TopTop
Begin typing your search above and press return to search.

മി. ഉമ്മന്‍ ചാണ്ടി, താങ്കള്‍ ആരുടെ മാനത്തെ കുറിച്ചാണ് പറയുന്നത്?

മി. ഉമ്മന്‍ ചാണ്ടി, താങ്കള്‍ ആരുടെ മാനത്തെ കുറിച്ചാണ് പറയുന്നത്?

അഴിമുഖം പ്രതിനിധി

വെള്ളത്തില്‍ മുങ്ങിത്താഴുന്നയാള്‍ ജീവന്‍ രക്ഷിക്കാനായി ഏത് കച്ചിത്തുരുമ്പിലും കയറിപ്പിടിക്കും. സരിതയുടെ പ്രമാദമായ കത്തിന്റെ പേരില്‍ അവര്‍ക്കും നാല് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടിയേയും ഇത്തരത്തിലേ കാണാന്‍ കഴിയൂ. കേസ് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചു തൂങ്ങാന്‍ പറ്റിയ ഒരു കച്ചിത്തുരുമ്പായി ഇതിനെ കണ്ട് ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും സമാശ്വസിക്കാം.

സരിത പറയുന്ന കാര്യങ്ങളില്‍, പ്രത്യേകിച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ സത്യം എത്രയുണ്ട് എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ട്. എന്നാല്‍ താന്‍ പറയുന്നതെല്ലാം കളവല്ലെന്നതിനുള്ള ചില തെളിവുകള്‍ സരിത ഇതിനകം സോളാര്‍ അന്വേഷണ കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിധി പറയേണ്ടത് കമ്മീഷനാകയാല്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല.

പക്ഷേ, കത്ത് വിവാദവും മാനനഷ്ടക്കേസും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. സരിതയുടേത് എന്ന രീതിയില്‍ ഏഷ്യാനെറ്റ് ചാനല്‍ പുറത്തു വിട്ട കത്ത് വ്യാജമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. ഇതേ വാദം തന്നെയായിരുന്നു സരിതയുടെ മുന്‍അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും സോളാര്‍ കമ്മീഷനു മുമ്പാകെ ബോധിപ്പിച്ചത്. ഫെനിയുടെ വാദം കമ്മീഷന്‍ മുഖവിലയ്ക്ക് എടുത്തിട്ടില്ല. താന്‍ എഴുതിയ കത്ത് ഫെനി കണ്ടിട്ടില്ലെന്ന് സരിത തറപ്പിച്ചു പറയുന്നു. കത്ത് വ്യാജമോ അല്ലയോ എന്ന വിഷയം അവിടെ നില്‍ക്കട്ടെ. താന്‍ എഴുതിയതാണെന്ന് സരിത തന്നെ സമ്മതിക്കുന്ന കത്താണ് ഏഷ്യാനെറ്റ് പുറത്തു വിട്ടത് ഇതിന്റെ പേരിലാണ് ഏഷ്യാനെറ്റിലേയും കൈരളി പീപ്പിള്‍ ചാനലിലേയും നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉമ്മന്‍ചാണ്ടി കേസ് നല്‍കിയത്. എന്താണ് ഈ കേസിന്റെ പ്രസക്തി?

കത്ത് വ്യാജമാണെങ്കില്‍ അത് തന്റെ കത്ത് തന്നെയാണ് എന്ന് അവകാശപ്പെടുന്ന സരിതയ്ക്ക് എതിരെ മുഖ്യമന്ത്രിക്ക് കേസ് കൊടുക്കാം. കത്തിന്റെ കാര്യത്തില്‍ മാത്രമല്ല തനിക്ക് എതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതിന് എതിരെപോലും സരിതയ്ക്ക് എതിരായ കേസ് വെറും മാനനഷ്ടത്തില്‍ മാത്രം നിര്‍ത്തേണ്ടതില്ല. അത്രയ്ക്ക് ഉറപ്പുണ്ടെങ്കില്‍ ക്രിമിനല്‍ നടപടി തന്നെ സ്വീകരിക്കാം.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങള്‍ സരിത ഇതാദ്യമായല്ല ഉന്നയിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് തന്നെ പണം ഇടപാട് സംബന്ധിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും അദ്ദേഹവുമായി അടുത്ത ചില ആളുകള്‍ക്ക് എതിരേയും സരിത ഉന്നയിച്ചിരുന്നു. കാബിനറ്റ് മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന് എതിരേയും ഇതേ ആരോപണം സരിത കമ്മീഷന് മുമ്പാകെ ഉന്നയിച്ചതാണ്. ഇത്രയും ഒക്കെ നടന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഒരു മാനനഷ്ടകേസിന് ഇറങ്ങിപ്പുറപ്പെട്ടത് എന്ന ചോദ്യം അവശേഷിക്കുന്നു. വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനായി നടത്തിയ ഒരു നീക്കമായി ആരെങ്കിലും ഈ മാനനഷ്ടക്കേസിനെ കണ്ടാല്‍ അവരെ കുറ്റം പറയാനാകില്ല.

മുഖ്യമന്ത്രിയുടെ മാനനഷ്ടക്കേസിന്റെ പൊരുള്‍ ചാനല്‍ വാര്‍ത്തകള്‍ കണ്ട ഏവര്‍ക്കും എളുപ്പത്തില്‍ ബോധ്യമാകുന്നതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ തന്നെ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തറവേല. ഇതാദ്യമായല്ല മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മാനനഷ്ടക്കേസ് ഉണ്ടാകുന്നത്. കേരളത്തില്‍ തന്നെ എണ്ണിയാലൊടുങ്ങാത്ത മാനനഷ്ടക്കേസുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും പിഴയടച്ചതായോ ജയിലില്‍ കിടന്നതായോ കേട്ടുകേള്‍വിയില്ല. ശോഭനാ ജോര്‍ജ്ജ് മന്ത്രി കെ വി തോമസിനെതിരെ വ്യാജ രേഖ സമര്‍പ്പിച്ച കേസിന്റെ ഗതിയും ജനം കണ്ടതാണ്. കോഴിക്കോട് ഐസ്‌ക്രീം പെണ്‍വാണിഭ കേസിലെ ഇരകളിലൊരാളായ റജീനയുടെ അഭിമുഖം പ്രക്ഷേപണം ചെയ്ത ഇന്ത്യാവിഷന്‍ ചാനലിന് എതിരെ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുറുമുറുത്തു നടന്നതല്ലാതെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതായി അറിയില്ല. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട എം കെ മുനീറാണ് ആ ചാനലിന്റെ മേധാവിയെന്നത് കൊണ്ടു കൂടിയാവണം കുഞ്ഞാലിക്കുട്ടി അത്തരം ഒരു സാഹസത്തിന് മുതിരാതിരുന്നത്. പക്ഷേ, ലീഗ് അണികള്‍ക്ക് ഇടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വന്ന് ആ ചാനലിനെ ഏകദേശം പൂട്ടിക്കെട്ടിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചുവെന്നു തന്നെ വേണം പറയാന്‍.

തങ്ങള്‍ക്ക് എതിരെ നല്‍കിയ മാനനഷ്ടക്കേസിനെ കുറിച്ച് ഏഷ്യാനെറ്റ് ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം കൈരളി ചാനല്‍ ഉമ്മന്‍ചാണ്ടിയുടെ നീക്കം തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണം ഉന്നയിച്ചു കഴിഞ്ഞു. സ്വാഭാവികമായും ആര്‍ക്കും തോന്നാവുന്ന ഒരു വാദം തന്നെയാണ് കൈരളി ചാനലും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊക്കെ ഉന്നയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് പ്രത്യേകിച്ച് അഭിപ്രായങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ആ ചാനലിനെ മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത് ചില ഗൂഢ ലക്ഷ്യങ്ങളോടു തന്നെയാണ്. ഇതിന് ചില രാഷ്ട്രീയ കാരണങ്ങളുമുണ്ട്. ചാനലിന്റെ തലപ്പത്ത് ഇരിക്കുന്നയാളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത്.


Next Story

Related Stories