TopTop
Begin typing your search above and press return to search.

ഡെല്‍ഹി ഫലം: മാറുന്നത് ആരുടെ തലവര?

ഡെല്‍ഹി ഫലം: മാറുന്നത്  ആരുടെ തലവര?

ടീം അഴിമുഖം

എഴുപത് നിയമസഭ നിയോജക മണ്ഡലങ്ങള്‍ മാത്രമുള്ള ഒരു ചെറിയ സംസ്ഥാനമാണ് ഡല്‍ഹി. പക്ഷെ ചൊവ്വാഴ്ച പുറത്തുവരുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബാധിക്കും. ഈ തിരഞ്ഞെടുപ്പില്‍ സാധ്യമായ പരാജയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ബിജെപി
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത് പോലെ ഡല്‍ഹി എഎപിയ്ക്ക് അനുകൂലമായാണ് വോട്ട് ചെയ്യുന്നതെങ്കില്‍, വരുന്ന മാസങ്ങളില്‍ ബിഹാറിലും പശ്ചിമ ബംഗാളിലും വെന്നിക്കൊടി പാറിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന ബിജെപിയ്ക്ക് അത് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തും. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നാലു പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആദ്യമായി കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരിക അരുണ്‍ ജെയ്റ്റിലിക്കായിരിക്കും. നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യത്തെ എതിര്‍ക്കുന്ന ഡല്‍ഹിയിലെ ദരിദ്രരാവും ബിജെപിയുടെ പരാജയത്തിന് മുഖ്യകാരണമാവുക. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയുടെ സമയത്ത് പത്ത് ലക്ഷം രൂപ വിലയുള്ള കോട്ട് ഉപയോഗിച്ചതിന്റെ പേരില്‍ മാത്രമല്ല അവര്‍ നരേന്ദ്ര മോദിയുടെ മുന്നില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ജെയ്റ്റ്‌ലിയുടെ സാമ്പത്തിക നയങ്ങളുടെ പേരിലും അവര്‍ കേന്ദ്രത്തെ ആക്രമിക്കുന്നു. ദരിദ്രര്‍ക്ക് അനുകൂലമാണ് തങ്ങളെന്ന ഒരു പ്രതിഛായ വികസിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ദരിദ്രര്‍ക്ക് വേണ്ടിയുള്ള നടപടികളുടെ കാര്യത്തില്‍ പാര്‍ട്ടി പിന്നോക്കം പോകുന്നു. ബിഹാര്‍ പോലെയുള്ള ഒരു ദരിദ്ര സംസ്ഥാനത്ത് അത് പാര്‍ട്ടിയുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ബിഹാറിലെ ജനങ്ങളെ ആകര്‍ഷിക്കണമെന്ന് പാര്‍ട്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ബിജെപി അതിന്റെ ഭൂമി ഏറ്റെടുക്കല്‍ നയങ്ങളില്‍ മാറ്റം വരുത്തുകയും തങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാണെന്ന് തെളിയിക്കുകയും ചെയ്യണം.ഡല്‍ഹിയിലെ പല പ്രദേശിക നേതാക്കളെയും ഒതുക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജെയ്റ്റ്‌ലിയാണ്. ബിജെപിയ്ക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരായ ആക്രമണം ശക്തമാകും. ഇന്നത്തെ സാഹചര്യത്തില്‍ മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്യാന്‍ ആരും ധൈര്യം കാണിക്കില്ലായിരിക്കും. മാത്രമല്ല, അവരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലുള്ള എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്‌തേക്കും. പക്ഷെ ജെയ്റ്റ്‌ലി നിരീക്ഷണത്തിലാവും എന്ന കാര്യം തീര്‍ച്ചയാണ്.

കോണ്‍ഗ്രസ്
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലേയും അതിന് ശേഷം നടന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പുകളിലും ഏറ്റ കനത്ത പരാജയം വേട്ടയാടുന്ന പാര്‍ട്ടിയിലെ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാന്‍ ഡല്‍ഹിയിലെ ഫലങ്ങള്‍ വഴിവെച്ചേക്കാം. ശനിയാഴ്ച പുറത്ത് വന്ന ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസിന് അഞ്ച് സീറ്റില്‍ കൂടുതല്‍ പ്രവചിക്കുന്നില്ല എന്ന് മാത്രമല്ല, മൂന്ന് ഫലങ്ങള്‍ പറയുന്നത് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്.

ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ബാധ്യതയാവുന്ന തരത്തില്‍, ജനമധ്യത്തിലുള്ള പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ന്നു എന്ന സൂചനയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കൂറുമാറ്റത്തിലേക്കും പിളര്‍പ്പിലേക്കും പാര്‍ട്ടിയെ നയിക്കാവുന്ന തരത്തില്‍ ശക്തമായ അടിയൊഴുക്കുകള്‍ക്ക് ഇത് വഴിവച്ചേക്കും.

കോണ്‍ഗ്രസ് ബിംബം ഡല്‍ഹിയില്‍ തകരുന്നപക്ഷം നേതൃത്വത്തിനെതിരായി ഇടയ്ക്കിടെ ഉയരുന്ന വിമര്‍ശനങ്ങളും മുറുമുറുപ്പുകളും കൂടുതല്‍ ഉച്ചത്തിലായേക്കും. ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ അവശ്യം വേണ്ട ഭാവനയെ തടയുന്ന തരത്തിലുള്ള നേതൃത്വപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യത ഭൂരിപക്ഷം പേരും തള്ളിക്കളയുന്നില്ല. ഗാന്ധി കുടുംബത്തെ പൂര്‍ണമായും ആശ്രയിക്കുന്നത് ഒരേ സമയം തന്നെ ഗുണവും ദോഷവുമായേക്കാം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഉന്നത സ്ഥാനങ്ങളില്‍ നിന്നും സോണിയ ഗാന്ധി പിന്മാറുന്നത് ഇപ്പോള്‍ തന്നെ പാര്‍ട്ടി സ്ഥാപനങ്ങളെ തളര്‍ത്തിയിട്ടുണ്ട്.എഎപിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും
ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയം അല്ലെങ്കില്‍ ബിജെപിയുടെ വിജയം എഎപിയെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും വിഷമവൃത്തത്തിലാക്കും. നിരവധി വിഭാഗങ്ങളില്‍ നിന്നുള്ള നീരസം എഎപിയ്ക്ക് നേരിടേണ്ടി വരും. ഡല്‍ഹിക്ക് വെളിയിലേക്ക് പാര്‍ട്ടിയെ വിപുലീകരിക്കാനുള്ള എഎപിയുടെ ശ്രമങ്ങളെ ഇവിടുത്തെ പരാജയം പ്രതികൂലമായി ബാധിക്കും. മോദി കൂടുതല്‍ കരുത്തനാവുകയും ചെയ്യും. ജനത പരിവാറിന്റെ സംയോജനത്തിന് കാലതാമസം നേരിട്ടേക്കാം. ഇടതു കക്ഷികള്‍ കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയും ഉണ്ടാവും.


Next Story

Related Stories