TopTop
Begin typing your search above and press return to search.

നീലമഷിയുള്ള ചൂണ്ടുവിരൽ-കെ ജെ ജേക്കബ് എഴുതുന്നു

നീലമഷിയുള്ള ചൂണ്ടുവിരൽ-കെ ജെ ജേക്കബ് എഴുതുന്നു

കെ ജെ ജേക്കബ്

അച്ഛന്റെ വാക്കിന്റെ നേരുകാക്കാൻ രാജകൊട്ടാരം വിട്ടിറങ്ങിയ രാജകുമാരനെ ഹൃദയത്തിലും, അന്യന്റെ ദു:ഖനിവൃത്തിതേടി സിംഹാസനമുപേക്ഷിച്ച ഗൌതമനെ ഉപബോധത്തിലും കൊണ്ട് നടക്കുന്ന മനുഷ്യനാണ് ഈ നാടിന്റെ നേർക്കാഴ്ച. അന്നത്തിൽ ഈശ്വരനെ കണ്ട്, അതിനായി പകലന്തിയോളമധ്വാനിച്ചും പിതൃക്കൾക്കും പുത്രന്മാർക്കുമായി ജന്മം പങ്കുവച്ചും അയാൾ നിർവൃതി കൊണ്ടു. ഭരണാധികാരിയുടെ ഉടുത്തൊരുങ്ങലുകളും കണക്കുകൂട്ടലുകളും അയാൾ ദയാപൂർവ്വം അവഗണിച്ചു, ചിലപ്പോഴൊക്കെ അയാളുടെ മുഖത്തൊരു ചിരി വരാനായി ഘോഷയാത്രയിൽ കൂടെപ്പോയി, പിന്നെ ആ വഴിയത്രയും തിരികെ നടന്നു. അയാളുടെ വിയർപ്പുമണികൾ നനച്ച പാടങ്ങളിൽ അയാൾ ജന്മിയ്ക്കായി നെല്ലളന്നു, ഉതിർമണികൾ പെറുക്കി അയാൾ മകളുടെ പശിയടക്കി, മുണ്ട് മുറുക്കിയുടുത്തു കിടന്നുറങ്ങി.

എണ്ണമറ്റ യുദ്ധങ്ങൾക്കും ചോരപ്പുഴകൾക്കും കബന്ധങ്ങൾക്കുമിടയിലൂടെയും നഷ്ടപ്പെടാനൊന്നുമില്ലാത്തവനായി അയാൾ മണ്ണിൽ ചവിട്ടി നടന്നു, മര്യാദാപുരുഷോത്തമന്റെ നാമം ജപിച്ചു; ഉറിയുടച്ചും വെണ്ണ തിന്നും ഗോകുലപാലനായി നടന്ന ദൈവത്തെയോർത്തു അയാൾ പുളകം കൊണ്ടു, പക്ഷെ ചക്രധാരിയായി യുദ്ധഭൂമിയിലെത്തി സൂര്യനെ മറച്ച, ആനയുടെ പേരിൽ ആൾമാറാട്ടം നടത്തിയ ദൈവത്തോട് അവർ അകലം പാലിച്ചു. പകരം എല്ലാം വേണ്ടെന്നുവച്ച ദൈവത്തെ മരണമെത്തുന്ന നേരത്തും ചൊടിയിൽ കുടിയിരുത്തി. ചിത്രകൂടത്തിന്റെ അനാഥത്വത്തിൽ അയാൾ രാമനൊപ്പം നിർവൃതി നുണഞ്ഞു. ഭൂമിപിളർന്നു മറഞ്ഞ ദേവിയിൽ അയാൾ വിധിയുടെ അലംഘനീയത കണ്ടു.അധിനിവേശങ്ങൾ വന്നപ്പോഴും പോയപ്പോഴും അവ വരുത്തിയ ദുരിതത്തിലാഴുമ്പോഴും അക്രമിയുടെ തേരുരുണ്ട വഴികളിൽ സഹോദരന്റെ ചോരകൊണ്ട് ചിത്രങ്ങൾ തീർന്നപ്പൊഴും കർമ്മം എന്നുച്ചരിച്ച് അയാൾ കണ്ണ് തുടച്ചു. മോചനത്തിന് സഹനത്തിന്റെ വഴിയെന്നൊരു മനുഷ്യൻ പറഞ്ഞപ്പോൾ സ്വയം മറന്നു പിറകെക്കൂടി; അതാണെളുപ്പം. കാറ്റിൽ പറന്നു വീണ വിപ്ലവത്തിന്റെ കൊച്ചുതിണർപ്പുകൾ അയാളുടെ കണ്ണുകളിൽ ഒരു വേള പ്രകാശം നിറച്ചു; അതിന്റെ കുഞ്ഞിലകളെ ചിലപ്പോഴെങ്കിലും ചുടുരക്തം കൊണ്ട് നനച്ചു, ജീവൻ കൊണ്ട് കൊണ്ട് കാവൽ നിന്നു. പാറമേൽ വീണ വിത്തുപോലെ അതുകരിഞ്ഞപ്പോൾ അയാൾ വിധിയിലേക്ക് മടങ്ങി, കലഹങ്ങളില്ലാതെ.

സൂര്യനസ്തമിക്കാത്ത മഹാ സാമ്രാജ്യത്തിന്റെ അധിപനോട് തന്റെ ജനത്തിന്റെ അവകാശത്തിനുവേണ്ടി കണക്കു പറയാൻ മുട്ടോളമെത്തുന്ന മുണ്ടുടുത്ത് പോയ നേതാവിന്റെ ഓർമ്മകൾ അയാളുടെ സഞ്ചിതസ്മൃതിയിലുണ്ട്; ശിക്ഷപോലെ സ്വന്തം പേര് പതിനായിരം തവണ സ്വർണ്ണനൂലിൽ എഴുതിപ്പിടിപ്പിച്ച് ചോര മണക്കുന്ന കൈകൾ കൊണ്ടു ലോക പോലീസിനു ചായ പകർന്ന സ്വന്തം ഭരണാധികാരിയെ നോക്കി അയാൾ കരുണാർദ്രമായ ഒരു ചിരി ചിരിച്ചിരിക്കും; താൻ തെരഞ്ഞെടുത്ത തന്റെ നേതാവ് ഒരു സഹതാപം പോലും അർഹിക്കാത്തയാളായി എന്നോർത്ത് ഉള്ളിൽ കരയും. വെണ്ണക്കൽ മന്ദിരങ്ങളുടെ അകങ്ങളിൽ കണങ്ങളെ മുറിച്ച് അവർ തന്റെ കുഞ്ഞുങ്ങളുടെ മരണവിധിയെഴുതുമ്പോഴും ചാണകം മെഴുകിയ നിലങ്ങളിൽ കട്ടൻ കാപ്പിയും കപ്പയുമായി അയാൾ സംതൃപ്തനാകും.ഊറയ്ക്കിട്ട തോലുകളുടെ ചൂരടിച്ചു വളർന്ന ബാലൻ ധിഷണകൊണ്ട് കീഴടക്കിയ കൊടുമുടികളുടെ മുകളിരുന്നുകൊണ്ടെഴുതിയ പുസ്തകത്തിൽ തനിക്കായി പറഞ്ഞുവച്ച പണി ചെയ്യാനായി ഇടയ്ക്കയാൾ കടലാസ് മറച്ച കൊച്ചു യന്ത്രത്തിന് മുൻപിൽ വരി നിൽക്കാനെത്തും. പല നിറങ്ങളിൽ പല അടയാളങ്ങളിൽ അയാളുടെ മുൻപിൽ ചിരിച്ചു നില്ക്കുന്ന മുഖങ്ങൾ പണ്ടുപറഞ്ഞ കാര്യങ്ങളോർക്കും, അവർ ചെയ്തതും. നീയോ നിന്റെ സഹോദരന്റെ കാവൽക്കാരൻ എന്ന അധികാരിയുടെ ചോദ്യത്തിന് അതെയെന്നുത്തരം ഉറച്ച സ്വരത്തിൽ മെല്ലെപ്പറയും. മരണതാരകങ്ങൾ സ്വയം നിർമ്മിച്ചൂതിവീർപ്പിച്ച കുമിളകളെ നീല മഷിയടയാളം പുരണ്ട ചൂണ്ടുവിരൽകൊണ്ടയാൾ കുത്തിപ്പൊട്ടിക്കും. താൻ തെരഞ്ഞെടുത്ത ഭരണാധികാരികളെ അവരുടെ വിധിയ്ക്കു വിട്ടു അയാളെ കാത്തിരിക്കുന്ന മകളുടെ വിശപ്പിലെയ്ക്ക്, അയാളുടെ മണ്‍വീടിന്റെ ഉമ്മറത്തു, സന്ധ്യകളിൽ, അവൾ ചൊല്ലുന്ന രാമമന്ത്രത്തിലെയ്ക്ക് അയാൾ മടങ്ങും.

വെറും വാക്ക് പറയുന്ന അരചന്റെ മുഖത്തു നീലമഷി കുടഞ്ഞു, രാജധാനിയിൽ പുതിയ രാജകുമാരനെ അവരോധിച്ചു ഇന്നയാൾ വീണ്ടും മടങ്ങി. അയാളുടെ ചൂണ്ടുവിരലിന്റെ കാരുണ്യത്തിനായി പുതിയ യുവരാജാവിന് ശ്രമം തുടങ്ങാം.

അയാൾ വീണ്ടും വരും.(പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍)*Views are personal


Next Story

Related Stories