല മൊത്തത്തില്‍ മലബാറില്‍ നിന്നുള്ള പുത്തന്‍ പണക്കാരുടെ /കള്ളപ്പണക്കാരുടെ പറുദീസയായി മാറി.

രണ്ടു പ്രധാന സാമ്പത്തികാരോപണങ്ങള്‍ അന്നുണ്ടായിട്ടുണ്ട്. ചില കേരള ബേസ്ഡ് ബാങ്കുകളുടെ പാലക്കാട് – തൃശൂര്‍ - കോഴിക്കോട് ജില്ലകളിലെ ശാഖകളിലേക്ക് വന്‍തുക – ശതകോടികള്‍-നിക്ഷേപിക്കപ്പെട്ടുവെന്നും അതതു ദിവസം തന്നെ അതില്‍ സിംഹഭാഗവും പിന്‍വലിക്കപ്പെടുകയോ മറ്റ് അക്കൌണ്ടുകളിലേക്ക് പോകുകയോ ചെയ്തു എന്നുമുള്ള ആരോപണമാണ് ഒന്നാമത്തേത്. ഈ സംഭവം പലതവണ ആവര്‍ത്തിക്കപ്പെട്ടതായും അതിലെ പണം വെളുപ്പിക്കല്‍ സാധ്യതയെക്കുറിച്ച് പ്രസക്ത ബാങ്കുകള്‍ക്ക് ആര്‍‌ബി‌ഐ മുന്നറിയിപ്പ് നല്കി എന്നുമൊക്കെ അന്ന് വാര്‍ത്തയുണ്ടായിരുന്നു. രണ്ട് കണ്ടയ്നര്‍ കള്ള നോട്ട് കൊച്ചി തുറമുഖത്ത് വന്നുവെന്നും അത് കേരളത്തില്‍ - പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ മായയായി മറഞ്ഞെന്നുമുള്ള വാര്‍ത്തയാണ് മറ്റൊന്ന്. അന്നത്തെ പ്രധാനപ്പെട്ട എല്ലാ പത്രങ്ങളുടെയും എറണാകുളം എഡിഷനില്‍ ഈ വാര്‍ത്ത ദിവസങ്ങളോളമുണ്ടായിരുന്നു.

എന്തായാലും കണ്ടയ്നരില്‍ വന്ന കള്ളനോട്ട് ആരും കണ്ടില്ല. തലയും വാലുമില്ലാത്ത അന്നത്തെ ചില പത്ര റിപ്പോര്‍ടുകളും ഊഹാപോഹങ്ങളും അല്ലാതെ നമ്മുടെ മുന്‍പില്‍ തെളിവുകളൊന്നുമില്ല. മറിച്ച് സംവേദനക്ഷമതയുള്ള ഏതൊരാള്‍ക്കും തൊട്ടും കണ്ടും അനുഭവിച്ചുമറിയാവുന്ന മറ്റൊന്നുണ്ട്. ആദ്യം ഏറണാകുളത്ത് പിന്നെയീ ഭാര്‍ഗവ ക്ഷേത്രം മുഴുവന്‍ പണത്തിന്റെ കളിയായിരുന്നു. ഭൂമി ക്രയവിക്രയങ്ങളുടെ ശൃംഖലതന്നെയുണ്ടായി, സ്ഥലവില റോക്കറ്റില്‍ കയറി സഞ്ചരിച്ചു. അല്ലാവുദീന്‍റെ അത്ഭുത വിളക്കു ലഭിച്ചപോലെ കണ്ണടച്ചുതുറന്നപ്പോള്‍ പല ദരിദ്രനാരായണന്‍മാരും കോടീശ്വരന്മാരായി. വില്‍ക്കാനിട്ടിരിക്കുന്ന മനകളും നാലുകെട്ടുകളും മാത്രം വാങ്ങുന്ന ഒരേക്കരില്‍ കൂടുതല്‍ മാത്രം വാങ്ങുന്ന ഒരു പ്രത്യേക വിഭാഗം ഉടലെടുത്തു. ക്വട്ടേഷന്‍ റിയല്‍ എസ്റ്റേയ്റ്റ് ഏജന്‍റ് ,ന്യൂ ജനറേഷന്‍ ബാങ്ക് റിക്കവറി ഏജന്‍റ് എന്നിങ്ങിനെ മനുഷ്യരക്തം കുടിക്കുന്ന ഒരു തെമ്മാടി വര്‍ഗം കൊലവിളി നടത്തിപ്പാഞ്ഞു നടന്നു. സ്വന്തം വസ്തു വില്‍ക്കാന്‍ തയ്യാറല്ലാത്തവരെ ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിക്കുന്ന ഒരു വിഭാഗം റോന്തു ചുറ്റാന്‍ തുടങ്ങി. ഓരോ ഇടപാടിലും പ്രാദേശിക ഗുണ്ടകള്‍, ബ്രോക്കര്‍മാര്‍, പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഉള്‍പ്പെട്ടിരുന്നു. കടല്‍ത്തീരങ്ങള്‍, നദീതീരങ്ങള്‍, കായലോരങ്ങള്‍ അങ്ങനെ ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടി. നമുക്ക് ചുറ്റും ജാഗ്രതയോടെ ശ്രദ്ധിച്ചാല്‍ കാണാവുന്ന കാര്യങ്ങള്‍ മാത്രമാണിത്. എങ്ങനെയാണ് ചിലര്‍ക്ക് മാത്രം വന്‍ വിലകൊടുത്ത് ഭൂമി വാങ്ങാന്‍ കഴിയുന്നത്. എങ്ങനെയാണ് ചിലര്‍ ഇരുട്ടിവെളുക്കുമ്പോഴേക്കും പണക്കാരാകുന്നത്? ഒരു മനുഷ്യനു നേരായ രീതിയിലെ അദ്ധ്വാനം കൊണ്ട് ഇങ്ങനെ വളരാന്‍ കഴിയില്ല. അനിയന്ത്രിതമായ സാമ്പത്തിക വളര്‍ച്ചയുടെ പിന്നില്‍ അവിശുദ്ധമായതെന്തെങ്കിലും ഉണ്ടാകുമെന്നത് സാമാന്യവല്‍ക്കരണമല്ല സാമാന്യ നിയമമാണ്. കണ്ടയ്നകളില്‍ നിറഞ്ഞെന്നു പറഞ്ഞ കള്ളക്കറന്‍സിയുമദൃശ്യമായിരുന്നു. പക്ഷേ മനുഷ്യന്‍റെ സാമാന്യബുദ്ധിയെ പല്ലിളിച്ചു കാട്ടുന്നയീ വളര്‍ച്ച ദൃശ്യമാണ്.

ഇത്തരം കള്ളപ്പണത്തിന്റെ ഫലമായിട്ടാണ് കേരളത്തിലെ ക്വട്ടേഷന്‍ ശൃംഖലയുണ്ടായതുതന്നെ. ആദ്യം തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഭൂമാഫിയ നിര്‍മിച്ച ചാവേര്‍ സംഘമായിരുന്നു അത്. പിന്നീട് ഇന്ന് കാണുന്ന രീതിയില്‍ വളര്‍ന്നു. അവനവന്‍ അദ്ധ്വാനിക്കാത്ത പണമെടുത്ത് എതിരാളിയെ ആക്രമിക്കുന്നതിന് കൂലിയായി കൊടുക്കാന്‍ ആര്‍ക്കും മടിയില്ലാതായി. പെണ്‍വാണിഭമാണ് മറ്റൊരു മേഖല. നിങ്ങള്‍ സ്വയം വിലയിരുത്തൂ. 2001-നുശേഷം എത്ര പെണ്‍വാണിഭങ്ങള്‍ പത്രത്താളുകളില്‍ ഇടംപിടിച്ചു. എന്താണ് ന്യൂ മില്ലെനിയം മലയാളിയെ കാമഭ്രാന്തന്‍മാരാക്കി മാറ്റിയോ? അല്ല കണക്കില്ലാതെ വന്ന പണം ചിലവാക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവുകയാണ് ഇങ്ങനെയൊക്കെ. മണ്ണിനെയും പെണ്ണിനെയും ലക്ഷ്യമിട്ടുള്ള ശീതയുദ്ധത്തിലെ ആയുധമായിരുന്നു ആ പണം. മതംമാറ്റ കേന്ദ്രങ്ങളിലും പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കുകളിലും ഈ പണം വിപണനം ചെയ്യപ്പെട്ടു.

(സാഹിത്യം അതതു കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. കണ്ടയ്നറില്‍ വന്നിറങ്ങിയ കറുത്ത പണം വിഷയമായ പ്രശസ്തമായ ഒരു കഥയുണ്ട് നമുക്ക്. അധിനിവേശം എന്ന പേരില്‍ എസ് മഹാദേവന്‍ തമ്പി രചിച്ച്, സമകാലിക മലയാളം പ്രസിദ്ധീകരിച്ച ആ കഥ ഇവിടെ നടക്കുന്ന ലാന്‍ഡ് ഹണ്ടിന്‍റെ ചിത്രണമാണ്. പിന്നീട് അതേ പേരില്‍ ഗ്രീന്‍ ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

സഹകരണബാങ്കുകളാണ് മറ്റൊരു വിഷയം. കേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ നശിപ്പിക്കുന്നുവെന്നാണ് ഒരാരോപണം. താത്കാലികാവശ്യങ്ങള്‍ക്ക് തങ്ങള്‍ പണ്ട് സഹകരണ ബാങ്കുകളെ സമീപിച്ചിരുന്നുവെന്ന നസ്യം പാടി പുകമറ സൃഷ്ടിക്കുന്നുണ്ട് പലരും. കേരളത്തിലെ രാഷ്ട്രീയപാര്‍ടികള്‍ക്ക് പ്രത്യേകിച്ചു സി‌പി‌എമ്മിന് ധനം ചുരത്തുന്ന കാമധേനുവാണത്. സിപിഎമ്മിന്‍റെ സഹകരണ സാമ്പത്തിക താത്പര്യങ്ങളുടെ ആഴമറിയണമെങ്കില്‍ ചിരകാല വൈരിയായ മേലത്ത് വീട്ടില്‍ രാഘവനോടും അദ്ദേഹത്തിന്‍റെ സി‌എം‌പി യോടും പിണറായി പ്രഭൃതികള്‍ക്ക് പൊടുന്നനെയുണ്ടായ പ്രേമത്തെക്കുറിച്ചറിയണം. കമ്യൂണിസം പറയുകയും ചെങ്കൊടി പിടിക്കുകയും ചെയ്യുന്ന മതത്തിലെ നായാടിയെ മുതല്‍ നമ്പൂരിയെ വരെ ഒന്നിപ്പിക്കാനുള്ള നയമെന്ന പേരില്‍ അണികളെ പറഞ്ഞു വിശ്വസിപ്പിച്ചു നടത്തിയ നാടകത്തിലെ യഥാര്‍ത്ഥ ഉന്നം രാഘവന്‍ ആര്‍ജിച്ച സമ്പത്തായിരുന്നു. 25 വര്‍ഷംകൊണ്ട് 20,000 അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനേ എം.വി.ആറിനു കഴിഞ്ഞുള്ളുവെങ്കിലും സി.എം.പിയുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്തുള്ള സ്ഥാപനങ്ങളില്‍ 1750 കോടിരൂപയുടെ ആസ്തിയുണ്ട്. സംസ്ഥാനത്തെ ചെറിയ പാര്‍ട്ടികള്‍ക്കൊന്നും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തതാണ് ഈ ആസ്തി. എം.വി.ആറിന്റെ മക്കള്‍ക്കിടയില്‍ തര്‍ക്കത്തിനു കാരണമായ പാപ്പിനിശേരി വിഷചികിത്സാ സൊസൈറ്റിയെ മാറ്റിനിര്‍ത്തിയാല്‍ ഇരുന്നൂറിലേറെ സ്ഥാപനങ്ങള്‍ സി.എം.പിയുടെ നിയന്ത്രണത്തിലുണ്ട്. ഇതില്‍ ഏറെയും വനിതാസഹകരണസ്ഥാപനങ്ങളാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 20 സഹകരണസ്ഥാപനങ്ങള്‍ സി.എം.പിയുടെ നിയന്ത്രണത്തിലുണ്ട്. മലയോരത്തും ടൗണുകളിലും ശാഖകളുമായി പടര്‍ന്നു കിടക്കുകയാണ് ഇവ. ഇവയുടെ ആസ്തികളും കോടികള്‍ വരും.

സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണബാങ്കുകളിലൊന്ന് സി‌എം‌പിയുടെ നിയന്ത്രണത്തില്‍ കോഴിക്കോട്ടാണ്. എല്ലാ ജില്ലകളിലും പാര്‍ട്ടി രൂപം കൊടുത്ത സ്ഥാപനങ്ങളുണ്ട്. കാസര്‍കോട്ട് ഏകദേശം 20-ഉം കോട്ടയത്ത് 15-ഉം തൃശ്ശൂരില്‍ പത്തും മലപ്പുറത്ത് 15-ഉം സഹകരണ സൊസൈറ്റികളാണുള്ളത്. സി‌എം‌പി എന്ന ചക്കരക്കുടം കയ്യില്‍ കിട്ടാനുള്ള ദുഷ്ടലാക്കാണ് സി‌പി‌എമ്മിനുള്ളത്.

ഇത് സി‌എം‌പിയുടെ കാര്യം. അതിന്റെ പതിന്‍മടങ്ങു വലുപ്പമുണ്ട് സി‌പി‌എം നേതൃത്വം നല്‍കുന്ന സഹകരണ ധനമാഫിയയ്ക്ക്. എത്ര തവണ അധികാരം പോയാലും ഈ സംസ്ഥാനത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സമാന്തര സര്‍ക്കാരാക്കി നിലനിര്‍ത്തുന്നത് ഈ സഹകരണ മേഖലയാണ്. പാര്‍ട്ടിക്ക് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരുടെ സുരക്ഷിത താവളം അവിടെയാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ, സുവനീറുകളുടെ മറ്റ് പ്രസിദ്ധീകരണങ്ങളുടെ പരസ്യദാതാക്കളും പ്രയോജകരും ഈ സഹകരണ മേഖലയാണ്. ഏത് ഭാരതവിരുദ്ധ ശക്തിക്കുമൊളിക്കാന്‍ തങ്ങളുടെ ചിറകിന് കീഴില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒരിടം നല്‍കാറുണ്ട്. അതുപോലെ അങ്ങനെയുള്ളവരുടെ പണം പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്യുന്ന സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു.

സഹകരണ ബാങ്കുകളിലെ നിക്ഷേപം മുഴുവന്‍ കള്ളപ്പണമാണെന്നോ കള്ളപ്പണക്കാര്‍ മാത്രമാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്നത് എന്നോ ഇതനര്‍ഥമില്ല. ചൂഷണം ചെയ്യുന്നവനെ പ്രതിരോധിക്കുവാനാണ് അതുയര്‍ന്നു വന്നത് പോലും. എന്തിനാണോ സഹകരണ സംഘം എന്ന ആശയം ഉദയം ചെയ്തത് അതിന്‍റെ റിവേര്‍സ് ഗിയറിലാണ് കേരള സഹകരണമേഖല . കറുത്തപണത്തെ കൈമുതലാക്കി അങ്ങനെയുള്ളവര്‍ക്ക് വിളയാടാനവസരം നല്കി ലോകത്തെ സഹകരണ പ്രസ്ഥാനത്തിനു നാണക്കേടാവുകയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. പൊതുമേഖലാ ബാങ്കുകളിലുള്ള യാതൊരു നിബന്ധനയുമില്ലാതെ, യാതൊരു നിയന്ത്രണവുമില്ലാതെയാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍. പണം വെളുപ്പിക്കലിന്‍റെ ഏറ്റവും സേഫ് ആയ മാര്‍ഗമാണത്. തീര്‍ച്ചയായും ഗ്രാമീണ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ സഹകരണ മേഖല നശിക്കരുത്. പക്ഷേ അവിടം ക്ലീന്‍ ചെയ്യണം. സര്‍ക്കാരിന് കൃത്യമായ കണക്ക് കിട്ടണം. രാജ്യത്തു നിലവിലുള്ള നിയമങ്ങളിലെ നികുതി നിരക്കുകള്‍ ബാധകമായ രീതിയിലുള്ള നിക്ഷേപങ്ങള്‍ അവിടെയുണ്ടെങ്കില്‍ അവക്ക് നികുതി നല്‍കിയേ മതിയാകൂ. തങ്ങളുടെ നിലവറകളുടെ കണക്ക് ബോധിപ്പിക്കാന്‍ കേന്ദ്രം ഈ സഹകരണ മാര്‍ക്സിസ്റ്റ് മാഫിയയ്ക്ക് പലതവണ അവസരം നല്‍കിയതാണ്. അന്നൊന്നും അനങ്ങാതെ ഒരു വല്ലാത്ത ധാര്‍ഷ്ട്യമാണവര്‍ കാണിച്ചത്. എന്തൊക്കെയോ ഒളിക്കാനുള്ളവന്റെ പരവേശമാണവരുടെ ശരീരഭാഷയില്‍.

സഹകരണ മേഖലയെ നിരന്തരമാശ്രയിക്കുന്ന പാവപ്പെട്ടവര്‍ ധാരാളമുണ്ടെന്നു സമ്മതിക്കുന്നു. പക്ഷേ മുഖ്യനും കൂട്ടരും നടത്തുന്ന സമരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയല്ല. സഹകരണമേഖലയില്‍ നിക്ഷേപിച്ച കള്ളപ്പണക്കാരെ സംരക്ഷിക്കുവാന്‍ വേണ്ടി ജനങ്ങളെ ബന്ദിയാക്കുവാന്‍ പോകുകയാണവര്‍. കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ കൊടുക്കാന്‍ കഴിയാതെ പാവപ്പെട്ട മനുഷ്യരെ കള്ളപ്പണക്കാര്‍ക്ക് വേണ്ടി മനുഷ്യകവചമാക്കുകയാണ് ചെയ്യുന്നത്. സഹകരണ സ്ഥാപനങ്ങള്‍ പരിശോധനക്കും ശുദ്ധീകരണത്തിനും തയ്യാറാകണം. അതിനു കഴിയുന്നില്ലെങ്കില്‍ നശിക്കുക തന്നെ വേണം. അവിടെ മേഖലയുടെ ഗൃഹാതുരത്വങ്ങള്‍ക്കൊ മൃദുലവികാരങ്ങള്‍ക്കോ സ്ഥാനമില്ല. കേന്ദ്ര സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ വേണ്ടി എന്തോ ചെയ്യുന്നു എന്നലമുറയിടുന്നവര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങളോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഭൂഗോളത്തിന്‍റെ പലഭാഗത്തും പലസര്‍ക്കാരുകളും തങ്ങളുടെ നാണയങ്ങളില്‍ പല തിരുത്തലുകളും വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ മുന്‍പ് മൊറാര്‍ജി മന്ത്രിസഭയിതു ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഇത്തരമേതു നടപടിയും കുറച്ചു ബുദ്ധിമുട്ടുണ്ടാക്കും. ഏതൊരു വിപ്ലവവും അതുപോലെയാണ്. രാജ്യത്തെ ഒരു സംവിധാനത്തിനും കണ്ടു പിടിക്കാന്‍ പറ്റാത്ത അത്ര നല്ല വ്യാജ കറന്‍സി, നമ്മുടെ ഒറിജിനല്‍ കറന്‍സി അച്ചടിക്കുന്ന അതേ തരം പ്രസ്സില്‍ അതേ പേപ്പറില്‍ അതേ മഷി ഉപയോഗിച്ച് നിര്‍മിച്ച വ്യാജ കറന്‍സി ഈ നാട്ടില്‍ പ്രചാരത്തിലുണ്ട്. അതൊക്കെ തിരിച്ചു പിടിച്ച് നശിപ്പിച്ചേ മതിയാകൂ.

ആയുര്‍വേദത്തിലെ പത്ഥ്യമില്ലേ,അതുപോലെ നാം നമ്മുടെ നല്ല നാളേക്കു വേണ്ടി സഹിക്കുന്ന ത്യാഗമാണിത്. നാം ഭാരതീയര്‍ ഒരു വിപ്ലവത്തിലൂടെ, ഒരു യുദ്ധത്തിലൂടെ ഒരു സ്വയം ശുദ്ധീകരണത്തിലൂടെ കടന്നു പോകുകയാണ്. കരയുന്ന കുഞ്ഞിന്റെ കാതിൽ മുഴങ്ങുന്ന അമ്മതൻതാരാട്ടു പാട്ടല്ല വിപ്ലവം... എന്നു പാടിയത് ഓരോ വിപ്ലവങ്ങള്‍ക്കും അതതു ജനത കുറച്ചു സഹിക്കേണ്ടി വരും എന്നത് കൊണ്ടാണ്. ചിക്കാഗോയിലെ തെരുവീഥികളില്‍ ചോര ചീന്തിയവര്‍ ബുദ്ധിമുട്ടിയില്ലേ, ഇന്ത്യയിലെ സ്വാതന്ത്ര്യ സമര ഭടന്മാര്‍ ബുദ്ധിമുട്ടിയില്ലേ. അതേ പോലെ ഈ കറന്‍സി മാറ്റവും ഒരു വിപ്ലവമാണ്. നമ്മുടെ രാഷ്ട്രശരീരത്തില്‍ അടിഞ്ഞു കൂടിയ ദുര്‍മേദസ്സൊക്കെ ഒഴുക്കി കളയാനുള്ള വിപ്ലവം. അതുവേണ്ടി ഒരു കര്‍മധീരന്‍ നയിക്കുന്ന, നടത്തുന്ന കായകല്‍പ ചികില്‍സയാണിത്. നാം അതില്‍ പങ്കാളിയായാല്‍ നമ്മുടെ കൂടി സഹകരണത്തോടെ. അല്ലെങ്കില്‍ നാമില്ലാതെ, ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ എതിര്‍പ്പിനെ അതിജീവിച്ച് ഈ വിപ്ലവം നടക്കുക തന്നെ ചെയ്യും.അതുകൊണ്ട് നാളെയുടെ ചരിത്രം നമ്മെ രേഖപ്പെടുത്തേണ്ടതെവിടെ എന്നു നാം തീരുമാനിക്കുക.

(മുതുകുളം സ്വദേശിയായ രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories