TopTop
Begin typing your search above and press return to search.

ഡാനിസ് ടാനോവിക്ക്: യുദ്ധം കീറിമുറിച്ച ജീവിതങ്ങള്‍

ഡാനിസ് ടാനോവിക്ക്: യുദ്ധം കീറിമുറിച്ച ജീവിതങ്ങള്‍

നീതു ദാസ്

ബോസ്‌നിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ നോ മാന്‍സ് ലാന്റ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ഡാനിസ് ടാനോവിച്ച്. 2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥയും ഡാനിസ് ടാനോവിക്കിന്റെതാണ്. സാരെയ്‌വോ ആസ്ഥാനമാക്കി 2008ല്‍ രൂപീകരിച്ച 'അവര്‍ പാര്‍ട്ടി'യിലൂടെ ബോസ്‌നിയന്‍ രാഷ്ട്രീയത്തിലും ടാനോവിക്ക് പങ്കാളിയായി. നോ മാന്‍സ് ലാന്റ്, ദി ഹെല്‍, ഐസ് ഓഫ് വാര്‍, സര്‍ക്കസ് കൊളമ്പിയ എന്നീ ചിത്രങ്ങളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബോസ്‌നിയന്‍ നഗരമായ സെനീക്കയില്‍ 1969ലാണ് ഡാനിസ് ടാനോവിക്ക് ജനിച്ചത്. സാരെയ്‌വോയില്‍ വിദ്യാഭ്യാസകാലം ചെലവഴിച്ച ടാനോവിച്ച് സാരെയ്‌വോ സര്‍വകലാശാലയുടെ സംഗീത അക്കാദമിയില്‍ പിയാനിസ്റ്റായിരുന്നു. ബോസ്‌നിയന്‍ യുദ്ധത്തിന്റെ ഭാഗമായി 1992ല്‍ സാരെയ്‌വോ നഗരം പിടിച്ചടക്കപ്പെട്ടതോടെയാണ് ടാനോവിക്കിന്റെ തുടര്‍ പഠനം മുടങ്ങുന്നത്. ബോസ്‌നിയന്‍ സൈന്യത്തിന്റെ ദൗത്യങ്ങളില്‍ അവരെ പിന്തുടര്‍ന്ന സിനിമാസംഘത്തിന്റെ കൂടെ രണ്ടു വര്‍ഷത്തിലേറെ ഡാനിസ് പ്രവര്‍ത്തിച്ചു. ബോസ്‌നിയന്‍ യുദ്ധവും സാരെയ്‌വോ പിടിച്ചടക്കലുമായി ബന്ധപ്പെട്ട് ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിരവധി റിപ്പോര്‍ട്ടുകളിലും സിനിമകളിലും ഉപയോഗിച്ചിട്ടുണ്ട്. സംഘത്തില്‍ നിന്ന് പിരിഞ്ഞ ഡാനിസ് ബ്രസല്‍സില്‍ സിനിമാപഠനം തുടര്‍ന്നു. പഠനകാലഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കിയ ഡോക്യുമന്ററികള്‍ ഏറെ നിരുപക പ്രശംസ ലഭിച്ചു.നോ മാന്‍സ് ലാന്റ് ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2001ലെ കാന്‍ ഫെസ്റ്റിവലിലായിരുന്നു. ഫെസ്റ്റിവലില്‍ ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ചിത്രം നേടി. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കാറടക്കം 42 പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. അതോടെ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടൂതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളിലൊന്നായി നോമാന്‍സ് ലാന്റ് മാറി. 1993ലെ ബോസ്‌നിയന്‍ യുദ്ധത്തിനിടെ തര്‍ക്കബാധിത പ്രദേശത്ത് രണ്ട് സൈനികര്‍ അകപ്പെട്ടുപോവുന്നതാണ് ചിത്രത്തിന്‍റെ കേന്ദ്ര പ്രമേയം. കുഴിബോംബുള്ളിടത്ത് കിടന്നിരുന്ന മറ്റൊരു സൈനികന്‍ കൂടി അബോധാവസ്ഥയില്‍ നിന്ന് ഉണരുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഒരനക്കം പോലും പൊട്ടിത്തെറിയില്‍ അവസാനിക്കാമെന്ന അവസ്ഥയില്‍ നിന്ന് സൈനികരെ രക്ഷിക്കാനുള്ള യുണൈറ്റഡ് നാഷന്‍സിന്റെ ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കുഴിബോംബ് നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ദൗത്യത്തില്‍ നിന്ന് എല്ലാവരും പിന്മാറുന്നതോടെ സേറ എന്ന സൈനികന്‍ അവിടെ ഒറ്റക്കാവുകയാണ്.


നോ മാന്‍സ് ലാന്റ്

2005ല്‍ പൂര്‍ത്തിയാക്കിയ ദി ഹെല്‍ ടാനോവിക്കിന്റെ രണ്ടാമത്തെ ചിത്രമാണ്. അമ്മയെ മര്‍ദിച്ച ശേഷം ജനല്‍വഴി ചാടി അച്ഛന്‍ മരിക്കുന്നത് കാണേണ്ടി വന്ന മൂന്ന് സഹോദരിമാരുടെ കഥയാണ് ദി ഹെല്‍. 2009ല്‍ പുറത്തിറങ്ങിയ ഐസ് ഓഫ് വാര്‍, യുദ്ധം മനുഷ്യമനസുകളിലുണ്ടാക്കുന്ന മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുര്‍ദിസ്താനില്‍ യുദ്ധ ഫോട്ടോഗ്രാഫര്‍മാരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങള്‍. 2010ല്‍ പുറത്തിറങ്ങിയ സര്‍ക്കസ് കൊളംബിയ മികച്ച വിദേശ ചിത്രത്തിനായുളള ഓസ്‌കറിന് ബോസ്‌നിയയില്‍ നിന്ന് മത്സരിച്ച ചിത്രമായിരുന്നു. 1990കളിലെ ബോസ്‌നിയയുടെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍, 20 വര്‍ഷത്തെ ജര്‍മന്‍ വാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഒരാളാണ് കേന്ദ്ര കഥാപാത്രം.


സര്‍ക്കസ് കൊളംബിയ

2013ല്‍ പുറത്തിറങ്ങിയ ആന്‍ എപിസോഡ് ഇന്‍ ദി ലൈഫ് ഓഫ് ആന്‍ അയേണ്‍ പിക്കര്‍ 63ാമത് ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫെസ്റ്റിവലില്‍ ഗ്രാന്റ് പിക്‌സ് പുരസ്‌കാരവും ചിത്രം നേടി. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥപറയുന്ന ടൈഗറാണ് ഏറ്റവും പുതിയ ചിത്രം. ബോളിവുഡിലെ പ്രശസ്ത അഭിനേതാക്കളായ ഇമ്രാന്‍ ഹാഷ്മിയും ഗീതാഞ്ജലി ഥാപ്പയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ദി ഹെല്‍

സാരെയ്‌വോ സര്‍വകലാശാല 2011ല്‍ ടാനോവിക്കിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. കുടുംബവുമായി സാരെയ്‌വോയില്‍ താമസിക്കുന്ന ഡാനിസ് ടാനോവിക്ക് അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിലെ പ്രൊഫസറാണ്.


Next Story

Related Stories