TopTop
Begin typing your search above and press return to search.

ഡിസംബര്‍ ആറിലെ ഏകാന്തനായ അദ്വാനി

ഡിസംബര്‍ ആറിലെ ഏകാന്തനായ അദ്വാനി

ഡല്‍ഹി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഇന്ത്യാ ഗേറ്റില്‍ നിന്ന് യു.പി.എസ്.സി ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നിലൂടെയാണ് ഷാജഹാന്‍ റോഡ്. അവിടെ നിന്ന് താജ്മാന്‍സിംഗ് ഹോട്ടലിനു മുന്നിലൂടെ അടുത്ത റൗണ്ട് എബൗട്ട് എടുത്താല്‍ പ്രഥ്വിരാജ് റോഡായി. കുറച്ചുകൂടി മുന്നോട്ടു പോയാല്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിവച്ച 30-ാം നമ്പര്‍ വീടിനു മുന്നിലെത്തും. ആളും ആരവങ്ങളുമില്ലാത്ത ഒരു വീട്. ഇവിടെ താമസിക്കുന്നയാള്‍ ഇടയ്ക്ക് പാര്‍ട്ടി നേതൃത്വത്തിനെതിരെ ചില മുറുമുറുപ്പുകള്‍ ഉണ്ടാക്കുമ്പോള്‍ മാത്രമാണ് ഈ വീട് ജനശ്രദ്ധയില്‍ വരുന്നത്. അല്ലെങ്കില്‍ പഴയ പ്രൗഡിയുടെ നിഴല്‍ മാത്രമായി അത് മാറിയിരിക്കുന്നു.

നിരാശനായ ഒരു വൃദ്ധനാണ് അവിടുത്തെ താമസക്കാരന്‍; എല്‍.കെ അദ്വാനി. പ്രധാനമന്ത്രിയാവുക എന്ന സ്വപ്നം തകര്‍ന്നതു മാത്രമല്ല, ഇന്ന് ബി.ജെ.പിയിലെ ആരുമല്ല അദ്ദേഹം. ഒരുകാലത്ത് അദ്വാനിയുടെ വലംകൈയായിരുന്നു നരേന്ദ്ര മോദി. അദ്വാനിയില്ലായിരുന്നുവെങ്കില്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുന്ന രീതിയിലേക്ക് ബി.ജെ.പി വളരുമായിരുന്നില്ല. 1990 സെപ്റ്റംബര്‍ 25-ന് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് ഉത്തര്‍ പ്രദേശിലെ അയോധ്യയിലേക്ക് അദ്വാനി നടത്തിയ രഥയാത്രയുടെ പ്രധാന സംഘാടകന്‍ മോദിയായിരുന്നു. 1947-ലെ വിഭജത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സാമുദായിക ചേരിതിരിവിനു തന്നെ കാരണമായ ഒന്നായിരുന്നു ആ യാത്ര. രഥചക്രങ്ങള്‍ വിവിധ നഗരങ്ങളിലുടെ ഉരുണ്ടപ്പോഴൊക്കെ വര്‍ഗീയതയും ചേരിതിരിവും ഇന്ത്യയുടെ ഹൃദയത്തില്‍ തറച്ചുകയറി. ഈ വിഭജന യാത്ര വിജയകരമാക്കാന്‍ അന്ന് അദ്വാനിക്കു പിന്നില്‍ അടിയുറച്ചു നിന്നയാളാണ് മോദി.

അതിനൊടുവില്‍ 1992 ഡിസംബര്‍ ആറിന് അക്രമാസക്തരായ കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തു. മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സൈന്യാധിപനായിരുന്ന മിര്‍ ബാഖി പണികഴിപ്പിച്ച ആ പള്ളി തകര്‍ത്തിട്ട് ഇന്ന് 23 വര്‍ഷം തികയുന്നു. സാമുദായിക ലഹളയില്‍ ആയിരക്കണക്കിന് പേര്‍ ഇതിനകം രാജ്യത്ത് കൊല്ലപ്പെട്ടു കഴിഞ്ഞു. രഥയാത്രയുടെയും അതിനു പിന്നാലെയുണ്ടായ ബാബറി പള്ളി തകര്‍ക്കലിന്റേയുമൊക്കെ ഗുണഭോക്താക്കളെന്ന നിലയില്‍ ബി.ജെ.പി ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി മാറുകയും ചെയ്തു.

താന്‍ തുടങ്ങിവച്ച രഥയാത്രയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും അദ്വാനി മുമ്പോട്ടുവച്ച ന്യായീകരണം ഇതായിരുന്നു. "മെക്കയില്‍ മുസ്ലീങ്ങള്‍ക്കും വത്തിക്കാനില്‍ ക്രിസ്ത്യാനികള്‍ക്കും അവരുടേതായ മതത്തിന്റെ അന്തരീക്ഷം ഉണ്ടാകാമെങ്കില്‍ അയോധ്യയില്‍ ഒരു ഹിന്ദു അന്തരീക്ഷം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ്" എന്നായിരുന്നു അദ്വാനി ചോദിച്ചത്.

അദ്വാനി തുടങ്ങിവച്ച ആ വിഭജന രാഷ്ട്രീയത്തിന്റെ കൊയ്ത്ത് നടത്തിയത് ബി.ജെ.പിയും മറ്റൊരാള്‍ മോദിയായിരുന്നു. 2001 ഒക്‌ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ മോദിയുടെ രാഷ്ട്രീയ മോഹങ്ങള്‍ പൂവണിഞ്ഞുതുടങ്ങി. അതിനു പിന്നാലെ ഏതാനും മാസങ്ങളുടെ സമയത്തിനുള്ളില്‍ തന്നെ സംസ്ഥാനത്ത് കലാപങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് 2002-ല്‍ നടന്ന കൂട്ടക്കൊലയെന്ന് പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. മോദി ഉപയോഗിച്ച "ആക്ഷന്‍-റിയാക്ഷന്‍" പ്രതികരണങ്ങളും മറ്റുമാണ് അതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതും.

അദ്വാനി തുടങ്ങിവച്ച വിഭജന രാഷ്ട്രീയത്തെ കുറക്കൂടി ഫലപ്രദമായി നടപ്പാക്കുകയായിരുന്നു മോദി. വര്‍ഗീയ രാഷ്ട്രീയം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് അറിയാമെന്നതുകൊണ്ടു തന്നെ അദ്വാനി തുടര്‍ന്നും മോദിയെ സംരക്ഷിച്ചിരുന്നു. മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്‌പേയിയും മറ്റുള്ളവരും ആവശ്യപ്പെട്ടെങ്കിലും മോദിയെ സംരക്ഷിച്ചത് അദ്വാനിയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മോദി തന്റെ തലതൊട്ടപ്പനെ മറികടക്കുകയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. 2002-ലേത് പോലെ വന്‍തോതിലുള്ള അക്രമങ്ങള്‍ ഇന്നു നടക്കുന്നില്ലെങ്കിലും രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിതിരിവ് വളരെ രൂക്ഷമാണ്. മാംസക്കകയറ്റുമതിയെ സൂചിപ്പിച്ചു കൊണ്ട് പിങ്ക് റവല്യൂഷനെനക്കുറിച്ച് തന്റെ പ്രസംഗങ്ങളില്‍ നിരന്തരം ആവര്‍ത്തിച്ചയാളാണ് മോദി. മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതിനെ കുറിച്ച് മാധ്യമങ്ങളടക്കം ചോദ്യം ചെയ്യുമ്പോള്‍ അവരുടെ ധാര്‍മികതയെ ചോദ്യം ചെയ്യുകയാണ് അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷാ. വര്‍ഗീയത കുത്തിനിറച്ച പ്രസ്താവനകള്‍ നടത്തുന്നത് മോദിയുടെ സഹപ്രവര്‍ത്തകരായ മന്ത്രിമാരും എം.പിമാരുമാണ്.

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഈ 23-ാം വര്‍ഷത്തില്‍ തന്റെ വീടിന്റെ ഏകാന്തതയില്‍ അദ്വാനി കാലംകഴിച്ചുകൂട്ടുമ്പോള്‍ സമചിത്തതയോടെ അദ്ദേഹം ചിലത് ആലോചിക്കുന്നുണ്ടാവാം. താന്‍ ഊട്ടിവളര്‍ത്തിയ വര്‍ഗീയ രാഷ്ട്രീയം അതിലും രൂക്ഷമായ രീതിയില്‍ നടപ്പാക്കുന്ന ചിലര്‍ വരുമ്പോള്‍ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നതു തന്നെയായിരിക്കാം അത്. എന്നാല്‍ അക്രമത്തിന്റേയും വിദ്വേഷത്തിന്റേയും രാഷ്ട്രീയം ഒരു സംസ്‌കാരത്തെ തന്നെയാണ് തകര്‍ക്കുന്നത് എന്ന് അദ്വാനി എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടാകുമോ?


Next Story

Related Stories