TopTop
Begin typing your search above and press return to search.

വെളുപ്പില്‍ നിന്ന്‍ ഇരുട്ടിലേക്കുള്ള ചില തിരിഞ്ഞുനോട്ടങ്ങള്‍

വെളുപ്പില്‍ നിന്ന്‍ ഇരുട്ടിലേക്കുള്ള ചില തിരിഞ്ഞുനോട്ടങ്ങള്‍

അനന്‍ജന സി.


You are terrifying and strange and beautiful, something not everyone knows how to love- Warsan Shire


ഈ വരികള്‍ എനിക്കു പലപ്പോഴും എന്തെന്നില്ലാത്ത ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണതെന്നു ചിന്തിച്ചപ്പോഴെല്ലാം വാക്കുകള്‍ക്കതീതമായി, വാക്കുകളിലൂടെ അതെഴുതിയ വ്യക്തിയിലും അവരുടെ സാഹചര്യങ്ങളിലും എവിടെയൊക്കെയോ ഞാന്‍ എന്നെത്തന്നെയും ഞാന്‍ കടന്നു പോയ അവസരങ്ങളെയും കണ്ടു / കാണുന്നുവെന്ന് തോന്നിയിട്ടുണ്ട്.ഇരുണ്ട നിറം ശരീരത്തിനും മനസ്സിനും ഏല്‍പ്പിച്ചിരുന്ന ആത്മവിശ്വാസക്കുറവ് കുറച്ചൊന്നുമല്ല . വീട്ടിലും വളര്‍ന്നുവന്ന ചുറ്റുവട്ടങ്ങളില്‍നിന്നുമെല്ലാം തന്നെ കറുത്തിരിക്കുന്നത് 'കുറവാ'ണെന്ന് എന്റെ കുഞ്ഞു മനസ് വേഗം മനസ്സിലാക്കി. ഈ അപകര്‍ഷതാബോധവും പേറിയാണ് ഞാന്‍ പിന്നീടുള്ള ജീവിതത്തിന്റെ മുക്കാല്‍ പങ്കും ജീവിച്ചത്. തുടക്കത്തില്‍ 'കറുമ്പി' എന്നു വിളിച്ചു കളിയാക്കപ്പെട്ടപ്പോള്‍ കരഞ്ഞും വഴക്കുപിടിച്ചും; കൗമാരപ്രായത്തില്‍ രഹസ്യമായി കയ്യില്‍ കിട്ടിയ ക്രീമും ലോഷനുകളെല്ലാം വാരിപ്പുരട്ടി പരീക്ഷിച്ചും കണ്ണാടിക്കു മുന്‍പില്‍ മണിക്കൂറുകളോളം 'വെളുക്കാന്‍' എന്തു ചെയ്യാമെന്ന് ചിന്തിച്ചും തന്നെയാണ് ഞാന്‍ എന്റെ നല്ലൊരു പങ്കു സമയവും ചിലവഴിച്ചത്. പാടാനും ആടാനും മിടുക്കിയായിരുന്നിട്ടും സ്‌റ്റേജില്‍ കേറുമ്പോള്‍ പിന്‍ഭാഗത്തേയ്ക്കു ഞാന്‍ പറഞ്ഞയക്കപെട്ടു, ഒത്ത നടുക്ക് ഫോട്ടോയില്‍ ഇടം പിടിക്കാന്‍ എന്നും ഒരു വെളുത്ത സുന്ദരിയും. നന്നായി സംസാരിക്കാന്‍ കഴിവുണ്ടായിട്ടും ചീഫ് ഗസ്റ്റ് വരുമ്പോള്‍ പൂക്കള്‍ കൊടുത്തു ക്ഷണിക്കേണ്ടതിനാല്‍ വെളുത്ത നിറമുള്ള കുട്ടി എന്നും എനിക്കുപകരം സ്വാഗതപ്രസംഗം കാണാതെ പഠിച്ചു പറഞ്ഞു. ഓര്‍ത്തെടുക്കാന്‍ അനുഭവങ്ങള്‍ നിരവധി. എന്തിന്, മഞ്ഞളും പാലും അരച്ചുതേയ്ക്കാന്‍ ഉപദേശിച്ചുതന്ന അമ്മായിമാര്‍ വരെ നിരവധി. ഒന്നുമാത്രം സ്പഷ്ടമായിരുന്നു, ഞാന്‍ കറുത്തിരുന്നത് എന്റെ കഴിവുകേടുകൊണ്ടായിരുന്നു. അതിനെ മറികടക്കാന്‍ ആവുന്നതൊക്കെ ഞാന്‍ ചെയ്‌തേ ആവൂ.ചര്‍മ്മത്തിലെ കറുപ്പിനെ ആത്മവിശ്വാസത്തോടെ ചേര്‍ത്തുനിര്‍ത്തിയ ഒന്നോ രണ്ടോ പേരെ മാത്രമേ ഞാന്‍ എന്റെ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടുള്ളു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും തങ്ങളുടെ നിറത്തെ കുറിച്ചുള്ള അസുരക്ഷിതത്വം തികച്ചും ഏകാന്തമായ സന്ദര്‍ഭങ്ങളില്‍ മാത്രം വെളിയിലെടുത്തു വ്യസനപ്പെടുന്നവരും നിറത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയാനോ തിരിച്ചറിഞ്ഞാലും ചിന്തിക്കാനോ ചോദ്യം ചെയ്യാനോ തയാറാവാത്തവരാണ്. സ്വന്തം ഫോട്ടോ മാറി മാറി എഡിറ്റ് ചെയ്ത് കറുപ്പിന്റെ കറുപ്പിനെ വെളുപ്പിച്ചു 'പോസ്‌റ് ' ചെയ്യുന്നവര്‍.നിറവും നിറത്തിന്റെ നിഴലില്‍ വീണ്ടെടുക്കുന്ന സ്വത്വബോധത്തിന്റെ സ്വാധീനവും സമൂഹത്തില്‍ ചെറുതൊന്നുമല്ല. അത് നിറത്തെ കവിഞ്ഞ് ജാതിയിലും പൂണ്ടിരിക്കുന്നു കാലാകാലങ്ങളായി. ചുരുക്കിപ്പറഞ്ഞാല്‍ 'അവള്‍ /അവന്‍ മറ്റേതാ, കണ്ടാലറിഞ്ഞൂടേ' എന്ന കമന്റ് എന്റെ കാതുകളില്‍ വീണിട്ടുള്ളത് റയില്‍വേ സ്‌റ്റേഷനിലോ മാര്‍ക്കറ്റിലോ നിന്നല്ല; മറിച്ച് രാജ്യത്തെ തന്നെ വളരെ ഭേദപ്പെട്ടത് എന്നു കരുതുന്ന ഒരു യൂണിവേഴ്സിറ്റിയിലെ ക്ലാസ്സ് മുറിയില്‍ നിന്നാണ്.

വര്‍ഗീയതയ്ക്കും വംശീയ വെറിക്കും മനുഷ്യനോളം തന്നെ ആയുസ്സുണ്ട് നമ്മുടെ സമൂഹത്തില്‍. കാലം മാറുന്നതിനൊപ്പം മാറാതെ അല്ലെങ്കില്‍ മാറ്റാതെ നിലനിര്‍ത്തിയ ചട്ടങ്ങള്‍, കൂച്ചുവിലങ്ങുകള്‍. കറുത്തിരുക്കുന്നവര്‍ കീഴ് ജാതിക്കാരാണെന്നത് പൊതുബോധമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന്. കറുത്തിരിക്കുന്നവര്‍ തഴയപ്പെടുകയും ബോധപൂര്‍വം പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ടെങ്കില്‍, പിന്നോക്ക വിഭാഗത്തില്‍ നിന്നു വരുന്ന കറുപ്പു നിറമുള്ളവര്‍ ഇരുമടങ്ങ് പാര്‍ശ്വവത്ക്കരിക്കപ്പെടുന്നുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ ഖേദകരമായ വസ്തുത എന്തെന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നത് ജന്മസഹജമാണെന്ന കപടബോധവും നമ്മള്‍ ഇവിടെ സമന്വയിപ്പിക്കുന്നു. അതിനാല്‍ പരസ്യങ്ങള്‍ മുതല്‍ വിഹാഹ കച്ചവടങ്ങളില്‍ പോലും വെളുത്തവര്‍ക്കു മാര്‍ക്കറ്റും കറുത്തവര്‍ക്കു പോരായ്മകളും നമ്മള്‍ ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞു. വിവാഹമാര്‍ക്കറ്റില്‍ മൂല്യം കുറഞ്ഞതും വിപണന സാധ്യത ഏറെ ചുരുങ്ങിയ കമ്മോഡിറ്റിയാണ് കറുത്ത കീഴ് ജാതിക്കാരിയായ പെണ്‍കുട്ടി. ഫ്രാന്‍സ് ഫാനന്‍ ഒരിക്കല്‍ പറഞ്ഞു, 'It is the white man who creates the negro, but a negro who creates a negritude. എന്തിനു പറയുന്നു, കറുത്തിരിക്കുന്നവര്‍ക്ക് പുറമെ albinoism ബാധിച്ചവരെ പോലും ഇന്നു നമ്മള്‍ മനുഷ്യരായി കാണാന്‍ മടിക്കുന്നു. വെളുപ്പ് വിശുദ്ധിയുടെയും മേല്‍ക്കോയ്മയുടെയും നിറമായതെങ്ങനെ എന്നു മനസ്സിലാക്കിയാലും അംഗീകരിക്കാന്‍ നമ്മളെല്ലാം മടിക്കുന്നത് എന്തുകൊണ്ടാണ് ? ഇന്നും വെളുത്ത നായകന്മാര്‍ക്കും , നായികമാര്‍ക്കും വേണ്ടി എന്തിന് സിനിമകളും സീരിയലുകളും നിര്‍മിക്കപ്പെടുന്നു, കച്ചവടം ചെയ്യപ്പെടുന്നു. ഇരുട്ടിന്റെ മറവിലും എന്തിനു നമ്മള്‍ വെളുപ്പിനായി കേഴുന്നു, കൊതിക്കുന്നു?ജാതിയും ജാതിഭ്രഷ്ടും തൊട്ടുതീണ്ടായ്മയും ഒന്നും നമ്മളീ പറയപ്പെടുന്ന സാംസ്‌കാരിക അഭിവൃദ്ധിക്കൊപ്പം തുടച്ചു നീക്കപ്പെട്ടിട്ടില്ല. അവ നിലനില്‍ക്കേണ്ടത് യഥാര്‍ത്ഥത്തില്‍ വരേണ്യവര്‍ഗം ഭരിക്കുന്ന സമൂഹത്തിന്റെ ആവശ്യം തന്നെയാണ്. ചൂഷണം ചെയ്യപ്പെടാന്‍ ഒരു അധ:സ്ഥിത വര്‍ഗത്തെ സൃഷ്ടിച്ചില്ലെങ്കില്‍ എങ്ങനെയാണ് സ്വന്തം അസ്തിത്വം നാം സ്വംശീകരിക്കുന്നത്? അടിസ്ഥാനപരമായി ചൂഷണം ആണെല്ലോ 'മനുഷ്യാഭിവൃദ്ധി'യുടെ അതിജീവന തന്ത്രം!കറുപ്പിനെ മഹത്വവത്ക്കരിച്ചാല്‍ വെളുപ്പിന് മോടി കുറയും, മനുഷ്യനെ മനുഷ്യത്വത്തോടെ കാണാന്‍ ശ്രമിച്ചാല്‍ വാണിജ്യവിഷയകമായ ജീവിതരീതിയുടെ ചൂഷണം നടക്കാതെയാവും, വര്‍ഗാധിപത്യഭരണം അട്ടിമറിക്കപെടും, ആയതിനാല്‍ നിന്റെയുള്ളില്‍ നിന്നെക്കുറിച്ച് 'നീ' പോലുമറിയാതെ 'ഞങ്ങള്‍' ഒരു സ്വത്വബോധം വളര്‍ത്തിയെടുക്കും. നിന്റെ ശങ്കകളിലും അരക്ഷിതാവസ്ഥയിലും ഞങ്ങള്‍ അടിച്ചമര്‍ത്തലിന്റെ വിത്തുകള്‍ പാകും, നിന്നിലും നിന്റെ വരും തലമുറയിലും എന്നിലും എന്റെ വരുംതലമുറയിലും ഞങ്ങള്‍ അതു ചെയ്തു കൊണ്ടേയിരിക്കും; നീ വഴങ്ങിക്കൊണ്ടേയിരിക്കും.ഒരു ചോദ്യം മാത്രം ബാക്കി ഈ 'നീയും' 'ഞാനും' തമ്മിലുള്ള വ്യത്യാസമെത്രെ? അകലമെത്രെ?(മാധ്യമപ്രവര്‍ത്തകയാണ് അനന്‍ജന)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories