UPDATES

ട്രെന്‍ഡിങ്ങ്

ജയലളിതയെ വധിക്കാന്‍ തന്റെ സഹോദരന്‍ ദീപക് ഗൂഢാലോചന നടത്തിയെന്ന് ദീപ ജയകുമാര്‍

ഇന്ന് പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീടായ വേദനിലയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദീപയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വധിക്കാന്‍ തന്റെ സഹോദരന്‍ ദീപക് ഗൂഢാലോചന നടത്തിയെന്ന് മരുമകള്‍ ദീപ ജയകുമാര്‍. ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളാണ് ദീപയും ദീപക്കും. ഇന്ന് പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീടായ വേദനിലയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ദീപയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. എഐഎഡിഎംകെ(അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി ശശികലയുടെ ബന്ധുക്കളും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും ദീപകും ദീപയും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് മര്‍ദ്ദനത്തിലെത്തിയതെന്നാണ് അറിയുന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ ബന്ധുക്കളാണ് ഇപ്പോള്‍ വേദനിലയത്തില്‍ താമസിക്കുന്നത്.

തന്റെ സഹോദരന്‍ ക്ഷണിച്ചിട്ടാണ് വേദനിലയത്തില്‍ പ്രവേശിക്കാന്‍ എത്തിയതെന്നും എന്നാല്‍ തന്നെ അവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ദീപ പറയുന്നത്. ദീപയ്‌ക്കൊപ്പം ഭര്‍ത്താവ് മാധവനും എത്തിയിരുന്നു. രണ്ട് പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇപ്പോള്‍ പിരിഞ്ഞു കഴിയുകയാണെങ്കിലും ഒറ്റയ്ക്ക് ഇവിടെയെത്താന്‍ ഭയമായതിനാലാണ് താന്‍ മാധവനെയും ഒപ്പം കൂട്ടിയതെന്ന് ദീപ പറയുന്നു. ശശികലയുടെ ബന്ധുക്കളും അണികളും ദീപകിനൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ദീപയുടെ ആരോപണം. ഇവിടെവച്ച് ദീപകും ദീപയും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ‘ദീപക് ഇപ്പോള്‍ ശശികലയ്‌ക്കൊപ്പമാണ്. ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതിനാലാണ് ഇവിടെയെത്തിയത്. ദീപക് ഗെയ്റ്റിലെത്തി തന്നെ അകത്തേക്ക് സ്വീകരിച്ചുകൊണ്ട് പോകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആക്രമണമാണ് അവിടെ തനിക്ക് നേരെയുണ്ടായത്’- അവര്‍ പറയുന്നു. കൂടാതെ ശശികലയ്‌ക്കൊപ്പം ജയലളിതയെ കൊലപ്പെടുത്താന്‍ ദീപകും കൂട്ടുനിന്നെന്നും ദീപ ആരോപിക്കുന്നു. ഇരുവരും പണത്തിന് വേണ്ടി ചെയ്ത ഈ കുറ്റത്തിന് ശിക്ഷ അനുഭവിക്കണമെന്നാണ് അവര്‍ പറയുന്നത്.

തമിഴ്‌നാട്ടില്‍ ഇപ്പോഴുള്ളത് ഒരു സര്‍ക്കാരാണോ എന്ന് ചോദിക്കുന്ന ദീപ എടപ്പാടി പളനിസ്വാമിയുടെ കീഴിലുള്ള സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ താന്‍ അനുവാദം വാങ്ങിയിട്ടുണ്ടെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചത്. അതേസമയം ദീപയുടെ സന്ദര്‍ശനം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും അവരുടെ അനുയായികള്‍ ഏതാനും ദിവസങ്ങളായി ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞമാസം ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ച ദീപ ജയലളിതയുടെ വസതി അവരുടെ സ്മാരകമാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിവച്ചതിന് ശേഷം ദീപ മുഖ്യധാരയില്‍ ഉണ്ടായിരുന്നില്ല. ദീപയെ ദീപക് ക്ഷണിച്ചതായും വീട്ടിലെത്തി ജയലളിതയുടെ ഫോട്ടോയില്‍ അവര്‍ മാലയിട്ടതായും ദീപകിനെ ഉദ്ദരിച്ച് ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവരെ ആരും ആക്രമിച്ചിട്ടില്ലെന്നാണ് ദീപക് പറയുന്നത്.

ദീപയെ പോയസ് ഗാര്‍ഡന് മുന്നില്‍ പോലീസുകാര്‍ തടയുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എംജിആര്‍ അമ്മ ദീപ പിറവൈ എന്ന രാഷ്ട്രീയ പാര്‍ട്ടി ദീപയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരുന്നു. ദീപയുടെ ഭര്‍ത്താവ് കെ മാധവനും എംജെഡിഎംകെ എന്ന പേരില്‍ ഏപ്രിലില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ദീപയെ പോലെ എംജിആര്‍, ജയലളിത സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മാധവനും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍