TopTop
Begin typing your search above and press return to search.

പച്ച കോട്ട്

സുഫാദ് ഇ മുണ്ടക്കൈ
മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഹൈസ്‌കൂളില്‍ സീനിയോരിറ്റി മറികടന്ന് പ്രധാനാധ്യാപകനായി വേറൊരാളെ നിയമിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിക്കെതിരെ അധ്യാപിക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി. നേരത്തെ പച്ച നിറത്തിലുള്ള കോട്ട് ധരിക്കാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ സസ്‌പെന്റ് ചെയ്യപ്പെട്ട അധ്യാപിക ജമീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രധാനാധ്യാപകനായി അനിയോജ്യരായവരെ നിയമിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശമുണ്ടെന്നതായിരുന്നു മാനേജ്‌മെന്റിന്റെ വാദം. എന്നാല്‍ ന്യൂനപക്ഷാവകാശമെന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.


2012-ലാണ് അധ്യാപകര്‍ പച്ചനിറത്തിലുള്ള ഓവര്‍കോട്ട് കൂടി ധരിക്കണമെന്ന മാനേജ്‌മെന്റ് ഉത്തരവിറങ്ങുന്നത്. എന്നാല്‍ ഇതിനുപകരം വെള്ള നിറത്തിലുള കോട്ടായിരുന്നു ജമീല ടീച്ചര്‍ ധരിച്ചിരുന്നത്. രണ്ട് മാസത്തോളം വെള്ള നിറത്തിലുള്ള കോട്ട് ധരിച്ച് പോയിരുന്നപ്പോള്‍ മാനേജ്‌മെന്റോ ഹെഡ്മാസ്റ്ററോ തന്നെ വിലക്കിയില്ലെന്നും, പെട്ടന്ന് ഒരു ദിവസം തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നുവെന്നും ജമീല ടീച്ചര്‍ പറയുന്നു. 'അതിന് ഉചിതമായ മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം ഹെഡ്മാസ്റ്റര്‍ എന്നെ വിളിച്ച് പച്ച നിറത്തിലുള്ള കോട്ട് നിര്‍ബന്ധമായും ധരിക്കണമെന്നും അല്ലാത്തപക്ഷം ക്ലാസില്‍ കയറരുതെന്നും നിര്‍ദേശിച്ചു. തുര്‍ന്ന് ദിവസങ്ങളോളം ക്ലാസെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ നിര്‍ദേശം രേഖാമൂലം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കുകയും എന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയുമാണ് ചെയ്തത്. തുടര്‍ന്നും ഞാന്‍ വെള്ളകോട്ട് ധരിച്ചുതന്നെ സ്‌കൂളില്‍ പോയി. അപ്പോഴാണ് എന്നെ സസ്‌പെന്റു ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. അതേതുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തല്‍ഫലമായി 2012 ഒക്ടോബര്‍ 20 മുതലുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പളവും കുടിശ്ശികയും നല്‍കി അവരെ തിരിച്ചെടുക്കണമെന്നും, മേലില്‍ ഇത്തരം അച്ചടക്ക നടപടികള്‍ ഉണ്ടാവരുത് എന്നുമായിയിരുന്നു ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ ഉത്തരവിട്ടത്.

മാനേജ്‌മെന്റിന്റെ 'പച്ച' രാഷ്ടീയത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. നടപടിയുടെ പേരില്‍ സര്‍ക്കാരിനേയും മാനേജ്‌മെന്റിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ജമീല ടീച്ചര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ആ സമയത്തണ് സീനിയോരിറ്റി ലിസ്റ്റ് മറികടന്ന് ഒരു അധ്യാപകനെ പ്രധാനാധ്യപകനായി മാനേജ്മന്റ് പ്രൊമോട്ട് ചെയ്തത്. യാഥാര്‍ഥത്തില്‍ ജമീല ടീച്ചറായിരുന്നു ഹെഡ്മിസ്ട്രസ് ആകേണ്ടിയിരുന്നത്. അതിനും പല കാരണങ്ങളുണ്ട്. "മനേജ്‌മെന്റിന്റെ ചില നിക്ഷിപ്ത താല്പര്യങ്ങളായിരുന്നു അതില്‍ പ്രധാനം. വര്‍ഷങ്ങളായി സ്ത്രീകളായിരുന്നു പ്രധാനാധ്യാപക തസ്തികയില്‍ വന്നിരുന്നത്. വരും വര്‍ഷങ്ങളിലും ഞാനടക്കമുള്ള സ്ത്രീകളായിട്ടുള്ള അധ്യാപകരാണ് ആ തസ്തികയില്‍ വരേണ്ടത്. അത് അംഗീകരിക്കാന്‍ മാനേജ്‌മെന്റ് ഒരുക്കമല്ലായിരുന്നു. പകരം ഒരു പുരുഷനായ ആള്‍ തന്നെ പ്രധാനാധ്യാപകനാവണമെന്നായിരുന്നു അവരുടെ നിലപാട്. അതിനാണ് പ്രായം കൊണ്ടും, സര്‍വീസ് ദൈര്‍ഖ്യം കൊണ്ടും ഞങ്ങളേക്കാള്‍ പിന്നിലുള്ള ഒരാളെ ഹെഡ്മാസ്റ്ററാക്കിയത്. അതിന് വേണ്ടിയായിരുന്നു യഥാര്‍ഥത്തില്‍ പച്ചക്കോട്ട് ധരിച്ചില്ല എന്ന പേരുപറഞ്ഞ് എന്നെ പുറത്താക്കാന്‍ ശ്രമിച്ചത്''.- ടീച്ചര്‍ പറയുന്നു. ഇവിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാകുന്നത്. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മാനേജ്‌മെന്റുകള്‍ക്ക് അനിയന്ത്രിത സ്വാതന്ത്രമില്ലെന്നും, ഏതെങ്കിലും തരത്തിലുള്ള മേല്‍ക്കോയ്മ നേടാനുള്ളതല്ല ഈ അവകാശമെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.


2013-ലായിരുന്നു പ്രധാനാധ്യാപികയായിരുന്ന ശ്രീമതി നജ്മ വിരമിച്ചത്. തുടര്‍ന്ന് ആ ഒഴിവിലേക്ക് സീനിയോരിറ്റി ലിസ്റ്റില്‍ പതിനൊന്നാം സ്ഥാനത്തുള്ള കെ ടി മുനീബ് റഹ്മാനെ പ്രൊമോട്ട് ചെയ്തു ഹെഡ്മാസ്റ്ററാക്കി. ഈ നിയമനത്തിനെതിരെ സ്‌കൂളിലെ ഏറ്റവും സീനിയറായിട്ടുള്ള കണക്ക് അധ്യാപികയായിരുന്ന കെ. ജമീല ടീച്ചര്‍ വണ്ടൂര്‍ ഡി ഇ ഒയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതിക്കാരിയുടെ വാദങ്ങള്‍ ന്യായമാണെന്ന് കണ്ടെത്തിയ ഡി ഇ ഒ മുനീബ് റഹ്മാനെ പ്രധാനാധ്യാപകനായി നിയമിച്ചുകൊണ്ടുള്ള മാനേജ് മെന്റ് ഉത്തരവ് മരവിപ്പിച്ചു. എന്നാല്‍ ഇതിനെതിരെ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30 (1) പ്രകാരം യോഗ്യരായ ആരെ വേണമെങ്കിലും ഹെഡ്മാസ്റ്ററാക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്ന വാദമായിരുന്നു അവരുടേത്. തുടര്‍ന്ന് നിയമനം ശരിവച്ചുകൊണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കി. ഇതേ തുടര്‍ന്ന് ജമീല ടീച്ചര്‍ അഡ്വക്കറ്റ് കാളീശ്വരം രാജ് വഴി ഹൈക്കോടതിയെ സമീപിക്കുന്നത്. "മാനേജ്‌മെന്റ് നടത്തിയ രാഷ്ടീയമായ ഇടപെടലുകളുടെ അന്തിമഫലമായിരുന്നു ഡെപ്യൂട്ടി ഡയറക്ടറുടെ ഈ ഉത്തരവെന്നും, മുസ്ലീം ലീഗിന്റെ അധീനതയിലുള്ള സ്ഥാപനമെന്ന നിലയ്ക്ക് വിദ്യഭ്യാസ വകുപ്പ് വഴിവിട്ട സഹായങ്ങളാണ് മാനേജ്‌മെന്റിന് നല്‍കിയതെ''ന്നും ജമീല ടീച്ചര്‍ ആരോപിക്കുന്നു.


ഹൈക്കോടതി വിധി മാനേജ്‌മെന്റിനും അതോടൊപ്പം വിദ്യാഭ്യാസ വകുപ്പിനുമുള്ള കനത്ത പ്രഹരമായിരുന്നു. ഒരു നിയമനത്തിന്റെ പേരില്‍ വിദ്യാഭ്യാസാവകാശങ്ങള്‍ക്ക് കോട്ടങ്ങളൊന്നും സംഭവിക്കരുത് എന്ന് പറഞ്ഞ ഹൈക്കോടതി, വിദ്യാഭ്യാസ ദൗത്യം നിറവേറ്റുക എന്നതാണ് ഇത്തരം പദവികള്‍ നല്‍കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും വിലയിരുത്തി. 2013 ഏപ്രില്‍ ഒന്നുമുതല്‍ ജമീല ടീച്ചര്‍ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ യോഗ്യതയുള്ള പലരും ഉണ്ടെന്നിരിക്കെ മുനീബ് റഹ്മാന്‍ അതേ സ്ഥാനത്ത് തുടരുകയാണ്.


ന്യൂനപക്ഷാവകാശം ലഭിച്ച മാനേജ്മെന്റിന് അതേ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സീനിയര്‍ അധ്യാപകരേയും യോഗ്യതയുള്ളവരേയും മറികടന്ന് ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുതന്നെയുള്ള ജൂനിയര്‍ അധ്യാപകരെ പ്രധാനാധ്യാപകരായി നിയമിക്കാമെന്ന് വ്യക്തമാക്കുന്ന സ്റ്റാറ്റ്യൂട്ടറി ഉത്തരവുകള്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ നിലവിലില്ല എന്നിരിക്കെ മറ്റെന്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇത്തരത്തിലൊരു നിയമനത്തിന് അംഗീകാരം നല്‍കിയത്? വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നത്? ജില്ലാ വിദ്യാഭ്യാസ ഒഫീസറുടെ ഉത്തരവ് യാതൊരുവിധ ന്യായങ്ങളും നിരത്താതെ മാനേജ്‌മെന്റിന്റെ ധിക്കാരങ്ങള്‍ക്ക് ചുവടുപിടിച്ച് തള്ളിക്കളഞ്ഞതിനു പിന്നില്‍ മാനേജ്‌മെന്റും ലീഗും തമ്മിലുള്ള ബന്ധമാണെന്നും ജമീല ടീച്ചര്‍ പറയുന്നു.


ഇതേ സ്ഥാപനത്തിലാണ് പത്താം ക്ലാസ് പാസാകാനുള്ള യോഗ്യതയില്ല എന്ന പേരില്‍ ഒന്‍പതാം ക്ലാസില്‍ തോല്‍പ്പിക്കപ്പെട്ടവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. അതും 'ന്യൂനപക്ഷ' വിഭാഗത്തില്പെടുന്ന പെണ്‍കുട്ടി. എ പ്ലസ്സുകള്‍ യാതൊരു മര്യാദയും കൂടാതെ വാരിക്കോരി നല്‍കുന്ന ഒരു സംസ്ഥാനത്താണ് ഇത്തരം ദാരുണമായ സംഭവങ്ങള്‍ നടക്കുന്നത് എന്നതു കൂടി ആലോചിക്കേണ്ടതുണ്ട്.


Next Story

Related Stories