TopTop
Begin typing your search above and press return to search.

സിക്ക ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ട്

സിക്ക ലൈംഗികബന്ധത്തിലൂടെയും പകരുമെന്ന് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ട്

ലെന എച്ച് സണ്‍, ബ്രാഡി ഡെന്നിസ്, ആരിയാന ഉന്‍ജുങ് ചാ
(വാഷിങ്ടണ്‍ പോസ്റ്റ്)

വെനിസ്വേലയില്‍ സഞ്ചരിക്കുന്നതിനിടെ സിക്ക വൈറസ് ബാധിച്ച ഒരാളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടയാള്‍ക്ക് സിക്ക ബാധിച്ചതായി ഡാലസ് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

അമേരിക്കയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രോഗത്തിന് പുതിയ മാനം നല്‍കുന്നതാണ് ഈ വിവരം. ബ്രസീലില്‍ ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് തലച്ചോറിനു ക്ഷതം സംഭവിക്കാന്‍ കാരണം സിക്ക വൈറസാണെന്നാണ് കരുതുന്നത്.

യുഎസില്‍ ഡസന്‍ കണക്കിന് സിക്ക വൈറസ് ബാധ വേറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ അവയെല്ലാം സിക്ക ബാധിത രാജ്യങ്ങളില്‍ സഞ്ചരിച്ചവരിലാണ്. യുഎസിനു പുറത്തുപോകാതെ സിക്ക ബാധിച്ച ആദ്യ സംഭവമാണ് ചൊവ്വാഴ്ചത്തേത്.

പുതിയ വിവരത്തെത്തുടര്‍ന്ന് ഗര്‍ഭനിരോധന ഉറകള്‍ ധരിച്ച് രോഗാണുബാധ തടയണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

സിക്ക ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ 28 ദിവസമെങ്കിലും കഴിഞ്ഞേ രക്തദാനം നടത്താവൂ എന്ന് റെഡ് ക്രോസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. എങ്കിലും രക്തദാനം വഴി വൈറസ് പകരാനുള്ള സാധ്യത യുഎസില്‍ ഏറ്റവും കുറവാണെന്ന് സംഘടന അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാലസിലെ സംഭവം ആഴ്ചകളായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ആളുകളെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും വെനിസ്വേലയില്‍ യാത്രക്കിടെ കൊതുകില്‍നിന്നാണ് ആദ്യത്തെയാള്‍ക്ക് സിക്ക വൈറസ് ബാധിച്ചതെന്ന് അറിയിച്ചു. അമേരിക്കയിലെത്തിയശേഷം ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട രണ്ടാമത്തെയാള്‍ താമസിയാതെ സമാനമായ ലക്ഷണങ്ങളുമായി ഡോക്ടറെ സമീപിക്കുകയായിരുന്നു.

വിശദാംശങ്ങള്‍ അറിഞ്ഞ ഡോക്ടര്‍ സിക്ക പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് ഡാലസ് കൗണ്ടി മെഡിക്കല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ പെര്‍ക്കിന്‍സ് അറിയിച്ചു. ഈ സമയത്ത് ഡാലസില്‍ കൊതുകുകള്‍ വളരെ കുറവാണെന്നു കൂട്ടിച്ചേര്‍ത്ത പെര്‍ക്കിന്‍സ് രോഗാണുബാധ ലൈംഗികബന്ധം വഴിയാകാനാണു സാധ്യത എന്ന് ഉറപ്പിച്ചുപറഞ്ഞു.

രണ്ടാഴ്ച പരിശോധനയ്ക്കയച്ച രക്തസാമ്പിളില്‍ ഡെംഗ്, ചിക്കന്‍ ഗുനിയ തുടങ്ങി മറ്റൊരു വൈറസിനെയും കണ്ടെത്താനായില്ല. പിന്നീട് രണ്ടുപേരിലും സിക്ക വൈറസ് കണ്ടെത്തി.

ദമ്പതികളുടെ വീടിനടുത്തുനിന്ന് കൊതുകുകളെ പിടികൂടി പരിശോധിച്ചതിലും വൈറസ് പരത്തുന്ന ഇനത്തെ കാണാനായില്ല.30 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന സിക്ക വൈറസ് കൊതുകുകള്‍ വഴിയാണ് പകരുന്നതെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നത്. ലൈംഗികബന്ധം വഴി പകര്‍ന്നതായി ഒറ്റപ്പെട്ട റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ ഇങ്ങനെ അതിവേഗം പകരുന്നത് രോഗനിയന്ത്രണത്തിനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.

കൊതുകിന്റെ കടിയേല്‍ക്കാതെ സൂക്ഷിക്കുകയും ലൈംഗിക പങ്കാളികള്‍ ഗര്‍ഭനിരോധന ഉറകള്‍ ധരിക്കുകയും ചെയ്യണമെന്നാണ് സിഡിസിയുടെ ഇപ്പോഴത്തെ നിര്‍ദേശം.

'വൈറസ് എത്ര സമയത്തിനുള്ളില്‍ പകരുമെന്ന് ഇപ്പോള്‍ കൃത്യമായ അറിവില്ല. കൂടുതല്‍ വിവരം ലഭിക്കുന്നതനുസരിച്ച് വ്യക്തികള്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും,' എന്ന് സിഡിസി അറിയിച്ചു.

ഗര്‍ഭിണികളായ സ്ത്രീകളുടെ ലൈംഗിക പങ്കാളികള്‍ക്കുവേണ്ടി വരും ദിവസങ്ങളില്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നു സൂചനയുണ്ട്. വൈറസിനെപ്പറ്റി കൂടുതല്‍ അറിവു ലഭിക്കുന്നതുവരെ ഗര്‍ഭിണികളും കുഞ്ഞിനായി ശ്രമിക്കുന്നവരും സിക്ക ബാധിത രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്ന് സിഡിസി ആവശ്യപ്പെട്ടു. ഈ സ്ഥലങ്ങളില്‍ താമസിക്കുന്നവരും ഇവിടേക്കു യാത്ര ചെയ്യേണ്ടി വരുന്നവരുമായ ഗര്‍ഭിണികള്‍ ആദ്യം ഡോക്ടററുടെ അഭിപ്രായം തേടുകയും കൊതുകിന്റെ ആക്രമണത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും വേണം.

ഗര്‍ഭിണികള്‍ സിക്ക ബാധിതരുമായി ലൈംഗികബന്ധം പുലര്‍ത്തരുത്. കുഞ്ഞിനായി ശ്രമിക്കുന്നവര്‍ പങ്കാളിക്ക് അണുബാധയില്ലെന്ന് ഉറപ്പുവരുത്തണം. വൈറസിന്റെ വ്യാപനം സംബന്ധിച്ച് ഡാലസ് സംഭവം ആശങ്കയുളവാക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

'ലൈംഗികബന്ധത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു,' നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്തോണി ഫൗസി പറഞ്ഞു. ' തീര്‍ച്ചയായും ഇത് രോഗനിയന്ത്രണ നടപടികളെ മറ്റൊരു തലത്തിലെത്തിക്കുന്നു,' സിഡിസിയുടെ മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റി ഫൗസി പറഞ്ഞു.വൈറസ് എത്രകാലം പകരുമെന്നതിനെപ്പറ്റി അജ്ഞത നിലനില്‍ക്കുകയാണെന്ന് ഫൗസി സമ്മതിച്ചു. ' ഒരു ദിവസമോ ആഴ്ചയോ മാസമോ? അതോ എബോള പോലെ മാസങ്ങള്‍ തന്നെയോ? നമുക്ക് അറിയില്ല'.

സിക്ക വൈറസിന്റെ പുതിയ വ്യാപനരീതിയെത്തുടര്‍ന്ന് ജനങ്ങളില്‍ സുരക്ഷ സംബന്ധിച്ച അവബോധമുണ്ടാക്കാനുള്ള പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് ഡാലസ് ഡൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ സക്കാരി തോംപ്‌സണ്‍ അറിയിച്ചു. ' ലൈംഗികബന്ധം ഒഴിവാക്കുന്നില്ലെങ്കില്‍ ഏറ്റവും മികച്ച സുരക്ഷ ഗര്‍ഭനിരോധന ഉറകളാണ്.'

സിക്ക വൈറസ് ലൈംഗികബന്ധത്തിലൂടെ പകരാനുള്ള സാധ്യത 2008 മുതല്‍ ഗവേഷകരുടെ അനുമാനങ്ങളിലുള്ളതാണ്. അന്ന് സെനെഗലിലേക്കു യാത്ര ചെയ്ത ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനില്‍നിന്ന് ഭാര്യ സിക്ക ബാധിതയായിരുന്നു.

കൊളറാഡോയില്‍ തിരിച്ചെത്തി ദിവസങ്ങള്‍ക്കുശേഷം ശാസ്ത്രജ്ഞനില്‍ സിക്ക രോഗലക്ഷണങ്ങള്‍ കണ്ടു. സന്ധിവീക്കം, ഉടലില്‍ ചുവപ്പ്, കടുത്ത ക്ഷീണവും തലവേദനയും. പനിയുണ്ടായിരുന്നില്ല. രാജ്യത്തിനു പുറത്തുയാത്ര ചെയ്യാത്ത ഭാര്യയ്ക്കും ഇതേ ലക്ഷണങ്ങള്‍ കണ്ടു. രക്തപരിശോധനയില്‍ രണ്ടുപേര്‍ക്കും അണുബാധയുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ സെമനില്‍ വൈറസുണ്ടായിരുന്നോ എന്ന് അന്ന് പരിശോധിച്ചില്ല. സെമനോ മറ്റേതെങ്കിലും ശരീരദ്രവമോ രോഗം പകരാന്‍ കാരണമായിരിക്കുമെന്ന് ഊഹിക്കുകയായിരുന്നു. ദമ്പതികളുടെ കുട്ടികളിലാര്‍ക്കും രോഗബാധയുണ്ടായതുമില്ല.

താനാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞനെന്ന് ഗവേഷണപ്രബന്ധത്തിന്റെ മുഖ്യകര്‍ത്താവും കൊളറാഡോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഫ്രഫസറുമായ ബ്രയാന്‍ ഫോയ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

2013ല്‍ ഫ്രഞ്ച് പോളിനേഷ്യയിലെ ഡോക്ടര്‍മാര്‍ ഒരാളുടെ സെമനില്‍നിന്ന് സജീവമായി വിഭജിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ വേര്‍തിരിച്ചെടുത്ത് സിക്ക വൈറസ് ലൈംഗികമായി പകരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തി.

സിക്ക വൈറസും അത് നവജാതശിശുക്കളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും രാജ്യാന്തര ശ്രദ്ധ അര്‍ഹിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണെന്ന് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച പ്രഖ്യാപിച്ചു. മുന്‍പ് മൂന്നു തവണ മാത്രം സ്വീകരിച്ചിട്ടുള് ഈ നടപടി വൈറസിനെ നേരിടുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തികസഹായവും ആരോഗ്യപ്രവര്‍ത്തകരെയും ലഭിക്കാന്‍ സഹായിക്കും.

ഒരു രാജ്യാന്തര പകര്‍ച്ചവ്യാധിയുടെ നടുവില്‍ ഡാലസ് പെടുന്നത് ഇത് രണ്ടാം തവണയാണ്. 2014 സെപ്റ്റംബറില്‍ ഡാലസില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ തോമസ് എറിക് ഡങ്കന്‍ എന്ന ലൈബീരിയക്കാരനായിരുന്നു യുഎസിലെ ആദ്യ എബോള ബാധിതന്‍. ഡാലസിലെത്തി താമസിയാതെ രോഗബാധ സ്ഥിരീകരിച്ച ഡങ്കനെ ഡാലസിലെ ആശുപത്രി വിട്ടയച്ചെങ്കിലും പിന്നീട് വീണ്ടും അഡ്മിറ്റ് ചെയ്തു.

ഡങ്കന്‍ ഒക്ടോബറില്‍ മരിച്ചു. താമസിയാതെ ഡങ്കനെ പരിചരിച്ച രണ്ടു നഴ്‌സുമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവര്‍ പിന്നീട് സുഖം പ്രാപിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് ഡങ്കനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയെല്ലാം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് അന്ന് നെട്ടോട്ടം ഓടേണ്ടിവന്നിരുന്നു.


Next Story

Related Stories