TopTop

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വലിയതുറയെന്ന തീര ഗ്രാമത്തെ കൊല്ലുന്നതിങ്ങനെയാണ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വലിയതുറയെന്ന തീര ഗ്രാമത്തെ കൊല്ലുന്നതിങ്ങനെയാണ്
കാലവര്‍ഷം എത്തുന്നതിന് മുമ്പ് തന്നെ ഭീതിയുടെ നിഴലില്‍ കഴിയുകയാണ് തിരുവനന്തപുരത്തെ തീരദേശ വാസികള്‍. കഴിഞ്ഞ ദിവസം ഉണ്ടായ കടല്‍ ക്ഷോഭം ഇവരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കയാണ്. വലിയതുറ ഭാഗത്താണ് കടല്‍ക്ഷോഭം ശക്തമായതും കൂടുതല്‍ നാശനഷ്ടമുണ്ടായതും. ഈ പ്രദേശത്ത് ഏകദേശം 20 വീടുകളോളമാണ് തകര്‍ന്നത്. 9 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. വീട് നഷ്ടപ്പെട്ടവരെ സമീപത്തെ സ്‌കൂളുകളിലേക്ക് മാറ്റിയിരിക്കയാണ്. ബഡ്‌സ് യു.പി സ്‌കൂള്‍, വലിയതുറ ഗവ. യു.പി സ്‌കൂള്‍ എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് വീടു നഷ്ടപ്പെട്ടവരെ മാറ്റിയിരിക്കുന്നത്.

വലിയതുറ ഭാഗത്ത് മാത്രം ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ കാരണം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും, അശാസ്ത്രീയമായ പുലിമുട്ടുകളുടെയും നിര്‍മ്മാണമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇക്കാര്യം നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അഴിമുഖത്തോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തീരത്തുനിന്ന് അഞ്ച് നിരവരെ അകലെയുള്ള വീടുകളാണ് കഴിഞ്ഞ ദിവസത്തെ കടല്‍ക്ഷോഭത്തില്‍ നശിച്ചത്. ഈ നില തുടര്‍ന്നാല്‍, വിമാനത്താവളം വരെയുള്ള പ്രദേശത്തെ കടല്‍ക്ഷോഭം ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

കാലവര്‍ഷം ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയിലാണ് വലിയതുറ വാസികള്‍. വീട് നഷ്ടപ്പെട്ട മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ എത്രയും പെട്ടന്ന് പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും ഇല്ലെങ്കില്‍ അതിനായി തെരുവിലിറങ്ങുമെന്നും പ്രദേശത്തെ വനിതകള്‍ പറയുന്നു. മാറിമാറിവരുന്ന സര്‍ക്കാറുകള്‍ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവര്‍ക്കു പരാതിയുണ്ട്. എത്രയും പെട്ടന്ന് ഒരു കടല്‍ഭിത്തി എന്നതാണ് വലിയതുറയുടെ ആവശ്യം. കടല്‍ഭിത്തിയുണ്ടായിരുന്നെങ്കില്‍ ഇവിടെ ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരെ അധിവസിപ്പിച്ച ക്യാമ്പുകളുടെ അവസ്ഥ അതിലും ദയനീയമാണ്. ബഡ്സ് സ്‌കൂളിലെ ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങളോ, കുടിവെള്ളമോ ഭക്ഷണമോ പോലും ലഭിക്കുന്നില്ല. കടല്‍ക്ഷോഭത്തിന്റെ മുന്നറിയിപ്പു വന്നപ്പോള്‍ വന്നവരും, അതിനുമുന്‍പ് വീട് നഷ്ടപ്പെട്ടവരുമായി 50ഓളം പേരാണ് ഇവിടെയുള്ളത്. എന്നാല്‍ 50 പേര്‍ക്ക് താമസിക്കാന്‍ വേണ്ട സ്ഥലം ഇവിടെയില്ല. പഠിക്കുന്ന കുട്ടികള്‍ക്ക് അതിനായുള്ള സൗകര്യങ്ങളില്ല. ഇപ്പോള്‍ ഭക്ഷണത്തിനും മറ്റുമായുള്ള പണം ചെറിയ ജോലികള്‍ ചെയ്തും കടം വാങ്ങിയുമൊക്കെയാണ് ഇവര്‍ ഉണ്ടാക്കുന്നത്. മഴക്കാലമായാല്‍ ഇപ്പോഴുള്ള ജോലികള്‍ കൂടി നഷ്ടമായേക്കും.

രണ്ട് ദിവസമായി തിരയുടെ ശക്തി കുറഞ്ഞെങ്കിലും പലവീടുകളും തകര്‍ച്ചാ ഭീഷണിയില്‍ തന്നെയാണ്. ഒരായുസ്സിന്റെ സമ്പാദ്യം നശിച്ചതിന്റെ നിരാശയിലും ജീവന്‍ എപ്പോള്‍ വേണമെങ്കിലും കടലെടുത്തേക്കാമെന്ന ഭയത്തിലുമാണ് പ്രദേശവാസികള്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ നിറച്ച് വീടുകള്‍ക്കു പിന്നില്‍ നിരത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കളിമണ്ണിന്റെ മാലിന്യമാണ് ഇതിനായി ഉപയോഗിക്കുന്നത്.

അതേസമയം സംസ്ഥാനത്തെ ശക്തമായ കടലാക്രമണവും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും കണക്കിലെടുത്ത് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


Next Story

Related Stories