TopTop
Begin typing your search above and press return to search.

തോറ്റവരുടേതല്ല ചരിത്രമെങ്കില്‍ Land of Mine അതിനൊരപവാദമാണ്

തോറ്റവരുടേതല്ല ചരിത്രമെങ്കില്‍ Land of Mine അതിനൊരപവാദമാണ്

രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള സിനിമകളില്‍ ഭൂരിഭാഗവും വിജയിച്ചവരുടെ കാഴ്ചപ്പാടിനേയും വീക്ഷണത്തേയും ആശയത്തേയും പിന്തുണയ്ക്കുകയും പിന്തുടരുകയും പ്രതിഫലിപ്പിക്കുന്നവയുമാണ്. ജയിച്ചവന്റെ ഭാഗത്തേയ്ക്ക് മാത്രം ചായുന്ന മരമാണല്ലോ ചരിത്രം. അതിനാല്‍ സിനിമയ്ക്കും അങ്ങനെയാവാതെ തരമില്ല. യുദ്ധത്തില്‍ സഖ്യകക്ഷികളുടെ സൈന്യം നേരിട്ട രൂക്ഷ പോരാട്ടങ്ങളുടെ ഭീകരതയും തീവ്രതയും വിവരിയ്ക്കുന്ന Enemy at the Gates, Bridge on River Kwai, Saving private Ryan പോലുള്ള ചലച്ചിത്രങ്ങളും, ജൂതവേട്ടയുടേയും ജൂതനരകത്തിന്റെ പ്രതീകമായ Auschwitz-ലെ യാതനകളേയും വരച്ച് കാട്ടിയ, Life is Beautiful, Sunshine, Son of Saul തുടങ്ങിയവയും Come and See പോലുള്ള റഷ്യന്‍ സിനിമകളുമെല്ലാം സഖ്യകക്ഷികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുന്നവയാണ്.


പരാജിതന്റെ പക്ഷത്ത് നിന്നുള്ള ചലച്ചിത്രങ്ങള്‍ കുറവാണ്. അങ്ങനെ സൃഷ്ടിക്കപ്പെട്ടവയിലെ ഭൂരിഭാഗവും അവരുടെ രാഷ്ട്രീയത്തേയും നിലപാടുകളേയും ന്യായീകരിയ്ക്കുന്ന സമൂഹത്തിന്റെ കഥ പറയാതെ, മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അപൂര്‍വ്വം ജര്‍മ്മന്‍ പട്ടാളക്കാരുടെയോ സാധാരണക്കാരുടേയോ കഥകളാണ് പറഞ്ഞത്. മറ്റൊരര്‍ത്ഥത്തില്‍, തിന്മയുടെ ഭാഗത്ത് നിലകൊള്ളുന്നവരാണ് തങ്ങളെന്നറിയുന്ന, അതിനാല്‍ത്തന്നെ ശത്രുപക്ഷത്തുള്ളവരാണെങ്കിലും അവരെ രക്ഷിയ്‌ക്കേണ്ടതുണ്ടെന്ന തിരിച്ചറിവുള്ള ചില മനുഷ്യസ്‌നേഹികളായ ജര്‍മ്മന്‍കാരുടെ കഥകള്‍. 'The Pianist-ലെ ജര്‍മ്മന്‍ ഓഫീസര്‍ Schindler’s List-ലെ നാസി പാര്‍ട്ടി അംഗമായ Oskar Schindler, 'The Reader-ലെ Kate Winslet അവതരിപ്പിച്ച ട്രാം കണ്ടക്ടര്‍ എന്നിവരെപ്പോലെ അപൂര്‍വ്വം ചിലര്‍. അതിനാല്‍ ഇവയെല്ലാം നാസി ജര്‍മ്മന്‍ പരിപ്രേക്ഷ്യത്തെക്കാളുപരിയായി പ്രതിനിധീകരിയ്ക്കുന്നത് നന്മ, സ്‌നേഹം, ഭൂതദയ എന്നീ വികാരങ്ങളേയും അതിനുടമകളായ മനുഷ്യരേയുമാണ്.


Land of Mine എന്ന ഡാനിഷ് ചിത്രം രണ്ട് പക്ഷത്തിന്റേയും ഭാഗത്ത് നിന്നുള്ളതല്ല. യുദ്ധാനന്തര ഡെന്മാര്‍ക്ക്, ജര്‍മ്മന്‍ യുദ്ധത്തടവുകാരോട് കാട്ടിയ ക്രൂരത, ലോകത്തിന് മുമ്പില്‍ ഏറ്റ് പറയുകയാണീ ചിത്രത്തില്‍.

സംഖ്യകക്ഷികള്‍ ഡെന്മാര്‍ക്കിലെ ജര്‍മ്മന്‍ സേനയെ ആക്രമിക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന ഏതോ ബുദ്ധികേന്ദ്രത്തിന്റെ തെറ്റായ ഉപദേശത്തിന്റെ പരിണിതഫലമായി ഡാനിഷ് കടല്‍ത്തീരമാകെ മൈനുകളാല്‍ നിറഞ്ഞു. ഏകാന്തതയുടെ കൊക്കൂണുകളിലുറങ്ങുന്ന ഇരുപത് ലക്ഷത്തോളം കുഴിബോംബുകളുടെ സജീവതയാണ് തീരമണയുന്ന ശത്രുക്കള്‍ക്കായി ജര്‍മ്മന്‍ പട ഒരുക്കിവെച്ചത്. യുദ്ധകാണ്ഡത്തിന് ശേഷം, ആ സ്‌ഫോടനത്തിന്റെ കെണികളെ നിര്‍വീര്യമാക്കാന്‍, ഡെന്മാര്‍ക്ക് ഭരണകൂടം നിയോഗിച്ച ജര്‍മ്മന്‍ യുദ്ധത്തടവുകാരില്‍ ഏറിയ പങ്കും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. ഇവരിലെ സിംഹഭാഗവും അതീവ ദുഷ്‌ക്കരമായ ആ ദൗത്യത്തിനിടയില്‍ ബോംബുകള്‍ക്കൊപ്പം ചിന്നിച്ചിതറുകയോ മറ്റൊന്നിനും ഉപകരിക്കാത്ത വിധം സ്വയം നിര്‍വീര്യമാക്കപ്പെട്ടവരോ ആയി മാറി. ഈ ചിത്രത്തിന്റെ ചരിത്രപരമായ പശ്ചാത്തലമിതാണ്.


ഇത്തരത്തില്‍ നിയോഗിക്കപ്പെട്ട കൗമാരക്കാരായ ഒരു സംഘം ജര്‍മ്മന്‍ യുദ്ധത്തടവുകാരുടെ കഥയാണീ ചിത്രത്തിലേത്. തങ്ങളുടെ പ്രദേശം അപകടവിമുക്തമാക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന പരിഗണനയ്ക്ക് നേരെ മുഖം തിരിച്ച്, വെറുപ്പിന്റെ കൊടികളുയര്‍ത്തിയാണ് കൗമാരക്കാരുടെ ഈ ജര്‍മ്മന്‍ സംഘത്തെ ഡാനിഷ് ജനത സ്വീകരിക്കുന്നത്. ഭക്ഷണമോ അടിസ്ഥാന സൗകര്യമോ പോലും നല്‍കാതെയുള്ള തികച്ചും ക്രൂരമായ സമീപനം. ഇത്തരം ജോലികളില്‍ മുന്‍പരിചയമൊന്നുമില്ലാത്ത, പട്ടാള പരിശീലനം ലഭിച്ചിട്ടില്ലാത്ത സാധാരണ കുട്ടികളായിരുന്നു അവര്‍. യുദ്ധത്തടവുകാരെ ഉപയോഗിക്കുന്നത് ജനീവ ഉച്ചകോടിയിലെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണെന്ന ജര്‍മ്മന്‍ വാദത്തെ തള്ളിയത്, വ്യവസ്ഥകളേതുമില്ലാതെ കീഴടങ്ങിയ നിരായുധരായ ജര്‍മ്മന്‍ സൈന്യമായതിനാല്‍ അവരെ യുദ്ധത്തടവുകാരായി പരിഗണിക്കുക സാധ്യമല്ലെന്ന ജയിച്ചവന്റെ കാട്ട്‌ ന്യായം ഉദ്ധരിച്ചായിരുന്നു.

വിജയികളുടെ പക്ഷത്ത് നിന്നുള്ള കൊള്ളരുതായ്മകളുടെ കാഴ്ചകള്‍ക്ക് നേരെ ചോദ്യം ചെയ്യലിന്റെ ശബ്ദം ഉയരാതിരിക്കുന്നതിനാല്‍, പുറംലോകം അവയെക്കുറിച്ചെല്ലാം അജ്ഞത നടിയ്ക്കുകയും പതിയെ പതിയെ അവയെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്കും അവിടെ നിന്ന് വിസ്മൃതിയുടെ തമോഗര്‍ത്തത്തിലേയ്ക്കും മാറ്റപ്പെടുകയും ചെയ്യുന്നു. പരാജിതരുടെ ചെയ്തികള്‍ മാത്രം കണ്ണിച്ചോരയില്ലാത്ത ക്രൂരന്മാരുടേതെന്ന നിലയില്‍ ചരിത്രപുസ്തകങ്ങളിലേയ്ക്ക് നടന്ന് കയറുകയും, പുനര്‍വായനയ്‌ക്കോ വ്യാഖ്യാനങ്ങള്‍ക്കോ ഒരു നൂലിഴയുടെ സാധ്യത പോലും നല്‍കാത്ത വിധം ഉറച്ച് പോവുകയും ചെയ്യുന്നു. ജയിച്ചവനൊപ്പം മാത്രം അന്തിയുറങ്ങുന്ന ചരിത്രമുള്ള ചരിത്രത്തിന് അതിന്റെ ഗതിവിഗതികളില്‍ ഇടം നല്‍കാനാകാതെ അവഗണിയ്‌ക്കേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വെളിപ്പെടുത്തലുകളിലൂടെ, ചരിത്രത്തിന്റെ ഏകപക്ഷീയതയുടെ തുറന്ന് കാട്ടലായി മാറുകയാണ് Land of Mine എന്ന ചിത്രം. അതാണീ ചിത്രത്തിന്റെ ചരിത്രപരമായ പ്രസക്തിയും.

പ്രമേയമാണ് ഈ ചിത്രത്തിന്റെ ശക്തി. ഓരോ കുഴിബോംബുകളെ കൈകാര്യം ചെയ്യുമ്പോഴും നെഞ്ചിടിപ്പുളവാകും പ്രേക്ഷകര്‍ക്ക്. ക്യാമറയെക്കുറിച്ചോ സംഗീതത്തെക്കുറിച്ചോ മറ്റ് സാങ്കേതിക വശങ്ങളെക്കുറിച്ചോ ശ്രദ്ധിക്കാന്‍ കഴിയാത്ത വിധം ഈ ചിത്രത്തില്‍ നമ്മള്‍ മുങ്ങിപ്പോകുന്നു. അഭിനേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. Roland Moller ഡാനിഷ് സര്‍ജന്റിന്റെ വേഷം അവിസ്മരണീയമാംവിധം ഗംഭീരമാക്കി. യുദ്ധത്തടവുകാരായി അഭിനയിച്ചവരും കഥാപാത്രങ്ങളുടെ വ്യക്തിത്വം നേരാംവണ്ണം പ്രതിഫലിപ്പിച്ചു. ആ കഥാപാത്രങ്ങളിലേയ്ക്കുള്ള അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും മികച്ചതായി.


2017 ഓസ്‌കറിലെ മികച്ച വിദേശഭാഷ ചിത്രത്തിനായുള്ള മത്സരത്തിലേയ്ക്ക് ഡെന്മാര്‍ക്ക് ഔദ്യോഗികമായി തെരെഞ്ഞെടുത്തിട്ടുള്ളത് ഈ ചിത്രമാണ്. മുമ്പ് മൂന്ന് തവണ ഓസ്‌കര്‍ നേട്ടം കൈവരിച്ചിട്ടുള്ള ഡാനിഷ് ചലച്ചിത്രങ്ങളുടെ തുടര്‍ച്ചയാകാനുള്ള സാധ്യതയും ഏറെയാണ് ഈ Martin Zandvliet ചിത്രത്തിന്. നാം കേള്‍ക്കാത്തതോ വായിക്കാനാകാത്തതോ ആയ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിലേയ്ക്ക് വെളിച്ചം പകരുന്ന Land of Mine ഉള്‍ക്കിടിലത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. ചരിത്രത്തിന്റെ സത്യസന്ധമായ അവതരണം എന്ന നിലയിലും സിനിമ എന്ന മാധ്യമത്തിന്റെയും കലാരൂപത്തിന്റേയും സൗന്ദര്യാത്മകമായ പ്രയോഗം എന്ന നിലയിലും മികച്ച നിലവാരം പുലര്‍ത്തുന്നു ഈ ഡാനിഷ് ചലച്ചിത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories