TopTop
Begin typing your search above and press return to search.

ഗുല്‍ബര്‍ഗ റാഗിംഗ്; പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

ഗുല്‍ബര്‍ഗ റാഗിംഗ്; പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

അഴിമുഖം പ്രതിനിധി

പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായി അശ്വതിയുടെ അമ്മാവന്‍ ഭാസ്ക്കരന്‍. ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് നാട്ടിലേക്ക് അയച്ചത് അതുകൊണ്ടാണ്. ഇതിന് കോളേജ് അധികൃതരുടെ ഒത്താശയും ഉണ്ടായിട്ടുണ്ടെന്നും ഭാസ്‌കരന്‍ പറഞ്ഞു. ബന്ധുക്കളുടെ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ തന്നെയാണ് ബസവേശ്വര ആശുപത്രി സൂപ്രണ്ടും പ്രതികരിച്ചത്. അതോടെ കുട്ടിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേയ്ക്കയച്ചതെന്ന കോളേജ് അധികൃതരുടെ വാദം പൊളിയുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശം മറികടന്നാണ് കുട്ടിയെ ചികിത്സ പൂര്‍ത്തിയാക്കാതെ ഡിസ്ചാര്‍ജ്ജ് ചെയ്തതെന്ന് ബസവേശ്വര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശരണബസപ്പ ഹാരാവാള്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായതിനാല്‍ പൊലീസിന് കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് ഒന്‍പതിന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് വിധേയമാക്കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ച് നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയും നാട്ടിലേക്ക് പോകണമെന്നാണ് പറഞ്ഞത്. ഒടുക്കം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം മറികടന്നാണ് ഡിസ്ചാര്‍ജ്ജിന് അനുമതി നല്‍കിയതെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശരണബസപ്പ ഹാരാവാള്‍ പറഞ്ഞു. ബംഗളൂരു നഗരത്തില്‍ നിന്ന് 650 കിലോമീറ്റര്‍ ദൂരെയാണ് ഗുല്‍ബര്‍ഗ. ബെംഗളൂരുവിലേയ്ക്കും തുടര്‍ന്ന് നാട്ടിലേയ്ക്കും മണിക്കൂറുകള്‍ നീണ്ട യാത്രയാണ് അശ്വതിയുടെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം മോശമാക്കിയത്.

ഗുല്‍ബര്‍ഗില്‍ ക്രൂരമായ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ അവസ്ഥയില്‍ ഒരു മാറ്റവും വന്നിട്ടില്ല. വിദ്യാര്‍ത്ഥിനിയുടെ അന്നനാളത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചതിനാല്‍ ഇന്നലെ സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്‍ കൊണ്ടുപോയി എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. രാസലായിനി കടന്നുചെന്നതിനാല്‍ അന്നനാളത്തിലേക്കുള്ള കുഴല്‍ ചുരുങ്ങിപ്പോയിട്ടുണ്ട്. ഇതുവഴിഎന്‍ഡോസ്‌കോപ്പിയുടെ കുഴല്‍ കടത്താന്‍ കഴിയാത്തതാണ് പ്രശ്‌നം. എന്‍ഡോസ്‌കോപ്പി ചെയ്തശേഷമേ വിദഗ്ധ ചികിത്സയുടെ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാനാവൂ. ഇന്ന് വീണ്ടും ശ്രമിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അമ്മാവന്‍ ഭാസ്‌കരന്‍ പറഞ്ഞു.

ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബ് വഴി നല്‍കിയാണ് ഇപ്പോള്‍ അശ്വതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനിടെ കേരള പൊലീസിന്റെ എഫ്‌ഐആര്‍ കിട്ടിയതോടെ ഗുല്‍ബര്‍ഗിലെ റാസ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെളിവെടുപ്പിനായി അടുത്ത ദിവസം തന്നെ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമെന്നാണ് വിവരം. ഇന്നലെ രാവിലെ അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ സിപിഎം എംപി കെ.സോമപ്രസാദ് വിഷയം രാജ്യസഭയിലും ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിലും പെടുത്തുമെന്ന് പറഞ്ഞു.

ഗുല്‍ബര്‍ഗിലെ കോളജില്‍ ഇനി തുടര്‍പഠനം സാധ്യമല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പഠനത്തിന് സാഹചര്യമൊരുക്കണം. അതോടൊപ്പം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നഴ്‌സിംങ് കോളജില്‍ നിലവില്‍ അടച്ച തുക മടക്കികിട്ടാന്‍ സംവിധാനമുണ്ടാക്കണമെന്നും പട്ടികജാതി ക്ഷേമസമിതി അംഗംകൂടിയായ സോമപ്രസാദ് എം പി പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം നൂര്‍ബീന റഷീദും ആശുപത്രിയിലെത്തി കുട്ടിയെ കണ്ടു. വിഷയം അറിഞ്ഞപ്പോള്‍ തന്നെ കര്‍ണാടക വനിതാ കമ്മീഷനെ അറിയിച്ചെന്നും അവരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാവുമെന്ന് ഉറപ്പ് കിട്ടിയതായും നൂര്‍ബീന പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ.പി.സതീദേവിയും സംഘവും അശ്വതിയേയും രക്ഷിതാക്കളേയും സന്ദര്‍ശിച്ചു. അശ്വതിക്ക് നീതികിട്ടാനുള്ള എല്ലാ നിയമസഹായങ്ങളും സംഘടനയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പി സതീദേവി പറഞ്ഞു.


Next Story

Related Stories