TopTop
Begin typing your search above and press return to search.

കള്ളപ്പണമല്ല, ഞങ്ങള്‍ അരിഷ്ടിച്ചുണ്ടാക്കിയ കാശ്; ഈ ഗ്രാമീണ സ്ത്രീകളുടെ കണ്ണീരിന് ആര് മറുപടി പറയും?

കള്ളപ്പണമല്ല, ഞങ്ങള്‍ അരിഷ്ടിച്ചുണ്ടാക്കിയ കാശ്; ഈ ഗ്രാമീണ സ്ത്രീകളുടെ കണ്ണീരിന് ആര് മറുപടി പറയും?

കെ ആര്‍ ധന്യ

'എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. ഈ വരുന്ന 29-ന് മകളുടെ കല്യാണമാണ്. നാല് ലക്ഷം രൂപ ലോണ്‍ അയല്‍ക്കൂട്ടം വഴി പാസായി. പക്ഷെ കിട്ടില്ല. ഇനി ഒരാഴ്ച പോലുമില്ല. ഒരു തരി പൊന്ന് പോലും വാങ്ങിയിട്ടില്ല. കല്യാണ സാരി പോലുമില്ല. വല്ലടത്തുനിന്നും കടോം വെലേം വാങ്ങാന്നു വച്ചാ ആരുടേം കയ്യില്‍ പൈസയില്ല.' - നിസ്സഹായതയോടെ ഇത് പറയുന്നത് സുനിത. കഞ്ഞിക്കുഴിയിലെ സാധാരണക്കാരില്‍ സാധാരണക്കാരി. തൊഴിലുറപ്പ് തൊഴിലാളി. വര്‍ഷങ്ങളായി മഹിമ കുടുംബശ്രീ യൂണിറ്റില്‍ അംഗം. തൊഴിലെടുത്ത് കിട്ടുന്നതില്‍ നിന്ന് മിച്ചംവച്ചുള്ള പത്തും നൂറും കൂട്ടി വച്ചാണ് ഇവര്‍ അയല്‍ക്കൂട്ടം വഴി കഞ്ഞിക്കുഴി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. സുനിതയുടെ മകളുടേതടക്കമുള്ള മൂന്ന് അംഗങ്ങളുടെ വിവാഹാവശ്യത്തിനായി മഹിമ കുടുംബശ്രീ യൂണിറ്റില്‍ നിന്ന് 10 ലക്ഷം രൂപയുടെ വായ്പയ്ക്കപേക്ഷിച്ചു. അധികം താമസമില്ലാതെ അത് പാസാവുകയും ചെയ്തു. ആ സമയത്താണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍.ബി.ഐ കൂച്ചുവിലങ്ങിടുന്നത്. ഇതോടെ എല്ലാം തകിടം മറിഞ്ഞു. വിവാഹകാര്യങ്ങള്‍ക്ക് വായ്പയും പ്രതീക്ഷിച്ചിരുന്ന ഇവര്‍ക്ക് രണ്ടായിരം രൂപ മാത്രമാണ് ഈ ആഴ്ച ലഭിച്ചത്. ഇത് സുനിതയുടെ മാത്രം കഥയല്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ആശ്രയിച്ച് മുന്നോട്ട് പോവുന്ന നൂറായിരം കുടുംബശ്രീ യൂണിറ്റുകളുടേയും സ്വാശ്രയ സംഘങ്ങളുടേയും അവസ്ഥ ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.

'വീട്ടുമുറ്റത്തൊരു ബാങ്ക് എന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലായ്മ ചെയ്യുന്നതാണ് ആര്‍.ബി.ഐ നടപടി' കഞ്ഞിക്കുഴി സഹകരണ ബാങ്ക് സെക്രട്ടറി സന്തോഷ്‌കുമാറിന്റെ വാക്കുകള്‍. 'ഞായറാഴ്ചകളിലെ അയല്‍ക്കൂട്ടങ്ങളില്‍ പിരിഞ്ഞ് കിട്ടുന്ന തുക സഹകരണ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ക്കൊരു വിശ്വാസമുണ്ട്. ഏത് സമയവും ഈടില്ലാതെ തങ്ങള്‍ നിക്ഷേപിച്ചതിന്റെ ഇരട്ടിത്തുക വായ്പ ലഭിക്കുമെന്ന്. ഇപ്പോള്‍ അതില്ലാതായി. അവര്‍ തന്നെ നിക്ഷേപിച്ച പണം ആവശ്യപ്പെടുമ്പോള്‍ കൊടുക്കാന്‍ സാധിക്കാത്തത് യഥാര്‍ഥത്തില്‍ വിശ്വാസ വഞ്ചനയാണ്. ആലപ്പുഴയിലെ കുടുംബശ്രീ, സ്വാശ്രയ സംഘങ്ങളുടെ 99 ശതമാനം അക്കൗണ്ടുകളും സഹകരണ ബാങ്കുകളിലാണ്. ഒരു കാലത്ത് ദേശസാല്‍കൃത ബാങ്കുകളൊന്നും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ നല്‍കാന്‍ തയ്യാറല്ലായിരുന്നു. അന്ന് ധൈര്യപൂര്‍വം അവര്‍ക്ക് വായ്പകള്‍ നല്‍കിയത് സഹകരണ ബാങ്കുകളാണ്. കൂട്ടായ്മയുടെ ബലത്തിനാണ് സഹകരണ ബാങ്കുകള്‍ മുന്‍തൂക്കം നല്‍കിയത്'.

സംസ്ഥാനത്ത് ആദ്യമായി കുടുംബശ്രീ അയല്‍ക്കൂട്ട സംരംഭങ്ങള്‍ക്ക് വായ്പ അനുവദിച്ചത് കഞ്ഞിക്കുഴി സഹകരണ ബാങ്കാണ്. നിലവില്‍ 360 അയല്‍ക്കൂട്ടങ്ങളും 140 സ്വാശ്രയ സംഘങ്ങളും ബാങ്കിനെ ആശ്രയിക്കുന്നു. 'നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവുമൊക്കെ നടക്കേണ്ട വിവാഹങ്ങള്‍ക്കായി വായ്പയ്ക്കപേക്ഷിച്ചവര്‍ തന്നെ എട്ടോ പത്തോ പേരുണ്ട്. പക്ഷെ ആഴ്ചയില്‍ 24,000 രൂപ മാത്രം ജില്ലാ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവാദമുള്ള ഞങ്ങള്‍ എങ്ങനെയാണ് ഇവരുടെ ആവശ്യങ്ങളെ നിവര്‍ത്തിക്കുക? വിവാഹ ആവശ്യങ്ങളും, മരണാനന്തര ആവശ്യങ്ങളുമൊക്കെ പറഞ്ഞ് വായ്പയ്ക്കപേക്ഷിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് ബോര്‍ഡ് യോഗം പോലും ചേരാതെ വായ്പയനുവദിക്കുകയാണ് പതിവ്. ഇതിപ്പോള്‍ ജനങ്ങളില്‍ നിന്ന് മുഖം തിരിഞ്ഞിരിക്കേണ്ട ഗതികേടിലാണ്. ശബരിമലയ്ക്ക് പോവാന്‍ പോലും ചിട്ടി ചേരുന്ന സ്വാശ്രയ സംഘാംഗങ്ങളുണ്ട്. അവര്‍ക്കും പൈസകൊടുക്കാനാവാത്ത സ്ഥിതിയാണ്.''കേരളത്തിലെ ഒട്ടനവധിയാളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സഹകരണ സംഘങ്ങളെ തളച്ചിട്ടാല്‍ നാട്ടില്‍ അരാജകത്വമായിരിക്കും'
- ഹരിപ്പാട് ജ്യോതി കുടുംബശ്രീ യൂണിറ്റ് അംഗം ശ്രീകുമാരി പറയുന്നു. 'നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്ക് വേറാരാണ് ലോണ്‍ കൊടുക്കാനുള്ളത്? വിവാഹാവശ്യത്തിന്, മരണാനന്തരാവശ്യത്തിന്, ഭൂമി വാങ്ങാന്‍, എന്തിനെങ്കിലും ഏതെങ്കിലും ബാങ്കുകള്‍ വായ്പ തരുമോ? ഇതിനെല്ലാം സാധാരണക്കാരന് ആശ്രയമായിരുന്നത് സഹകരണ സംഘങ്ങളും ബാങ്കുകളുമാണ്. കുടുംബശ്രീ അംഗങ്ങള്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ വായ്പകള്‍ കൊണ്ട് നിവര്‍ത്തിക്കുന്നതെന്നറിയാമോ. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍, മക്കളുടെ പഠനം, വിവാഹം, വീട് വയ്ക്കാന്‍-അങ്ങനെ എല്ലാത്തിനും ഇതൊരു അത്താണിയായിരുന്നു. സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിച്ചിട്ടാണോ കള്ളപ്പണക്കാരെ പിടിക്കുന്നത്. അതിന് വേറെ വല്ല സംവിധാനവുമുണ്ടാക്കണം. സഹകരണ പ്രസ്ഥാനങ്ങള്‍ എന്ത് തെറ്റാണ് ചെയ്യുന്നത്. അവര്‍ക്ക് കിട്ടുന്ന പണം നാട്ടില്‍ തന്നെ വിതരണം ചെയ്യുന്നു. മറ്റ് ബാങ്കുകളോ? അതാണോ സ്ഥിതി. ഡെപ്പോസിറ്റാണ് സഹകരണ ബാങ്കുകളുടെ അസ്സെറ്റ്. ഞങ്ങളുടെ യൂണിറ്റിലെ ഒരംഗം അച്ഛന്റെ ചികിത്സയ്ക്കായാണ് വായ്പ ചോദിച്ചത്. അത് പാസായെങ്കിലും കിട്ടിയിട്ടില്ല. വേറെ ഏത് ബാങ്കില്‍ നിന്നാണ് ചികിത്സയ്ക്ക് പണം ലഭിക്കുക? തിരിച്ചടവിന്റെ സോഴ്‌സിനെക്കുറിച്ച് അന്വേഷിക്കാതെ, നിബന്ധനകളില്ലാതെ സാധാരണക്കാരന് പൈസ നല്‍കുന്നവരെ കള്ളപ്പണമെന്ന ഒറ്റ കാര്യത്തിന്റെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തുന്നത് ശരിയല്ല.'

'കള്ളപ്പണം വെളുപ്പിക്കുന്നവരുണ്ടാവാം. പക്ഷെ അതിന്റെ പേരില്‍ എന്തിനാണ് പാവങ്ങളുടെ നട്ടെല്ലൊടിക്കുന്നത്. '
- ചേര്‍ത്തല ധീര കുടുംബശ്രീ യൂണിറ്റിലെ അംഗം വനജ ചോദിക്കുന്നു. 'ഞങ്ങള്‍ ആകെ പൊളിഞ്ഞ് നില്‍ക്കുകയാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഒരംഗത്തിന്റെ മകളുടെ കല്യാണമാണ്. ഡിസംബര്‍ ഏഴിന്. സഹകരണ ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ കുറച്ച് തിരിച്ചടയ്ക്കാനുണ്ടായിരുന്നു. ഒരാളുടെ കല്യാണ ആവശ്യമായതിനാല്‍ അംഗങ്ങളില്‍ നിന്ന് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങി ലോണ്‍ അടച്ചു തീര്‍ത്തിട്ടാണ് പുതിയ ലോണിനപേക്ഷിച്ചത്. ആദ്യത്തെ ലോണ്‍ തീര്‍ക്കാന്‍ തന്നെ പലരും പണ്ടം പണയം വച്ചിട്ടാണ് കാശ് തന്നത്. ഇപ്പോള്‍ അതുമില്ല ഇതുമില്ല എന്നായി. ഞങ്ങള്‍ ആരോട് പരാതി പറയാനാണ്. ബാങ്കിനെ പറഞ്ഞിട്ട് കാര്യമില്ല. അവര്‍ എന്ത് ചെയ്യാനാണ്. ജീവിതത്തില്‍ ഇങ്ങനെയൊന്ന് നേരിടേണ്ടി വരുമെന്ന് ഒരിക്കലും ഓര്‍ത്തില്ല'.

'ഇതെന്തായാലും ശുഭസൂചനയല്ല. പാവങ്ങളെ പിഴിഞ്ഞിട്ട് ആര്‍ക്കെന്ത് കിട്ടാനാണ്.'
- കലവൂര്‍ ഹരിത സ്വാശ്രയ സംഘത്തിലെ അംഗം അജിത്ത് പറയുന്നു. നവംബര്‍ 27ന് അജിത്തിന്റെ വിവാഹമാണ്. മറ്റൊരു ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ പേഴ്‌സണല്‍ ലോണ്‍ എടുത്ത അജിത്ത് അത് സഹകരണ ബാങ്കില്‍ ഡെപ്പോസിറ്റ് ഇട്ടു. വിവാഹാവശ്യത്തിന് എടുക്കാന്‍ പണം തിരികെയെടുക്കാന്‍ എത്തിയപ്പോഴാണ് ആര്‍.ബി.ഐ.യുടെ പുതിയ തീരുമാനം അറിയുന്നത്. 'ഒടുവില്‍ ഒരു വഴിയുമില്ലാതെ വിവാഹാവശ്യങ്ങള്‍ക്ക് കളക്ട്രേറ്റ് വഴി രണ്ടര ലക്ഷം രൂപവരെ നല്‍കുമെന്ന പത്രവാര്‍ത്ത കണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. അത്തരത്തിലൊരു കാര്യം ഒരു ഉദ്യോഗസ്ഥനുമറിയില്ല. സുഹൃത്തുക്കളെല്ലാം കൂടി അയച്ചുതന്ന കുറച്ചു കാശ് അക്കൗണ്ടിലുണ്ട്. പക്ഷെ അതെങ്ങനെ പിന്‍വലിക്കും?'

'ഏഴ് ലക്ഷം രൂപ വരെ ഒരു അയല്‍ക്കൂട്ട യൂണിറ്റിന് വായ്പയായി നല്‍കും. മുന്നൂറിനടുത്ത് യൂണിറ്റുകള്‍ ഞങ്ങളുടെ അംഗങ്ങളാണ്. മൂന്ന് കോടി വരെ വായ്പ വിതരണം നടക്കാറുള്ളതാണ്. ഇപ്പോള്‍ ആര്‍ക്കും നല്‍കാന്‍ പണമില്ല.'
-പട്ടികജാതിക്കാര്‍ക്കായി തുടങ്ങിയ, കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ചുരുക്കം സഹകരണ സംഘങ്ങളില്‍ ഒന്നായ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിലെ ജീവനക്കാരനായ കുഞ്ഞുമോന്റെ അനുഭവത്തിലേക്ക്- 'ഞങ്ങള്‍ തന്ന നോട്ടെങ്കിലും തിരിച്ച് തരാന്‍ പറഞ്ഞ് കരഞ്ഞുകൊണ്ടാണ് പലരും സംഘത്തില്‍ വരുന്നത്. ഗതികേടുകൊണ്ടാണ്. സാധാരണക്കാരാണ് സംഘത്തിലെ അംഗങ്ങള്‍. 10 മുതല്‍ 100 രൂപ വരെയാണ് ഓരോ അയല്‍ക്കൂട്ട യൂണിറ്റുകളിലും അംഗങ്ങള്‍ നിക്ഷേപിക്കുക. മൂന്ന് മാസം കഴിയുമ്പോള്‍ അവര്‍ക്ക് വായ്പ ലഭ്യമാവും. നിക്ഷേപത്തിന്റെ നാലോ അഞ്ചോ ഇരട്ടി വരെ വയ്പയായി നല്‍കും. 36 മാസം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ആകെ വേണ്ടത് ഒരു എഗ്രിമെന്റും കരമടച്ച രശീതും ഗ്രൂപ്പ് ഫോട്ടോയും മാത്രമാണ്. രണ്ടരലക്ഷം രൂപയെങ്കിലും ഒരു ദിവസം ലഭിച്ചാലേ ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാനാവൂ. ആ സാഹചര്യത്തിലാണ് ആഴ്ചയില്‍ വെറും 24,000 രൂപ മാത്രം കിട്ടുന്നത്. അത് ആര്‍ക്കെല്ലാം വീതം വച്ച് കൊടുക്കും? ഇപ്പോള്‍ ഞങ്ങള്‍ മറ്റേതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ഡിപ്പോസിറ്റ് കിട്ടുന്ന പണം ജില്ലാ സഹകരണ ബാങ്കിലേക്ക് നിക്ഷേപിക്കാതെ അതിലേക്ക് നിക്ഷേപിക്കാനാണ് ആലോചന. ഉടനെ തന്നെ ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കും. മറ്റ് വഴിയില്ല.'കുടുംബശ്രീ യൂണിറ്റുകളെപ്പോലെ തന്നെ പ്രതിസന്ധിയിലാണ് കേരളത്തിലെ കാര്‍ഷിക, പാരമ്പര്യ വ്യവസായ മേഖലകളും. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ചകിരി ഉദ്പാദിപ്പിക്കുന്ന ആലപ്പുഴ ഹരിപ്പാട് ചിങ്ങോലിയിലെ കയര്‍ സഹകരണ സംഘത്തിലെ ഭരണസമിതി അംഗം ശശാങ്കന്റെ വാക്കുകളിലേക്ക് -'തൊണ്ട് സംഭരിച്ച് തല്ലി ചകിരിയാക്കി കൊടുക്കുന്ന സംഘമാണിത്. 320 തൊഴിലാളികളുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം പോലും വിതരണം ചെയ്യാനായിട്ടില്ല. 6.5 ലക്ഷം രൂപ ശമ്പളം നല്‍കാന്‍ തന്നെ വേണം. 28 ലക്ഷം രൂപ അക്കൗണ്ടിലുണ്ട്. പക്ഷെ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് കിട്ടാന്‍ നിവൃത്തിയില്ല. 24,000 രൂപ വച്ച് ആഴ്ചയില്‍ കിട്ടിയാല്‍ തൊണ്ട് തരുന്നവര്‍ക്ക് പോലും നല്‍കാന്‍ കഴിയില്ല. ഇപ്പോള്‍ അവരെ ചെക്ക് നല്‍കി സമാധാനിപ്പിച്ചിരിക്കുകയാണ്. പക്ഷെ അധിക കാലം അത് തുടരാനാവില്ല. കുറച്ച് സ്റ്റോക്ക് ഉള്ളതുകൊണ്ട് സംഘം അടച്ചിടേണ്ടി വന്നിട്ടില്ല. പക്ഷെ അതുകൂടി കഴിഞ്ഞാല്‍ തൊഴിലാളികള്‍ പട്ടിണിയാവും'.

ആലപ്പുഴ ജില്ലയില്‍ 100ല്‍ കൂടുതല്‍ കയര്‍ സഹകരണ സംഘങ്ങളുണ്ട്. കുട്ടനാട്, അപ്പര്‍ കുട്ടനാട്, ഓണാട്ടുകര മേഖലകളില്‍ പുഞ്ചകൃഷിയ്‌ക്കൊരുങ്ങുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. മറ്റ് ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കാന്‍ നിരവധി മാനദണ്ഡങ്ങള്‍ നിരത്തി കര്‍ഷകരെ വലയ്ക്കുമ്പോള്‍ അവര്‍ ആശ്രയിച്ചിരുന്നത് സഹകരണ സംവിധാനങ്ങളെയാണ്. സ്വര്‍ണ്ണം ഈടായി സ്വീകരിക്കും, കുറഞ്ഞ പലിശ, വളരെ എളുപ്പത്തില്‍ ലഭിക്കും അങ്ങനെ കര്‍ഷകരെ ആകര്‍ഷിച്ചിരുന്ന സേവനങ്ങള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് ലഭ്യമായിരുന്നു. എന്നാല്‍ വായ്പ പാസായിട്ടും ലഭിക്കാതായതോടെ കര്‍ഷകരും പ്രതിസന്ധിയിലായി. നവംബറില്‍ വിതയിറക്കി ഏപ്രിലില്‍ കൊയ്ത്ത് നടത്തുന്നതാണ് പുഞ്ചകൃഷി.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധന്യ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories