TopTop
Begin typing your search above and press return to search.

ബിജെപിക്കാരേ, സഹകരണ ബാങ്കുകളെ മാത്രമല്ല, കുടുംബശ്രീയെക്കൂടിയാണ് നിങ്ങള്‍ തകര്‍ക്കുന്നത്

ബിജെപിക്കാരേ, സഹകരണ ബാങ്കുകളെ മാത്രമല്ല, കുടുംബശ്രീയെക്കൂടിയാണ് നിങ്ങള്‍ തകര്‍ക്കുന്നത്

കെ എ ആന്‍റണി

എലിയെ കൊല്ലാൻ ഇല്ലം ചുട്ടവരുടെ കഥ ഇത്തിരി പഴയതാണ്. കള്ളപ്പണവും കള്ളനോട്ടും ഇല്ലായ്മ ചെയ്യാൻ ഒരു പ്രധാനമന്ത്രിയും കൂട്ടരും നടത്തുന്ന പുതിയകാല വിപ്ലവത്തിന് ഒരു വലിയ കൈയ്യടി. ഈ കൈയ്യടി സംഘികളുടെയും അവരെ പിന്തുണക്കുന്ന മേരി ടീച്ചറെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധരുടെയും വക ആണെന്ന് മാത്രം.

നോട്ടിനുവേണ്ടി ജനം നെട്ടോട്ടം തുടരുന്നതിനിടയിൽ ഇന്നലെ വാർത്താ ചാനലുകളിൽ കൗതുകകരമായ ഒരു കാഴ്ച കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 95-വയസ്സുള്ള മാതാവ് രണ്ടായിരം രൂപയുടെ ഒരു നോട്ടുമായി നിൽക്കുന്ന ദൃശ്യം. രണ്ടു തുണക്കാരികളുടെ സഹായത്തോടെ ഗാന്ധിനഗറിലെ ഒരു ബാങ്കിൽ എത്തിയാണത്രെ അവർ തന്റെ കൈവശമുള്ള പണം നൽകി പുതിയ നോട്ടു സമ്പാദിച്ചത്! ജോറായിട്ടുണ്ട്. നല്ല നാടകം തന്നെ. നോട്ടിനുവേണ്ടി ജനം മണിക്കൂറുകൾ കാത്തുകെട്ടി കിടക്കുമ്പോൾ വെറും സെക്കൻഡുകൾക്കുള്ളിൽ മാതാജി പുതിയ നോട്ടുമായി മടങ്ങി. കേരളത്തിലെ ഒരു ബാങ്കിലും സീനിയർ സിറ്റിസൺ പരിഗണനയൊന്നും ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും കണ്ടതില്ല.

ഇത്തരം നാടകങ്ങൾ വരും ദിവസങ്ങളിലും ആവർത്തിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. നാടകങ്ങളെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാൻ കെ സുരേന്ദ്രനെ പോലുള്ളവർ അരയും തലയും മുറുക്കി രംഗത്ത് ഉള്ളപ്പോൾ മോദിജി ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല.

കള്ളപ്പണക്കാരെ പിടിക്കാൻ ജനങ്ങളെ ഇത്രയേറെ ബുദ്ധിമുട്ടിക്കുന്ന മോദിജി എന്തുകൊണ്ടാണ് മുന്‍ ബി ജെ പി നേതാവ് ജനാർദ്ദന റെഡ്ഢിയുടെ മകളുടെ അഞ്ഞൂറ് കോടി ചിലവിട്ടു നടത്തുന്ന വിവാഹം കാണാതെ പോകുന്നത് എന്നും മനസ്സിലാവുന്നില്ല. കുമ്മനംജി പറയുന്നതും ധൂർത്തിനെ കുറിച്ചുതന്നെയായാണ്. അടുത്തകാലത്ത് ദീൻ ദയാലിന്റെ പേരുപറഞ്ഞു മോദിജിക്കും സംഘപരിവാരങ്ങൾക്കും വേണ്ടി കോഴിക്കോട്ടു നൽകിയ വിരുന്നിനു വിളമ്പിയ വിഭവങ്ങൾ എത്രയായിരുന്നുവെന്നും അവിടെ ഒരുക്കിയ പന്തലിന്റെ ചെലവ് എത്രയായിരുന്നെന്നും കുമ്മനംജി ഒന്നോർത്തു നോക്കുന്നത് നന്നായിരിക്കും. ആരും നല്ല വസ്ത്രം ധരിക്കാൻ പാടില്ല എന്നല്ല. എങ്കിലും നമ്മുടെ മോദിജി ധരിക്കുന്ന വസ്ത്രത്തിന്റെ വില എത്രയാണെന്നും ഇതൊക്കെ ആരാണ് സ്പോൺസർ ചെയ്യുന്നതെന്നും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

ഇത്തരം കാര്യങ്ങളൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. നമുക്ക് പുതിയ കാല വിപ്ലവത്തിൽ നട്ടെല്ല് തകർന്നു പോയ നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകളെക്കുറിച്ചും സഹരണ പ്രസ്ഥാനത്തെക്കുറിച്ചും ഒരൽപം ചിന്തിക്കാം. പോരെങ്കിൽ കേരളത്തിൽ ഇന്ന് സഹകരണ ബന്ദ്‌ കൂടിയാണ്.കേരളത്തിൽ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവയെല്ലാം ചേർന്ന് ഏതാണ്ട് 12,000 സ്ഥാപങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ ജനങ്ങൾ ഇന്നും തങ്ങളുടെ പണം ഇടപാടുകൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് സഹകരണ സ്ഥാപങ്ങളെ തന്നെയാണ്. ഇത്തരം സ്ഥാപനങ്ങൾ നിക്ഷേപങ്ങൾ സ്വീകരിക്കുക മാത്രമല്ല ആവശ്യക്കാർക്ക് മിതമായ പലിശക്ക് വായ്പയും നൽകുന്നുണ്ട്. കൃഷി, കച്ചവടം, വിവാഹം തുടങ്ങി പല ആവശ്യങ്ങൾക്കും ഇന്നും നാട്ടുമ്പുറത്തുകാർ പ്രധാനമായും ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെ തന്നെ. സാധാരണക്കാരന്റെ ആശ്രയമായ ഈ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലാനുള്ള ശ്രമം കൂടി ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന കള്ളപ്പണ വേട്ട എന്ന പുകമറക്കു പിന്നിൽ ഉണ്ടെന്ന സംശയം ബലപ്പെട്ടു വരുന്നുണ്ട്.

സഹകരണ ബാങ്കുകളിൽ 30,000 കോടി കള്ളപ്പണ ക്രയവിക്രയം നടക്കുന്നുണ്ടെന്നാണ് കേരളത്തിലെ സംഘികൾക്കിടയിലെ സി ഐ ഡി ആയ കെ. സുരേന്ദ്രന്റെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവനെയും അക്കൗണ്ട് ഉള്ളവനാക്കിയത് നമ്മുടെ മോദിജി തന്നെയാണ്. ജൻ ധൻ ഏർപ്പാടിലൂടെ. അത്താഴ പട്ടിണിക്കാരായ ഇവരുടെ ഒക്കെ അക്കൗണ്ടിൽ അടുത്ത ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം വന്നിട്ടുണ്ടെന്ന ആരോപണവും സുരേന്ദ്രനും കൂട്ടരും ഉന്നയിക്കുന്നുണ്ട്. ഇത് പരിശോധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. എന്നാൽ വെറും പുകമറ സൃഷ്ടിച്ചു ജനകീയ ബാങ്കുകളായ സഹകരണ സ്ഥാപനങ്ങളെ കഴുത്തു ഞെരിച്ചു കൊല്ലുന്നത് തികഞ്ഞ അപരാധമാണ് എന്ന് പറയാതെ നിർവാഹമില്ല. സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരെ കൂടാതെ കളക്ഷൻ ഏജന്‍റുമാർ എന്ന നിലയിൽ പലരും ഉപജീവന മാർഗം കണ്ടെത്തുന്ന സ്ഥാപനങ്ങൾ കൂടിയാണ് സഹകരണ ബാങ്കുകൾ. വീടുകളിലും കടകളിലും എത്തി ഇവർ ശേഖരിക്കുന്ന പണം ഒരു നിക്ഷേപമായി നൽകുന്ന ആളുടെ പേരിൽ ബാങ്കിൽ എത്തുന്നു. ഗ്രാമ -നഗര പ്രദേശങ്ങളിലെ വലിയൊരു ശതമാനം വീട്ടമ്മമാർക്കും ബാങ്കിൽ പോകാതെ തങ്ങളുടെ ചെറിയ തുകകൾ ബാങ്കിൽ നിക്ഷേപിക്കാൻ സാധ്യമാക്കുന്ന ഒരു സംവിധാനമാണ് ഇത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകൾ മരവിപ്പിച്ചതോടുകൂടി ഉണ്ടായ ചില്ലറ ക്ഷാമം ഇത്തരം നിക്ഷേപങ്ങളെയും ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കളക്ഷൻ എടുക്കാൻ കഴിയുന്നില്ലെന്ന് കളക്ഷൻ ഏജന്റുമാര്‍ പറയുന്നു.

കള്ളപ്പണ നിക്ഷേപത്തിന്റെ പേര് പറഞ്ഞു സഹകരണ ബാങ്കുകളുടെ കഴുത്തു ഞെരിക്കുമ്പോൾ ഗതികേടിലാകുന്നത് കുടുംബശ്രീ പ്രസ്ഥാനം കൂടിയാണ്. സംസ്ഥാനത്തെ അമ്പതു ശതമാനത്തിലേറെ കുടുംബങ്ങൾ അംഗങ്ങളായുള്ള കുടുംബ ശ്രീ യൂണിറ്റുകൾ തങ്ങളുടെ നിക്ഷേപങ്ങൾ, വായ്പ എന്നിവയ്ക്ക് ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. കുടുംബശ്രീ യൂണിറ്റുകളുടേതായി ഏതാണ്ട് 4804 കോടിയുടെ നിക്ഷേപം സഹകരണ ബാങ്കുകളിൽ ഉണ്ടെന്നാണ് കണക്ക്. കുടുംബശ്രീക്ക് കീഴിൽ പ്രവർത്തിക്കുന്ന അയല്‍ക്കൂട്ടങ്ങൾ സഹകരണ സ്ഥാപങ്ങളിൽ നിന്നും എടുത്ത വായ്പയുടെ കണക്ക് ഇതിന്റെ എത്രയോ ഇരട്ടിയാണ്.

കുടുംബശ്രീ വന്നതോടെ പട്ടിണികൂടാതെ ജീവിക്കാൻ കഴിയുന്ന അവസ്ഥ പല കുടുംബങ്ങൾക്കും ഉണ്ടായെന്ന വസ്തുത സുരേന്ദ്രനെപ്പോലെയുള്ളവർ കാണാതെ പോകുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരിൽ സഹകരണ പ്രസ്ഥാനത്തെ തകർക്കാനും അത് വഴി കുടുംബശ്രീ എന്ന മഹത്തായ മറ്റൊരു പ്രസ്ഥാനത്തെ അപകടത്തിലാക്കാനുമാണ് കൂട്ടത്തില്‍ അവർ ശ്രമിക്കുന്നത് എന്ന കാര്യം ഓര്‍ക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories