TopTop

ബി ജെ പിയുടെ ദളിത് വെല്ലുവിളി; ഉത്തര്‍പ്രദേശിന് മുമ്പേ ഗുജറാത്തിനെ കുരുക്കും

ബി ജെ പിയുടെ ദളിത് വെല്ലുവിളി; ഉത്തര്‍പ്രദേശിന് മുമ്പേ ഗുജറാത്തിനെ കുരുക്കും

ടീം അഴിമുഖം

ഇന്ത്യയില്‍ രാഷ്ട്രീയം ഏറെ സങ്കീര്‍ണമാണ്. അതിന്റെ വിചിത്രമായ ഉള്‍പ്പിരിവുകള്‍ അപ്രതീക്ഷിതമായ ദശാസന്ധികളില്‍ എത്തിച്ചേക്കാം. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ദളിതര്‍ ബി ജെ പിക്കെതിരെ അണിനിരക്കുന്നത് അത്തരമൊരു പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഏതാണ്ട് 20% ദളിതരുള്ള യു പിയില്‍ എന്തു സംഭവിക്കുമെന്ന് ഏറെക്കുറെ പ്രവചനീയമാണ്. പക്ഷേ ഗുജറാത്തില്‍ അങ്ങനെയല്ല.

നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടി ഒരു കൊല്ലം മാത്രം ശേഷിക്കെ ഉന നഗരത്തില്‍ നടന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവം ബി ജെ പിക്ക് വലിയ ദോഷം ചെയ്തിരിക്കുന്നു. ജൂലായ് 11-നു ഒരു പശുവിനെ കൊന്നു തൊലിയുരിച്ചു എന്നാരോപിച്ചു ഒരു ദളിത് കുടുംബത്തിലെ അംഗങ്ങളെ ഗോ രക്ഷ സേനക്ക് കൈമാറിയത് പ്രദേശത്തെ പൊലീസ് തന്നെയാണെന്നാണ് ആരോപണം. എന്നാല്‍ ഭൂമി പ്രശ്നമാണ് യഥാര്‍ത്ഥ കാരണമെന്ന വ്യാഖ്യാനവുമുണ്ട്. ഏതാണ്ട് 3 മണിക്കൂറോളം പരസ്യമായി നിര്‍ദ്ദയമായാണ് ഗോ രക്ഷ സേന പ്രവര്‍ത്തകര്‍ ഈ ദളിതരെ മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും ദളിത് സംഘടനകളുടെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ ഗുജറാത്തില്‍ ദളിത് പ്രതിഷേധം ബി ജെ പിയുടെ രാഷ്ട്രീയ ഭാഗ്യനിര്‍ഭാഗ്യങ്ങളെ ഏറെ സ്വാധീനിക്കും. 1960-ലെ ഗുജറാത്ത് സംസ്ഥാനം നിലവില്‍വന്നതിനുശേഷം 1990-കള്‍ വരെ ദളിതര്‍ കോണ്‍ഗ്രസിനായിരുന്നു പൊതുവേ വോട്ടുചെയ്തിരുന്നത്. കേശുഭായ് പട്ടേല്‍-ശങ്കര്‍ സിങ് വഗേല ദ്വയം കോണ്‍ഗ്രസിന്റെ ദളിത് (7%) മുസ്ലീം ശക്തികേന്ദ്രത്തെ (9%) പൊളിക്കുകയും ബി ജെ പിക്ക് നേട്ടമുണ്ടാക്കുകയും ചെയ്തു. 1998-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണമുള്ള 13 മണ്ഡലങ്ങളില്‍ 8ലും ബി ജെ പി വിജയിച്ചു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും (2002, 2007, 2012) ബി ജെ പി ഈ വിജയം യഥാക്രമം 9, 11, 10 എന്ന നിലയില്‍ ആവര്‍ത്തിച്ചു.സംസ്ഥാനത്തെ ജനസംഖ്യയുടെ 7% മാത്രം വരുന്ന ദളിതര്‍ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ല. പക്ഷേ സംവരണ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട പാടിദാര്‍ സമുദായം സംസ്ഥാനത്ത് 15% വരുമെന്നുകൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ ബി ജെ പി ആധിപത്യത്തിന് ചില അപകടങ്ങള്‍ കാണാവുന്നതാണ്. 2012-ലെ തെരഞ്ഞെടുപ്പില്‍ 35-ഓളം മണ്ഡലങ്ങളുടെ ഫലം 5000-ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് നിശ്ചയിക്കപ്പെട്ടത്. ഇതും 2017-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിധിനിര്‍ണായകമായ ഘടകമാകും.

നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് പോയതോടെ പാര്‍ട്ടിയെ ഒന്നിപ്പിക്കാവുന്ന നേതാവില്ലെന്നതാണ് ബി ജെ പി ഗുജറാത്തില്‍ നേരിടുന്ന വലിയൊരു പ്രശ്നം. സംസ്ഥാനത്ത് ഓരോ ദിവസവും ദളിതര്‍ക്കെതിരായ മൂന്നു അതിക്രമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് കണക്ക്. രണ്ടു ദിവസം കൂടുമ്പോള്‍ ഒരു ദളിത് ഗുജറാത്തില്‍ കൊല്ലപ്പെടുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ഉന സംഭവത്തിലെ ഇരകളെ സന്ദര്‍ശിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തില്‍ ഇത് വലിയ വിഷയമാകുമെന്ന് ഉറപ്പായിരിക്കുന്നു. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയുടെ ആത്മഹത്യ മുതല്‍ ഉന സംഭവം വരെ ബി ജെ പിയില്‍ നിന്നും ദളിതരുടെ അകല്‍ച്ച വ്യാപകമാകുന്നു എന്ന സൂചനകള്‍ ധാരാളമാണ്. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി ദളിതര്‍ ആത്മഹത്യ ചെയ്തു പ്രതിഷേധിക്കുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രവണത. പ്രതിസന്ധിയും പ്രതിഷേധവും പരിഹരിക്കാനുള്ള ബാധ്യത മോദിയുടെ നേതൃത്വത്തിനാണ്.


Next Story

Related Stories