TopTop
Begin typing your search above and press return to search.

ജയിച്ചതാരാണെന്ന് അറിയില്ല, തോറ്റത് ജനാധിപത്യമാണ്

ജയിച്ചതാരാണെന്ന് അറിയില്ല, തോറ്റത് ജനാധിപത്യമാണ്

അഴിമുഖം പ്രതിനിധി

രാഷ്ട്രീയ കേരളത്തിന് തീര്‍ത്തും അപമാനകരമായ ഒരു ദിവസം. എങ്ങനെ നോക്കിയാലും ഇന്ന് നടന്ന സംഭവങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ല. പ്രതിഷേധമെന്ന ജനാധിപത്യ നടപടിയല്ല സഭയില്‍ കണ്ടത്, വയലന്‍സ് ആണ്.

കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് അവര്‍ പരിധിവിട്ട നടപടികളിലേക്ക് കടന്നത്. പ്രതിപക്ഷം ഇപ്പോഴും പറയുന്നത് ബജറ്റ് അവതരിപ്പിച്ചിട്ടില്ല എന്നാണ്. സാങ്കേതികമായി നോക്കായാലും കെ എം മാണി ഇന്ന് അദ്ദേഹത്തിന്റെ പതിമൂന്നാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. മറിച്ചുള്ള പ്രതിപക്ഷത്തിന്റെ അഭിപ്രായം നിലനില്‍ക്കുന്നതല്ല. സംസ്ഥാനത്തിന്റെ ബജറ്റ് ചുമതലപ്പെട്ട ധനമന്ത്രി തന്നെ അവതരിപ്പിക്കുക എന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ധനമന്ത്രിയില്ലെങ്കില്‍ മാത്രം മുഖ്യമന്ത്രി (കേന്ദ്രത്തില്‍ പ്രധാനമന്ത്രി) ബജറ്റ് അവതരിപ്പിക്കുകയെന്നതാണ് കീഴ്‌വഴക്കം. ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷത്തിന് യാതൊരുവിധ അവകാശവുമില്ല. എന്നാല്‍ ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം, കെ എം മാണി എന്ന ധനമന്ത്രിക്ക് ഇന്ന് ബജറ്റ് അവതരിപ്പിക്കാനുള്ള ധാര്‍മികത ഉണ്ടോയെന്നാണ്. പ്രതിപക്ഷത്തിന്റെ ഇക്കാര്യത്തിലുള്ള ഡിമാന്‍ഡ് ന്യായവുമാണ്. അതൊരു എത്തിക്കല്‍ ക്വസ്റ്റിയന്‍ ആണ്. കോഴവാങ്ങിയെന്ന കേസില്‍ എഫ്‌ഐആറില്‍ പേര് ചേര്‍ക്കപ്പെട്ട ഒരാളാണ് മാണി. അങ്ങനെയുള്ളൊരാള്‍ക്ക് ഇത്തരം ധാര്‍മിക ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. മാണിയോ സര്‍ക്കാരോ അതിന് തയ്യാറായിട്ടില്ലെന്നത് ബാക്കി നില്‍ക്കുന്ന സത്യവുമാണ്.

എന്നാല്‍ ഈ ധാര്‍മികതയെ പ്രതിപക്ഷം ചോദ്യം ചെയ്ത രീതിയാണ് തെറ്റിപ്പോയത്. പ്രതിഷേധമെന്ന് അതിനെ വിളിക്കാനാവില്ല. നിയമസഭയില്‍ ഇന്ന് നടന്നത് വയലന്‍സ് തന്നെയാണ്. ഇങ്ങനെയുള്ള ആക്രമണമായിരുന്നോ പ്രതിപക്ഷത്തിന്റെ മറുപടിയാകേണ്ടിയിരുന്നത്. നിയമസഭയെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ എന്ത് പ്രസക്തിയാണ് ഇനിയുള്ളത്? അത്തരം കാര്യങ്ങളാണല്ലോ അവിടെ നടന്നത്. പ്രതിഷേധം ജനാധിപത്യത്തിലെ അവകാശമാണ്. പക്ഷേ വയലന്‍സ് ജനാധിപത്യത്തെ നശിപ്പിക്കുന്നതാണ്.

പ്രതിപക്ഷം ഇന്ന് വാശി തീര്‍ക്കുകയായിരുന്നു. സോളാര്‍ സമരത്തില്‍ ഉണ്ടായ നാണക്കേട് അവര്‍ക്ക് തീര്‍ക്കണമായിരുന്നു. അതിന്റെ പരാക്രമങ്ങളാണ് കണ്ടത്. അതിനപ്പുറം ചിലര്‍ക്കൊക്കെ അവരുടെതായ താല്‍പര്യങ്ങളുമുണ്ടായിരുന്നു. മാണിക്കെതിരെ വര്‍ദ്ധിത വീര്യത്തോടെ ആഞ്ഞടിച്ച വി എസിന് പാര്‍ട്ടിയോട് നടത്തിയ ഏറ്റമുട്ടലിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒരവസരം ആവശ്യമായിരുന്നു. ഇത്തരം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് സഭയില്‍ നാം കണ്ടത്.കെ എം മാണി തെറ്റുകാരനാണെങ്കില്‍ അദ്ദേഹത്തെ നേരിടേണ്ടത് നിയമസഭ യുദ്ധക്കളമാക്കിയല്ല. അതിലും വലിയൊരു യുദ്ധഭൂമി അവര്‍ക്ക് മുന്നിലുണ്ട്; തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ മാണിയെ വെല്ലുവിളിക്കുക- ജനാധിപത്യപരമായി. അവിടെ 65 പേരുടെ പിന്തുണയല്ല അതിലേറെപ്പേരുടെ പിന്തുണ കിട്ടുമല്ലോ. അങ്ങനെ മാണിയെ തോല്‍പ്പിക്കാനായാല്‍ അതിലും അന്തസ്സുള്ള മറ്റൊരു വിജയവും നേടാന്‍ കഴിയില്ല.

ഒന്നാലോചിച്ചു നോക്കൂ, മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കുറച്ച് ചെറുപ്പക്കാര്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം വിളിക്കുകയോ കരി ഓയില്‍ ഒഴിക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. അവരെ മാവോയിസ്റ്റുകളെന്ന് വിളിച്ച് അറസ്റ്റ് ചെയ്ത് ഇരുട്ടറയില്‍ തള്ളുമായിരുന്നില്ലേ. എന്നാല്‍ ഇത്രയും അക്രമണം കാട്ടിയവര്‍ ജനപ്രതിനിധികളാണെന്ന ന്യായത്തില്‍ ഇനിയും പലതും കാണിക്കാന്‍ കച്ചകെട്ടുന്നു. അഴിമതി കാണിക്കുന്നവരെ വച്ചു പൊറുപ്പിക്കില്ലെങ്കില്‍ അതിന് എത്രയോ മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ട്. നിയമങ്ങള്‍ ഉണ്ടാക്കുന്നവരല്ലെ നിങ്ങള്‍. എഫ് ഐ ആറില്‍ പേര് വന്നൊരാള്‍ക്ക് ബജറ്റ് അവതരിപ്പിക്കാന്‍ യോഗ്യതയില്ല എന്നൊരു നിയമം ഉണ്ടാക്കാന്‍ കഴിയില്ലേ. അഴിമതി പൂര്‍ണമായി തുടച്ചുനീക്കാന്‍ പറ്റുന്ന നിയമം ഉണ്ടാക്കാന്‍ അവകാശമില്ലേ? എന്തുകൊണ്ട് അതിനൊന്നും തയ്യാറാകുന്നില്ല? നിയമമല്ല അക്രമമാണ് ആയുധമെന്നാണോ നമ്മുടെ ജനപ്രതിനിധികള്‍ കരുതിയിരിക്കുന്നത്. ജനാധിപത്യത്തില്‍ നിയമവാഴ്ച്ചയാണ് സംരക്ഷിക്കപ്പെടേണ്ടത്. നിയലംഘനമല്ല.

ഇരുകൂട്ടരും ഈ സംഭവികാസങ്ങളെല്ലാം കഴിഞ്ഞ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്- എല്ലാം ജനങ്ങള്‍ കാണുന്നുണ്ട് എന്നാണ്. ആരാണ് ജനങ്ങള്‍. ഒരു നിക്ഷപക്ഷ ഗണം ഇവിടെയുണ്ട് എന്ന സങ്കല്‍പ്പത്തിലാണോ അവര്‍ ജനം എന്ന സംജ്ഞ ഉപയോഗിക്കുന്നത്? എന്നാല്‍ അതൊരു മിഥ്യാബോധം മാത്രമാണ്. ഇവിടെ നിക്ഷ്പക്ഷ ഗണങ്ങളില്ല. ഇവിടെ കോണ്‍ഗ്രസുകാരനും സിപിഎമ്മുകാരനും നായരും ക്രിസ്ത്യാനിയുമൊക്കെയാണുള്ളത്. അവര്‍ ഓരോരോ ഗ്രൂപ്പുകളാണ്. അവര്‍ക്ക് അവരുടെതായ താല്‍പര്യങ്ങളുണ്ട്, രാഷ്ട്രീയമുണ്ട്. ജനം ഇടതും വലുതമായി മാറിനിന്നുകൊണ്ടുമാത്രമെ ഇന്നത്തെ സംഭവങ്ങളെ നോക്കി കാണുകയുള്ളൂ. ഇരുപക്ഷവും അവരവരുടെ ജനങ്ങളെ കൈയിലെടുക്കുകയും ചെയ്യും.

ഇതല്ലാതെയൊരു വിഭാഗം ഉണ്ടെങ്കില്‍ അവരോട് പറയാനുള്ളത്, ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന ഗ്വാ ഗ്വാ വിളികള്‍ക്കപ്പുറം എല്ലാം അവസാനിക്കും. ചാനലുകളിലെ ഫുട്ടേജുകളും തീപ്പൊരി ചര്‍ച്ചകളും കണ്ട് നിങ്ങള്‍ കൂടുതലൊന്നും ആലോചിച്ചു കൂട്ടണ്ട, ഇളിഭ്യരാകും. ഇവിടെയൊരു രാഷ്ട്രീയ സിസ്റ്റമുണ്ട്, ആ സിസ്റ്റത്തിന് കേടുവരുത്തുന്ന യാതൊന്നും തന്നെ ഭരണപ്രതിപക്ഷങ്ങള്‍ ചെയ്യില്ല. അനുഭവിച്ചു പോരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആര്‍ക്കാണ് താല്‍പര്യമുണ്ടാവുക!


Next Story

Related Stories