TopTop
Begin typing your search above and press return to search.

US ELECTION 2020 ROUND UP: ഡെമോക്രാറ്റുകള്‍ പള്ളികള്‍ അടച്ചുപൂട്ടുമെന്ന് ട്രംപ്, തിരഞ്ഞെടുപ്പിന് നാലാഴ്ച ശേഷിക്കെ വോട്ട് ചെയ്തത് 40 ലക്ഷം അമേരിക്കക്കാര്‍

US ELECTION 2020 ROUND UP: ഡെമോക്രാറ്റുകള്‍ പള്ളികള്‍ അടച്ചുപൂട്ടുമെന്ന് ട്രംപ്, തിരഞ്ഞെടുപ്പിന് നാലാഴ്ച ശേഷിക്കെ വോട്ട് ചെയ്തത് 40 ലക്ഷം അമേരിക്കക്കാര്‍


തിരഞ്ഞെടുപ്പിന് നാലാഴ്ച ശേഷിക്കെ 40 ലക്ഷം അമേരിക്കക്കാര്‍ നേരത്തെ തന്നെ വോട്ട് ചെയ്തു കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇലക്ഷന്‍ പ്രൊജക്റ്റ് ആണ് വോട്ടിംഗ് കണക്ക് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2016 ല്‍ 75,000 പേര്‍ മാത്രമാണ് ഈ സമയത്ത് വോട്ട് ചെയ്തത്.

മെയില്‍ ഇന്‍ വോട്ട് വലിയ രീതിയില്‍ അനുവദിച്ചുകൊണ്ടുള്ള സംസ്ഥാനങ്ങളുടെ നടപടിയും കോവിഡ് വ്യാപനഭീതിയുമാണ് നേരത്തെയുള്ള വോട്ടിംഗില്‍ വര്‍ദ്ധനവുണ്ടാക്കിയത് എന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപിന്റെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കാനുള്ള അത്യാവേശവും ഇതിന് പിന്നിലുണ്ടാകാം.

ഇത്രയധികം പേര്‍ തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ട് രേഖപ്പെടുത്തിയത് ഇതേ വരെ സംഭവിക്കാത്ത കാര്യമാണ്. ജനങ്ങള്‍ മനസുകൊണ്ട് തീരുമാനിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തരത്തില്‍ വോട്ടിംഗ് നടക്കുന്നത്. "ട്രംപിനെ കുറിച്ച് നിരവധി ആളുകള്‍ നേരത്തെ തന്നെ തീരുമാനമെടുത്ത് കഴിഞ്ഞിട്ടുണ്ട്."ഫ്ലോറിഡ സര്‍വ്വകലാശാലയിലെ മൈക്കല്‍ മക് ഡൊണാള്‍ഡ് പറഞ്ഞു.

ഇത് വോട്ടെടുപ്പില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അംഗീകൃത വോട്ടര്‍മാരില്‍ 65% വോട്ട് രേഖപ്പെടുത്തും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അത് 150 മില്യണ്‍ വരെ എത്തിയേക്കും. അങ്ങനെയെങ്കില്‍ 1908 ന്നു ശേഷമുള്ള ഏറ്റവും വലിയ വോട്ടിംഗ് ആയിരിയ്ക്കും ഇത്തവണ നടക്കുക.

മുപ്പത്തിയൊന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.

മെയില്‍ ഇന്‍ വോട്ടിനെതിരെ ട്രംപ് വലിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഓഹിയോയില്‍ നടന്ന ഒന്നാം പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ ഇതിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്നും ട്രംപ് ആരോപിച്ചു. ട്രംപിനെ പിന്തുണച്ചു പല റിപ്പബ്ലിക്കന്‍ നേതാക്കന്‍മാരും രംഗത്ത് വന്നതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് വലിയ നിയമ യുദ്ധങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രി വാസം കഴിഞ്ഞു തിരിച്ചെത്തിയ ട്രംപ് ട്വിറ്ററില്‍ യുദ്ധം തുടരുകയാണ്. അമേരിക്കയിലെ പള്ളികള്‍ അടച്ചുപൂട്ടാന്‍ ആണ് ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നത് എന്നാണ് പുതിയ ആരോപണം.

യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഏക വൈസ് പ്രസിഡണ്ട് ഡിബേറ്റ് ഇന്ന് നടക്കാന്‍ പോവുകയാണ്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിനും വൈറ്റ് ഹൌസില്‍ നിരവധി പേര്‍ക്ക് രോഗംബാധിച്ചതിനും പിന്നാലെ നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് പരിപാടിയാണ് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും ഡെമോക്രാറ്റിക് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിലുള്ള ഡിബേറ്റ്. ഓഹിയോയില്‍ നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ ഡി
ബേ
റ്റ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം ഒന്നായിരുന്നു എന്ന വിലയിരുത്തനിടയിലാണ് വൈസ് പ്രസിഡണ്ട് ഡിബേറ്റ് നടക്കുന്നതു. 10 മിനുട്ടുള്ള 9 ഭാഗങ്ങളിലാണ് ഡിബേറ്റ് നടക്കുക. യു എസ് എ ടുഡേ വാഷിംഗ്ടണ്‍ ബ്യൂറോ ചീഫ് സൂസന്‍ പേജ് ആണ് മോഡറേറ്റര്‍.

മൈക്ക് പെന്‍സിനെ സംബന്ധിച്ചിടത്തോളം വൈറ്റ് ഹൌസിനെയും ട്രംപിനെയും ബാധിച്ച കൊറോണ വൈറസ് തന്നെയായിരിക്കും പ്രതിരോധിക്കേണ്ട പ്രധാന വിഷയം. വൈറ്റ് ഹൌസ് കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവനാണ് പെന്‍സ്. കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടു എന്ന വിമര്‍ശനത്തിന് ഏറ്റവും കൂടുതല്‍ മറുപടി പറയേണ്ട ബാധ്യതയും അതുകൊണ്ട് പെന്‍സിന് തന്നെയാണ്.

യു എസ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ചൂടന്‍ വിഷയമാണ്. 2016ല്‍ ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടു എന്നാണ് സി ഐ എയുടെ അനുമാനം. എന്നാല്‍ ഇത് റഷ്യ നിഷേധിക്കുകയും വ്യാജ വാര്‍ത്ത എന്നു പറഞ്ഞു ട്രംപ് തള്ളിക്കളയുകയും ചെയ്ത കാര്യമാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുടിന്‍ തന്നെ ഇരു രാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും തിരഞ്ഞെടുപ്പുകളില്‍ ഇടപെടില്ല എന്ന പ്രഖ്യാപനം നടത്തണമെന്ന് പറയുകയുണ്ടായി.

ഏറ്റവും ഒടുവില്‍ യു എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുടിന്‍ പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നു. "ഏത് പ്രസിഡന്റുമായും റഷ്യ സഹകരിക്കാന്‍ തയ്യാറാണെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ റഷ്യ വിരുദ്ധ വാചമടി തുടരുകയാണ്. പക്ഷേ ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല.." ദേശിയായ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ട് പുടിന്‍ പറഞ്ഞു.

എന്നാല്‍ അതെസമയം റഷ്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച അവസാനത്തെ ആണവായുധ കരാറിനെ കുറിച്ച് ബൈഡന്‍ പറഞ്ഞത് അനുകൂലിക്കാവുന്ന കാര്യമാണെന്നും പുടിന്‍ പറഞ്ഞു. ഈ വരുന്ന ഫെബ്രുവരിയില്‍ കരാര്‍ കാലാവധി അവസാനിക്കും. കരാര്‍ നീട്ടാന്‍ താന്‍ തയ്യാറാണ് എന്നു ബൈഡന്‍ പറഞ്ഞത് രണ്ടു രാജ്യങ്ങളും ഭാവിയില്‍ സഹകരിക്കാനുള്ള സൂചന നല്കുന്നുണ്ട് എന്നും പുടിന്‍ പറഞ്ഞു.

മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം ന്യൂ യോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്ര്യു ക്യൂമോയുടെ പുതിയ പുസ്തകമായ "അമേരിക്കന്‍ ക്രൈസിസ്: ലീഡര്‍ഷിപ് ലെസന്‍സ് ഫ്രം ദി കോവിഡ് 19 പാന്‍ഡമിക് ആണ്. ട്രംപിനെ രൂക്ഷമായ ഭാഷയിലാണ് ക്യൂമോ വിമര്‍ശിക്കുന്നത്. പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് ശേഷമുള്ള ഒരു ഭരാണാധികാരിയുടെ ഏറ്റവും വലിയ പരാജയമാണ് കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത ട്രംപിന്റെ രീതി എന്നാണ് ക്യൂമോയുടെ വിമര്‍ശനം. അമേരിക്കയിലെ ആദ്യ മുഖ്യ ഹോട്ട് സ്പോട്ടുകളില്‍ ഒന്നായിരുന്നു ന്യൂ യോര്‍ക്ക്.
Next Story

Related Stories