TopTop
Begin typing your search above and press return to search.

ഡി വിനയചന്ദ്രന്‍; ഒറ്റയാന്റെ പ്രണയ സഞ്ചാരങ്ങള്‍

ഡി വിനയചന്ദ്രന്‍; ഒറ്റയാന്റെ പ്രണയ സഞ്ചാരങ്ങള്‍

മലയാള കവിതയിലെ നടപ്പ് ശീലങ്ങളില്‍ നിന്നും രീതികളില്‍ നിന്നും വേറിട്ട് തന്‍റേതായ വഴിയിലൂടെ ഒറ്റയാനായി സഞ്ചരിച്ച അപൂര്‍വ്വം കവികളില്‍ ഒരാളാണ് ഡി വിനയചന്ദ്രന്‍. കവിതയെ ഉത്സവമാക്കി മാറ്റിയ കവി. പുല്ലിനെയും പൂവിനെയും പുസ്തകങ്ങളെയും കല്ലിനെയും മരങ്ങളെയും തൊപ്പികളെയും യാത്രകളെയും പ്രണയിച്ച ഒരാള്‍. അമ്മയില്ലാത്ത വീട് വീടല്ലെന്ന് ഉറക്കെ പറഞ്ഞു ഏത് ആള്‍ക്കൂട്ടത്തിലും ഏകാകിയായി അലഞ്ഞ കവി. യാത്രകളെ ഏറെ ഇഷ്ടപ്പെട്ട കവിക്ക് കവിതയും ഒരുതരം തീര്‍ഥാടനമായിരുന്നു. കുഞ്ഞനുണ്ണി എവിടെ പോയി എന്നു പാടിക്കൊണ്ട് കാടും മേടും കടന്ന് നാടായ നാടെല്ലാം പുറപ്പെട്ടുപോയ കുഞ്ഞനുണ്ണിയെ തിരഞ്ഞു നടന്നു ഈ കവി. കാലത്തോട് കലഹിച്ച് പുറപ്പെട്ടുപോയവന്‍, അവധൂതനെപ്പോലെ അലഞ്ഞവന്‍, പ്രകൃതിയും ജീവിതവും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞവന്‍, ഭൂമിയിലെ മനുഷ്യരുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും കൂട്ടുകാരന്‍, കവിതയില്‍ നിന്നു ജീവിതത്തെ വേര്‍പെടുത്താനാവാതെ അവസാനം വരെ കവിയായിത്തന്നെ ജീവിച്ച ഒരാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ ചേരും വിനയചന്ദ്രന്‍ എന്ന കവിക്ക്.

സാമ്പ്രദായികതയും ആധുനികതയും ആധുനികോത്തരതയും ഒരുപോലെ വഴങ്ങുന്ന കവിയായിരുന്നു വിനയചന്ദ്രന്‍. കുഞ്ഞനുണ്ണിയും കോലങ്ങളും തിരണ്ടുകല്യാണ തോറ്റവും കുന്തചേച്ചിയും യാത്രാപ്പാട്ടും തുടങ്ങി ലളിതമായ വൃത്തങ്ങളില്‍ കവിത എഴുതുമ്പോഴും പ്രളയ മാര്‍ക്കണ്ഡേയത്തിന്‍റെ സ്രഗ്ദ്ധര വരെ വിനയചന്ദ്രന്‍ കവിതയില്‍ അവലംബിച്ചിട്ടുണ്ട്. ‘കാടിന് ഞാനെന്ത് പേരിടും’ എന്നു ചോദിച്ച കവിതന്നെ കാടിന്നു ഞാനെന്‍റെ പേരിടും എന്ന ഗഹനമായ ഉത്തരവും കണ്ടെത്തുന്നുണ്ട്. വീട്ടു മുറ്റത്തെ കല്ലിന് പോലും ജീവനുണ്ടെന്ന് വിശ്വസിച്ച ജൈവികതയുടെ കവിയായിരുന്നു വിനയചന്ദ്രന്‍.

നിനക്ക് സ്വന്തമായ

ഒരു മുഖമുണ്ടെങ്കില്‍

കരയുകയും ചിരിക്കുകയും ചെയ്യുന്ന

മനുഷ്യന്റെ മുഖം കാണാന്‍

ഞാന്‍ നിനക്കൊരു കണ്ണാടി തരാം.

(കണ്ണാടി)

ഇവിടെ സ്വന്തം പ്രതിച്ഛായ മാറ്റാനുള്ള ഉപാധിയല്ല കവിക്ക് കണ്ണാടി. കവിതയുടെ കണ്ണാടിയില്‍ സമൂഹ്യാവസ്ഥയുടെ ആകുലതകളെയാണ് കവി പ്രതിഫലിപ്പിക്കുന്നത്.

മുഖ്യധാരയില്‍ നിന്ന് തെന്നിമാറി ഒരു വ്യവസ്ഥിതിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങാതെ സഞ്ചരിച്ച കവിതകളായിരുന്നു വിനയചന്ദ്രന്‍റേത്. ആ കവിതകള്‍ ചിലപ്പോഴൊക്കെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും കീഴാളന്‍റെയും ശബ്ദവും നാവുമായിരുന്നു. കറുപ്പിന്‍റെയും വെളുപ്പിന്‍റെയും വിവിധ ശ്രേണികളിലേക്ക് ലോകത്തെ വിഭജിച്ചു നിര്‍ത്തിയ അധികാര മൂല്യ വ്യവസ്ഥകള്‍ക്ക് എതിരെ അറുപതുകളിലും എഴുപതുകളിലും ലോകമെങ്ങും സംഭവിച്ച ഭാവുകത്വ പരിവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു വിനയചന്ദ്രന്‍ എന്ന കവിയും. അതിനു വേണ്ടി അനുഭവങ്ങളെ വാക്കുകളിലൂടെ കവി നിരന്തരം പുതുക്കിപ്പണിതുകൊണ്ടേയിരുന്നു. അകത്തേക്കും പുറത്തേക്കും ഒരേ സമയം തുറന്നടയുന്ന യാത്രകളുടെ ജീവചരിത്രവുമാകുന്നുണ്ട് ആ കവിതകള്‍. വെട്ടിയൊതുക്കിയ നഗര വീഥിയിലൂടെയുള്ള സഞ്ചാരമായിരുന്നില്ല അത്. മെരുങ്ങാത്ത നാട്ടു വഴികള്‍ തേടിയുള്ള യാത്രകളായിരുന്നു. കാതില്‍ അടക്കം പറയുന്ന പ്രണയമാകാനും കീഴാളന്‍റെ തുടിയായി ഉച്ചത്തിലുച്ചത്തില്‍ ലഹരി തിടംവെച്ച ഭ്രാന്താകാനും ഈ കവിതകള്‍ക്ക് കഴിഞ്ഞിരുന്നു.

“മണ്ണിന്‍റെ മനസ്സാണ് പ്രേമം. അത് ഭൂമിയുടെ ഒരു സ്വഭാവമാണ്. എല്ലാവര്‍ക്കും പാടാന്‍ ആഭിമുഖ്യം ഉണ്ടാവില്ല, പ്രണയവും സകലര്‍ക്കും ജന്മ സ്വഭാവം ആകണമെന്നില്ല. പ്രണയമെന്നതില്‍ ശരീരവും മനസ്സും ദിവ്യമാണ്. പാപം എന്നൊന്നില്ല, നല്ല കാമുകര്‍ ലോകത്തിലെ എക്കാലത്തെയും കാമുകരെ അഭിനന്ദിക്കും. സംഗമത്തിലും വിരഹത്തിലും സ്നേഹമുണ്ട്. ശരിക്കുള്ള പ്രണയത്തില്‍ നൈരാശ്യം ഇല്ല. ഒരു മുഹൂര്‍ത്തത്തിലെ പ്രണയവും ഒരുകോടി ജന്മങ്ങളിലും അവസാനിക്കാത്ത പ്രണയവും ഉണ്ട്. മൂര്‍ത്തമായ ആശ്ലേഷ ചുംബനാദികളെക്കാള്‍ ഗാഢമാകാം ചിലപ്പോള്‍ ആദര്‍ശ പ്രണയം. സ്വപ്ന വിശുദ്ധമായ പ്രേമം ദുഃഖവും മരണവും ആകും. ഭൂമിയുടെ യൌവനം നിലനിര്‍ത്തുന്നത് പ്രണയമാണ്."

മാതൃഭൂമി ബുക്സ് ഇറക്കിയ 'വിനയചന്ദ്രന്‍റെ പ്രണയ കവിതകള്‍' എന്ന സമാഹാരത്തിന്‍റെ ആമുഖത്തില്‍ കവി പ്രണയത്തെ കുറിച്ച് പറയുന്നതു എങ്ങനെയാണ്. എഴുപത്തിയഞ്ചോളം കവിതകളുള്ള ഈ സമാഹാരത്തിലെ ഓരോ കവിതകളും പ്രണയത്തിന്‍റെ വിവിധ ഭാവതലങ്ങളിക്ക് വായനക്കാരെ കൊണ്ടുപോകുന്നു. പ്രണയവും വിരഹവും രതിയും കാമവും കൈകോര്‍ക്കുന്നുണ്ട് ഈ കവിതകളില്‍. കവിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ തളിരിന്‍റെ ലാസ്യമായും ശിവ സംഹാര നടനമായും പ്രണയം മാറുന്നുണ്ട്. ഉടലിന്‍റെയും മനസ്സിന്‍റെയും ഉത്സവമാണ് പ്രണയം എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഇത്ര മനോഹരമായി പ്രണയ കവിതകള്‍ എഴുതിയ ഒരു കവി മലയാളത്തില്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.

ഈ നിശാസ്പന്ദനം നേര്‍ത്ത് നേര്‍ത്ത് വന്നുണരുന്ന

പൂനിരകളിലലിയുന്നു- ഹാ പുലര്‍ക്കാലം

പോവുകയാണല്ലോ ഞാന്‍, നീ വരുന്നുണ്ടോ കൂടെ-

പ്പോരുകിലൊരുമിച്ച് തുടങ്ങാം ഭിക്ഷാടനം’

ഇങ്ങനെ തുടങ്ങുന്ന ‘ക്ഷണം’ എന്ന കവിതയില്‍ പൂര്‍വ്വകാലത്തെ പ്രണയ കഥകള്‍ പറഞ്ഞു കൊണ്ട് ഒരുമിച്ചൊരു യാത്ര പോകാനാണ് കവി പ്രണയിനിയെ ക്ഷണിക്കുന്നത്. വഴിവക്കില്‍ പൂവുകളുതിര്‍ത്തു ഞാന്‍ നിന്‍ ചികുരത്തില്‍ ചാര്‍ത്താം, ഒരുമിച്ച് ഹൃദയതാളം കേള്‍ക്കാം, ഒരുമിച്ചുറങ്ങാം ഒരുമിച്ച് മടങ്ങാം എന്നൊക്കെയാണ് കവിയുടെ വാഗ്ദാനം.

തുറമുഖത്തില്‍

അവള്‍ ഒറ്റയ്ക്കല്ലായിരുന്നു

ഒരുപറ്റം യോദ്ധാക്കളെ ഇട്ടെറിഞ്ഞ്

അവള്‍ എന്‍റെ കൂടെ വന്നു

ഭൂര്‍ജവൃക്ഷങ്ങളുടെ പടര്‍പ്പില്‍

പുതിയ ചന്ദ്രന്‍ ഉദിച്ചു

വനദേവതകളും ജലദേവതകളും ക്രീഡ തുടങ്ങി

ഒരുപറ്റം ചെമ്മരിയാടുകളുടെ ഇടയില്‍ ഞങ്ങള്‍ കിടന്നു

ഭൂമി എന്താണെന്നും

പുരുഷന്‍ എന്താണെന്നും ഞാന്‍ അറിഞ്ഞു

(ഹെലന്‍റെ കൂടെ ഒരു ദിവസം)

ഒരു പറ്റം യോദ്ധാക്കളെ വിട്ടു തന്നോടൊപ്പം വന്ന ഹെലനില്‍ നിന്നു പുരുഷന്‍ എന്താണെന്നും ഭൂമി എന്താണെന്നും ഞാന്‍ അറിഞ്ഞു എന്നാണ് ഈ കവിതയില്‍ കവി പറയുന്നത്. സ്ത്രീയും പ്രകൃതിയും ഭൂമിയും ഇവിടെ ഒന്നാണ്. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്. ഒരു സ്ത്രീ ഇല്ലാതെ പുരുഷന് ഒരിയ്ക്കലും പുരുഷന്‍ എന്താണെന്ന് പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ല.

നീ ഉറങ്ങുന്നതിന്‍ മുമ്പ്

നിന്നെയോര്‍ത്ത് മയങ്ങി ഞാന്‍

നീ മരിക്കാതിരിക്കുവാന്‍

നിനക്കായ് മരിച്ചു ഞാന്‍

(നീ)

എല്ലായ്പ്പോഴും ഈ മരത്തിന്‍റെ

ചുവട്ടില്‍ തിരിച്ചെത്തുന്നു

എന്‍റെ പ്രേമത്തിന്‍റെ ഒരു വാക്കിന് വേണ്ടി

ഈ കുന്നു വീണ്ടും വീണ്ടും ചുറ്റി

ഈ മരത്തിന്‍റെ ചുവട്ടില്‍ തിരിച്ചെത്തുന്നു

(കുന്ന്)

മടിയിലിരിക്കുന്നു നീയെങ്കിലും നമ്മള്‍

മലകള്‍ക്കപ്പുറമുള്ള ഋതുക്കളാം

തളിര്‍ ചുവക്കുന്നൊരു ഗ്രീഷ്മ വനശാഖി

തരളനാം ഞാന്‍, നീ പൊഴിയും ഹിമ ഭീതി

(മിഥുനം)

അല്‍പ്പകാലമെ കണ്ടുള്ളൂവെങ്കിലും

സ്വല്‍പനേരമെ മിണ്ടിയുള്ളേങ്കിലും

കണ്ടുകണ്ടങ്ങിരിക്കാന്‍ കൊതിക്കുന്ന

മന്ദനാണ് ഞാന്‍ മണ്ടുന്നു നിന്‍മണം

(‘ഐ’ എന്ന പെണ്ണിന് ‘ഔ’ എന്ന ആണ്‍)

ഇതുപോലെ തീവ്രമായ പ്രണയത്തിന്‍റെ നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞ നിരവധി കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.

രണ്ടു മേഘങ്ങള്‍ പോലെ നമ്മളന്യോന്യം കണ്ടു

രണ്ടു കുഞ്ഞരുവിപോല്‍ നമ്മളൊന്നായ് ചേര്‍ന്നു

രണ്ടു കൈവഴികള്‍പോല്‍ നമ്മള്‍ വേര്‍പിരിഞ്ഞല്ലോ

കണ്ടതും കാണാതെ കണ്ടകലുന്നല്ലോ കാലം

(ആ ബന്ധത്തിന്‍റെ കഥ)

നിന്നെയോര്‍ക്കാതെ ഞാനെങ്ങനെ ജീവിക്കു-

മെന്നെയോര്‍ക്കാതെ നീയെങ്ങനെ ജീവിക്കു-

മെന്നിങ്ങനെ വിചാരപ്പെട്ട് നില്‍ക്കുമ്പോള്‍

നീയും പുതിയ സുഹൃത്തും തടിച്ചൊരു

നായുമതിനെ നയിക്കുന്ന ബോയിയും

ചിരിച്ചു രസിച്ചു കടന്നുപോയ്

നന്നുനന്നെന്നുള്ളില്‍ ഞാനും ചിരിച്ചു പോയി

(നിരാസം)

പ്രണയവും വിരഹവും പ്രണയ നിരാസങ്ങളും നിരാശയും കാത്തിരിപ്പും ഒക്കെ ആവിഷ്ക്കരിക്കുന്ന കവി ‘നീ പിരിഞ്ഞ ഓരോ ദിനവും ഈയാം പാറ്റയായി ഞാന്‍ ദഹിച്ചു. നീ എന്നെ ഓര്‍ത്തു കൊണ്ടിരുന്നതിനാല്‍ ഞാന്‍ ഒരേഴു ജന്മം കഴിഞ്ഞു ഓരോ ദിവസവും അസ്തമയ സന്ധ്യയില്‍ കടല്‍ത്തീരത്തെത്തി, നീ എന്‍റെ മടിയില്‍ ഇരുന്നാലും ഞാന്‍ നിന്‍റെ തുടകളില്‍ തലയണച്ചാലും ഭൂമിയുടെ വേഗം കുറയുന്നുണ്ട്. ഭൂമിക്ക് ഒരു പേരുണ്ടോ? പ്രണയത്തിനു ദേവതയുണ്ടോ, അനുഭൂതി സ്വയം പര്യാപ്തമാക്കുന്ന ആ കൊടുമുടി എവിടെയാണ്? ഇങ്ങനെ കുറെ ചോദ്യങ്ങളും ഉത്തരങ്ങളും കവി തന്നെ സ്വയം കണ്ടെത്തുന്നുണ്ട്.

ഞാനോ മറന്നതു നീയോ മറന്നതു

ഞാനായിരിക്കാം- മഴക്കാലമല്ലയോ,

കാടിന്നകത്തു മയങ്ങിക്കിടന്നു ഞാന്‍

ചൂടേറ്റുണര്‍ന്നു, കടുവയോ സിംഹമോ?

(മഴ പെയ്യുന്ന പുസ്തകം)

ഈ കവിതയില്‍ പ്രണയത്തോടുള്ള അല്ലെങ്കില്‍ പ്രണയിനിയോടുമുള്ള തന്‍റെ ഉത്തരവാദിത്വ രഹിതമായ പ്രവര്‍ത്തിയെ കുറിച്ച് സ്വയം വിമര്‍ശനം നടത്തുന്ന കവിയെ കാണാം.

എന്തിന് നിന്നോട് കള്ളം പറയണം

ഇല്ല നിന്നോടെനിക്കത്രയ്ക്കഗാധമായ്

എന്നെ മറന്നുള്ളോരിഷ്ടവും പ്രേമവും-

എന്ന് ‘നേര്‍ച്ചപ്പാവകള്‍’ എന്ന കവിതയില്‍ ഏറ്റുപറയുന്നുമുണ്ട്.

പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പ്രപഞ്ചം പിന്നേയും പിന്നേയും പരിഭ്രമിക്കുന്നു. നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി. കടലില്‍ നിന്നു കാട്ടിലേക്കും കല്‍പ്പനകളിലേക്കും വീശുന്ന കാറ്റായി ഓരോ കടലിലും അക്കരെയിക്കരെ എത്താതെ വാക്കില്‍ ഞാന്‍ മിഥുനങ്ങളായി എന്നും നിരാശനാകുന്ന കവി,

മറ്റൊരു ജന്‍മത്തിലായിരുന്നെങ്കില്‍

ഒരു പാനപ്പാട്ടിന്‍റെ ഈണമായി

മടിയില്‍ കണ്ണടച്ച് കിടന്നു

നിന്‍റെ മണം ഞാന്‍ കേട്ടേനെ

(ശരണ്യു)

എന്നു പ്രത്യാശിക്കുന്നതും കാണാം.

നേരമിങ്ങനെ പുലരി മണമാ

യെന്‍റെ കൂടെ നടന്നിടുമ്പോള്‍

നിന്നെ ഓര്‍ക്കും നിന്നെമാത്രം ഓര്‍ത്തുപോകും

എന്തുകൊണ്ട് പറഞ്ഞു കൂടാ

(എന്തുകൊണ്ട് പറഞ്ഞു കൂടാ)

എത്രമേല്‍ പ്രണയത്തോടെ പ്രണയിനിയെ ഓര്‍ക്കുന്ന കവി ഇവിടെ പറയാന്‍ ശ്രമിക്കുന്നത് പ്രണയം ഒളിച്ചു വെക്കേണ്ടതില്ല എന്നാണ്. അല്ലെങ്കില്‍ പ്രണയം എത്രമേല്‍ ഒളിച്ചു വെച്ചാലും അത് മറനീക്കി പുറത്തു വരും. ഞാന്‍ നിന്നെ ഓര്‍ക്കുന്നത് എന്തുകൊണ്ട് പറഞ്ഞുകൂടാ എന്നാണ് കവി ചോദിക്കുന്നത്.

‘ഇതൊക്കെ പറയുമ്പോള്‍ തന്നെ ‘അനുഭവം ഓര്‍മ്മ യാത്ര’ എന്ന പുസ്തകത്തിലെ പ്രണയ പരവശന്‍ എന്ന കുറിപ്പില്‍ ഇങ്ങനെ പറയുന്നുണ്ട്. ‘ശരിക്ക് പ്രണയിച്ചിട്ടുള്ളവര്‍ക്ക് പ്രണയത്തെ കുറിച്ച് വര്‍ത്തമാനം പറയാനോ എഴുതാനോ ആവില്ല. പ്രണയത്തിന്‍റെ നിറവുകളും കാതരതകളും സംഘര്‍ഷങ്ങളും പറഞ്ഞൊപ്പിക്കാന്‍ ആവില്ല. ചില പരിസരങ്ങള്‍, പുറമ്പോക്കുകള്‍, തൊട്ട് തലോടലുകള്‍ ഒക്കെയേ എഴുത്തില്‍ ഉണ്ടാവൂ’. എന്നും കവി പറയുന്നുണ്ട്.

മനുഷ്യ മനസ്സിലെ ഏറ്റവും തീവ്രവും വൈകാരികവുമായ വികാരങ്ങളില്‍ ഒന്നാണ് പ്രണയം. മലയാള കവിതയില്‍ ഇതിന് മുമ്പും പ്രണയവും വിരഹവും സന്ദേശവും കാമവും രതിയും ഒക്കെ വിഷയമായിട്ടുണ്ട്. എന്നാല്‍ വിനയചന്ദ്രന്‍ എന്ന കവി പ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ക്ക് ഉള്ളുര നല്‍കുന്നത് തികച്ചും വ്യത്യസ്തമായാണ്. മനുഷ്യ ജീവിതത്തില്‍ മറ്റെല്ലാം എന്ന പോലെ പ്രണയവും അനിവാര്യമാണ്. മനസ്സുകള്‍ തമ്മിലുള്ള തീവ്രമായ കാമവും ചിലപ്പോള്‍ ഉടലുകളുടെ ഉത്സവം കൂടെയാണ് പ്രണയം. അത് എല്ലാ പാപ ബോധത്തെയും എല്ലാ അതിരുകളെയും മാറ്റി നിര്‍ത്തുന്നു എന്നാണ് കവി പറയുന്നത്.

ആദ്യം ആരും ശ്രദ്ധിച്ചില്ല

എല്ലാവരും ഉണരുന്നതിന് മുമ്പ്

ഗ്രാമത്തിലെ കൊല്ലന്‍ അവന്‍റെ ഉലയില്‍ തീയൂതി

കവി പറയുന്നതുപോലെ മലയാള കവിതാ സാഹിത്യ ചരിത്രത്തില്‍ പുതിയ ഭാവുകത്വ നിര്‍മ്മിതികള്‍ തീര്‍ത്തിട്ടും നമുക്ക് ചുറ്റിലും ഉണ്ടായിരുന്നപ്പോഴൊന്നും ഈ കവിയെ അധികമാരും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. ശബ്ദ താളങ്ങള്‍ കൊണ്ട് കേട്ടു മറക്കാനുള്ള ചൊല്‍ക്കാഴ്ചകള്‍ മാത്രമാക്കി ആ കവിതകള്‍ നമ്മള്‍ ചുരുക്കിക്കളഞ്ഞിട്ടുണ്ട് പലപ്പോഴും. കവിത എഴുതുന്ന എല്ലാ കവികള്‍ക്കും കവിത അതുപോലെ അനുഭവിപ്പിക്കാന്‍ കഴിയണം എന്നില്ല. ചൊല്‍ക്കാഴ്ചകളിലൂടെ അങ്ങനെ കവിതയിലേക്ക് നമ്മളെ കൊണ്ട് പോയ കവികള്‍ വളരെ കുറച്ചേ നമുക്കുള്ളൂ. കടമ്മനിട്ടയും മധുസൂദനന്‍ നായരും, ബാലചന്ദ്രന്‍ ചുള്ളിക്കാടും, കുരീപ്പുഴയും അടങ്ങുന്ന അതിലൊരാളായിരുന്നു വിനയചന്ദ്രന്‍. ആത്മീയതയും പ്രകൃതിയും പ്രണയവും വിരഹവും രതിയും കീഴാളന്‍റെ ഉറച്ച ശബ്ദവും സ്ത്രീകളുടെ പതിഞ്ഞ ഒച്ചകളും കുട്ടികളുടെ നിലവിളികളും വിനയചന്ദ്രന്റെ കവിതകളില്‍ ഉണ്ട്. ഏത് കാലത്തെയും അതിജീവിച്ച് ആ കവിതകള്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക)


Next Story

Related Stories