TopTop
Begin typing your search above and press return to search.

നമുക്കുവേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലല്ല, ശ്രീകോവിലിന്റെ ജനാധിപത്യമാണ്

നമുക്കുവേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലല്ല, ശ്രീകോവിലിന്റെ ജനാധിപത്യമാണ്


'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' എന്ന പ്രയോഗം 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ നടന്ന ബജറ്റ് അവതരണവും, പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചകളില്‍ ഭരണ, പ്രതിപക്ഷഭേദമില്ലാതെ നിരവധി തവണ ഉപയോഗിച്ച് കേട്ട ഒന്നാണ്. സ്വാഭാവികമായും ഭരണപക്ഷത്തിന്റെ വക്താക്കളായിരുന്നു അത് കൂടുതല്‍ തവണ, കൂടുതല്‍ വൈകാരികമായി ഉരുവിട്ട് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചതെന്ന് മാത്രം. 'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' എന്ന ഈ രൂപകം കേവലം അമ്പലത്തെയും പ്രതിഷ്ഠയേയും ശാന്തിയേയുമല്ല, നിയമസഭയുടെ, ജനകീയ രാഷ്ട്രീയ വ്യവസ്ഥയുടെ വിശാലവും, ആദര്‍ശപരവുമായ വിശുദ്ധിയെ, പവിത്രതയെ സൂചിപ്പിക്കുന്ന ഭാഷാപരമായ ഒരു പ്രയോഗം മാത്രമാണ്, മറ്റ് വായനകള്‍ അതിവായനകളാണ് എന്നൊക്കെ വേണമെങ്കില്‍ വ്യാഖ്യാനിച്ച് പൊലിപ്പിച്ചെടുക്കാം. പക്ഷേ അപ്പോഴും ഭാഷയില്‍ ബിംബങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയുടെ പിന്നിലുള്ള സാമൂഹ്യ, രാഷ്ട്രീയ മാനങ്ങള്‍ ഇല്ലാതാകുന്നില്ല; രാഷ്ട്രീയവും, സാമൂഹ്യവുമായ പാര്‍ശ്വവല്‍ക്കരണങ്ങളുടെ, അവയുടെ വ്യവസ്ഥാവല്‍ക്കരണത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയിലുള്ള ചരിത്രവും.

പവിത്രത എന്ന ആശയം
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പവിത്രത, വിശുദ്ധി തുടങ്ങിയ ആശയങ്ങളെ ബാഹ്യമോ, പാരിസ്ഥിതികമോ, ശാരീരികമോ ആയ 'വെറും' ശുചിത്വമായി ചുരുക്കി കാണുന്നത് ചരിത്രപരമായ ഒരു അപരാധമായിരിക്കും. ബ്രാഹ്മണിക് അധികാരവ്യവസ്ഥ അതിന്റെ ഇരകളെ ലിംഗപരമായും, ജാതീയമായും പാര്‍ശ്വവല്ക്കരിക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചിരുന്നവയായിരുന്നു ഈ സങ്കല്പങ്ങള്‍. അവയെ നിര്‍വചിച്ചതും, പരിപാലന നിഷ്ഠകള്‍ ക്രോഡീകരിച്ചതും, ലംഘനങ്ങള്‍ക്ക് ശിക്ഷവിധിച്ചതും അധികാരം തന്നെയായിരുന്നു; നൂറുശതമാനം ഏകപക്ഷീയമായ ആശയവാദത്തിലൂടെ.

പവിത്രത എന്ന സാംസ്‌കാരികവും മതപരവും ആചാരപരവുമായ ബിംബം നിര്‍മ്മിക്കപ്പെടുന്നതിന് സമാന്തരമായാണ് പല തലങ്ങളില്‍, പല അളവുകളില്‍ മനുഷ്യര്‍ നീചവല്‍ക്കരിക്കപ്പെട്ടതും. ആദിമവിച്ഛേദം ലിംഗപരമായിരുന്നു എന്ന് വേണം മനസിലാക്കാന്‍. സ്വന്തം ശരീരവും, അതിന്റെ ജീവിതചക്രവും വച്ച് തന്നെ താന്‍ പവിത്രമല്ലാതാകുന്നത്, തന്റെ പവിത്രത ആര്‍ക്കും എപ്പോഴും ആക്രമിച്ച് കവര്‍ന്ന് കൊണ്ടുപോകാവുന്ന ഒന്നായി തീരുന്നത് സ്ത്രീയ്ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. തുടര്‍ന്ന് ഇതേ പവിത്രതാസങ്കല്പം ജാതീയവും വംശീയവുമായ നിരവധി ഉപശ്രേണികളെ സൃഷ്ടിച്ചു. രാഷ്ട്രീയവും സാമൂഹ്യവുമായ പല സവിശേഷാവകാശങ്ങളും ആസ്വദിച്ചിരുന്ന ജാതി, വംശ വിഭാഗങ്ങള്‍ക്കിടയിലും ലിംഗപരമായി സ്ത്രീകള്‍ അധമത്വം അനുഭവിച്ചിരുന്നു. അത് താരതമ്യങ്ങള്‍ കൊണ്ട് അപ്രസക്തമാക്കാന്‍ കഴിയാത്തവണ്ണം ലിംഗേതര സാമൂഹ്യ ശ്രേണിയിലെ 'അധമം' എന്ന് വ്യാഖ്യാനിക്കപ്പെട്ട ജാതി, വംശ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും അനുഭവിച്ചിരുന്നു. ആ നിലയ്ക്ക് അവര്‍ ഇരട്ട ഇരവല്‍ക്കരണത്തിന് വിധേയരായിരുന്നു എന്ന സത്യം സമ്മതിക്കാതിരിക്കാനാവില്ല. ഇതിന്റെയൊക്കെ അടിസ്ഥാന യുക്തി 'പവിത്രത' എന്ന അധികാരനിര്‍വചിതമായ ആശയമായിരുന്നു. അതിന്റെ ഭൗതീക മാനദണ്ഡമോ അവയവങ്ങളുടെ ലംബമായ വിന്യാസത്തെ ശരീരശാസ്ത്രത്തിന് പുറത്തുനിര്‍ത്തി വ്യാഖ്യാനിക്കുന്ന കേവല ആശയവാദപരമായ ഒരു സിദ്ധാന്തവും!

കാല് ചേറിലും ചെളിയിലും തൊടുന്നതായതിനാല്‍ അത് വിശുദ്ധി ഏറ്റവും കുറഞ്ഞത്. ഉടല്‍ താരതമ്യേനെ കൂടുതല്‍ പവിത്രം. കൈ ഇവയ്ക്ക് രണ്ടിനും മുകളില്‍ കൂടുതല്‍ ശ്രേഷ്ഠം. അവയാണ് ഉടലിനെ അന്യാധിനിവേശങ്ങളില്‍നിന്ന് പ്രതിരോധിക്കുന്നത് എന്നതാണ് അതിന്റെ യുക്തി. തല ലംബമായ അധികാരവ്യവസ്ഥയുടെ ശീര്‍ഷമാണ്. ചെളി തെറിക്കാന്‍ ഏറ്റവും പാടുള്ള ഇടവും. അതുകൊണ്ട് പവിത്രതയുടെ സൃഷ്ടിപരമായ മാനദണ്ഢം തലമുതല്‍ താഴോട്ട് വരുന്നതില്‍ ആ നിലയ്ക്ക് ഒരു യുക്തി എന്തായാലും ഉണ്ട്. മനുഷ്യര്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെടുന്ന സമൂഹത്തിന്റെ ആദര്‍ശഘടനയെ മനുഷ്യന്റെ ഉടലില്‍ തന്നെ സൃഷ്ടാവ് ബിംബവല്‍ക്കരിച്ചിട്ടുണ്ട്, അതിനെ കണ്ടെടുത്ത് വ്യാഖ്യാനിച്ചാല്‍ മാത്രം മതി !

ജാതീയമായ പവിത്രത
വിരാട് പുരുഷ സങ്കല്പത്തോളം പഴക്കമുള്ള ജാതീയമായ പവിത്രതാസങ്കല്‍പ്പത്തെ, സൃഷ്ടിപരമെന്ന് വിശ്വസിക്കപ്പെടുന്ന അതിന്റെ തല, കൈ, ഉരു, പാദ ഉല്‍പ്പത്തി സിദ്ധാന്തത്തെ പിന്നെയും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇവിടെ ശിരസ്സിന് നല്‍കപ്പെടുന്ന പ്രാധാന്യത്തെ ജാതിവ്യവസ്ഥ എന്ന പ്രതിലോമ അധികാര സ്ഥാപനത്തില്‍നിന്ന് ജാമ്യത്തിലെടുത്ത് കര്‍മ്മസിദ്ധാന്തത്തിലേയ്ക്ക് പറിച്ചു നടാന്‍ ശ്രമിക്കുന്ന ആധുനികതാനന്തര നീക്കുപോക്ക് യുക്തിയെ പക്ഷേ കാണാതിരുന്നുകൂട.

ജാതിവ്യവസ്ഥ കേവലമായ ഒരു ഋണാത്മക സ്ഥാപനമല്ല; അത് സൈദ്ധാന്തികവും, ബൗദ്ധികവുമായ കര്‍മ്മസാദ്ധ്യതകള്‍ കൂടി കൂട്ടിത്തുന്നിയ ഒരു ആദര്‍ശവ്യവസ്ഥയാണ് എന്ന വാദം ആദ്യം പരിശോധിക്കാം. ഇത് പ്രകാരം തങ്ങളുടെ ഭൗതീകവും, ബൗദ്ധികവുമായ പ്രവര്‍ത്തികളിലൂടെ ഏത് വ്യക്തിയ്ക്കും ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ആവാം (ഇതിനും പുറത്താണ് അവര്‍ണ്ണര്‍. അവര്‍ക്ക് കര്‍മ്മസിദ്ധാന്തം ബാധകമാണോ എന്തോ). ക്ഷത്രിയനായിരുന്ന വിശ്വാമിത്രന്റെ ബ്രഹ്മര്‍ഷി പദലബ്ധിയുമായി ബന്ധപ്പെടുത്തിയാണ് ഈ വാദത്തിന്റെ പ്രായോഗിക വ്യാഖ്യാനങ്ങള്‍. പക്ഷേ അതിന് സമാനമായ മറ്റ് ഉദാഹരണങ്ങള്‍ സുദീര്‍ഘമായ ഇതിഹാസ കാലഘട്ടത്തില്‍ പോലും മറ്റൊന്ന് എടുക്കാനില്ല. വൈശ്യ, ശൂദ്ര കുലങ്ങളില്‍ നിന്ന് ആരും ബ്രഹ്മര്‍ഷിയായ കഥ മുഖ്യധാരയില്‍ ഇല്ല. തങ്ങളുടെ ബൗദ്ധിക സാംസ്‌കാരിക കര്‍മ്മങ്ങളിലൂടെ ബ്രാഹ്മണന്‍ വൈശ്യനൊ, ശൂദ്രനോ ആയി മാറുക എന്ന വിപരീതഗതിയുടെ സാധ്യതയ്ക്കും സാക്ഷ്യങ്ങള്‍ കുറവ്. ശൂദ്രനായ ശംഭൂകന്റെ നിഗ്രഹം എന്നാല്‍ ഉണ്ട് താനും. അറിവ് ആര്‍ക്കും ആര്‍ജ്ജിച്ച് കര്‍മ്മം കൊണ്ട് ബ്രാഹ്മണനാവാമെങ്കില്‍ ആ സിദ്ധാന്തത്തിന് പ്രയോഗതലത്തില്‍ ഇങ്ങനെ ഒരു ഏകപക്ഷീയ ഘടന എങ്ങനെ വന്നു?

ജാതിവ്യവസ്ഥ ഇതിഹാസകാലത്തിന് ശേഷവും നിലനിന്ന ഒന്നാണ്. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രാഹ്മണന്‍ എന്ന നിര്‍വചനത്തെ എങ്ങനെ തിരിച്ചും മറിച്ചും ഇട്ട് പരിശോധിച്ചാലും കഴിഞ്ഞ നൂറ്റാണ്ട് കണ്ട 'അറിവി'ന്റെ അനിഷേദ്ധ്യ ബ്രാഹ്മണന്‍ സാക്ഷാല്‍ അംബേദ്കറാണ്. അദ്ദേഹം ദളിതനായിപ്പോയതുകൊണ്ട് മാത്രം 'അറിവി'ന്റെ ഈ കര്‍മ്മസിദ്ധാന്തം അദ്ദേഹത്തിന് കല്‍പ്പിച്ച വ്യവസ്ഥാബന്ധിയായ വിലക്കുകള്‍ ആര്‍ക്കുമറിയാത്തതുമല്ല. യൂറോപ്യന്‍ ആധുനികതയുടെ അധിനിവേശമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെതായ ഒരു തനത് ആധുനികത രൂപപ്പെട്ടേനെയെന്നും, അത് നാം കണ്ട ആധുനികതയേക്കാള്‍ മെച്ചമായ ഒന്നായിരുന്നേനെയെന്നും എന്തായാലും അംബേദ്കര്‍ സമ്മതിക്കാനിടയില്ല. കേരളത്തിലേയ്ക്ക് വന്നാല്‍ സാക്ഷാല്‍ നാരായണഗുരു മുതല്‍ ഡോക്ടര്‍ പല്‍പ്പു വരെയുള്ളവരും. കാരണം അതായിരുന്നു ആര്‍ഷ ഭാരത സംസ്‌കാരം അറിവ് എന്ന അധികാരത്തിനുമേല്‍ പവിത്രത എന്ന ആശയം ഉപയോഗിച്ച് നടപ്പിലാക്കിയിരുന്ന വിലക്കുകള്‍. അത് സ്ത്രീയ്ക്ക് പൊതുവിലും പുരുഷന് പ്രത്യേകവുമായി കല്‍പ്പിക്കപ്പെട്ട ശുദ്ധാശുദ്ധ വ്യവസ്ഥകളിലൂടെ ആയിരുന്നു.ജനാധിപത്യത്തിന്റെ ശ്രീകോവില്‍
ജനാധിപത്യം എല്ലാ ലിംഗ, ജാതി, മത, വംശ വിഭാഗങ്ങളെയും ഉള്‍ചേര്‍ക്കുന്ന ഒന്നാണെന്നത്രേ വയ്പ്. അധികാരം എന്നത് എല്ലാ മനുഷ്യരും ഉള്‍പ്പെടുന്ന ഒരു പ്രാതിനിധ്യ വ്യവസ്ഥയായത് ആധുനികത എന്ന പ്രസ്ഥാനത്തിലൂടെയാണ്. അത് നല്‍കിയ മതേതര, എമ്പെറിക്കല്‍ ആശയ പരിസരത്തില്‍ നിന്നാണ് ഇന്ന് നാം ശ്രീകോവിലിനെ വിശുദ്ധിയുടെയും, വിശുദ്ധിയെ നൈതീകതയുടെയും ഒക്കെ ഭാഷാ പ്രതിനിധാനങ്ങളായി വ്യാഖ്യാനിക്കുന്നത്. അതങ്ങനെ ആയിരിക്കുമ്പോഴും, ഉത്തരാധുനികതയും കടന്ന് മെറ്റാ മോഡേണിസത്തില്‍ എത്തിനില്‍ക്കുന്ന ഇപ്പോഴെങ്കിലും നമ്മുടെ മനോനില യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭാഷയെ അതിന്റെ വംശീയവും ജാതീയവും ലിംഗപരവുമായ സാംസ്‌കാരികയുക്തികളില്‍ നിന്ന്, ലഭ്യമായ എന്തും ഉപയോഗിച്ച് അതിനെ സ്ഥാപിച്ചെടുക്കുവാനുള്ള അധികാരബന്ധിയായ ആവേഗങ്ങളില്‍നിന്ന് മോചനം നേടിയിട്ടുണ്ടോ?

പുതിയതായി ലഭിക്കുന്ന ഏത് അറിവിനെയും പഴയ വ്യവസ്ഥയുടെ മേന്മയെ, അതിന്റെ ആഴത്തെ വ്യാഖ്യാനിച്ച് ഉറപ്പിക്കുവാനുള്ള ഉപകരണമാക്കി തീര്‍ക്കാന്‍ നാം ഇന്നും കാണിക്കുന്ന വ്യഗ്രത അബോധത്തില്‍ ബാക്കി കിടക്കുന്ന ഗോത്രാധികാരപ്രതിപത്തിയെ ദ്യോതിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എവല്യൂഷനറി സൈക്കോളജി ഉള്‍പ്പെടെയുള്ള അറിവിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ധാരകളെ തങ്ങളുടെ ഗോത്രീയമായ പഴഞ്ചന്‍ ധാരണകള്‍ക്ക് ശാസ്ത്രീയഭാഷ്യം നല്‍കാന്‍ ഉപയോഗിക്കുന്ന ഉത്തരാധുനിക 'ബ്രഹ്മജ്ഞാനിക'ളില്‍ വെളിപ്പെടുന്നതും അത് തന്നെ. ഇനിയും പാകമാകാത്ത അറിവിനെയും തങ്ങളുടെ ഇഷ്ടവിഭവമാക്കി വേവിച്ചെടുത്ത് എങ്ങനെയും പൊതുബോധത്തില്‍ വിളമ്പി ഫലിപ്പിക്കാന്‍ അവര്‍ കാണിക്കുന്ന തിടുക്കം ഓര്‍ക്കുമ്പോള്‍, ശാസ്ത്രത്തെ അശാസ്ത്രീയതയുടെ ഉപകരണമാക്കി തീര്‍ക്കാന്‍ സാങ്കേതികമായി ശാസ്ത്രജ്ഞാനികളെന്ന് വിളിക്കപ്പെടുന്നവര്‍ പോലും പെടുന്ന പാട് കാണുമ്പോള്‍ അത് വീണ്ടും പ്രകടമാവുകയാണ്.

അത്തരം ഒരു പശ്ചാത്തലത്തില്‍ നിന്ന് കൂടി 'ജനാധിപത്യത്തിന്റെ ശ്രീകോവില്‍' വായിക്കപ്പെടെണ്ടതുണ്ട്. ശ്രീകോവില്‍ ഹിന്ദു ആരാധനാകേന്ദ്രമായ അമ്പലവുമായി ബന്ധപ്പെട്ട ഒരു പദം ആണെങ്കില്‍ കൂടി ഇവിടെ ആ ഭാഷാപ്രയോഗത്തെ മതപരമായി ചുരുക്കി കാണേണ്ടതില്ല എന്ന വാദം അംഗീകരിക്കുന്നു. പക്ഷേ അപ്പോഴും പവിത്രത, വിശുദ്ധി തുടങ്ങിയ ആശയങ്ങളുടെ വിഭജനപരമായ ചരിത്രം, അതിന്റെ പരോക്ഷതലത്തില്‍ ഇപ്പോഴും പ്രസക്തവും, ആനുകാലികവുമായ തുടര്‍ച്ച പ്രസക്തം തന്നെയാണ്.

സമരങ്ങള്‍ പവിത്രമല്ലാതാകുന്നത്
വ്യവസ്ഥയ്ക്ക് എതിരേ നടക്കുന്ന കൂട്ടായ പ്രതിഷേധങ്ങളെ ആണല്ലോ സമരം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വ്യവസ്ഥ ഉണ്ടാക്കിവച്ച ചിട്ടവട്ടങ്ങള്‍ക്കനുസരിച്ച് അരങ്ങേറാനാവില്ല. ചരിത്രം കണ്ട എണ്ണം പറഞ്ഞ സമരങ്ങള്‍ ഒക്കെയും വ്യവസ്ഥയുടെ പവിത്രതയെ തകര്‍ത്തവയാണ്. പന്തിഭോജനം, മിശ്രവിവാഹം, ക്ഷേത്രപ്രവേശനം തുടങ്ങിയ സമരങ്ങളില്‍ എല്ലാം അതുണ്ട്. വ്യവസ്ഥ ക്ഷേത്രവല്‍ക്കരിക്കപ്പെടുന്നിടത്തെല്ലാം അതിനെ, അതിന്റെ പവിത്രതയെ തകര്‍ത്താണ് സമരങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പവിത്രമായ സമരം എന്നത് ഒരു വിരുദ്ധോക്തിയാണ്.

ജനാധിപത്യം ഒരു വ്യവസ്ഥയാണ്. അത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നതാണ്. ആ മൂല്യങ്ങള്‍ തകര്‍ന്നാല്‍ അതിനെ ഒരു വ്യവസ്ഥ മാത്രമായി നിലനിര്‍ത്തുക അസാദ്ധ്യം. അധികാരത്തിന്റേതായ ആ ചുമതല അല്ല ജനാധിപത്യ സമരങ്ങള്‍ ഏറ്റെടുക്കുന്നത്. വ്യവസ്ഥയുമായി ബന്ധപ്പെട്ട, അതുകൊണ്ട് തന്നെ തകര്‍ക്കാന്‍ പാടില്ലാത്ത ചില അനുഷ്ഠാനമൂല്യങ്ങള്‍ ജനാധിപത്യത്തിന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് 2015 മാര്‍ച്ച് 13ആം തിയതി അവരുടെ ജനാധിപത്യം അപമാനിക്കപ്പെട്ടു എന്ന് വിലപിക്കുന്നത്. പ്രശ്‌നം സ്പീക്കറുടെ കസേര വലിച്ചെറിയാന്‍ പാടില്ല എന്നതല്ല: ജനാധിപത്യത്തില്‍ നിന്ന് അതിന്റെ മൂല്യങ്ങള്‍ വലിച്ചെറിയപ്പെട്ടാല്‍ പിന്നെ ആ കസേര വെറും ഒരു കസേര മാത്രമാണ് എന്നതാണ്.

സഭാനടപടികളും, ചിട്ടവട്ടങ്ങളും പാലിക്കപ്പെടെണ്ടതാകുന്നത് നിയമനിര്‍മ്മാണസഭ അതിന്റെ ജനാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. അതങ്ങനെ അല്ലാതാകുമ്പോള്‍ സഭാനിയമങ്ങളും, ചട്ടങ്ങളും സ്വയം റദ്ദാകുന്നു. അനീതിയെ സ്ഥാപനവല്ക്കരിക്കുന്ന ഒന്നാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഭരണകൂടം എന്ന പ്രതിഷ്ഠ എങ്കില്‍ അതിന്റെ മുഖത്ത് തുപ്പുന്നത് തന്നെയാണ് പ്രതിഷേധം. അതിനെ അപമാനമായി കാണുന്നവര്‍ മറുപടി പറയേണ്ടത് ഈ ശ്രീകോവിലും പ്രതിഷ്ഠയും മുന്‍നിര്‍ത്തി ഇതുവരെ നടന്നുവന്നത് പവിത്രമായ കര്‍മ്മങ്ങള്‍ ആയിരുന്നുവോ എന്ന ചോദ്യത്തിനാണ്. അല്ലെങ്കില്‍ അതിന്റെ മുഖത്ത് തുപ്പുന്നതില്‍ എന്താണ് തെറ്റ്?മദ്ധ്യവര്‍ഗ്ഗത്തിന്റെ അധികാരദര്‍ശനം
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന സംഭവങ്ങളൊട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്ക് ചില പരിധികള്‍ ഉണ്ടെന്നാണ്. ജനാധിപത്യത്തില്‍ അധികാരത്തിന് പരിധികള്‍ ഉണ്ടെന്നും അത് നിര്‍ണ്ണയിക്കുകയും, ജനപക്ഷത്തുനിന്ന് അതില്‍ തിരുത്തല്‍ ശക്തിയാവുകയുമാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്നും ആണ് നാം കേട്ടിരുന്നത്. എന്നാല്‍ ഭൂരിപക്ഷം ഉള്ളിടത്തോളം ഞങ്ങള്‍ തോന്നിയതുപോലെ ഭരിക്കും, ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് അദ്ദേഹം ധ്വനിപ്പിക്കുന്നത്. അതിനും നമ്മുടെ മദ്ധ്യവര്‍ഗ്ഗത്തിന്റെ കയ്യടി കിട്ടുന്നുണ്ട്. അത് പോട്ടെ, അക്രമാസക്തമായെന്ന ഒരു സൂചനയും ഇല്ലാത്ത, പ്രകോപനരഹിതമായി നടന്ന ജനങ്ങളുടെ പ്രതിഷേധപ്രകടനത്തെ 'എസ് പിയെ ചോദ്യം ചെയ്യാനായോടാ' എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിക്കുകയും, വഴിപോക്കരെയും, കീഴടങ്ങിയ പ്രകടനക്കാരെയും വരെ ഓടിച്ചിട്ട് തല്ലുകയും ചെയ്ത ഒരു ചോക്കലേറ്റ് നായകന്‍ എസ് പി പയ്യന് രായ്ക്കുരാമാനം ഫാന്‍സ് ക്ലബ് ഉണ്ടായി എങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മുടെ ഉപരി മദ്ധ്യ വര്‍ഗ്ഗങ്ങള്‍ എത്രകണ്ട് ഭരണകൂട ഫാസിസത്തിന്റെ ആരാധകരായി മാറിക്കഴിഞ്ഞു എന്നാണ്.

സമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിണാമങ്ങളില്‍ പലപ്പോഴും നിഷ്‌ക്രിയമായിരിക്കുകയും, സമൂലമായ ഒരു തകര്‍ച്ച ഉണ്ടായില്ലെങ്കില്‍ ആ മാറ്റങ്ങളാല്‍ വലിയ തോതില്‍ ബാധിക്കപ്പെടാതെ സുരക്ഷിതരായി ഇരിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് മധ്യവര്‍ഗ്ഗം. സാധാരണഗതിയില്‍ ഒരിക്കലും വ്യവസ്ഥയുടെ ഇരയാകുന്നില്ല എന്നത് കൊണ്ട് അവര്‍ക്ക് വേണ്ടത് അധികാരത്തിന് നല്‍കാവുന്ന ഭദ്രത മാത്രമാണ്. അനീതിയും, അഴിമതികളുമൊന്നും അവര്‍ക്ക് പ്രസക്തമായ വിഷയങ്ങളല്ല. കാരണം അവയെ മറികടക്കാന്‍ വേണ്ട സാമ്പത്തികവും, സാമൂഹ്യവുമായ അധികാരപങ്ക് അവര്‍ക്കുണ്ട് എന്നത് തന്നെ. പ്രവാസി സമ്പത്തിനെ ആശ്രയിക്കുന്ന കേരളീയ മധ്യവര്‍ഗ്ഗത്തിന് പ്രത്യേകിച്ചും. മാണി ബജറ്റ് വിറ്റത് അവര്‍ക്ക് ഒരു വിഷയമല്ല, അരിയ്ക്ക് വിലകൂടുന്നതും. പ്രത്യക്ഷത്തിലെങ്കിലും അവന്റെ കുടുംബ ബജറ്റ് മാണിയുടെ ബജറ്റിനെ അല്ല ആശ്രയിക്കുന്നത്. എണ്ണ വിപണി ഉള്‍പ്പെടെ അന്താരാഷ്ട്ര സമ്പദ്ഘടനയില്‍ വന്ന മാറ്റങ്ങള്‍ കഴിഞ്ഞ കുറെ കാലം കൊണ്ട് ശമ്പളവര്‍ദ്ധനവൊന്നും ഇല്ലാതെ തന്നെ അവന്‍ നാട്ടില്‍ അയക്കുന്ന തുകയില്‍ അന്‍പത് ശതമാനത്തിനോടടുത്ത് വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്.

അവര്‍ക്ക് വേണ്ടത് ആര് അഴിമതി നടത്തിയാലും, ബജറ്റ് വിറ്റാലും സമരങ്ങളും പൊല്ലാപ്പുമില്ലാതെ കാര്യങ്ങള്‍ നടക്കുന്ന ഒരു വ്യവസ്ഥയാണ്; ആ വ്യവസ്ഥ ഉറപ്പ് വരുത്താന്‍ പോന്ന അധികാര കേന്ദ്രീകരണമാണ്. ജനാധിപത്യത്തെ മൊത്തത്തില്‍ അവര്‍ക്ക് അത്ര പ്രിയമല്ലാത്തത് അതുകൊണ്ടാണ്. പട്ടാളമാണ് അവരുടെ ഇഷ്ടഭരണകൂടം. അപ്പോള്‍ പിന്നെ കേന്ദ്രത്തില്‍ മോഡിജിയ്ക്കും, സംസ്ഥാനത്ത് ചാണ്ടിജിയ്ക്കും, റോഡില്‍ യതീന്ദ്രജീയ്ക്കും അവരുടെ കയ്യടി ലഭിക്കുന്നതില്‍ എന്തതിശയം.

പക്ഷെ പ്രശ്‌നം സമൂഹം എന്നത് അതിന്റെ മധ്യവര്‍ഗ്ഗം മാത്രമല്ല എന്നതാണ്. അതങ്ങനെ ആയിരിക്കുന്നിടത്തോളം അവര്‍ക്ക് പ്രിയങ്കരമായ വ്യവസ്ഥയുടെ ശ്രികോവിലുകള്‍ നീചരും അധമരും തീണ്ടി അശുദ്ധമാക്കും. അത് ഇനിയും നടക്കും. അതില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാരണം അടിസ്ഥാനവര്‍ഗ്ഗത്തിന് വേണ്ടത് ജനാധിപത്യത്തിന്റെ ശ്രീകോവിലല്ല, ശ്രീകോവിലിന്റെ ജനാധിപത്യമാണ്.


Next Story

Related Stories