അഴിമുഖം പ്രതിനിധി
ഗുജറാത്തില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഗോവധം ആരോപിച്ചാണു നാല് യുവാക്കളെ വിവസ്ത്രരാക്കി ഗോരക്ഷ സംഘ് പരസ്യമായി മര്‍ദ്ദിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലും സൗരാഷ്ട്രയിലും പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. തുടര്‍ന്ന് ഏഴു യുവാക്കളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരില്‍ ഒരാളാണ് മരിച്ചത്.
ഗോണ്ടല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ചത്ത പശുവിന്റെ ശവം ഇടുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങളാണ് പ്രതിഷേധക്കാര്‍ സ്വകരിക്കുന്നത്. സുരേന്ദ്രനഗറില്‍ 250ല്‍ അധികം ദളിതര്‍ സംഘടിക്കുകയും മൂ്ന്നു ട്രക്ക് ചത്ത പശുക്കളുടെ ശവം കളക്ട്രേറ്റ് വളപ്പില്‍ കൊണ്ടിടുകയുമായിരുന്നു.
ഗുജറാത്ത് സര്‍ക്കാര്‍ ദളിത് സമൂഹത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടെന്നും ഏറ്റവും മോശമായ അവസ്ഥയാണ് സംസ്ഥാനത്ത് ദളിത് സമൂഹത്തിനുള്ളതെന്നും ദളിത് അവകാശ പ്രവര്‍ത്തകനായ കിരിത് റാത്തോഡ് പറഞ്ഞു.
അക്രമാസക്തരായ പ്രതിഷേധക്കാര്‍ രാജ്കോട്ടിലും ജമന്നഗറിലുമായി രണ്ട് സര്‍ക്കാര്‍ ബസുകള്‍ കത്തിച്ചിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമറേലിയില് നടന്ന പ്രകടനത്തില്‍ പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ പങ്കജ് അമറേലിയയാണ് മരിച്ചത്. കുടാതെ നിരവധി പോലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അഹമ്മദാബാദില്‍ വാഹനത്തില്‍ കെട്ടിയിട്ട വിവസ്ത്രരാക്കിയ ശേഷം കമ്പുകളും പട്ടികയും ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ചത്ത മൃഗത്തിന്റെ തുകലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് യുവാക്കള്‍ പറയുന്നു. ഗുരുതരമായ പരുക്കുകളോടെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുനത്.