Top

ദാരിദ്ര്യത്തിന്റെ പരമാധികാര റിപ്പബ്ലിക്കിലെ മായാജാലക്കാര്‍; കട്പുതലിയിലെ കാഴ്ചകള്‍

ദാരിദ്ര്യത്തിന്റെ പരമാധികാര റിപ്പബ്ലിക്കിലെ മായാജാലക്കാര്‍; കട്പുതലിയിലെ കാഴ്ചകള്‍
ഡല്‍ഹിയിലെ കട്പുതലി കോളനി ഇന്ത്യയിലെ മറ്റു നൂറു കണക്കിനു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളില്‍ ഒന്നാണ്. ദാരിദ്ര്യത്തിന്റെ പരമാധികാര റിപ്പബ്ലിക്കുകള്‍. തെരുവുകളിലെ ഇന്ദ്രജാലക്കാര്‍, ഗായകര്‍, വീട്ടുജോലിക്കാര്‍, കൈവണ്ടി വലിക്കാര്‍, നിത്യക്കൂലി ജോലിയുടെ ഭാരം കൊണ്ട് നടുവളഞ്ഞവര്‍. ഈ കോളനിയും ഇന്ത്യയിലെ നൂറുകണക്കിനു നഗരച്ചേരികളെപ്പോലെയാണ്. ദാരിദ്ര്യം കാല്‍പനികതയുടെ ഒരു വര്‍ണക്കടലാസിലും പൊതിഞ്ഞുവെക്കാനാകാത്ത ദുരന്തമാണ്. അത് ഒരു ഭാഷയിലും പറഞ്ഞൊതുക്കാനാകാത്ത സങ്കടവും ക്ഷോഭവുമാണ്. വിദൂരമായ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഒരു പ്രണയ സങ്കല്‍പ്പം പോലെ ആവര്‍ത്തിക്കാറുണ്ട്. കണ്ടിട്ടുണ്ടോ നഗരങ്ങളിലെ ചേരികള്‍? നഗരത്തിലെ നരകങ്ങള്‍! മനുഷ്യര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓടകള്‍ക്ക് മുകളിലാണ് ജീവിക്കുന്നത്. പതഞ്ഞൊഴുകുന്ന അഴുക്ക് ചാലുകള്‍ക്കു മുകളില്‍ കഴിഞ്ഞ 40 വര്‍ഷമായി ജീവിക്കുന്ന തനിക്കും കുടുംബത്തിനും അവിടെ മരിക്കാനുള്ള അവകാശത്തിനായാണ് ഈ മനുഷ്യര്‍ ഭരണകൂടത്തിന്റെ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കിടക്കുന്നത്. എവിടെപ്പോകാന്‍?

ഒരു ട്രപ്പീസുകളിക്കാരനെപ്പോലെ കാലുകള്‍ വെച്ചില്ലെങ്കില്‍ ഒരാള്‍ക്ക് പോകാന്‍ മാത്രം വഴിയുള്ള ചേരിവഴികളില്‍ നിങ്ങളുടെ കാലുകള്‍ പുതഞ്ഞുപോകും. അതിനപ്പുറം ഗുഹ പോലൊരു മുറിയില്‍ ഒരു 10 വയസുകാരന്‍ നാളേക്കുള്ള ഗൃഹപാഠം തീര്‍ക്കുകയാണ്.

രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്ര, ബംഗാള്‍, യു.പി അങ്ങനെ പലയിടത്തുനിന്നും പലപ്പോഴായി വന്നവരാണീ ചതുപ്പിന് മുകളില്‍ കുടിയിരിക്കുന്നത്. ഡല്‍ഹി മെട്രോ വന്നപ്പോള്‍ ഒരു അപ്പാര്‍ത്തീഡ് മതില്‍ പോലെ വെളിച്ചത്തില്‍ നിന്നുപോലും മെട്രോയുടെ വന്‍മതിലിനാല്‍ അവര്‍ മറയ്ക്കപ്പെട്ടു. ഇപ്പോള്‍ മതില്‍ പൊളിച്ച് വീണ്ടും ഭരണകൂടം വരുന്നു. വെള്ളവും വെളിച്ചവും നല്‍കാനല്ല. ഇറങ്ങിപ്പോകൂ, ഞങ്ങളീ സ്ഥലം രഹേജ ബില്‍ഡേഴ്‌സിന് വിറ്റു എന്നറിയിക്കാന്‍. തെരഞ്ഞെടുത്ത താമസക്കാര്‍ക്ക് ഭാവിയില്‍ രഹേജ ഓരത്തായി ഫ്‌ളാറ്റുകള്‍ നല്‍കുമെന്ന്. ഒന്നും ഉറപ്പ് നല്‍കാത്ത ഒരു കരാറില്‍ അവര്‍ തെരഞ്ഞെടുത്ത കുറച്ചുപേരെക്കൊണ്ട് ഒപ്പുവെപ്പിക്കുന്നു. ദല്ലാളുമാര്‍, കൂട്ടത്തില്‍ നിന്നുള്ള കൂട്ടിക്കൊടുപ്പുകാര്‍, രാവും പകലും ഭീഷണിയുമായി കയറിയിറങ്ങുന്ന ടിഡിഎ ഉദ്യോഗസ്ഥരും പൊലീസുകാരും; പകച്ചു നില്‍ക്കുകയാണ് ഈ മനുഷ്യര്‍.

മാറ്റിത്താമസിപ്പിച്ച ആനന്ദ് പര്‍ബതിലെ കേന്ദ്രത്തില്‍ വെള്ളം പോലും ശരിക്കില്ല.
ചേരിയിലെ സ്ത്രീകളോട് പൊലീസുകാര്‍ മോശമായി പെരുമാറുന്നു. അതവരുടെ വിധിയാണെന്ന പോലെ. മനുഷ്യര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. പ്രതിഷേധിക്കുന്നുണ്ട്. ഇതുപോലൊരു നരകത്തില്‍ ജീവിക്കാന്‍ പോലും അനുവദിക്കാത്ത ഭരണകൂടത്തെ എങ്ങനെ നേരിടണം. ആ ചേരിയിലെ സ്ത്രീകള്‍ക്കുള്ള പൊതു ശൗചാലയം പൊളിച്ചിടുകയാണ് അധികൃതര്‍ ഈ ശൈത്യം രൂക്ഷമായപ്പോള്‍ ചെയ്തത്. ഒഴിപ്പിക്കാനുള്ള സമ്മര്‍ദ തന്ത്രം. ഇതിലും ഹീനമായി എങ്ങനെയാണ് പെരുമാറാനാവുക. സ്വന്തം ജനതയ്ക്ക് വിസര്‍ജിക്കാനുള്ള കുഴികള്‍ പോലും അടച്ചിടുന്ന ആഗോള വന്‍ശക്തി!

നിങ്ങളെന്തിനാണ് ഇവിടെ കടന്നത് എന്നാണ് പൊലീസുകാര്‍ എന്നോടു ചോദിച്ചത്. രാജ്യതലസ്ഥാനത്ത് ഒരു മനുഷ്യവാസ കേന്ദ്രത്തില്‍ കടക്കണമെങ്കില്‍ അരമണിക്കൂര്‍ നേരം ഭരണഘടനയെക്കുറിച്ച് പ്രസംഗിക്കേണ്ടിവരുന്ന മഹാരാജ്യമേ, വാഴ്ക!

പൊലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരിക്കും, സ്ത്രീകള്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നതടക്കം. വൃദ്ധയായ ഒരു സ്ത്രീ കരഞ്ഞുകൊണ്ടു ചോദിക്കുന്നു,'എന്തൊരു മാനക്കേടാണിത്'. മുഖം മറച്ച പൊലീസുകാര്‍ ചിരിച്ചുകൊണ്ട് അടക്കം പറയുന്നു, 'അവളുടെയൊക്കെ മാനം.'

ഒരു പക്ഷേ ഇക്കൊല്ലം കഴിയുമ്പോള്‍ ഈ ചേരി ഇവിടെ കാണില്ല. ഈ മനുഷ്യര്‍ എങ്ങോട്ടുപോയിരിക്കും? ആ ഗുഹയിലിരുന്നു ഗൃഹപാഠം ചെയ്യുന്ന കുട്ടി ഏത് സ്‌കൂളില്‍ പോകും? എന്റെ മക്കളും പേരമക്കളുമായി മൂന്നു തലമുറ ഇവിടെയാണ് കഴിഞ്ഞത് എന്നു ഈ ഗതികെട്ട ജീവിതത്തെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് പറയുന്ന ആ ബംഗാളി വൃദ്ധ ബിമല തന്റെ തലമുറകളുടെ ഓര്‍മ്മകളുമായി എങ്ങോട്ടായിരിക്കും പോവുക? ഒമ്പത് പേരുള്ള എന്റെ ഈ വീട് എന്ന് ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ അടുക്കളയോളം വലിപ്പമുള്ള ഒരു മുറി കാണിച്ചു തന്ന, സമരത്തില്‍ ആദ്യമെത്തുന്ന മുന്നി ഖത്താം ഏത് ഇരുട്ടിലേക്കായിരിക്കും ഇറങ്ങിത്തിരിക്കുക? തങ്ങളുടെ ഇന്ദ്രജാല ചെപ്പുകളും ആകാശത്തിലേക്കു അപ്രത്യക്ഷമാകുന്ന പന്തുകളുമായി അമ്പരന്നു നില്‍ക്കുന്ന ആ പാവം മാന്ത്രികരുടെ മുന്നില്‍ ഏത് മാന്ത്രിക കൊട്ടാരത്തിന്റെ വാതിലായിരിക്കും തുറക്കുക?

അവര്‍ മുഷ്ടി ചുരുട്ടുന്നുണ്ട്. മുദ്രാവാക്യം വിളിക്കുന്നുണ്ട്. നിങ്ങള്‍ കേള്‍ക്കുന്നില്ലായിരിക്കും. ഈ അസംബന്ധം നിറഞ്ഞ ദേശസ്‌നേഹത്തിന്റെ മതിലുകള്‍ പൊളിഞ്ഞുവീഴുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുമായിരിക്കും. അതുവരെ മൗനം കൊണ്ട് ഭോഗിക്കുക.


Next Story

Related Stories