TopTop
Begin typing your search above and press return to search.

യുവരാജ്: പോരാട്ടത്തിന്റെയും തിരിച്ചുവരവിന്റെയും അവിശ്വസനീയ കഥ

യുവരാജ്: പോരാട്ടത്തിന്റെയും തിരിച്ചുവരവിന്റെയും അവിശ്വസനീയ കഥ

അസാധാരണമായ പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും സഹനത്തിന്റെയും തിരിച്ചു വരവിന്റെയും കഥയാണ് യുവരാജ് സിംഗ് എന്ന ക്രിക്കറ്റ് പ്രേമികളുടെ യുവി നമുക്ക് പറഞ്ഞു തരുന്നത്. അന്താരാഷ്ട്ര കരിയറില്‍ അരങ്ങേറിയ കാലം മുതല്‍ തിരിച്ചടികളും തിരിച്ചുവരവുകളും ഈ താരത്തിന് പുതുമയല്ല. ഓരോ പ്രതിസന്ധികളിലും അങ്ങേയറ്റം പൊരുതിയാണ് യുവി തിരിച്ചുവരുന്നത്. ഈ മുപ്പത്തിയഞ്ചാം വയസ്സിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവരാജാവ് പദവിയിലേക്കുള്ള മടങ്ങിവരവ് ക്യാന്‍സര്‍ എന്ന രോഗത്തെ അതിജീവിച്ചാണെന്ന് കാണുമ്പോള്‍ ആ പോരാട്ട വീര്യം വ്യക്തമാകും.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രീസില്‍ തിരിച്ചെത്തി ഒരു പ്രതിസന്ധിയിലും തളരാത്ത ഉറച്ച പോരാളിയാണ് താനെന്ന് വ്യക്തമാക്കുകയാണ് യുവി. ഇന്നലെ കട്ടക്കില്‍ യുവി നേടിയ 150 റണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ സമാനതകളേറെയുള്ള ഇന്നിംഗ്‌സാണ്. എന്നാല്‍ എത്രയോ തവണ ടീമില്‍ നിന്നും പുറത്ത് പോയിട്ടും തിരിച്ചുവരവില്‍ താന്‍ ടീമിന് ആരാണെന്ന് വ്യക്തമാക്കാറുള്ള മറ്റൊരു ഇന്നിംഗ്‌സ് മാത്രമല്ല അത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി കുറിച്ചതിന്റെ ഒരു തനിയാവര്‍ത്തനം ഇന്നലത്തെ മത്സരത്തില്‍ കാണാം.

ഐസിസി നോക്ക് ഔട്ട് ടൂര്‍ണമെന്റില്‍ 2000 ഒക്ടോബര്‍ മൂന്നിന് നടന്ന ആദ്യ പ്രിലിമിനറി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഒരു സാധാരണ മത്സരം മാത്രമായിരുന്നു. തീര്‍ത്തും ദുര്‍ബലരായ കെനിയയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ആ ടീമില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു എന്നതാണ് അതിന് കാരണം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിനോദ് കാംബ്ലി, റോബിന്‍ സിംഗ്, അജിത് അഗാര്‍ക്കര്‍, അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ് എന്നീ പ്രഗത്ഭര്‍ക്കൊപ്പം മൂന്ന് പുതുമുഖങ്ങളും അന്നത്തെ മത്സരത്തില്‍ അരങ്ങേറി. അതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പിന്നീട് അവിഭാജ്യ ഘടകങ്ങളായി തീര്‍ന്നു. ജവഗല്‍ ശ്രീനാഥിന് ശേഷം ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ പേരായി മാറിയ സഹീര്‍ ഖാനും ഓള്‍റൗണ്ടര്‍ യുവരാജ് സിംഗും ആയിരുന്നു അവര്‍. ടോസ് നേടിയ ഇന്ത്യ കെനിയയെ ബാറ്റിംഗിന് അയച്ചപ്പോള്‍ അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ നേടിയത് 208 റണ്‍സ്. മൂന്ന് വിക്കറ്റ് നേടിയ സഹീര്‍ഖാനും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ അഗാര്‍ക്കര്‍, പ്രസാദ്, കുംബ്ലൈ എന്നിവരുടെ മികവാണ് കെനിയയെ ചുരുട്ടിക്കൂട്ടിയത്. മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടെത്തി.

സഹീര്‍ഖാന്‍ എന്ന താരത്തിന്റെ ഉദയമായിരുന്നു ഈ മത്സരമെങ്കില്‍ യുവരാജ് സിംഗ് എന്ന ബാറ്റ്‌സ്മാന് അവസരം ലഭിക്കാത്ത മത്സരമായിരുന്നു അത്. അതിന് മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയശില്‍പ്പിയായിരുന്ന യുവരാജില്‍ ക്യാപ്റ്റന്‍ ഗാംഗുലിക്കുണ്ടായിരുന്ന വിശ്വാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും സ്ഥാനം ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 90 റണ്‍സ് എന്ന നിലയിലായിരുന്നപ്പോഴാണ് യുവരാജ് ക്രീസിലെത്തിയത്. ദ്രാവിഡ് പുറത്തായപ്പോഴാണ് യുവിയുടെ ക്രീസിലേക്കുള്ള വരവ്. ക്ഷമയോടെ ബാറ്റ് വീശിയ യുവി മടങ്ങുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 എന്ന നിലയിലെത്തി ഇന്ത്യ.

121 പന്തുകള്‍ നേരിട്ട യുവരാജ് നേടിയത് 84 റണ്‍സ്. അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയെന്ന നേട്ടവും അതോടെ യുവരാജ് നേടി. യുവരാജ് മാത്രം അര്‍ദ്ധ സെഞ്ചുറി നേടിയ ആ മത്സരത്തില്‍ 266 റണ്‍സാണ് ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ ഉയര്‍ത്തിയ വിജയലക്ഷ്യം. ഫീല്‍ഡില്‍ മനോഹരമായ ഒരു ക്യാച്ചിലൂടെ ഇയാന്‍ ഹാര്‍വേയെ യുവരാജ് പുറത്താക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ടീമിലെ യുവരാജാവ് ഉദിച്ചുയര്‍ന്നു. 20 റണ്‍സിന് ഓസ്‌ട്രേലിയ പരാജയപ്പെട്ട മത്സരത്തില്‍ യുവി കളിയിലെ കേമനുമായി.

ഈ മത്സരത്തിലൂടെ രണ്ട് പേര്‍ക്ക് പകരക്കാരനാകുകയായിരുന്നു യുവി. ഫോം നഷ്ടപ്പെട്ട് ഇടക്കിടെ ടീമില്‍ വന്നും പോയുമിരുന്ന കാംബ്ലിക്ക് പകരം മധ്യനിരയിലെ വിശ്വസ്ഥന്‍. പ്രായത്തിന്റെ അവശത ഫീല്‍ഡില്‍ ഒരിക്കലും പ്രകടിപ്പിക്കാതെ ഇന്ത്യന്‍ ടീമിനെ ഫീല്‍ഡ് ചെയ്യാന്‍ പഠിപ്പിച്ച റോബിന്‍ സിംഗ്.

സൗത്ത് ആഫ്രിക്കക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ യുവിക്ക് സ്ഥാനമുണ്ടാകുമെന്നതില്‍ സംശയമേതുമില്ലായിരുന്നു. ഈ മത്സരത്തില്‍ കാംബ്ലിക്ക് പകരം നാലാം നമ്പരില്‍ യുവരാജ് സിംഗിനെ ഗാംഗുലി ബാറ്റിംഗിന് നിയോഗിച്ചപ്പോള്‍ തന്നെ മധ്യനിരയില്‍ വിശ്വസ്ഥനെ കണ്ടെത്തിയ ആത്മവിശ്വാസം ദാദയില്‍ കാണാമായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം യുവി തെറ്റിച്ചില്ല. 39 പന്തില്‍ 41 റണ്‍സെടുത്ത് സ്‌ഫോടനാത്മക ബാറ്റിംഗാണ് തന്റെ രീതിയെന്ന സന്ദേശം യുവി കൈമാറുകയും ചെയ്തു. ഗാംഗുലിയുടെയും (141) ദ്രാവിഡിന്റെയും (58) യുവിയുടെയും മികവില്‍ ഇന്ത്യ 295 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്കെതിരെ നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ഏറെക്കാലമായി കാത്തിരിക്കുന്ന ഓള്‍റൗണ്ടര്‍ താനാണെന്ന് യുവി തെളിയിക്കുകയും ചെയ്തു.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യയ്ക്ക് പിഴച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഗാംഗുലി (117)യും സച്ചിനും (69) മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയില്‍ കാര്യമായ പിടിച്ചു നില്‍പ്പ് സാധ്യമാകാതെ വന്നതോടെ ഇന്ത്യയ്ക്ക് 50 ഓവറില്‍ 264 എന്ന റണ്‍സില്‍ ആശ്വസിക്കേണ്ടി വന്നു. ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബൗളിംഗും പരാജയപ്പെട്ടപ്പോള്‍ അവസാന ഓവറില്‍ കിവികള്‍ വിജയം കണ്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി അനുവദിച്ച മുഴുവന്‍ ഓവറും എറിഞ്ഞ യുവിയായിരുന്നു കിവികളുടെ റണ്‍വേട്ടയ്ക്ക് അല്‍പ്പമെങ്കിലും കടിഞ്ഞാണിട്ടത്. ഈ ഒരു ടൂര്‍ണമെന്റോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ യുവരാജ് സിംഗ് എന്ന യുവതാരത്തെ നെഞ്ചിലേറ്റി.

2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമെത്തിയതില്‍ യുവിയുടെ പങ്ക് ചെറുതല്ലായിരുന്നു. ഫോം നഷ്ടമാകല്‍ യുവരാജിനെ ഇടക്കിടെ ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയെങ്കിലും ഓരോ തവണയും ശക്തമായി തന്നെയായിരുന്നു അദ്ദേഹം തിരിച്ചെത്തിയത്. യുവരാജ് എന്നും ഓര്‍ത്തിരിക്കുന്നത് 2007-ലെ ട്വന്റി20 ലോകകപ്പിലെ ആറ് പന്തുകളില്‍ നേടിയ ആറ് സിക്‌സുകളിലൂടെയാണല്ലോ. ഗ്രൂപ്പ്- ഇയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ എല്ലാ പന്തുകളുമാണ് യുവി അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയത്. ബ്രോഡ് 19-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 എന്ന മികച്ച നിലയില്‍ തന്നെയായിരുന്നു ഇന്ത്യ. ആദ്യ പന്ത് കൗ കോര്‍ണറിന് മുകളിലൂടെ പറന്നപ്പോള്‍ അസാധാരണമായി യാതൊന്നും കാണാനാകുമായിരുന്നില്ല. എന്നാല്‍ അതൊരു തുടക്കമായിരുന്നെന്ന് പിന്നീടുള്ള ബോളുകള്‍ തെളിയിച്ചു.

സ്‌ക്വയര്‍ ലെഗിലേക്ക് പായിച്ച രണ്ടാമത്തെ സിക്‌സിനെ സ്വീറ്റീ എന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്. മൂന്നാം പന്ത് എക്‌സ്ട്രാ കവറിലും വൈഡ് ഫുള്‍ടോസ് ആയി എറിഞ്ഞ നാലാം പന്ത് ബാക്ക്‌വേഡ് പോയിന്റിലും വിശ്രമിക്കുന്നതാണ് പിന്നീട് കാണാനായത്. അഞ്ചാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ അതിര്‍ത്തിക്ക് പുറത്തെത്തിയതോടെ ക്രിക്കറ്റ് ലോകം ആ അസാധ്യ നിമിഷത്തിനായുള്ള കാത്തിരിപ്പ് തുടങ്ങി. അവസാന പന്തെറിയാനെത്തുന്ന ബ്രോഡിന്റെ ദയനീയമായ മുഖം ക്രിക്കറ്റ് ആരാധകര്‍ ഒരുകാലത്തും മറക്കില്ല. വൈഡ് മിഡ് ഓണിലൂടെയായിരുന്നു യുവി ലോകം കാത്തിരുന്ന അവസാന പന്തിലെ സിക്‌സ് നേടിയത്. അതോടെ ഒരു ഓവറിലെ എല്ലാ പന്തും സിക്‌സ് നേടിയ താരമെന്ന ഖ്യാതി തന്റെ പേരിനൊപ്പം ചേര്‍ത്തു യുവി. പിന്നീട് ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ 70 റണ്‍സ് നേടിയ യുവി ആദ്യ ട്വെന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

2011ല്‍ 28 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോള്‍ അത് യുവരാജിന്റെ ലോകകപ്പ് ആയി മാറി. നാല് അര്‍ദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 362 റണ്‍സും 15 വിക്കറ്റും നേടിയാണ് യുവി ഇന്ത്യന്‍ ടീമിനെ ചരിത്ര നേട്ടത്തിലെത്തിച്ചത്. ഒപ്പം ഒരു ലോകകപ്പില്‍ മൂന്നൂറിലേറെ റണ്‍സും 15 വിക്കറ്റും നേടിയ ഏക ഓള്‍റൗണ്ടര്‍ എന്ന പദവിയും യുവി സ്വന്തമാക്കി. ലോകകപ്പിലെ നാല് മത്സരങ്ങളില്‍ യുവി മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി മറ്റാരെയും ചിന്തിക്കേണ്ടി വന്നില്ല.

ലോകകപ്പിലെ ഹീറോയായി മാറിയ യുവിയെ മാധ്യമങ്ങളും നിരൂപകരും വാനോളം പുകഴ്ത്തുന്ന കാലമായിരുന്നു പിന്നീട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരാധകരെ ദുഃഖത്തിലാഴ്ത്തിയ ആ വാര്‍ത്ത പുറത്തു വന്നു. തങ്ങളുടെ പ്രിയപ്പെട്ട യുവിയെ ശ്വാസകോശ അര്‍ബുദം പിടികൂടിയെന്നതായിരുന്നു അത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012ല്‍ യുവി തിരികെയെത്തിയെങ്കിലും കോശങ്ങളെ ബാധിച്ച അപൂര്‍വ അര്‍ബുദ അണുക്കളെ തിരിച്ചറിഞ്ഞതോടെ വീണ്ടും ചികിത്സയിലായി.

കൃത്യം പത്ത് വര്‍ഷം മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ അക്രമാസക്തനായി ഉദിച്ചുയര്‍ന്ന ബാറ്റ്‌സ്മാന്റെ മടങ്ങി വരവാണ് കട്ടക്കില്‍ ഇന്നലെ നാം കണ്ടത്. വീരേന്ദര്‍ സെവാഗ് തന്റെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. 'ഇന്ന് ഇപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരെ മാത്രമല്ലേ പരാജയപ്പെടുത്തിയുള്ളൂ, ഈ മനുഷ്യന്‍ ക്യാന്‍സറിനെ എന്നേ അതിജീവിച്ചിരിക്കുന്നു. എല്ലാവര്‍ക്കും ഇയാളില്‍ നിന്നും പലതും പഠിക്കാനുണ്ട്'. അതേ അത് സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ 35 വയസ്സിന് ശേഷം സെഞ്ചുറി കുറിച്ചിരിക്കുന്ന ഒരേയൊരു താരം ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെന്നിരിക്കെയാണ് ഇന്നലെ ധോണിയും യുവരാജും ചേര്‍ന്ന് തങ്ങളുടെ പേരുകള്‍ കൂടി അതിലേക്ക് എഴുതി ചേര്‍ത്തിരിക്കുന്നത്. ക്യാപ്റ്റന്‍സിയുടെ ഭാരം ഒഴിഞ്ഞ ധോണിയില്‍ നിന്നും അത് അപ്രതീക്ഷിതമല്ലെങ്കില്‍ രോഗവും വിശ്രമവും ഫോമില്ലായ്മയും എല്ലാം മൂലം വര്‍ഷങ്ങളായി ടീമില്‍ ഇടംകണ്ടെത്താനാകാതിരുന്ന യുവിയില്‍ നിന്നും ഒരു അത്ഭുതമാണ് സംഭവിച്ചത്.

2013ന് ശേഷം യുവി കളിച്ച രണ്ടാമത്തെ ഏകദിനത്തില്‍ തന്നെ അദ്ദേഹത്തിന് സെഞ്ചുറി കണ്ടെത്താന്‍ സാധിച്ചുവെന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാകും. രണ്ടാമത്തെ ഏകദിനത്തില്‍ ആദ്യ ഇന്നിംഗ്‌സ് കളിച്ചപ്പോള്‍ അര്‍ദ്ധ സെഞ്ചുറി നേടിയ യുവിയെ നമുക്ക് ഓര്‍മ്മയുണ്ടല്ലോ. കരിയറിലെ തന്റെ മികച്ച ഇന്നിംഗ്‌സ് എന്ന് അദ്ദേഹം തന്നെ പറയുന്ന ഒരു ഇന്നിംഗ്‌സിലൂടെയാണ് ഇപ്പോഴത്തെ നേട്ടം. ഈ മത്സരത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ 150 ആക്കാനും യുവിക്ക് സാധിച്ചു. 2011ല്‍ ലോകകപ്പില്‍ നേടിയ സെഞ്ചുറിയ്ക്ക് ശേഷവും ക്യാന്‍സര്‍ രോഗമുക്തി നേടിയ ശേഷവും ആദ്യമായി യുവി നേടുന്ന സെഞ്ചുറിയും ഇന്നലത്തേതാണ്.

ക്യാന്‍സറില്‍ നിന്നും പൂര്‍ണ മുക്തി നേടിയ ശേഷം ഈ സീസണിലെ രഞ്ജി ക്രിക്കറ്റില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച യുവി 672 റണ്‍സ് എടുത്തു തന്നെ താന്‍ മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു. എന്നാല്‍ ട്വെന്റി20 ക്രിക്കറ്റില്‍ തിരിച്ചെത്തുകയും ഏഷ്യാകപ്പിലും ലോകകപ്പ് ട്വെന്റി20യിലും മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവരാജിന് സാധിച്ചില്ല. അല്ലെങ്കില്‍ യുവിക്ക് ഒരു അവസരം കൂടി നല്‍കാന്‍ ആരും തയ്യാറായില്ലെന്ന് പറയുന്നതാകും ശരി. ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായി വിരാട് കോഹ്ലി എത്തിയതോടെ കഥമാറി. കോഹ്ലിയാണ് യുവരാജിന് ഒരു അവസരം കൂടി നല്‍കണമെന്ന് സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. മധ്യനിരയില്‍ ധോണിയ്ക്ക് ഒറ്റയ്ക്ക് അമിത ഭാരം നല്‍കാനാകില്ലെന്നായിരുന്നു അദ്ദേഹം അതിന് പറഞ്ഞ ന്യായം.

പൂനെയില്‍ നടന്ന ആദ്യ ഏകദിനത്തിലും യുവരാജിന് അവസരം ലഭിച്ചെങ്കിലും കേവലം പതിനഞ്ച് റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. എന്നാല്‍ അത് പരിഹരിക്കുന്നതായിരുന്നു കട്ടക്കിലെ ഇന്നിംഗ്‌സ്. മൂന്ന് വിക്കറ്റ് തുടര്‍ച്ചയായി നഷ്ടപ്പെട്ട് പരുങ്ങി നില്‍ക്കുമ്പോള്‍ യുവി കാത്തു നിന്നത് യുവതാരം ജെയ്ക്ക് ബോളിന് വേണ്ടിയായിരുന്നു. അഞ്ചാം ഏകദിനം മാത്രം കളിക്കുന്ന ബോളിന്റെ പരിചയ സമ്പത്ത് ഇല്ലായ്മ യുവി ശരിക്കും മുതലെടുത്തു. ആദ്യ ഓവറില്‍ മൂന്ന് ഫോറുകളാണ് യുവി അടിച്ചു കൂട്ടിയത്. അതോടെ വന്‍ബാറ്റിംഗ് തകര്‍ച്ച ഭയന്ന ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായി. നാലാം വിക്കറ്റില്‍ ധോണിക്കൊപ്പം 256 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച് ഇന്ത്യയെ ഭദ്രമായ സ്‌കോറിലെത്തിക്കുകയും ചെയ്തു.

ആറ് വര്‍ഷത്തിന് ശേഷം യുവരാജ് ഒരു സെഞ്ചുറി നേടുമ്പോള്‍ അത് ഇന്ത്യന്‍ ടീമിന് മാത്രമല്ല ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും കൂടിയുള്ള സന്ദേശമാണ്. പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഓരോ മനുഷ്യര്‍ക്കും പ്രചോദനമാകുന്ന സന്ദേശം.

Next Story

Related Stories