TopTop
Begin typing your search above and press return to search.

തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് മൃഗീയാധിപത്യം, കിര്‍ഗിസ്ഥാനില്‍ ഒറ്റ ദിന 'വിപ്ലവം', ജനം പാര്‍ലമെന്റും പ്രസിഡന്റിന്റെ ഓഫീസും കീഴടക്കി

തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് മൃഗീയാധിപത്യം, കിര്‍ഗിസ്ഥാനില്‍ ഒറ്റ ദിന വിപ്ലവം, ജനം പാര്‍ലമെന്റും പ്രസിഡന്റിന്റെ ഓഫീസും കീഴടക്കി


വ്യാപകമായി നടന്ന വോട്ട് കച്ചവടങ്ങളിൽ രോഷാകുലരായ ആയിരക്കണക്കിനാളുകൾ കിർഗിസ്ഥാൻ പാർലമെന്റിലേക്കും പ്രസിഡണ്ടിന്റെ ഓഫീസിലേക്കും ഇരച്ചുകയറി. ജനങ്ങൾ രാജ്യത്തെമ്പാടും സർക്കാർ കെട്ടിടങ്ങൾ കൈയേറി. ഒറ്റ രാത്രിയിലെ ഈ വിപ്ലവത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരെക്കൊണ്ടു തന്നെ അത് അസാധുവാണെന്ന് പ്രഖ്യാപിപ്പിച്ചു. ഒസിസിആർപി അംഗമായ ക്ലൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാളെങ്കിലും ഈ ജനകീയ നീക്കത്തിനിടെ മരിച്ചിട്ടുണ്ടെന്നാണ് വിവരം. അറുന്നൂറോളം പേർക്ക് പരിക്കേറ്റു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച നടത്തിയ പ്രാഥമിക ഫലപ്രഖ്യാപനത്തിൽ സർക്കാർ അനുകൂല കക്ഷികൾക്ക് വൻ വിജയം പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സർക്കാർ അനുകൂല കക്ഷികളിൽ മൂന്ന് കക്ഷികൾ മാത്രം ചേർന്ന് 120 സീറ്റിൽ 107 എണ്ണവും തൂത്തുവാരി ഈ തെരഞ്ഞെടുപ്പിൽ. പ്രതിപക്ഷ കക്ഷികൾ ഒരു സീറ്റിൽപ്പോലും വിജയിച്ചില്ല.

വലിയ ചട്ടലംഘനങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. വൻതോതിൽ വോട്ടുകച്ചവടം നടന്നു. വോട്ടർമാർക്കെതിരെ ഭീഷണികളും സമ്മർദ്ദങ്ങളുമുണ്ടായി. ഇതെല്ലാം വോട്ടിങ് പ്രക്രിയയെ സ്വാധീനിച്ചുവെന്ന് പ്രതിപക്ഷ കക്ഷികൾ സംയുക്തമായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ പറഞ്ഞു.

പൊലീസ് കണ്ണീർവാതകവും സ്റ്റൺ ഗ്രനേഡുകളും ജലപീരങ്കിയുമെല്ലാം ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകർ പാർലമെന്റ് മന്ദിരവും പ്രസിഡണ്ടിന്റെ ഭവനവും ഉൾപ്പെടുന്ന 'വൈറ്റ് ഹൌസ്' വളഞ്ഞുപിടിച്ചു. മണിക്കൂറുകളോളമാണ് സംഘർഷം നടന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന നിരവധി വീഡിയോകളിൽ വൈറ്റ് ഹൌസിലെ കെട്ടിടങ്ങൾ കത്തുന്നതായി കാണാം. പ്രസിഡണ്ട് സൂറോൺബേ ജീൻബെകോവിന്റെ ഓഫീസിൽ നിന്ന് ജനങ്ങൾ ഫയലുകളും മറ്റും പുറത്തേക്കെറിയുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ജനക്കൂട്ടം ഇതിനു ശേഷം മറ്റ് ഭരണകേന്ദ്രങ്ങളിലേക്ക് നീങ്ങി. ദേശീയ സുരക്ഷാ സമിതി ഓഫീസിലേക്കും ജനം പാഞ്ഞു. ജനങ്ങൾ ഇരച്ചുകേറി വരുന്നത് കണ്ട ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ മുകളിലേക്ക് കേറി നിന്ന് കൈകളുയർത്തി. "ഞങ്ങൾ ജനങ്ങൾക്കൊപ്പ"മാണെന്ന് അവർ പ്രഖ്യാപിച്ചു. ജനം മുൻ പ്രസിഡണ്ട് അൽമാസ്ബേക് അറ്റമാബേവിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനാവശ്യപ്പെട്ടു. അഴിമതി അടക്കമുള്ള ആരോപണങ്ങളുന്നയിച്ചാണ് ഇവരെ ജയിലിലിട്ടിരുന്നത്.

അറ്റമാബേവും, ജയിലിലാക്കപ്പെട്ട മറ്റുള്ളവരും അധികം താമസിയാതെ കെട്ടിടം വിട്ട് പുറത്തിറങ്ങി വന്നു.

തലസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങൾ കീഴടക്കപ്പെട്ടതോടെ രാജ്യത്തെമ്പാടും സർക്കാർ കേന്ദ്രങ്ങളിലേക്ക് ജനം കയറിച്ചെന്നു. മേയർമാരും മറ്റ് ഉദ്യോഗസ്ഥരും ഒന്നൊന്നായി രാജി വെച്ചു തുടങ്ങി. രാജി വെക്കാൻ വിസമ്മതിച്ചവരെ ജനങ്ങൾ അടിച്ചൊതുക്കി നിർബന്ധിതമായി രാജി വെപ്പിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാവിലെ പ്രസിഡണ്ട് ജീൻബെകോവ് ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു. ചില രാഷ്ട്രീയശക്തികൾ ബലം പ്രയോഗിച്ച് രാജ്യത്തിന്റെ അധികാരം വശപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതെസമയം, ക്രമസമാധാനപാലന ഏജൻസികൾ ഒരുകാരണവശാലും ജനങ്ങളെ വെടിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"സമൂഹത്തിൽ സമാധാനവും ഭരണത്തിൽ സ്ഥിരതയുമാണ് ഏത് ജനവിധിയെക്കാളും പ്രധാനം. ചട്ടലംഘനങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിവാക്കാനാകാത്തതെങ്കിൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു:" അദ്ദേഹം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കുബാറ്റ്ബെക് ബോറോനോവ് രാജി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച പുറത്തുവന്ന പ്രാഥമിക ഫലങ്ങൾ കാണിക്കുന്നത് പ്രസിഡണ്ടിന്റെ സഹോദരന്റെ പാർട്ടിയായ ബിരിംഡിക് പാർട്ടിക്കും, മേകെനിം കിർഗിസ്ഥാൻ എന്ന ഭരണാനുകൂല കക്ഷിക്കും 24 ശതമാനം വീതം വോട്ടുകൾ ലഭിച്ചുവെന്നാണ്. മറ്റ് ഭരണാനുകൂല കക്ഷികൾക്ക് 10 ശതമാനത്തിന്റെ ചുറ്റുവട്ടത്തിൽ വോട്ട് ലഭിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് പാർലമെന്റിലെത്താനാവശ്യമായ വോട്ട് ലഭിച്ചില്ല.
മേകെനിം കിർഗിസ്ഥാൻ പാർട്ടിക്ക് രാജ്യത്തെ പ്രബലരായ മത്രൈമോവ് കുടുംബത്തിന്റെ പിന്തുണയുണ്ട്. ഈ കുടുംബത്തിലെ ഒരംഗമായ ഇസ്കെന്ദർ മത്രൈമോവ് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളാണ്.

അദ്ദേഹത്തിന്റെ സഹോദരൻ റൈംബെക് മൈത്രെമോവും പാർട്ടിയെ അനുകൂലിക്കുന്ന പ്രധാനികളിൽപ്പെടുന്നു. മൈത്രെമോവ് കുടുംബത്തിലെ ഏറ്റവും കുപ്രസിദ്ധിയുള്ളയാളാണ് റൈംബെക്. കിർഗിസ്ഥാന്റെ കസ്റ്റംസ് സർവീസിലെ മുൻ ഡെപ്യൂട്ടി തലവൻ. ഒസിസിആർപിയും ആർഎഫ്ഇ/ആർഎൽ റേഡിയോ അസാറ്റിക്കും ക്ലൂപ്പും നടത്തിയ നിരവധി വാർത്താന്വേഷണങ്ങളിലെ വിഷയമായിരുന്നു റൈംബെക്. കസ്റ്റംസ് സർവീസിലെ നിരവധി അഴിമതിക്കേസുകൾക്ക് മേൽനോട്ടം വഹിച്ചത് ഇദ്ദേഹമായിരുന്നു. വൻ തട്ടിപ്പുകൾക്കും കോഴയ്ക്കും ഇദ്ദേഹത്തിന്റെ മേൽനോട്ടം വഴിയൊരുക്കിയതായി ഞങ്ങളുടെ
റിപ്പോർട്ടുകൾ
വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലുകൾ രാജ്യത്ത് അഴിമതിക്കെതിരായും മൈത്രെമോവ് കുടുംബത്തിനെതിരായും വലിയ പ്രക്ഷോഭത്തിന് കാരണമായി. ബിഷ്കെകിൽ 2019ലായിരുന്നു ഈ പ്രക്ഷോഭം.

കഴിഞ്ഞയാഴ്ച ഇതിന്റെയെല്ലാം തുടർച്ചയായി മറ്റൊരു റിപ്പോർട്ടു കൂടി പ്രസിദ്ധീകരിക്കുകയുണ്ടായി. കിർഗിസ്ഥാനിൽ മൈത്രമോവ് കുടുംബം ഒരു ലോജിസ്റ്റിക്സ് സാമ്രാജ്യം വളർത്തിയെടുത്തതാണ് റിപ്പോർട്ടിനാധാരം. ബിനാമികളെയും മറ്റും മുന്നിൽ നിർത്തിയുള്ള ഈ പ്രവർത്തനം തുടങ്ങിയത് 2017ൽ റൈംബെക് മൈത്രെമോവ് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷമാണ്. ഒരു പ്രധാന കച്ചവടപാതയിൽ ഏതാണ്ടൊരു കുത്തക തന്നെ ഈ പുതിയ ബിസിനസ് സ്ഥാപനത്തിനുണ്ട്. രാജ്യത്തെമ്പാടും വേറെയും നിരവധി ബിസിനസ് സ്ഥാപനങ്ങൾ റൈംബെക് കെട്ടിപ്പൊക്കിയിട്ടുണ്ട്.

കിർഗിസ്ഥാന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. ഇപ്പോൾ തെരഞ്ഞെടുപ്പ് തൂത്തുവാരിയ ബിരിംഡിക്ക് പാർട്ടിയും മെകെനിം കിംർഗിസ്ഥാനും ആദ്യമായാണ് പാർലമെന്റിലെത്തുന്നത്. ഭരണകക്ഷിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടി ഓഫ് കിർഗിസ്ഥാൻ തകർന്നതിനു ശേഷമായിരുന്നു ഇത്.

ഒ സി സി ആര്‍ പി

ഒ സി സി ആര്‍ പി

ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്റ്റ്

Next Story

Related Stories