UPDATES

വിദേശം

ഇറാഖില്‍ നടന്നത് ഐ എസ് ഇതുവരെ നടത്തിയതില്‍ ഏറ്റവും ഭീകര ബോംബ് ആക്രമണം

Avatar

അഴിമുഖം പ്രതിനിധി

ബാഗ്ദാദിലെ തിരക്കേറിയ ഒരു വാണിജ്യ വീഥിയില്‍ ഞായറാഴ്ച ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200നു മുകളിലേക്ക് ഉയര്‍ന്നു. ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ഇതുവരെയുള്ള ആക്രമണങ്ങളില്‍ ഏറ്റവും ഭീകരത ഏറിയതാണ് ഇത്. ബാഗ്ദാദിലെ കറാഡ ഭാഗത്തു നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ഫോടനത്തെ തുടര്‍ന്ന് കട കമ്പോളങ്ങള്‍ക്ക് ഉണ്ടായ അഗ്നിബാധയില്‍ അകപ്പെട്ടവരാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കടകളുടെ അടുത്ത് നിര്‍ത്തിയിടുകയും കടകളില്‍ തിരക്ക് ഏറിയ സമയത്ത് കാര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

സ്ഫോടനസമയത്ത് കടകളില്‍ ഉണ്ടായിരുന്നതില്‍ ഭൂരിഭാഗവും റംസാന്‍ പ്രമാണിച്ച് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ കുടുംബങ്ങളും കഫേകളില്‍ യൂറോ 2016 ഫുട്ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയ ചെറുപ്പക്കാരും ആയിരുന്നു.

ഇറാഖിലെ തെരുവുകള്‍ സ്ഫോടനങ്ങളാല്‍ വിറങ്ങലിക്കുക പതിവാണെങ്കിലും ഞായറാഴ്ചത്തെ ആക്രമണം രാജ്യത്തെയാകെ പിടിച്ചുലക്കുക തന്നെ ചെയ്തു. 2003ല്‍ ഇറാഖിലേക്കുള്ള യു. എസിന്റെ കടന്നുകയറ്റത്തിനു ശേഷം ഉണ്ടായതും മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അല്‍ ഖ്വയ്ദയുടെ സമാന്തര സംഘടന ആയി നിലവില്‍ വന്ന ഇസ്ലാമിക്‌ സ്റ്റേറ്റിന്‍റെ രൂപീകരണത്തിനു ശേഷം ഉണ്ടായിട്ടുള്ളതുമായ ഏറ്റവും വലിയ സ്ഫോടനം ആണിത്. കഴിഞ്ഞ ഒരാഴ്ച ആയി തുര്‍ക്കിയിലും ബംഗ്ലാദേശിലും ഉണ്ടായ സ്ഫോടന പരമ്പരകളുടെ ബാക്കിപത്രം ആയി ഇറാഖിലെ സ്ഫോടനത്തെ കാണാമെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇത് വളരെ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം പാരീസില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 130 പേരാണ്.

എന്നാല്‍ ഈ സ്ഫോടനത്തോട് ലോകം നിശബ്ദമായ വിഷാദപ്രകടനം മാത്രമാണ് നടത്തുന്നത്. ഇറാഖ് ജനത രോഷത്താല്‍ ഗവണ്മെന്റിന് എതിരെ തിരിയുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉപയോഗശൂന്യമെന്ന് വിധിയെഴുതിയ ബോംബ്‌ ഡിറ്റക്റ്ററുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നതിന് എതിരെ പ്രതിഷേധിക്കുകയും ചെയ്തു. സന്നദ്ധസേവകര്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തുവെങ്കിലും അവയെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ആരോഗ്യ വകുപ്പിലെ അധികൃതരുടെ കണക്ക് അനുസരിച്ച് 192 പേര്‍ മരിക്കുകയും 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രികളിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങളും അവിടെ വെച്ച് മരണപ്പെട്ട ആളുകളുടെയും കണക്കുകള്‍ മാത്രമേ ആരോഗ്യ വകുപ്പിന്‍റെ പക്കല്‍ ഉള്ളു. 40 ഓളം തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ ആശുപത്രികളില്‍ കൊണ്ടുപോകാതെ നേരിട്ട് ശ്മശാനത്തിലേക്ക് കൊണ്ടുവന്നു എന്നാണ് ബാഗ്ദാദിലെ ശ്മശാന സൂക്ഷിപ്പുകാരന്‍ ആയ സിയാദ് അലി അല്‍ യൂസിഫ് പറയുന്നത്. അപ്പോള്‍ മരണസംഖ്യ വീണ്ടും കൂടി 222ല്‍ എത്തി നില്‍ക്കും. ബാഗ്ദാദ് പ്രവിശ്യയിലെ സുരക്ഷാ കമ്മിറ്റി ഉദ്യോഗസ്ഥന്‍ ആയ മുഹമ്മദ്‌ അല്‍ റുബൈയുടെ കണക്കു പ്രകാരം 225 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരത്തോടെ സ്ഫോടന സ്ഥലത്ത് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടുകയും കൊല്ലപ്പെട്ടവരുടെ സ്മരണയില്‍ മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു. കാണാതായവരുടെ ബന്ധുക്കളും ഒത്തുചേര്‍ന്നവരുടെ കൂട്ടത്തില്‍ അങ്കലാപ്പോടെ നില്‍ക്കുന്നുണ്ടായിരുന്നു.

സ്ഫോടനത്തിനു ശേഷം തീ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സ്ഥലത്ത് ഉണ്ടായിരുന്ന അത്തര്‍ കടകള്‍ ഇതിനു ആക്കം കൂട്ടി. രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിക്കുകയും മറ്റനേകം ചെറിയ കടകള്‍ ഭാഗികമായി അഗ്നിക്കിരയാകുകയും ചെയ്തു.

സ്ഫോടനസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയെ സ്ഥലവാസികള്‍ കല്ലുകളും കുപ്പികളും ചെരിപ്പുകളും കൊണ്ട് ആക്രമിച്ചു. ഇതിനു മുന്‍പ് നടന്നിട്ടുള്ള സ്ഫോടനങ്ങളുടെ തുടര്‍ച്ചയായി നടന്ന തെരുവു പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരമായി രാജ്യത്തെ അഴിമതിയ്ക്ക് വിലങ്ങിടാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിനു ശേഷമുള്ള പ്രക്ഷോഭങ്ങള്‍ ഞായറാഴ്ച രാത്രി വൈകിയും തുടര്‍ന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ അബാദി ഉപയോഗശൂന്യമായ ബോംബ്‌ ഡിറ്റക്റ്ററുകള്‍ എല്ലാം എടുത്തുമാറ്റാന്‍ ഉത്തരവ് കൊടുത്തു. പക്ഷെ അബാദിയുടെ ഈ നടപടി ജനങ്ങളില്‍ വലിയ മാറ്റം ഒന്നും ഉണ്ടാക്കിയില്ല. ഗവണ്മെന്റിന്‍റെ അനാസ്ഥയില്‍ സഹികെട്ട ജനങ്ങള്‍ വരും ദിവസങ്ങളിലും പ്രക്ഷോഭങ്ങള്‍ തുടരാനുള്ള സാധ്യത ഉണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം ഇതിനു കൂടുതല്‍ വീര്യം പകരുകയേ ഉള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍