TopTop
Begin typing your search above and press return to search.

മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ഇനി അരവിന്ദ് കെജ്രിവാള്‍?

മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് ഇനി അരവിന്ദ് കെജ്രിവാള്‍?

ടീം അഴിമുഖം

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരാനിരിക്കെ, ആം ആദ്മി പാര്‍ട്ടിയെ വിശാല ബിജെപി വിരുദ്ധ മുന്നണിയുടെ നിര്‍ണായക ഘടകമാക്കുന്ന തരിത്തിലുള്ള ഒരു പുതിയ ദേശീയ രാഷ്ട്രീയ സംവാദത്തിന് വഴിതെളിക്കാനുള്ള സാധ്യത ഏറെയാണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നതു പോലെ ഫെബ്രുവരി 10ന് എഎപി ഡല്‍ഹിയില്‍ വിജയിച്ചാല്‍ അത് ദേശീയ രാഷ്ട്രീയത്തില്‍ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

ബിജെപിക്കുള്ളില്‍ ഉയരുന്ന മുറുമുറുപ്പായിരിക്കും ഇതില്‍ ആദ്യത്തെതും ഏറ്റവും പ്രധാനവും. നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായുടെയും ഏകാധിപത്യ പ്രവണതകളില്‍ അസ്വസ്ഥരാണ് ബിജെപി നേതൃത്വത്തിലുള്ള നല്ലൊരു വിഭാഗവും. ഇപ്പോള്‍ അവര്‍ അനൗദ്യോഗികമായി ഇതിനെക്കുറിച്ച് പരാതി പറയുന്നുണ്ടെങ്കിലും ഇനി പരസ്യമായി തന്നെ രംഗത്ത് വന്നേക്കാം. ബിജെപിയുടെ മോശം പ്രകടനത്തിന് അടിവരയിടുന്ന ഫലങ്ങളാണ് പുറത്തുവരുന്നതെങ്കില്‍ ഡല്‍ഹി ഘടകത്തിലെ ചില നേതാക്കള്‍ കലാപമുയര്‍ത്തുമെന്ന് സൂചനയുണ്ട്.

മറ്റെന്തിനെക്കാളും, പ്രധാനമന്ത്രി പദത്തിലുള്ള നരേന്ദ്ര മോദിയുടെ ഒമ്പത് മാസത്തെ പ്രകടനത്തിന്റെ വിലയിരുത്തലാവും ഡല്‍ഹി തിരഞ്ഞെടുപ്പ് എന്ന യാഥാര്‍ത്ഥ്യമാണ് രണ്ടാമതായി വരുന്നത്. ആ പദവിയില്‍ അദ്ദേഹം വലിയ പരാജയമായിരുന്നു എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. മോദിയുടെ പാടിപുകഴ്ത്തപ്പെടുന്ന നേട്ടങ്ങള്‍, അദ്ദേഹത്തെ അധികാരത്തിലേറ്റിയ ദേശീയ സാഹചര്യങ്ങള്‍, വികസിത ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് ഡല്‍ഹിയില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയത്. അവസാന നിമിഷം സിനിമ സെറ്റിലെത്തിയ എക്‌സ്ട്ര നടിയുടെ പങ്കേ കിരണ്‍ ബേദിക്ക് ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ മോദിക്കെതിരെ അകത്തുനിന്നും പുറത്തുനിന്നുമുള്ള ആക്രമണങ്ങള്‍ ഉടനടി മൂര്‍ച്ഛിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മോദി ആക്രമണത്തിന് ഇരയാകുകയും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് അറുതിവരികയും ചെയ്താല്‍, അത് സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. കാരണം, വികസന വാഗ്‌ധോരണികള്‍ വിജയിച്ചില്ലെങ്കില്‍ മൃദു സാമുദായികത വിജയിക്കും എന്ന തരത്തില്‍ വിശ്വസിക്കുന്ന ആളാണ് നരേന്ദ്ര മോദി.ബിജെപിക്ക് മാത്രമല്ല, കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കുമൊക്കെ ഭീഷണി ഉയര്‍ത്തിക്കൊണ്ട് എഎപി ഇന്ത്യയിലെമ്പാടും ശക്തിപ്രാപിക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എഎപിയുടെ മൊത്തം ദേശീയ വോട്ട് വിഹിതം രണ്ട് ശതമാനം, അതായത് 1,13,25,635 വോട്ടുകളായിരുന്നു. 400ല്‍ പരം സീറ്റുകളില്‍ നിന്നാണ് എഎപി ഇത്രയും വോട്ടുകള്‍ കരസ്ഥമാക്കിയത് എന്നതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള ദേശീയ പ്രവര്‍ത്തനം സംവിധാനം അവര്‍ക്കുണ്ട് എന്ന് അംഗീകരിക്കേണ്ടി വരും. എഎപി ഉടനടി തന്നെ നല്ലൊരു തന്ത്രം ആവിഷ്‌കരിക്കുകയാണെങ്കില്‍ അവര്‍ ഒരു പ്രധാന പാര്‍ട്ടിയായി മാറാന്‍ അധിക സമയം എടുക്കില്ല എന്ന് മാത്രമല്ല, ചില സംസ്ഥാന നിയമസഭകളില്‍ അവര്‍ വിജയിക്കുകയും ചെയ്‌തേക്കാം. പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ എഎപിയുടെ പക്ഷത്തേക്ക് എളുപ്പം ചായാന്‍ സാധ്യതയുള്ളവയാണ്.

ഇടതുചായ്‌വുള്ള ഒരു മികച്ച സര്‍ക്കാരാവും ഡല്‍ഹിയില്‍ എഎപി രൂപീകരിക്കുക എന്ന ന്യായമായ വിശ്വാസമാണ് നിലനില്‍ക്കുന്നത്. അവര്‍ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടി വരില്ല. മറിച്ച്, കുടിവെള്ളം എത്തിക്കുകയും വൈദ്യുതി നിരക്ക് കുറയ്ക്കുകയും സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യരക്ഷ സൗജന്യമാക്കുകയും അഴിമതി കുറയ്ക്കുകയും ഒക്കെ ചെയ്താല്‍ മതിയാകും. മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെങ്കിലും പോലും ഇതൊക്കെ നേടിയെടുക്കാവുന്നതേ ഉള്ളു. ഇതില്‍ കെജ്രിവാള്‍ വിജയിക്കുകയാണെങ്കില്‍, മോദി സര്‍ക്കാരിന്റെ താന്‍പ്രമാണിത്തപരവും ഏകാധിപത്യപരവുമായ ശൈലിയുടെ നേര്‍വിപരീത ചിത്രമായിരിക്കും തൊട്ടയല്‍ക്കാരന്‍ എന്ന നിലയിലുള്ള കെജ്രിവാളിന്റെ മുഖം വരച്ചുകാട്ടുക.

അവസാനമായി, എഎപിയ്ക്ക് അത്തരം ഒരു പുനരുജ്ജീവനം സാധ്യമാവുകയാണെങ്കില്‍, മോദിയെ വിടാതെ പിന്തുടരുന്ന കെജ്രിവാളിന്റെ പ്രവര്‍ത്തനശൈലിയുടെ അടിസ്ഥാനത്തില്‍ 2019-ല്‍ ഇന്ത്യ ചില പുതിയ രാഷ്ട്രീയ കൂട്ടകെട്ടുകള്‍ക്ക് സാക്ഷ്യം വഹിച്ചേക്കാം. മോദിയുടെ ഏറ്റവും വലിയ എതിരാളിയായി കെജ്രിവാള്‍ വളര്‍ന്നു വരികയാണെങ്കില്‍, ആ പോരാട്ടം കൗതുകകരമായിരിക്കും.

മോദി ഒരു ഹൃസ്വകാല വാഗ്ദാനം മാത്രമായിരുന്നു എന്നും വര്‍ഗ സമരത്തിലേക്ക്, കമ്പോള ശക്തികളും അധികാര പ്രഭുക്കളും ഒരു വശത്തും ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും മറുവശത്തും അണിനിരക്കുന്ന സമരത്തിലേക്കുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മടക്കത്തിന് മുമ്പുള്ള ഒരു ചെറിയ ഇടവേള മാത്രമായിരുന്നു മോദി എന്നും കൂടി ഇതിന് അര്‍ത്ഥമുണ്ട്.


ജാതിയുടെ, മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ യുദ്ധം നടക്കുന്നത് താങ്ങാനുള്ള ശേഷി ഇനിയും ഈ രാജ്യത്തിന് ഇല്ലതന്നെ.


Next Story

Related Stories