TopTop
Begin typing your search above and press return to search.

ഐ എസ് എല്‍ കാണാന്‍ ഭംഗിയുള്ള ടൂര്‍ണമെന്‍റ്; അതുകൊണ്ട് ഫുട്ബോള്‍ രക്ഷപ്പെടില്ല- സി വി പാപ്പച്ചന്‍/അഭിമുഖം

ഐ എസ് എല്‍ കാണാന്‍ ഭംഗിയുള്ള ടൂര്‍ണമെന്‍റ്; അതുകൊണ്ട് ഫുട്ബോള്‍ രക്ഷപ്പെടില്ല- സി വി പാപ്പച്ചന്‍/അഭിമുഖം

സി വി പാപ്പച്ചന്‍/ജിഷ ജോര്‍ജ്ജ്

ഇരുപത്തഞ്ച്‌ വർഷങ്ങൾക്കിപ്പുറവും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന മത്സരമാണ് 1990 ലെ ഫെഡറേഷൻ കപ്പ്‌. ഐ ലീഗും ഐ എസ് എല്ലും ഒക്കെ അരങ്ങിലെത്തുന്നതിനു മുൻപ്‌ ഇന്ത്യൻ ഫുട്ബോളിലെ ചാമ്പ്യന്മാരെ നിർണ്ണയിച്ചിരുന്ന ഫെഡറേഷൻ കപ്പ്‌ നേടാൻ ഗോവ സാൽഗോക്കറിനെതിരെ കളത്തിലിറങ്ങിയ കേരള പോലിസ്‌ ടീം തൃശ്ശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തി. ഇന്ത്യൻ ഫുട്ബോളിലെ നമ്പര്‍ വണ്‍ കളിക്കാര്‍ ആയിരുന്ന ബ്രൂണൊ കുടിന്യൊ, സാവിയൊ മെഡെര, ഡെറിക്‌ പരേര എന്നിവരടങ്ങിയ സാൽഗോക്കർ ടീമിനെ 2-1 നു പരാജയപ്പെടുത്തി ഫെഡറേഷൻ കപ്പ്‌ ആദ്യമായി കേരള പോലീസ്‌ സ്വന്തമാക്കി. അന്ന് വിജയനും ഷറഫലിയും ചേർന്ന് ഒരുക്കികൊടുത്ത അവസരം ഗോൾ പോസ്റ്റിൽ എത്തിച്ച്‌ ചരിത്രം കുറിച്ചത്‌ തൃശ്ശൂരിന്റെ സ്വന്തം പാപ്പേട്ടൻ ആയിരുന്നു. പാപ്പച്ചനെയും വിജയനെയും ഒക്കെ കണ്ടെടുത്ത്‌ കേരള പോലീസിനു സ്വന്തമായി ഒരു ടീം ഉണ്ടാക്കാൻ അക്ഷീണം പരിശ്രമിച്ച പഴയ ഡി ജി പി എം കെ ജോസഫ്‌ അന്ന് വികാരാധീനനായി കണ്ണുനിറഞ്ഞാണ്‌ കപ്പുമായി വന്ന തന്റെ കുട്ടികളെ സ്വീകരിച്ചത്‌.

സി വി പാപ്പച്ചൻ പിന്നീട്‌ നിരവധി വിജയങ്ങള്‍ തന്റെ ടീമിനു സമ്മാനിച്ചു. കേരള പോലീസിനു വേണ്ടിയും എഫ് സി കൊച്ചിനു വേണ്ടിയും ജേഴ്സിയണിഞ്ഞ പാപ്പച്ചൻ എട്ടു തവണ സന്തോഷ്‌ ട്രോഫി ടൂർണ്ണമെന്റിലും രണ്ട്‌ തവണ ദേശീയ ഗെയിംസിലും നടത്തിയ മുന്നേറ്റങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. ഒടുവിൽ യൂണിഫോം അണിഞ്ഞ്‌ കളിക്കളത്തിൽ നിന്നും പിൻവാങ്ങിയ പാപ്പച്ചൻ ഒരു പുതിയ നിയോഗവുമായി കളിക്കളത്തിൽ വീണ്ടും എത്തുകയാണ്‌. കാലത്തിലും കളിയിലും വന്ന മാറ്റങ്ങൾക്കനുസരിച്ച്‌ പഴയ പോലീസ്‌ ടീമിനു ജീവൻ കൊടുക്കാനുള്ള പരിശീലകനായി.

ജിഷ ജോര്‍ജ്ജ്: താങ്കളോടൊപ്പം വിജയൻ, ഷറഫലി, തോബിയാസ്‌, കുരികേശ്‌ മാത്യു എന്നിവർ കളമൊഴിഞ്ഞതോടെ പ്രതാപം നഷ്ടപ്പെട്ട കേരള പോലീസ്‌ ടീം എതാണ്ട്‌ 2002 ഓടെ നിർജ്ജീവമായി. അങ്ങനെ ഒരു ടീമിനെ ഒരു ദശാബ്ധത്തിനിപ്പുറം പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തെ എങ്ങനെ കാണുന്നു?

സി വി പാപ്പച്ചന്‍: എന്നെ സംബന്ധിച്ചിടത്തോളം അഭിമാനവും സന്തോഷവും തരുന്ന ഒരു നിയോഗമാണിത്‌. ഞാൻ കൂടി ഭാഗമായിരുന്ന, ഒരു കാലത്ത് ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന, ഒരു ടീമിനെയാണ്‌ തിരിച്ചു കൊണ്ടുവരേണ്ടത്‌. അതുകൊണ്ട്‌ തന്നെ വളരെ സമർപ്പണവും ഉത്തരവാദിത്വും ഈ കാര്യത്തിൽ വേണം. ഞാൻ കളിച്ചു നേടിയ അനുഭവങ്ങളും കളിയിൽ കണ്ട്‌ മനസ്സിലാക്കിയ അറിവുകളും പരമാവധി പ്രയോജനപ്പെടുത്തി കേരള പോലീസിനെ ഒരു മികച്ച ടീം ആക്കി മാറ്റിയെടുക്കുക എന്നതാണ്‌ ഇപ്പോഴത്തെ ലക്ഷ്യം

ജിഷ: ടീമിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും ഇപ്പോൾ ലഭ്യമാകുന്നുണ്ടോ?

പാപ്പച്ചന്‍: സാമ്പത്തികമായ പ്രതിസന്ധികൾ ഇപ്പോൾ ടീമിനില്ല. പോലീസിൽ നിന്നുള്ള 17 പേരടക്കം 26 പേർ ഇപ്പോൾ ക്യാമ്പിലുണ്ട്‌. ഒൻപത്‌ പേരെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്‌. അവർ അധികം വൈകാതെ ക്യാമ്പിൽ എത്തും. തൃശ്ശൂർ പോലീസ്‌ അക്കാദമിയിലാണ്‌ ഇപ്പോൾ പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ അവിടെ ലഭ്യമാണ്‌. ആഴ്ചയിൽ അഞ്ചു ദിവസവും പരിശീലനം ഉണ്ട്‌. ജി.വി രാജ ട്രോഫിയും കേരള പ്രീമിയർ ലീഗും മുന്നിൽ കണ്ടാണ്‌ ഇപ്പോഴത്തെ പരിശീലനം.ജിഷ: കേരള പോലീസിനെ പോലെയുള്ള പ്രാദേശിക ഗവണ്‍മെന്‍റ് ഡിപ്പാർട്ട്‌മെന്റ്‌ ടീമുകൾ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്‌?

പാപ്പച്ചന്‍: കളിക്കാൻ ആവശ്യത്തിനു ടൂർണ്ണമെന്റുകൾ ഇല്ല എന്നതാണ്‌ ഇന്നത്തെ പ്രധാന പ്രശ്നം. വിക്ടേഴ്സ്‌ ട്രോഫി, ഡ്യുറന്റ്‌ കപ്പ്‌, ശ്രീനാരായണ ടൂർണ്ണമെന്റ്‌, മാമൻ മാപ്പിള ട്രോഫി എന്നിങ്ങനെ നിരവധി ടൂർണ്ണമെന്റുകൾ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്വർണ്ണ കപ്പ്‌ ആയിരുന്ന ചാക്കോള ട്രോഫിക്കു വേണ്ടിയൊക്കെ കൽക്കത്തയിലെയും ഗോവയിലെയും ഒക്കെ പ്രമുഖ ടീമുകൾ ഇവിടെ വന്ന് മത്സരിച്ചിരുന്നു. അവയൊക്കെ നമ്മുടെ ടീമുകൾക്കും കളിക്കാർക്കും ധാരാളം അവസരങ്ങൾ നൽകി. ഫെഡറേഷൻ കാപ്പിലും നാഗ്ജിയിലുമൊക്കെ കേരള പോലീസ്‌ കളിച്ചു.

എന്നാൽ കേരള പോലീസ്‌ പോലെയുള്ള ടീമുകൾ കാത്തിരുന്ന നാഗ്ജി തിരിച്ചുവരവിൽ ഞങ്ങൾക്ക്‌ തന്നത്‌ നിരാശയായിരുന്നു. വിദേശ ടീമുകൾക്ക്‌ പ്രധാന്യം നൽകിയ നടപടി പ്രദേശിക ടീമുകൾക്ക്‌ ദേശീയ തലത്തിൽ കളിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി. കൊൽക്കത്തയിൽ നിന്നും ഗോവയിൽ നിന്നും കേരളത്തിൽ നിന്നും ഉള്ള ടീമുകളെ ഒഴിവാക്കി ബ്രസീലിൽ നിന്നും അർജ്ജന്റീനയിൽ നിന്നുമുള്ള ടീമുകളെ കൊണ്ട്‌ വന്നത്‌ കാണികൾ സ്വീകരിച്ചില്ല. അതുകൊണ്ടാണ്‌ ആ ടൂർണ്ണമെന്റിനു വേണ്ടത്ര വിജയം നേടാൻ സാധിക്കാഞ്ഞത്.‌

ഇതേ നയങ്ങൾ തന്നെയാണ്‌ ഫെഡറേഷൻ കപ്പിലും ഐ ലീഗിലും ഇപ്പോൾ പിന്തുടരുന്നത്‌. ഐ ലീഗിന്റെ നിയമങ്ങളിൽ മാറ്റം വരുത്തിയതോടെ ഡിപ്പാര്‍ട്ട്മെന്റ്‌ ടീമുകൾക്ക്‌ മത്സരിക്കാൻ കഴിയാതെ ആയി. ഇവന്റ്‌ മാനേജ്‌മന്റ്‌ കമ്പനികളെ ഏൽപിച്ചാണ്‌ ഫെഡറേഷൻ കപ്പ്‌ നടത്തിയത്‌. അവർ മുന്നോട്ട്‌ വച്ച മാനദണ്ഡങ്ങൾക്ക്‌ പുറത്തായിരുന്നു നമ്മുടെ പ്രദേശിക ടീമുകൾ. ക്രിക്കറ്റു പോലെയുള്ള ഗെയിമുകളിൽ ഇവന്റ്‌ മാനേജ്മെന്റും ബിസിനസും ഒക്കെ ഉണ്ടെങ്കിലും അവയിലൊക്കെ നമ്മുടെ ടീമിനും കളിക്കാർക്കും അവസരം ഉണ്ട്‌. ഫുട്ബോളിൽ അത്‌ ഇല്ലാതെ ആവുന്നു എന്നതാണ്‌ പ്രധാന പ്രശ്നം.

ജിഷ: എഴുപതുകളിലും എൺപതുകളിലും ദേശീയ ഫുട്ബോൾ ടീമുകളെ കേരളത്തിലെ ജനങ്ങൾക്ക്‌ പരിചിതമായിരുന്നു. ഇന്ദർ സിംഗ്‌, മക്കൻ സിംഗ്‌ തുടങ്ങിയവരൊക്കെ അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു. പിന്നീട്‌ ക്രിക്കറ്റിനൊപ്പം മാർക്കറ്റ്‌ ചെയ്യപ്പെടാൻ കഴിയാഞ്ഞതു കൊണ്ടാണോ ഫുട്ബോളിന്റെ തിളക്കം നഷ്ടപ്പെട്ടത്‌?

പാപ്പച്ചന്‍: തീർച്ചയായും. മുൻപ്‌ പറഞ്ഞ പോലെ ടൂർണ്ണമെന്റുകൾ ധാരാളം ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അത്‌. ഇന്ത്യയിലെ പ്രമുഖ ടീമുകൾ ഒക്കെ ഇവിടെ വന്ന് കളിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ദേശീയ താരങ്ങൾക്ക്‌ ഇവിടെ ധാരാളം ആരാധകരും കാണികളും ഉണ്ടായി. ഫുട്ബോളിനെ ജനകീയമാക്കുന്നതിൽ അതൊക്കെ കാരണമായിട്ടുണ്ട്‌. പിന്നീട്‌ ടൂർണ്ണമെന്റുകൾ കുറഞ്ഞു. അതോടെ ദേശീയ ടീമുകൾ കേരളത്തിലേക്ക്‌ വരാതെ ആയി. 1983 ലെ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പ്‌ നമ്മൾ ടെലിവിഷനിലൂടെയാണ്‌ കണ്ടത്‌. പിന്നീട്‌ ക്രിക്കറ്റ്‌ മത്സരങ്ങളുടെ സ്പോൺസറിങ്ങും ടെലികാസ്റ്റിങ്ങും വലിയ ബിസ്സിനസ്‌ ആയി മാറി. മാർക്കറ്റിംഗ്‌ എന്നത്‌ ക്രിക്കറ്റിലെ ബിസിനസ്‌ സാധ്യത കൊണ്ട്‌ ഉണ്ടായതാണ്‌. അതിനോടൊപ്പം മത്സരിക്കാൻ ഫുട്ബോളിനു കഴിയാതെ പോയി.

ജിഷ: വിദേശ താരങ്ങളുമായി ഒരുമിച്ച്‌ കളിക്കേണ്ടി വരുമ്പോൾ നമ്മുടെ കളിക്കാരുടെ കായിക ക്ഷമത ഒരു പ്രശ്നമായി മാറാറുണ്ടോ?

പാപ്പച്ചന്‍: കളിയിലെ മികവ്‌ ഉയരത്തിനെ മാത്രം ആശ്രയിച്ചാണെന്ന് ഞാൻ കരുതുന്നില്ല. മറഡോണയെപ്പോലെയുള്ള ഫുട്ബോൾ ഇതിഹാസങ്ങൾ അതിനു തെളിവാണ്‌. എന്നാൽ വിദേശ കളിക്കാരുടെ കായികക്ഷമത നമ്മുടെ കളിക്കാരുടേതുമായി ചേർന്ന് പോവുന്നില്ല എന്നത്‌ ഒരു പരിധിവരെ സത്യമാണ്‌. എന്നാൽ വളരെ നേരത്തെ നൽകുന്ന പരിശീലനങ്ങളിലൂടെ നമ്മുടെ താരങ്ങളുടെ ശരീരിക ക്ഷമതയും ഉയർത്താവുന്നതാണ്‌.ജിഷ: ഐ എസ് എല്‍ വന്നതു കൊണ്ട്‌ ഇന്ത്യൻ ഫുട്ബോളിനു നേട്ടങ്ങൾ ഉണ്ടായതായി കരുതുന്നുണ്ടോ?

പാപ്പച്ചന്‍: ഇന്ത്യൻ ഫുട്ബോളിനു ഐ എസ് എല്‍ കൊണ്ട്‌ കാര്യമായ ഗുണങ്ങൾ ഉണ്ടായതായി ഞാൻ കരുതുന്നില്ല. പ്രദേശിക ഫുട്ബോൾ ടൂർണ്ണമെന്റുകൾ ഇല്ലാതായതിന്റെ കാരണവും ഐ എസ് എല്‍ അല്ല. ഐ എസ് എല്‍ കാണാൻ ഭംഗിയുള്ള ഒരു ടൂർണ്ണമെന്റ്‌ ആണ്‌. ഇന്ത്യയിലെ കളിക്കാർക്ക്‌ അതുവഴി വിദേശ പരിശീലനവും വിദേശ കളിക്കാർക്ക്‌ ഒപ്പം കളിക്കുന്നതിനുള്ള അവസരവും ലഭിച്ചു. പക്ഷെ ഇന്ത്യൻ ടീമിനു ഫിഫ റാങ്കിങ്ങിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല.

ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ മുന്നിൽ നിൽക്കുന്ന പ്യൂർട്ടോറിക്കയ്ക്ക്‌ എതിരെ ഇന്ത്യ നേടിയ വിജയം ഐ എസ് എല്ലിന്റെ സ്വാധീനമാണെന്ന് പലരും പറയുന്നുണ്ട്‌. അത്‌ ചിലപ്പോൾ ശരിയാവാം. പക്ഷെ ഒരു മത്സരത്തിൽ വിജയം നേടി എന്നതുകൊണ്ട്‌ ഒരു നിഗമനത്തിൽ എത്താൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. വിജയത്തിൽ സ്ഥിരത കൊണ്ടുവരാനും നമ്മുടെ കളിയുടെ നിലവാരം ഉയർത്താനും കഴിയുന്നുണ്ടോ എന്നാണ്‌ നോക്കേണ്ടത്‌.

എന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ഹോക്കിയിൽ നടപ്പാക്കിയ പോലെയുള്ള മാറ്റങ്ങളാണ്‌ ഫുട്ബോളിനും ആവശ്യം. ഫുട്ബോളിനെയും ടൂർണ്ണമെന്റുകളെയും പ്രചരിപ്പിക്കാൻ ബോളിവുഡ്‌ താരങ്ങളെയോ ക്രിക്കറ്റ്‌ കളിക്കരെയോ കൊണ്ടുവരേണ്ട കാര്യം ഇല്ല. ഫുട്ബോളിനെ കുറിച്ച്‌ പറയുമ്പോൾ ജനങ്ങൾ ഓർക്കേണ്ടത്‌ ഫുട്ബോൾ താരങ്ങളെയാണ്. ഐ എസ് എല്ലിനെയും ഐ ലീഗിനെയും ഒക്കെ പ്രമോട്ട്‌ ചെയ്യാൻ എത്രയോ സീനിയർ ഫുട്ബോൾ താരങ്ങൾ നമുക്ക്‌ ഉണ്ട്‌. എന്നാൽ സംഘാടകർക്ക്‌ അവരെ ഒന്നും താത്പര്യം ഇല്ല.

ജിഷ: പലപ്പോഴും സ്കൂളുകളിലും കോളേജിലും ഫുട്ബോൾ കളിച്ച്‌ വരുന്ന കുട്ടികൾ അതിനു ശേഷം ഒരു തുടർച്ച ഇല്ലാത്തതുകൊണ്ട്‌ കളിയിൽ നിന്ന് വിട്ടു പോവുന്നത്‌ പതിവാണ്‌. ഈ ഒരു അവസ്ഥയിൽ ഫൂട്ബോൾ അക്കാദമികളുടെ പ്രവർത്തനം എത്രത്തോളം ആശാവഹമാണ്‌?

പാപ്പച്ചന്‍: അക്കാദമികളുടെ പ്രവർത്തനം പ്രൊഫഷണലായി ഫുട്ബോളിനെ സമീപിക്കാൻ കുട്ടികളെ സഹായിക്കുന്നുണ്ട്‌. സ്ക്കൂൾ കോളേജ്‌ കാലഘട്ടത്തിനു ശേഷം വരുന്ന ആ വിടവ്‌ നികത്താനും സഹായകമാണ്‌. എന്നാൽ അക്കാദമികൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ആവശ്യത്തിനു കളി സ്ഥലങ്ങൾ ഇല്ലാത്തതും അന്താരാഷ്ട്ര പരിശീലനം ലഭിച്ച പരിശീലകർ ഇല്ലാത്തതുമാണ്‌. പ്രതിഭകളെ കണ്ടെത്തി അവർക്ക്‌ വേണ്ടി നിലവാരമുള്ള ബേസിക്‌ പരിശീലനം കൊടുത്തു തുടങ്ങണം. പടിപടിയായി അവരെ ഉയർന്ന തലത്തിൽ പരിശീലിപ്പിക്കുന്ന കോച്ചിന്റെ ശിക്ഷണത്തിലേക്ക്‌ മാറ്റണം. അത്‌ ഇവിടെ സംഭവിക്കുന്നില്ല എന്നത്‌ ഒരു ന്യൂനതയാണ്‌.

മാളുകളും ഷോപ്പിംഗ്‌ കോംപ്ലക്സുകളും ഉയർന്നപ്പോൾ നമുക്ക്‌ കളിസ്ഥങ്ങൾ നഷ്ടപ്പെട്ടു. ഫുട്ബോൾ ക്ലബുകൾക്കോ അക്കാദമികൾക്കോ സ്വന്തമായി ഗ്രൗണ്ട്‌ ഇല്ല. ലഭ്യമായ മൈതാനങ്ങൾ ഗവണ്മെന്റിന്റെയും മുൻസിപ്പാലിറ്റികളുടെയും കൈകളിലാണ്. അതുകൊണ്ട്‌ അവയുടെ സൗകര്യം എപ്പോഴും ഉപയോഗിക്കാൻ നമുക്ക്‌ കഴിയുന്നില്ല.ജിഷ: പാപ്പച്ചൻ - വിജയൻ കോമ്പിനേഷൻ പോലെ പ്രശസ്തമായതാണ്‌ വിജയൻ - ചീമ ഒക്കെരി കൂട്ടുകെട്ടും. ഐ എം വിജയനെ പോലെ കേരളത്തിനു പുറത്തെ ടീമുകളുടെ ഭാഗമാവാതെ ഇവിടെ തന്നെ ഒതുങ്ങിയത്‌ ഒരു നഷ്ടമായി തോന്നിയിട്ടുണ്ടോ?

പാപ്പച്ചന്‍: ആദ്യ കാലത്തൊക്കെ അതിൽ ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്‌. എന്നാൽ ഇന്നു നോക്കുമ്പോൾ ഇവിടെ തന്നെ നിന്നതുകൊണ്ട്‌ എന്റെ യൂണിഫോം കരിയറിനു പ്രയോജനങ്ങൾ ഉണ്ടായി എന്നാണ് തോന്നുന്നത്.

ജിഷ: ഫുട്ബോൾ ഒരു താളമാണ്‌ കാലുകൾ, കണ്ണുകൾ , മനസ്സ്‌ എന്നിവകൊണ്ട്‌ ചിട്ടപ്പെടുത്തുന്ന താളം. ആ താളം കൈകളിലേക്കും പടർന്നപ്പൊഴാണോ 2009 ആഗസ്റ്റിൽ തൃശുർ തേക്കിൻ കാട്‌ മൈതാനത്ത്‌ മേളക്കാരനായി പാപ്പച്ചന്റെ അരങ്ങേറ്റം ഉണ്ടായത്‌?

പാപ്പച്ചന്‍: ഞാൻ ജനിച്ചു വളർന്നത്‌ തൃശ്ശൂരാണ്‌. സ്വാഭാവികമായും പൂരവും മേളവും ഒക്കെ ജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു. അങ്ങനെ ഒരു താത്പര്യത്തിലാണ്‌ ചെണ്ട ഒരു ഗുരുവിന്റെ കീഴിൽ അഭ്യസിച്ചതും അരങ്ങേറ്റം നടത്തിയതും.

'Football is an easy game, but difficult to master' എന്നാണ്‌ പൊതുവെ പറയാറുള്ളത്‌. അതുകൊണ്ട്‌ തന്നെ ഫുട്ബോൾ കളിക്കാരനായും പരിശീലകനായും ഒരെ പോലെ തിളങ്ങിയവർ വിരളമാണ്‌. കേരള പോലീസിനെ അതിന്റെ സുവർണ്ണ കാലത്ത്‌ നയിച്ച പാപ്പച്ചൻ എന്ന പടക്കുതിര ഇന്ത്യയ്ക്‌ വേണ്ടി നെഹ്രു കപ്പ്‌, സാഫ്‌ കപ്പ്‌, ലോക കപ്പ്‌ എന്നിവയിൽ സ്ട്രൈക്കറായി കളിച്ച പാപ്പച്ചൻ തിരുവനന്തപുരത്ത്‌ നടന്ന നെഹ്രു കപ്പിൽ ഹംഗറിയ്ക്കെതിരെ ഗോൾ നേടിയിട്ടുണ്ട്‌. 1985 മുതൽ 1998 വരെ കേരള പോലീസിൽ കളിച്ച പാപ്പച്ചൻ ഇടയ്ക്ക്‌ F C കൊച്ചിന്‍ ടീമിന്റെ പരിശീലകനുമായി. മികച്ച ഫുട്ബോളർക്കുള്ള കേരള ഫുട്ബോൾ അസ്സോസിയഷൻ അവാർഡ്‌, സംസ്ഥാന സർക്കാർ അവാർഡ്‌, ജി.വി .രാജ അവാർഡ്‌, ജിമ്മി ജോർജ്ജ്‌ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഷബിർ അലി, പി കെ ബാനർജ്ജി, സയിദ്‌ നയിമുദ്ദീൻ എന്നിവരെ പോലെ പരിശീലകന്റെ റോളിലും തിളങ്ങാൻ പാപ്പച്ചനു സാധിക്കും എന്ന് പ്രതീക്ഷിക്കാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ജിഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories