TopTop
Begin typing your search above and press return to search.

ഗുജറാത്തിലെ സിക്ക വൈറസ് ബാധയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് മൌനം പാലിച്ചു?

ഗുജറാത്തിലെ സിക്ക വൈറസ് ബാധയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് മൌനം പാലിച്ചു?

ഈ വര്‍ഷം ജനുവരി നാലിന് അഹമ്മദാബാദില്‍ മൂന്ന് സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. അംഗീകൃത അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം, നിലവിലുള്ള സാഹചര്യങ്ങളെ കുറിച്ചും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികളെ കുറിച്ചും ഉടനടി ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കി അവരെ ശാക്തീകരിച്ചുകൊണ്ട് പൊതുജനങ്ങളെ വിശ്വാസത്തില്‍ എടുക്കേണ്ടതാണ്.

എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു തീരുമാനത്തിലൂടെ കാര്യങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. ഗുജറാത്ത് കലാപത്തിന്റെ നിഴലില്‍ നിന്നും പുറത്തുവരുന്നതിനുള്ള ഉത്സാഹപൂര്‍ണമായ ശ്രമങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി രൂപകല്‍പന ചെയ്ത സുപ്രധാന സംഭവമായ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 10 മുതല്‍ 13 വരെ അഹമ്മദാബാദ് ആതിഥ്യം വഹിക്കുന്നു എന്നതായിരുന്നു കാരണം.

മരണകാരണമായ സിക്ക വൈറസ് വാഹകരായ എയ്ഡീസ് കൊതുകള്‍ എന്ന, പകല്‍ സമയത്ത് സജീവമാകുന്ന കൊതുകുകള്‍ ധാരാളമുള്ള അഹമ്മദാബാദ് നഗരത്തിലാണ് ഇത്തവണ ഗുജറാത്ത് സര്‍ക്കാര്‍ വൈബ്രന്റ് ഗുജറാത്തിന്റെ വരേണ്യ അതിഥികള്‍ക്ക് ആതിഥ്യം അരുളിയത്. നൂറിലേറെ രാജ്യങ്ങളില്‍ നിന്നും 12 പങ്കാളിത്ത രാജ്യങ്ങളില്‍ നിന്നുമായി 2,700ല്‍ അധികം അന്താരാഷ്ട്ര പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. കൂടാതെ ഒമ്പത് നോബല്‍ സമ്മാന ജേതാക്കളും ഉണ്ടായിരുന്നു.

സിക്ക ബാധിത രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ സഞ്ചരിക്കുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള യുഎസ്, യുകെ, ഓസ്‌ട്രേലിയ, തായ്‌വാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു പ്രതിനിധികളില്‍ അധികവും.

ഇന്ത്യയിലെ ആദ്യത്തെ സിക്ക വൈറസ് ബാധയെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവരുന്നത് മേയ് 26-നു മാത്രമാണ്. അതും ലോകാരോഗ്യ സംഘടനയില്‍ നിന്ന്.

യഥാര്‍ത്ഥത്തില്‍ സിക്ക വൈറസ് മാത്രമല്ല വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഭീഷണിയായിരുന്നത്. പക്ഷിപ്പനിയുടെ ഭീഷണി മറച്ചുവെക്കുകയും ഉച്ചകോടി നടക്കുന്ന വേദിയില്‍ നിന്നും വലിയ അകലെയല്ലാതെ തന്നെ പനി ബാധിച്ച ഗിനി കോഴികളെ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രമാണ് ഇവയെ കൊന്നൊടുക്കിയത്.

ഉച്ചകോടിക്ക് മുമ്പ് സിക്ക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കില്‍, ഏകദേശം 30 ലക്ഷം കോടി രൂപയുടെ 24,000 എംഒയുകള്‍ ഒപ്പിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ അദ്ധ്വാനത്തിന് ഇത് വലിയ ആഘാതം സൃഷ്ടിക്കുമായിരുന്നു.

എന്താണ് ഗുജറാത്ത് ചെയ്തത്

സിക്ക വൈറസ് ബാധയുടെ സ്ഥിരീകരണം വന്നതിന് ശേഷം ഗുജറാത്ത് സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം.

രോഗികളില്‍ ഒരാള്‍ ജീവിക്കുന്ന അഹമ്മദാബാദിന് കിഴക്കുള്ള ബാപ്പുനഗറിലേക്ക് 250 ആരോഗ്യ പ്രവര്‍ത്തകരും എന്റോമോളജിസ്റ്റുകളും (പ്രാണികളെ കുറിച്ച് പഠിക്കുന്നവര്‍) അടങ്ങുന്ന ഒരു സംഘത്തെ വിളിച്ചുവരുത്തി. കൊതുകുകള്‍ മുട്ടയിടുന്ന സ്ഥലങ്ങളെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന തീവ്ര അന്തര്‍ ഗാര്‍ഹിക പ്രവര്‍ത്തനങ്ങള്‍ക്കായി (intra domestic) 20 അംഗങ്ങള്‍ അടങ്ങുന്ന ചെറുസംഘങ്ങളായി ആരോഗ്യപ്രവര്‍ത്തകരെ വിഭജിച്ചു. എന്നാല്‍ ഒരാഴ്ചയോളം നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സിക്ക എന്ന വാക്ക് ഉച്ചരിക്കപ്പെട്ടില്ല.

സിക്ക വൈറസ് ബാധ തിരിച്ചറിഞ്ഞ മൂന്ന് രോഗികളില്‍ രണ്ടുപേര്‍ ഗര്‍ഭിണികളും ഒരാള്‍ 64 വയസുള്ള ഒരു വൃദ്ധനുമായിരുന്നു. മൂന്ന് രോഗികളെയും മാറ്റിപ്പാര്‍പ്പിച്ചു. ഫെബ്രുവരിക്ക് ശേഷം പുതിയ വൈറസ് ബാധകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും മൂന്ന് കേസുകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

മൂന്നു രോഗികളുടെയും രക്തസാമ്പിളുകളില്‍ വൈറസ് ബാധ ഉണ്ടെന്ന് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ ലബോറട്ടറിയില്‍ നടന്ന ആദ്യപരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ രക്ത സാമ്പിളുകള്‍ എന്‍ഐവിയിലേക്ക് സംസ്ഥാന അധികൃതര്‍ അയച്ചുകൊടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവരില്‍ രണ്ട് ഗര്‍ഭിണികള്‍ നഗരത്തിലെ ബാപ്പുനഗര്‍ പ്രദേശത്തുള്ളവരും വൃദ്ധന്‍ അഹമ്മദാബാദിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ളയാളുമായിരുന്നു.

ഗര്‍ഭിണികള്‍ പിന്നെ പ്രസവിച്ചുവെന്നും കുട്ടികളില്‍ സിക്ക വൈറസിന്റെ ലക്ഷണങ്ങളോ അമ്മമാര്‍ക്ക് വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈകല്യങ്ങളോ ഇല്ലായിരുന്നുവെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. 'ഈ കേസുകളെ കുറിച്ച് അറിഞ്ഞതിന് ശേഷം ആരോഗ്യ അധികൃതര്‍ ആ പ്രദേശങ്ങളില്‍ വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പനി ബാധിച്ച ആയിരക്കണക്കിന് രോഗികളില്‍ നിന്നും രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഒരു കേസിലും സിക്ക വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല,' എന്നും അദ്ദേഹം പറയുന്നു.

തങ്ങള്‍ കേന്ദ്രത്തെ വിവരം അറിയിച്ചിരുന്നുവെന്നും അവരാണ് ഇത് പൊതുജനങ്ങളെ അറിയിക്കേണ്ടിയിരുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 'ഞങ്ങള്‍ വിവരം കേന്ദ്രത്തെ അറിയിക്കുകയും ആവശ്യമുള്ള പ്രസ്താവനകള്‍ നടത്തുന്നതിനുള്ള ഉത്തരവാദിത്വം അവരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു. ഗുജറാത്തില്‍ നിന്നും സിക്ക കേസുകളെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് വിവരം നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്,' എന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ ജെപി ഗുപ്ത പറയുന്നു.

എന്നാല്‍ സിക്ക വൈറസ് ബാധയെ കുറിച്ച് മൗനം പാലിക്കാന്‍ ആരാണ് തീരുമാനിച്ചത്?

രണ്ട് പ്രധാന പ്രവണതകളെയാണ് സിക്ക വൈറസ് ബാധയിലുള്ള മൗനം പ്രതിനിധീകരിക്കുന്നത്: ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനും അതിന് നേതൃത്വം നല്‍കുന്നതിലും മാറിമാറി വന്ന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇതില്‍ ആദ്യത്തേത്. ആഗോള മാനദണ്ഡങ്ങള്‍ക്ക് പോലും മതിയായ പരിഗണന നല്‍കാത്ത വിധത്തില്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സവിശേഷതയാണ് രണ്ടാമത്തേത്.

Next Story

Related Stories