TopTop
Begin typing your search above and press return to search.

മുഖ്യധാരയെ വെല്ലുവിളിക്കുന്ന ജനപ്രിയ ദളിത്ചരിത്ര രചന: ചില വീക്ഷണങ്ങള്‍

മുഖ്യധാരയെ വെല്ലുവിളിക്കുന്ന ജനപ്രിയ ദളിത്ചരിത്ര രചന: ചില വീക്ഷണങ്ങള്‍

വിനില്‍ പോള്‍

അടിച്ചമര്‍ത്തലിന് വിധേയമാകേണ്ടിവന്ന മുന്‍കാല അടിമ വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടുള്ള സാമൂഹ്യചരിത്ര രചനകള്‍ പുതിയ എഴുത്ത് മാതൃകകള്‍ക്ക് കാരണമായിട്ടുണ്ട്. അക്കാദമിക് മേഖലയുടെ പുറത്തുനിന്നും ഉയര്‍ന്നുവന്ന ജനപ്രിയ ദളിത് ചരിത്രരചനകള്‍ എല്ലാം തന്നെ സങ്കീര്‍ണമായ പശ്ചാത്തലങ്ങളില്‍ നിന്നും രൂപം കൊണ്ടവയാണ്. ഭൂതകാലത്തെ കുറിച്ചുള്ള അതൃപ്തിയെ രേഖപ്പെടുത്താനുള്ള ശ്രമങ്ങളായിരുന്നു ഈ ജനപ്രിയ രചനകള്‍ എല്ലാം തന്നെ മുന്നോട്ട് വച്ചത്. അതോടൊപ്പം തന്നെ ചരിത്രം എന്ന വിജ്ഞാനശാഖയിലെ വിവിധ ധാരകളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള എഴുത്തുമാതൃകയെ ഇവര്‍ പിന്തുടരുകയും ചെയ്തു. ഇതിന്റെ ഫലമായി അക്കാദമിക മേഖലയിലും സാമൂഹ്യമേഖലയിലും ഒരേ പോലെ സ്ഥാനം ലഭിച്ച ദളിത് എഴുത്തുകളും എഴുത്തുകാരും ഉണ്ട്. എന്നാല്‍ ഈ ജനപ്രിയ എഴുത്തുകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചരിത്രമെഴുത്തിന്റെ പല ശ്രേണികള്‍, അതായത് അടിയാള എഴുത്തുകാരില്‍ അടിയാളരാക്കപ്പെട്ടവരുടെ എഴുത്തുകള്‍ എന്ന ഒരു വിഭാഗം നമുക്ക് കാണാം സാധിക്കും. ഇത്തരത്തില്‍ കീഴേക്കിടയിലാക്കപ്പെട്ട എഴുത്തുകാരുടെ സംഭാവനകളെ പരിശോധിക്കുന്നതിനുള്ള ഒരു കുറിപ്പാണിത്.

ഇതില്‍ പറയുന്ന എഴുത്തുകാരെയും കൃതികളെയുമെല്ലാം സാമ്പ്രദായിക ചരിത്രകാരന്മാര്‍ ചരിത്രം എന്നാ വിജ്ഞാനശാഖയില്‍ ഉള്‍പ്പെടുത്താന്‍ മടിക്കുന്നതാണ്. എന്നാല്‍ എഴുത്തിലൂടെ അ/സംതൃപ്തി പ്രകടിപ്പിക്കുന്ന ഇവരുടെ ആഖ്യാനങ്ങളെയും രേഖപ്പെടുത്തലിനെയും വിട്ടുകളയാവുന്നതല്ല. പ്രശ്‌നങ്ങളെയും വിമര്‍ശനങ്ങളെയും പേറിക്കൊണ്ടുള്ള ഇവരുടെ എഴുത്തുകള്‍ അക്കാദമിക മേഖലയിലെ ദളിത് ചരിത്ര ഗവേഷണങ്ങള്‍ക്ക് ഊര്‍ജം നല്കുന്നുണ്ട്. ഭൂതകാല അനുഭവങ്ങളെ രേഖപ്പെടുത്തിയ ചില എഴുത്തുകളെ പരിചയപ്പെടുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ മുഖ്യലക്ഷ്യം. ദലിത് ചരിത്ര രചനാരീതിയിലേക്ക് പുതിയ ഉപദാനങ്ങളെയും സ്രോതസ്സുകളേയും ചൂണ്ടിക്കാണിക്കാനോ, മാര്‍ഗനിര്‍ദ്ദേശം നല്‍കാനോ ഈ എഴുത്തില്‍ ശ്രമിക്കുന്നില്ല.

പ്രാദേശിക ചരിത്രം / കുടുംബ ചരിത്രം / ബുക്‌ലെറ്റുകളും

ചരിത്രരചനയിലെ പുത്തന്‍ പ്രവണതകളുടെ ഫലമായി പ്രാദേശിക ചരിത്രരചന എന്ന സമ്പ്രദായം കേരളത്തില്‍ വളരെവേഗം പ്രചാരം നേടുകയുണ്ടായി. ഒരു പ്രദേശത്ത് നടന്ന പ്രക്രിയകളുടെയും ജനജീവിതത്തിന്റെയും രേഖയാണ്, അതിനെക്കുറിച്ചുള്ള ആഖ്യാനമാണ് പ്രാദേശിക ചരിത്രമെന്നത്. ചരിത്ര രീതിശാസ്ത്രത്തിന്റെയും, മറ്റ് സൈദ്ധാന്തിക പോരായ്മകളുടെയും അഭാവം പ്രാദേശിക ചരിത്രമെഴുത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും ചരിത്രകാരന്മാരുംകൂടി പ്രാദേശിക ചരിത്രമെഴുത്തുപദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചു. കേരളത്തിലെ പഞ്ചായത്തുകളുടെ പ്രാദേശിക, ഗ്രാമചരിത്രം ഉള്‍പ്പെടുന്ന ഒരു മനുഷ്യ-പ്രകൃതിവിഭവ രജിസ്റ്റര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഇത് വേഗം പ്രചാരത്തിലായി. എന്നാല്‍ ഇതിന്റെ ഫലമായി അച്ചടിച്ചിറങ്ങിയ പഞ്ചായത്ത് ചരിത്രങ്ങളില്‍ ദലിതരുടെ ചരിത്രമില്ലായ്മയാണ് കാണാന്‍ കഴിഞ്ഞത്. ദലിതരുടെ വാസസ്ഥലചരിത്രമോ, അടിമത്ത സ്മരണകളോ തുടങ്ങിയവയൊന്നും വേണ്ടവിധം രേഖപ്പെടുത്തിയിട്ടുമില്ല. പ്രാദേശിക ചരിത്രരചനയിലൂടെ ഒരു ദേശത്തിനെ തിരിച്ചറിയാനുള്ള ശ്രമത്തിനിടയില്‍ നിന്നും ദലിതരെ ഒഴിവാക്കി നിര്‍ത്തിയുള്ള വിശകലനമാണ് അരങ്ങേറിയത്. വരേണ്യവര്‍ഗത്തിന്റെയും, ദേശീയ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങളുടെ സ്രോതസുകളെയും മാത്രം വിശകലനം ചെയ്യുകയും, ദലിതര്‍ എന്ന വിഭാഗത്തിനെ ബഹുഭൂരിപക്ഷവും കണ്ടില്ല എന്നു നടിക്കുകയും ചെയ്തു. ദലിതരുടെ ആവാസ ഇടത്തിന്റെ ചരിത്രത്തെ മുഖ്യധാരാ ചരിത്രകാരന്മാര്‍ കാണാതെ പോകുകയാണുണ്ടായത്. ഇത്തരം സാഹചര്യത്തിലാണ് ദലിത് പ്രാദേശിക ചരിത്രരചനകള്‍ (സുവനീര്‍/സഭാചരിത്രം) പ്രസക്തമാക്കപ്പെടുന്നത്. കൊളോണിയല്‍ കാലഘട്ടത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ഭാഗമായും, നിര്‍ബന്ധിത കുടിയിരുത്തലിനു വഴങ്ങിയും ദലിതര്‍ക്ക് സ്ഥിരമായ ഒരു ആവാസ ഇടം ലഭ്യമാകുന്നുണ്ട്. അതോടൊപ്പം ഒളിച്ചോട്ടത്തിലൂടെയും കാടുകള്‍ വെട്ടിതെളിച്ചും ചതുപ്പ് നിലങ്ങള്‍ പൊക്കിയെടുത്തും മിഷണറിമാര്‍ കോളനികള്‍ ആരംഭിച്ചുമെല്ലാം ദലിതര്‍ക്ക് ആവാസ ഇടങ്ങള്‍ പല സ്ഥലങ്ങളിലായി തുറന്നു. അതേസമയം അതിന്റെ ഉടമസ്ഥതയെ സംബന്ധിച്ച പ്രശ്‌നങ്ങളും ഇവരോടൊപ്പം തന്നെ ഉണ്ടായിരുന്നു എന്നത് മറ്റൊരുവശം. പിന്നീട് അയ്യങ്കാളി, കെ.പി.വള്ളോന്‍ തുടങ്ങിയ ദലിത് നേതാക്കളുടെയും, അമര, ഇരവിപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പൊയ്കയില്‍ യോഹന്നാന്റെയും നേതൃത്വത്തില്‍ മറ്റൊരുതരം ദലിത് കോളനികള്‍ ആരംഭിച്ചു. കേരളത്തിലെ ഭൂരിപക്ഷം ദലിതര്‍ക്കും അവരുടെ ആവാസ ഇടത്തിന്റെ ചരിത്രം ഏതെങ്കിലും ജാതീയ വേര്‍തിരിവില്‍ നിന്നും രൂപം കൊണ്ടതായോ, പിടിച്ചടക്കിയതിന്റേയോ, മാറ്റി പാര്‍പ്പിച്ചതിന്റെയോ ചരിത്രമാണ് പറയുവാനുള്ളത്. ഇത്തരം ജാതീയ അനുഭവങ്ങളുടെ പറച്ചിലുകളെയാണ് ദലിതര്‍ അവരുടെ പ്രാദേശികമായ മതപ്രസ്ഥാനത്തിന്റെ ചരിത്രത്തിലൂടെ മുന്നോട്ടു വെയ്ക്കുന്നത്. ചരിത്രത്തില്‍ തങ്ങളുടെ സ്ഥാനം രേഖപ്പെടുത്തുന്നതിനായി ധാരാളം പ്രാദേശിക സഭകളുടെയും ആരാധനാലയങ്ങളുടെയും ചരിത്രങ്ങള്‍ അച്ചടിക്കപ്പെട്ടു. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആരംഭിച്ച ഏകീകൃത ജാതി/മത രൂപീകരണം എന്ന പ്രക്രിയ ഒരേ സമയം തന്നെ ധാരാളം ദലിത് നേതാക്കളെ ഉണ്ടാക്കിയെടുത്തു. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം മത-സാമൂഹ്യ പ്രസ്ഥാനങ്ങള്‍ പ്രാദേശികമേഖലയില്‍ കൂണുകള്‍പോലെ മുളച്ചുവന്നു. ഇവയുടെ ചരിത്രം രേഖപ്പെടുത്തേണ്ടത് ഇവരുടെ തന്നെ ഒരു ആവശ്യവുമായി മാറി.

ദലിത് ചരിത്രരചനയില്‍ തല്‍പരരായിരുന്ന ഒരു വിഭാഗം ഉയര്‍ന്നുവന്നു എന്നതാണ് പ്രാദേശികമേഖലയിലെ പ്രസ്ഥാനങ്ങളുടെ ചരിത്രമെഴുത്തുകൊണ്ട് ഉണ്ടായ പ്രധാന നേട്ടം. പ്രായമായവരില്‍ നിന്നും രേഖപ്പെടുത്തിയ ഈ വിവരങ്ങള്‍ എല്ലാം തന്നെ ചരിത്രരചനയില്‍ വിലപ്പെട്ടതാണ് എന്നതിനു മറുപക്ഷം ഇല്ല. ഇത്തരത്തില്‍ പ്രാദേശിക സഭകളുടെയും സംഭവങ്ങളുടെയും ചരിത്രം ഏറ്റവും അധികം അച്ചടിച്ചു വന്നത് പി.ആര്‍.ഡി.എസ്. പ്രസിദ്ധീകരണമായ ആദിയര്‍ദീപം മാസികയിലാണ്. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ പല ശാഖയുടെയും ചരിത്രം ഇന്നു പുസ്തകരൂപത്തില്‍ ലഭ്യമാണ്. ബേബി, ബാബുരാജന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ 'തിരുവിതാംകൂര്‍ പ്രത്യക്ഷ രക്ഷാദൈവസഭാ ചരിത്രം പൊയ്കയില്‍ യോഹന്നാനുശേഷം (1994)' എന്ന പുസ്തകത്തില്‍ ഏകദേശം പതിനാലോളം വ്യത്യസ്തമായ പി.ആര്‍.ഡി.എസിനെ അവതരിപ്പിക്കുന്നു. രക്ഷാസൈന്യത്തിന്റെ കേരളത്തിലെ നൂറ് വര്‍ഷ പ്രവര്‍ത്തനചരിത്രം എന്നത് പ്രാദേശികമേഖലയില്‍ നില്‍ക്കുന്ന ഓര്‍മ്മകളുടെയും, സംഭവങ്ങളുടെ രേഖപ്പെടുത്തലാണ് '(കേരള രക്ഷാസൈന്യചരിത്രം 1896-1996).' റ്റി.ഡി.മത്തായി തുണ്ടത്തില്‍ എഴുതിയ 'അടൂര്‍ മിഷനും, സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയും (2010)' എന്ന ഗ്രന്ഥം അടൂര്‍പ്രദേശത്തെ സഭാചരിത്രത്തിനെയും, സഭയുടെ നേതൃത്വത്തില്‍ ഉണ്ടായ വികസനപദ്ധതികളുടെ ചരിത്രത്തേയും രേഖപ്പെടുത്തിയിരിക്കുന്നു. ശ്രീലാല്‍ എസ്. കൈതവാരത്തിന്റെ ശ്രമഫലമായി 'പോരുവഴി, പെരുവിരുത്തിമലനടയുടെ ചരിത്രം (2009)' എന്ന പുസ്തകം ആചാരാനുഷ്ഠാനങ്ങളുടെ പ്രാദേശികമേഖലയിലെ ദലിത് ചരിത്രത്തെ അന്വേഷണവിധേയമാക്കുന്ന ഒന്നാണ്. സുരേഷ് തൂമ്പുങ്കല്‍ എഴുതിയ 'പൊയ്കയില്‍ ശ്രീകുമാര ഗുരുദേവനും വാകത്താനം ലഹളയും (2006)' എന്ന ലഘുചരിത്രഗ്രന്ഥം പി.ആര്‍.ഡി. എസ്. പ്രസ്ഥാനത്തിന്റെ വാകത്താനം ശാഖയുടെ അറിയപ്പെടാത്ത ചരിത്രത്തിനെ കാണിച്ചുതരുന്നു. സി.ഡി. തുമ്പോട് എഴുതിയ 'കോക്കോതമംഗലത്തിന്റെ ചരിത്രം അഥവാ കോതറാണിയും കോക്കോതമംഗലവും (2001)', സ്റ്റാന്‍ലി പാട്രിക് എഴുതിയ 'മലബാറിലെ ദളിത്-ദളിത് ക്രൈസ്തവ ചരിത്രവും വര്‍ത്തമാനവും (2014)' മുതലായ ധാരാളം പ്രാദേശിക ദലിത് ചരിത്രപുസ്തകങ്ങള്‍ നിലവിലുണ്ട്.

കേരളത്തിലെ അംഗീകൃത ചരിത്രങ്ങളില്‍ നിന്നൊഴിവാക്കപ്പെട്ട പല സംഭവങ്ങളെയും, നേതാക്കളെയും അവരുടെ ആശയങ്ങളെയും വെളിച്ചത്തുകൊണ്ടുവരുന്നതിന് ഇവര്‍ക്ക് സാധിച്ചു. അക്കാദമിക പാണ്ഡിത്യമോ, സൈദ്ധാന്തികതയോ ഒന്നും തന്നെ ഇല്ലാതെയാണ് ഇവയെല്ലാം അച്ചടിക്കപ്പെട്ടത്. ദലിത് ചരിത്രം എന്ന ഒരു ശാഖയുടെ നിര്‍മ്മാതാക്കളും, ശക്തികേന്ദ്രവും എന്നത് പ്രാദേശിക മേഖലയിലെ ചരിത്രങ്ങളെ പുറംലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന ഇത്തരത്തിലുള്ള ദലിത് ചരിത്ര രചയിതാക്കളാണ്. ഇവര്‍ ആരും തന്നെ പ്രശസ്തരോ, മുഖ്യധാരാ പബ്ലിഷര്‍മാര്‍ക്കുവേണ്ടി പുസ്തകരചന നടത്തുന്നവരോ അല്ല. ദലിതാവസ്ഥയുടെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും രൂപം കൊള്ളുന്നതാണ് ഇവരുടെ പുസ്തകങ്ങള്‍. കുഞ്ഞുകുട്ടി കൊഴുവനാല്‍ പോലുള്ള ദലിത് ചരിത്രകാരന്മാര്‍ ദലിത് ചരിത്രത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. 'ആനിക്കാട് ആദിമജനതയും ലഘുചരിത്രവും (2006)' എന്ന ഇദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ, തന്റെ നീണ്ട പന്ത്രണ്ടുവര്‍ഷത്തെ അദ്ധ്വാനത്തിന്റെ ഫലമായി 61-ഓളം ദലിത് കുടുംബചരിത്രങ്ങള്‍ കണ്ടെത്തുകയും, 'ഫാമിലി ട്രീ' ആയി രേഖപ്പെടുത്തുകയും ഉണ്ടായി. കുടുംബചരിത്രം എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ കുത്തകയായി കരുതിയിരുന്ന ഒന്നായിരുന്നു. അടിമത്തത്തില്‍ നിന്നും, ഒളിച്ചോട്ടത്തില്‍ നിന്നുമുള്ള കുടുംബചരിത്രങ്ങള്‍ എഴുതിക്കൊണ്ട് ദലിതര്‍ അവരുടെ കുടുംബചരിത്രത്തെ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയായിരുന്ന റ്റി.കെ. ജോസഫ് 'തെക്കേതില്‍ കുടുംബചരിത്രം' എന്ന പുസ്തകം തയ്യാറാക്കുകയുണ്ടായി. സഭാരജിസ്റ്ററിനെയും, മുതിര്‍ന്നവരോടുള്ള സംഭാഷണത്തിനെയും ഉപാദാനമാക്കിയാണ് തെക്കേതില്‍ കുടുംബചരിത്രം പൂര്‍ത്തിയാക്കപ്പെട്ടത്. വേട്ടമല ഫീലിപ്പോസ് ഉപദേശിയില്‍ നിന്നും ആരംഭിക്കുന്ന 'വേട്ടമല കുടുംബചരിത്രം' മറ്റൊരു പ്രധാന പുസ്തകമാണ്.

ദലിതരാല്‍ തന്നെ എഴുതപ്പെട്ടതും, അവര്‍ വലിച്ചു പുറത്തിട്ടതുമായ സാമൂഹ്യലോകത്തിന്റെ ആഖ്യാനങ്ങള്‍ എല്ലാം ദലിത് ചരിത്രത്തെ കൂടുതല്‍ വിശദവും, വ്യക്തതയോടും കൂടി മനസിലാക്കുന്നതിനു കാരണമായിട്ടുണ്ട്. ദലിതര്‍ സമൂഹത്തില്‍ നിന്നും നേരിട്ട പീഡനങ്ങളുടെയും, മര്‍ദ്ദനങ്ങളുടെയും ഇല്ലായ്മകളുടെയും കണ്ണീര്‍ കലര്‍ന്ന ആഖ്യാനങ്ങള്‍ ചരിത്ര ഉപദാനങ്ങളായി മാറുകയും, അവ മുഖ്യധാരാ ചരിത്രത്തിന്റെ വിമര്‍ശനമായും പുരകമായും നിലനില്‍ക്കുകയും ചെയ്യുന്നു. ദലിതരുടെ വ്യക്തിഗത അനുഭവങ്ങളെയും ഓര്‍മ്മകളെയും പുസ്തകരൂപത്തിലാക്കി ദലിത് ചരിത്രത്തെ പലരും പോഷിപ്പിച്ചിട്ടുണ്ട്. ശ്രീജിത്ത് പൈതലേന്‍ തയ്യാറാക്കിയ 'കല്ലേന്‍ പൊക്കുടന്‍: എന്റെ ജീവിതം (2010)' ആണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടത്. 'ഭൂമിയുടെ നിറം, ഇരുമ്പുകുഴി ശ്രീധരന്റെ ഓര്‍മ്മ അനുഭവം (2013)' എന്ന പുസ്തകം പി.ആര്‍.ഡി.എസ്. മുന്നോട്ടുവെയ്ക്കുന്ന ദലിത് ചരിത്രരചനാരീതിയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്ന ഒന്നാണ്. ബാബു കോടംവേലില്‍ എഡിറ്റുചെയ്ത 'കെ.എം. ചാക്കോ ദലിത് ക്രൈസ്തവ സ്വത്വാന്വേഷണത്തിന്റെ ദീപ്തമുഖം (2002)' എന്ന പുസ്തകവും ഓര്‍മ്മകളെയും, സ്മരണകളെയും അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ടതാണ്. ഒ.എം.തോമസ് മുട്ടത്തുപ്പാറ എഴുതിയ 'ഓര്‍മ്മയുടെ ചുരുളഴിയുമ്പോള്‍(2009)' മറ്റൊരു ശ്രദ്ധേയമായ കൃതിയാണ്. 'മറിയാമ്മ സ്റ്റീഫന്റെ ലഘുപ്രവര്‍ത്തനചരിത്രം (1997)' എന്നത് ദലിത് സ്ത്രീ സാന്നിധ്യം അറിയിക്കുന്ന ഒന്നാണ്.

എം.ബി മനോജും അനുരാജ് തിരുമേനിയും കൂടി തയ്യാറാക്കിയ 'തിരു.പി.ജെ സഭാരാജ് ഓര്‍മ, രാഷ്ട്രീയം, അടയാളം (2009)' എന്ന പുസ്തകം സഭാരാജിനെകുറിച്ചുള്ള ഓര്‍മ്മകളുടെ ശേഖരണമാണ്. അക്കാദമിക പശ്ചാത്തലമുള്ള ഇവര്‍ രണ്ട് പേരും ചരിത്രരചനയുടെ അടിസ്ഥാനമായ 'രേഖകളെ വിശകലനം' ചെയ്യാനോ, നേതാവിനെയും പ്രസ്ഥാനത്തിനെയും കൃത്യമായി വായനക്കാരോട് പറയാനോ ശ്രമിക്കാതെ വളരെ വേഗം അവതരിപ്പിച്ചു തീര്‍ക്കുന്ന രീതിയാണ് തുടര്‍ന്നത്. 'നല്ലവനും വിശ്വസ്തനുമായ ദൈവദാസന്‍-വട്ടപ്പാറ വി.എച്ച് ജോണാശാന്‍' എന്ന ലഘുഗ്രന്ഥം തയ്യാറാക്കിയ അച്ചാമ്മ ജോസഫ് എന്ന ദലിത് സ്ത്രീ സാന്നിധ്യം മാത്രമാണ് ഇത്തരം എഴുത്തു മേഖലയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ പരാമര്‍ശിച്ചതുകൂടാതെ ധാരാളം ദലിത് ഓര്‍മ്മകളുടെ വെളിപ്പെടുത്തലുകളും ഉണ്ട്.

ബുക്‌ലെറ്റുകള്‍ എന്ന രീതിയില്‍ ധാരാളം ദലിത് ചരിത്രരചനകള്‍ ജനങ്ങളുടെ കൈകളില്‍ എത്തിച്ചേരുന്നുണ്ട്. വളരെ വേഗം ആശയവിനിമയം നടത്തുന്ന ഒന്നാണ് ഈ ലഘുഗ്രന്ഥങ്ങള്‍. പൊതുപരിപാടികള്‍ നടക്കുമ്പോഴോ, മതപരമായ ഏതെങ്കിലും ചടങ്ങിലോ ആയിരിക്കും ഇവ പ്രത്യക്ഷപ്പെടുന്നത്. വില വളരെ കുറഞ്ഞതും. ഏതെങ്കിലും ചെറിയ ഒരു ആശയത്തെ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഇവ കച്ചവടത്തില്‍ മുന്‍പന്തിയിലാണ്. കൊട്ടാരക്കരയിലെ സിദ്ധി പബ്ലിഷേഴ്‌സ് ഇറക്കിയ പീറ്റര്‍ ജെ.മണവേലിയുടെ 'മഹാനായ എന്‍. സ്റ്റീഫനച്ചന്‍ (1998)', 'ദലിത് ക്രിസ്ത്യാനികള്‍ ചൂഷണത്തിന്റെയും വഞ്ചനയുടെയും ബലിയാടുകള്‍' എന്നിവ കൊട്ടാരക്കര മേഖലയില്‍ വളരെയധികം പ്രചരിക്കപ്പെട്ടവയായിരുന്നു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ നേതൃത്വത്തില്‍ ഇറക്കുന്ന 'ദിവ്യമാതാവ് ചരിത്രം / അനുഭവം (2010)', സനാതനകുമാര്‍ എഴുതിയ 'ലോകജനതയുടെ ഉയര്‍ച്ചയ്ക്കായൊരു സാമ്പത്തിക ശാസ്ത്രം ''ഒരുനുള്ളരിയും, ചില്ലിപൈസയും (2010)', വി.കെ. കുട്ടപ്പന്‍ എഴുതിയ, 'അംബേദ്കര്‍ക്കൊപ്പം ഇന്ത്യന്‍ ഭരണഘടനയില്‍ ഒപ്പുവെച്ച പുലയവനിത (2014)', കെടാവിളക്ക് പ്രസിദ്ധീകരിച്ച 'മിഷനറി ആഗമനത്തിന്റെ ദ്വിശതാബ്ദി വേളയില്‍ ഒരെത്തിനോട്ടം (2014)' മുതലായവ അനേകം കോപ്പികള്‍ വിറ്റഴിഞ്ഞ ലഘുചരിത്രഗ്രന്ഥങ്ങളാണ്. എണ്ണിയാല്‍ തീരാത്ത കണക്കിന് ബുക്ക്‌ലെറ്റുകള്‍ ദലിത് ചരിത്രമെന്ന പേരില്‍ ഇറങ്ങുന്നുണ്ട്. ഇത്തരത്തിലുള്ള ചെറിയ ശ്രമങ്ങളാണ് ചരിത്ര രചനയെ സമ്പന്നമാക്കുന്നത്.

ദേശീയ പ്രസ്ഥാനങ്ങളും ദലിത്ചരിത്രവും

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ദലിതരുടെ നിര്‍ണ്ണായക പങ്കിനെക്കുറിച്ചുള്ള എഴുത്തുകള്‍ വളരെ വേഗം അക്കാദമിക മേഖലയെ കീഴടക്കിയിരുന്നു. പ്രത്യേകിച്ച് ബദ്രി നാരായനെപ്പോലുള്ളവരുടെ പഠനങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ നടന്നിട്ടുള്ള ഭൂരിപക്ഷം ദേശീയസമരങ്ങളിലും ദലിതര്‍ അവരുടെ ധീരനായകന്മാരുടെ സാന്നിധ്യം അതിലെല്ലാം കണ്ടെത്തുകയും ഉണ്ടായി. ഉയര്‍ന്ന ജാതിക്കാരുടെ സ്ഥിരപ്രതിഷ്ഠയെ തള്ളിക്കളയുന്നതിനും ദലിതരുടെ ശബ്ദം കേള്‍പ്പിക്കുന്നതിനും ഈ ചരിത്രമെഴുത്തുകള്‍ക്ക് സാധിച്ചു. മുഖ്യധാരാ ചരിത്രത്തില്‍ ഇടം നല്‍കാത്ത ദലിത് നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കാനും തുടങ്ങി. ദേശീയ പ്രസ്ഥാനങ്ങളോടുള്ള വിമര്‍ശനം എന്ന നിലയില്‍ ദലിത് ചരിത്ര രചയിതാക്കള്‍ ഇതിനെ ഉപയോഗിച്ചു. കേരളത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നയിച്ച സമരങ്ങളിലും വൈക്കം സത്യാഗ്രഹം പോലുള്ള 'ദേശീയ സമര'ങ്ങളിലും ദലിത് സാന്നിധ്യമുണ്ടായിരുന്നു. മുഖ്യധാരാ ചരിത്രരചനകളുടെ പ്രതിപാദ്യ വിഷയങ്ങളില്‍ ദലിത് സാന്നിധ്യം കണ്ടെത്തുകയും സൃഷ്ടിക്കുകയും ചെയ്ത എഴുത്തുകാരനാണ് എന്‍.കെ. ജോസ് എന്ന ദലിത് ബന്ധു. 'വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക (2005)', 'ശിപായിലഹള ഒരു ദലിത് മുന്നേറ്റം (2003)', 'വൈക്കം സത്യാഗ്രഹത്തിലെ പുലയപങ്കാളിത്തം (1999)' 'വയലാര്‍-ദലിതര്‍ - പത്രോസ് (1997)' മുതലായ ഇദ്ദേഹത്തിന്റെ കൃതികള്‍ കേരളത്തിലെ സവര്‍ണ്ണ ചരിത്രരചയിതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. പുസ്തകങ്ങളുടെ അവതാരികയില്‍ തന്നെ വിമര്‍ശനവുമായാണ് എന്‍.കെ. ജോസിന്റെ പുസ്തകങ്ങള്‍ ഇറങ്ങുന്നത്. പുതിയ സ്രോതസുകളും ആശയലോകവും അവതരിപ്പിക്കുന്നില്ലെങ്കിലും ദേശീയ ഇടതുപക്ഷ ചരിത്രത്തിനു ബദലായി ഒരു ദലിത് ചരിത്രം ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. കെ.വി പത്രോസ് എന്ന ദലിതന്റെ കമ്മ്യൂണിസ്റ്റ് അനുഭവങ്ങള്‍ എഴുതി അറിയിക്കുവാന്‍ യദുകുലകുമാറും എന്‍.കെ ജോസും മാത്രമാണ് ധൈര്യം കാണിച്ചത്. രാജഗോപാല്‍ വാകത്താനം എഴുതിയ 'വൈക്കം സത്യാഗ്രഹം ഒരു ചതിയുടെ ചരിത്രം' മറ്റൊരു ശ്രദ്ധേയമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. പുലയനായ മേയിക്കാട്ടു അപ്പി എന്ന വൈക്കം ക്ഷേത്ര സമരത്തിന്റെ നായകനെ സംബന്ധിച്ചുള്ള ചെറിയ വിവരണങ്ങള്‍ ഒഴിച്ചാല്‍ മുഖ്യധാരാ ദേശീയ പ്രസ്ഥാനങ്ങളില്‍ ഒന്നും തന്നെ ദലിത് സാന്നിധ്യത്തിന്റെ ചരിത്രം ഇല്ലായ്മ അനുഭവിക്കുന്നതു കാണാം.

കീഴാള പഠനങ്ങളെ ദത്തെടുക്കുന്നു

കേരളത്തിലെ ചരിത്രരചനയുടെ അവികസിത സ്വഭാവത്തോടൊപ്പം കീഴാള പഠനങ്ങള്‍ പ്രതിനിധാനം ചെയ്ത ചരിത്ര രചനാശാസ്ത്രപരമായ ഇടപെടലുകള്‍ക്കൊത്തുയരാന്‍ കേരളത്തിലെ അക്കാദമിക് ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല (Mohan, 2011). കീഴാള പഠനപദ്ധതിയുടെയും അതു സൃഷ്ടിക്കാനുദ്ദേശിച്ച വിമര്‍ശനാത്മക രാഷ്ട്രീയ ഇടത്തിന്റെയും പൂര്‍ണമായ പ്രാധാന്യം ഗ്രഹിക്കാന്‍ കേരളത്തിലുണ്ടായ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. കേരളപഠനരംഗത്ത് ചില വിശകലനങ്ങളെയെങ്കിലും കീഴാളര്‍ സമീപനത്തില്‍ പെടുത്താറുണ്ട്. എന്നാല്‍, അവ പൊതുവെ പറഞ്ഞാല്‍, കീഴാളര്‍ സമീപനത്തിന്റെ ഉപാധികളനുസരിച്ച് ആ വിശേഷണം അര്‍ഹിക്കുന്നില്ല. കൂടാതെ ആ പഠനങ്ങള്‍ കൃത്യതയില്ലാത്തവയുമാണ് (Tharakan, 1992) അംബേദ്കര്‍, ഫുലെ, പെരിയോര്‍ മുതലായ ദലിത് നേതാക്കളെക്കുറിച്ച് നിശബ്ദരായിരുന്നവരും, ദലിതരുടെ ചരിത്രത്തില്‍ കൃത്യമായി ഗവേഷണം നടത്താതെ ഇരുന്നതുമായ കീഴാളപഠനങ്ങളെ കേരളത്തിലെ ദലിത് വിഭാഗം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന്റെ കീഴാള ചരിത്രത്തെക്കുറിച്ചു ചിന്തിക്കുന്നവര്‍ ദലിതരുടെ സാമൂഹ്യവും, മാനസികവുമായ അനുഭവലോകങ്ങള്‍ കണക്കിലെടുത്തുവേണം ഒരു വിമര്‍ശനാത്മക ചരിത്രവിജ്ഞാനം രൂപപ്പെടുത്തേണ്ടതെന്നു തുടക്കത്തിലെ തന്നെ ചില സാമൂഹ്യശാസ്ത്രജ്ഞര്‍ വാദിച്ചു (Tharakan 1992). എന്തുതന്നെയായാലും കേരളത്തിലെ ദലിത് ചരിത്രവും, കീഴാള പഠനങ്ങളും കൂടിക്കുഴയുകയും, ചില സാമൂഹ്യ പ്രസ്ഥാനങ്ങളും അവരുടെ ചരിത്രകാരന്മാരും ധാരാളം തെറ്റിദ്ധാരണകള്‍ എഴുതിക്കൂട്ടുകയും ഉണ്ടായി. അക്കാദമിക് മേഖലയില്‍ ദലിത് ചരിത്രരചന എന്നത് അന്നോളം നിലവിലുണ്ടായിരുന്ന ദേശീയ, മാര്‍ക്‌സിസ്റ്റ്, കീഴാള ചരിത്ര രചനാരീതികള്‍ക്ക് ബദലായി രൂപംകൊണ്ട ഒന്നായിരുന്നു.

ദലിത് ചരിത്രം എന്നത് പീഡനങ്ങളുടെയും, വ്രണിത ഓര്‍മ്മകളുടെയും പട്ടിക നിരത്തുന്നതല്ല; ഇത് വെറും പുലഭ്യം പറയുന്നതോ, ജാതി പറയുന്നതോ അല്ല. ഒഴിവാക്കലുകള്‍ നിറഞ്ഞ ചരിത്ര രചനാ പദ്ധതിയില്‍ ജാതി രൂപപ്പെടുത്തിയ സാമൂഹ്യാനുഭവങ്ങളെയും, ഭൂതകാലത്തെയും വിമര്‍ശനപരമായി എഴുത്തിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ദലിത് ചരിത്രം. ജാതിയും, ജാതീയ പീഡനവും കേരളത്തിലെ ദലിതരുടെ സാമൂഹ്യാനുഭവമാണ്. ഇതിനെ പറയാതെയും വിശകലനം ചെയ്യാതെയും ദലിത് ചരിത്ര രചന സാധ്യമല്ല. സവര്‍ണ്ണരുടെ ജാതീയ ചരിത്രത്തിന്റെ വെളിപ്പെടുത്തലുകള്‍ മാത്രം സ്വീകരിച്ച ചരിത്ര രചയിതാക്കള്‍ ദലിതരുടെ ജാതീയനുഭവങ്ങളെ സിദ്ധാന്തങ്ങളുടെ പേരു പറഞ്ഞു മരവിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ദേശീയ തലത്തില്‍ നടന്ന ദലിത് ചരിത്ര ചര്‍ച്ചകളുടെ ഫലമായി ഇന്ത്യയിലെ എല്ലായിടത്തും ദലിത് ചരിത്രം വളരെ വേഗം പ്രചരിപ്പിക്കപ്പെട്ടു. എല്ലാത്തരം അധീശചരിത്ര വ്യവഹാരങ്ങളെയും കീഴ്‌മേല്‍ മറിച്ചിടുന്നതായിരുന്നു ദലിത് ചരിത്രരചനാരീതി. കേരളത്തില്‍ ദലിത് പഠനങ്ങള്‍ എന്ന ആശയത്തെ മുന്നോട്ടുവെച്ചതില്‍ ടി.എം. യേശുദാസന്റെ 'ദലിത് പഠനങ്ങള്‍ക്കൊരു മുഖവുരയിലേക്ക് (1993)' എന്ന ലഘുഗ്രന്ഥത്തിന്റെ പങ്ക് വളരെ വലുതാണ്.

ഉപസംഹാരം

ദലിത്പക്ഷം പിടിച്ചുകൊണ്ടുള്ള ജനപ്രിയ എഴുത്തുകള്‍ മുഖ്യധാരാചരിത്രമെഴുത്തിലുണ്ടായ വിടവുകളെ നികത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെങ്കിലും ഇത് എഴുത്ത് മേഖലയെ സജീവമാക്കുകയുണ്ടായി. (വ്രണിത) ഓര്‍മ്മകളെയും, അനുഭവങ്ങളെയും എഴുത്ത് രൂപത്തിലാക്കിയ ഇവരാണ് എപ്പോഴും ചലനങ്ങള്‍ സൃഷ്ടിക്കുന്നത്. സാധാരണക്കാരയ ഇവരുടെ എഴുത്തുകളാണ് പുതിയസ്രോതസുകള്‍ തുറക്കുന്നത്. ഏറ്റവും അടിത്തട്ടില്‍ നിന്നും രൂപംകൊള്ളുന്ന ഇവരുടെ എഴുത്തുകളെ (തെറ്റ്, തെറ്റിദ്ധാരണകള്‍ ആരോപിച്ച്) കൂടുതല്‍ അന്വേഷണവിധേയമാക്കുന്ന ജോലിമാത്രമാണ് അക്കാദമികമേഖലയില്‍ നിന്നും ഉണ്ടാകുന്നത്. കീഴ്ത്തട്ടില്‍ രൂപംകൊണ്ട ഇവരുടെ എഴുത്തുകളെ വായിക്കാതെ ഒരിക്കലും ദലിത്ചരിത്രപഠനം സാധ്യമല്ല. ജനപ്രിയ ചരിത്രങ്ങളുടെയും, അക്കാദമിക ചരിത്രങ്ങളുടെയും ഒന്നു ചേര്‍ന്നുള്ള ഒരു തലത്തിലാണ് ദലിത് ചരിത്രം നിര്‍വ്വചിക്കപ്പെടുന്നത്. ഈ രണ്ട് വിഭാഗവും ഒരേസമയം തന്നെ ബദലായും, പൂരകമായും നിലനില്‍ക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എന്ത് വിമര്‍ശനം നേരിട്ടാലും ജനപ്രിയ ദലിത് ചരിത്രരചനകള്‍ കേരളാ സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും, ദിനംതോറും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കെ.കെ. ബാബുരാജിന്റെ മേല്‍നോട്ടത്തിലുള്ള 'ഉത്തരകാലം' വെബ്‌പോര്‍ട്ടല്‍ നവമാധ്യങ്ങളില്‍ ദലിത് പ്രാതിനിധ്യം അറിയിച്ചുകഴിഞ്ഞതാണ്. ഇത്തരത്തില്‍ ദലിത് ചരിത്രരചനാ പദ്ധതിയും, പുത്തന്‍ രൂപത്തിലാക്കപ്പെടുന്ന ദലിത് ചരിത്രഗ്രന്ഥങ്ങളും വികസന പാതയിലൂടെ തന്നെ മുഖ്യധാരാ ചരിത്രമെഴുത്തിനെ വെല്ലുവിളിയ്ക്കുന്നുണ്ട്.

റഫറന്‍സ്

സനല്‍ മോഹന്‍, കീഴാള പഠനങ്ങളും ദളിത് ചരിത്രവും, സമകാലിക മലയാളം, 25 മെയ് 2012

മൈക്കിള്‍ തരകന്‍, കേരള ചരിത്രത്തിനു ഒരു അടിയാളര്‍ വീക്ഷണം, ജയകേരളം, ഒക്ടോബര്‍ 1992

(എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന്‍ എം.ഫില്‍ ബിരുദധാരിയാണ് ലേഖകന്‍)

(ഗവേഷണം സാമൂഹ്യമാറ്റത്തിന് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച്കൊണ്ട് പ്രവർത്തിക്കുന്ന ഒരു പറ്റം സാമൂഹ്യശാസ്ത്ര ഗവേഷണ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഗവേഷകക്കൂട്ടം. ഗവേഷകർക്കിടയിൽ കൂടുതൽ സഹകരണത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ശ്രമങ്ങളാണ് ഈ കൂട്ടായ്മ നടത്തിവരുന്നത്. അതോടൊപ്പം തന്നെ ഗവേഷകർക്ക്‌ തങ്ങളുടെ അന്വേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന നിരീക്ഷണങ്ങൾ, കണ്ടെത്തലുകൾ, ആശയങ്ങൾ ഒക്കെ പൊതു സമൂഹവുമായി പങ്കുവെക്കാനുള്ള ഒരു വേദി ഉണ്ടാവേണ്ടതുണ്ട് എന്ന ആലോചനയുടെ കൂടി ഭാഗമാണ് ഈ കോളം.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories