TopTop
Begin typing your search above and press return to search.

കൊച്ചു ടി വി തള്ളിയ ബാലന് അന്താരാഷ്ട്ര ആനിമേഷന്‍ അവാര്‍ഡ്

കൊച്ചു ടി വി തള്ളിയ ബാലന് അന്താരാഷ്ട്ര ആനിമേഷന്‍ അവാര്‍ഡ്

രാംദാസ് എം കെ

വെള്ളപുസ്തകത്താളുകളിലെ നിശ്ചലരായ കൗശലക്കാരന്‍ കുറുക്കച്ചനും കുസൃതി കുഞ്ഞുനരിയും ഏഴു വയസുകാരനില്‍ നൊമ്പരം ഉണര്‍ത്തി. തന്റെ പ്രിയപ്പെട്ട ചിത്രങ്ങള്‍ അടങ്ങിയിരിക്കുന്നത് കണ്ണൂര്‍ കല്ല്യാശേരി രമേശിന്റെ മകന്‍ ദീപക്കിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കാര്‍ട്ടൂണ്‍ ചാനലുകള്‍ ചിന്തകളെ തൊട്ടുണര്‍ത്തി. വാള്‍ട്ട് ഡിസ്‌നി കഥാപാത്രങ്ങള്‍ ഊണിലും ഉറക്കത്തിലും കളിക്കൂട്ടുകാരായി. കൊച്ചു ടിവി കണ്ട് മടുത്തില്ലെങ്കിലും റിച്ചാര്‍ഡ് വില്ല്യംസിന്റെ അനിമേഷന്‍ കഥാപാത്രങ്ങള്‍ ക്ലാസ് മുറികളിലും കളിമുറ്റത്തും ദീപക്കിനെ കൈവിട്ടില്ല. അങ്ങനെയാണ് ദീപക് കുമാര്‍ എന്ന ഇന്നത്തെ കൗമാരക്കാരന്‍ അനിമേഷന്‍ കലയുടെ തീരത്തേക്ക് അണഞ്ഞത്.

സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ചില്‍ നടന്ന ചീയോക്കാ ചില്‍ഡ്രന്‍ ആന്റ് യൂത്ത് അനിമേഷന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദീപക് കുമാര്‍ തയ്യാറാക്കിയ പതിനെട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചലച്ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നു. റാബിറ്റ് ആന്റ് ടോര്‍ട്ടോയിസ് ന്യൂജെന്‍ റേസ് എന്ന പേരിലാണ് ടുഡി ഫോര്‍മാറ്റില്‍ ഹ്രസ്വ ചിത്രം തയ്യാറാക്കിയത്.

ആമയുടേയും മുയലിന്റേയും ഓട്ടമത്സരക്കഥയുടെ ന്യൂജെന്‍ വകഭേദമാണ് പ്രമേയം. മുയലിന്റെ അഹങ്കാര പ്രകടനത്തോടെയാണ് കഥാ തുടക്കം. മുയലിനോടൊപ്പം ആമയും ന്യൂജെന്‍. വേഗതയാര്‍ക്കെന്ന പരമ്പരാഗത വൈരം മുയല്‍ മുന്നോട്ടു വയ്ക്കുന്നു. പിന്‍മുറക്കാര്‍ മുയല്‍ വംശത്തെ തോല്‍പ്പിച്ചെന്ന് ആമവാദം. പുതിയ പന്തയത്തിന് കളമൊരുക്കം. തോല്‍വി മനസില്‍ ഉറച്ച ആമച്ചാര്‍ കുറുക്കു വഴിതേടി കുതന്ത്രക്കാരന്‍ ന്യൂജെന്‍ കുരങ്ങനെ സമീപിക്കുന്നു. വിനാശുവെന്ന കുരങ്ങന്‍ കഥാപാത്രം. കാരറ്റ് വഴിയിലിട്ട് മുയലിന്റെ മത്സരപാത തെറ്റിക്കുന്നു. അങ്ങനെ ആമയുടെ ജയം വീണ്ടും. കഥ ഇവിടെ അവസാനിക്കുന്നില്ല. ന്യൂജെന്‍ കഥയില്‍ സര്‍വതും കാണാനുള്ള കാക്കകണ്ണില്‍ ആമയുടെ പൊള്ളത്തരം ജന്തുലോകം അറിയുന്നു. പന്തയത്തിലെ യഥാര്‍ത്ഥ വിജയി മുയല്‍ തന്നെയെന്ന വിധി പ്രസ്താവം കഥാന്ത്യം.


കല്ല്യാശേരി കെപിആര്‍ ഗവണ്‍മെന്റ് സകൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 14-കാരന്‍ ദീപക്. അധ്യാപികയായ സീമ അമ്മ. എട്ടുവയസുകാരി ദിയ സഹോദരി. അച്ഛന്‍ രമേശ് നാവികസേനയില്‍ നിന്നും വിരമിച്ചയാളാണ്.

ഇക്കൊല്ലം ആദ്യം അനിമേഷനില്‍ കമ്പം കയറിയ ദീപക് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള ടൂണ്‍സ് അനിമേഷനില്‍ പരിശീലനത്തിന് താല്‍പര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. പ്രായം പരിഗണിച്ച് സ്ഥാപനം ദീപകിനെ തിരിച്ചയച്ചു. അടങ്ങിയിരുന്നില്ല ദീപക് . അനിമേഷനെ സംബന്ധിച്ച പരമാവധി വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും പരമാവധി ശേഖരിച്ചു. ആണ്‍പെണ്‍ മുയലുകളും ആമയും കുരങ്ങനും സൃഷ്ടിക്കപ്പെട്ടു. പഠനം പിന്നോട്ടു പോയിട്ടും അച്ഛനും അമ്മയും ദീപക്കിനെ പിണക്കിയില്ല. ന്യൂജെന്‍ മുയല്‍ ആമക്കഥ അനിമേഷനില്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസമെടുത്തു. സിനിമയുമായി ദീപക്ക് കൊച്ചു ടിവിയെ സമീപിച്ചു. ദൈര്‍ഘ്യ കൂടുതലും വൈദഗ്ദ്ധ്യ കുറവും ആരോപിച്ചു പിന്തള്ളപ്പെട്ടു. മാധ്യമങ്ങള്‍ കണ്ടിട്ടും കണ്ണടച്ചു.

ഒടുവില്‍ സ്വിറ്റ്‌സര്‍ലന്റിലെ അനിമേഷന്‍ ചലച്ചിത്രോത്സവത്തിലേക്ക് എന്‍ട്രി അയച്ചു. ജര്‍മ്മനി, ജപ്പാന്‍, തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികള്‍ മത്സരത്തിന് എത്തിയിരുന്നു. ന്യൂജെന്‍ ചിത്രം മികച്ചതെന്ന് വിലയിരുത്തി പുരസ്‌കാരം.ദീപക്കിന്റെ വാക്കുകളിലേക്ക്. 'വരച്ചു തുടങ്ങിയപ്പോഴെ ചിത്രങ്ങള്‍ക്ക് ചലനം നല്‍കാനായാല്‍ നല്ല രസമായിരിക്കുമല്ലോ എന്നാണ് തോന്നിയത്. അതിനുള്ള അന്വേഷണമായി. സ്റ്റോറി ബോര്‍ഡ് പോലും അറിയാതെയാണ് വായിച്ച് അറിഞ്ഞ കാര്യങ്ങള്‍ വച്ചായിരുന്നു അനിമേഷന്‍ തുടങ്ങിയത്. പഠനമായിരുന്നു പ്രഥമ ലക്ഷ്യം. വര പഠിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചെങ്കിലും പോയില്ല. നോക്കൂ, കഥാപാത്രങ്ങളുടെ രൂപവല്‍ക്കരണം വലിയ പ്രശ്‌നമായിരുന്നു. ഹൈറാര്‍ക്കി നിശ്ചയിക്കുന്നത് കുഴക്കി. പിന്നെ പെണ്‍മുയലിനെ സൃഷ്ടിക്കണം. കഥാപാത്രങ്ങള്‍ക്ക് എല്ലാം ന്യൂജെന്‍ രൂപഭാവം വേണം. ശബ്ദം നല്‍കിയത് കൂട്ടുകാരാണ്. കൂട്ടുകാരുടെ മുന്നില്‍ മാത്രമേ. ഈ സിനിമ കാണിച്ചിട്ടുള്ളൂ. അനിമേഷന്‍ പഠിക്കണം. ഇവിടെ തന്നെ നില്‍ക്കണം,' ജീവിത പ്രയാണത്തില്‍ ദീപക്കിന് മുന്നില്‍ സംശയങ്ങളില്ല.

പ്രാഗത്ഭ്യം തെളിയിച്ച് മടങ്ങി വന്ന ദീപക്കിനെ അനിമേഷന്‍ പഠനത്തിനുള്ള അവസരം ഒരുക്കാന്‍ ടൂണ്‍സ് അക്കാദമി തയ്യാറായിട്ടുണ്ട്. 'തീര്‍ത്തും സൗജന്യമായി ദീപക്കിന് അനിമേഷന്‍ വിദഗ്ദ്ധ പഠനത്തിനുള്ള അവസരം നല്‍കും', ടൂണ്‍സ് സിഇഒ പി ജയകുമാര്‍ പറഞ്ഞു. 'അനിമേഷനില്‍ അത്ഭുതകരമായ പ്രതിഭയാണ് ദീപക്. പരിശീലനം ലഭിക്കാതെ പൂര്‍ത്തിയാക്കിയ ഈ അനിമേഷന്‍ സിനിമ സാങ്കേതികമായി മാത്രമേ പിന്നില്‍ നില്‍ക്കുന്നുള്ളൂ', ജയകുമാര്‍ വിലയിരുത്തുന്നു.


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories