TopTop
Begin typing your search above and press return to search.

വരൂ ഈ ഗ്രാമങ്ങളിലേക്ക്; ഈ ദുരിതം കാണൂ

വരൂ ഈ ഗ്രാമങ്ങളിലേക്ക്; ഈ ദുരിതം കാണൂ

കെ എ ആന്‍റണി

ഇരിട്ടി പുന്നാട് സ്വദേശി ബാബു ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇക്കഴിഞ്ഞ വര്‍ഷം ഭാര്യയുടെ നാടായ തലശ്ശേരിക്കടുത്ത് മമ്പറത്ത് ബാബു ഒരു വീട് നിർമിച്ചു. പണം തികയാതെ വന്നതിനാൽ ജനാലയുടെ പണി തത്ക്കാലം മാറ്റിവെച്ചു. ഇക്കഴിഞ്ഞ മാസം പണി പുനരാരംഭിച്ചു. അതിനിടയിലാണ് നിനച്ചിരിക്കാതെ നോട്ടു നിരോധനം വന്നത്. കഴിഞ്ഞ ഒരു വര്‍ഷം ബാബുവും അംഗൻവാടി ടീച്ചറായ ഭാര്യയും ചേർന്ന് സ്വരുക്കൂട്ടിയ നാല്പതിനായിരത്തോളം രൂപ ബാങ്കിലുണ്ട്. ആശാരിമാർക്കു ഇക്കഴിഞ്ഞ ആഴ്ച കൂലികൊടുക്കാനായി പണം പിൻവലിക്കാൻ ബാങ്കിൽ ചെന്ന ബാബുവിന്റെ ഭാര്യക്ക് കിട്ടിയത് വെറും നാലായിരം രൂപ. തനിക്കു പതിനായിരം രൂപയെങ്കിലും നൽകണമെന്ന് അവർ. എന്നാൽ ബാങ്ക് മാനേജർ തന്റെ നിസ്സഹായത വെളിപ്പെടുത്തി. ബാങ്കിൽ ആകെ വന്നത് എഴുപതിനായിരം രൂപയാണ്. ബാബുവിന്റെ ഭാര്യക്ക് പതിനായിരം നൽകിയാൽ അവർക്കുപിന്നിൽ നിൽക്കുന്ന നൂറിലേറെ ഇടപാടുകാരെ വെറും കൈയ്യോടെ മടക്കി അയക്കേണ്ടിവരും. കൂലി മുഴുവൻ കിട്ടാത്തതിനാൽ ആശാരിമാർ പണി നിറുത്തി. ബാങ്ക് പ്രശ്നം തീർന്നിട്ട് പണി തുടരാം എന്ന് പറഞ്ഞു.

ഇത് ഒരു ബാബുവിന്റെ മാത്രം കഥയല്ല. നോട്ടു പ്രശ്നത്തെ തുടർന്ന് ജീവിതം തന്നെ വഴിമുട്ടിയ പതിനായിരക്കണക്കിന് ആളുകൾ നമ്മുടെ ഗ്രാമ പ്രദേശങ്ങളിലുണ്ട്. ബാബുവിന്റെയും ഭാര്യയുടെയും അക്കൗണ്ട് സിണ്ടിക്കേറ്റ് ബാങ്കിൽ ആണെങ്കിൽ ഇവരിൽ ഭൂരിഭാഗം പേരുടെയും അക്കൌണ്ടുകൾ പ്രാഥമിക സഹകരണ ബാങ്കുകളിലാണ്. എന്ന് വച്ചാൽ അക്കൗണ്ടിൽ പണം ഉണ്ടെങ്കിലും പിൻവലിക്കാൻ നിവർത്തിയില്ലാത്തവരാണ് ഇവരെന്ന് അർഥം.

കണ്ണൂർ പേരാവൂരിനടുത്ത കൊളക്കാട് സ്വദേശി സെബാസ്റ്റ്യൻ പറയുന്നത്. റബ്ബര്‍ ഷീറ്റ് കൊടുത്ത കടയിൽ നിന്നും പണം കിട്ടുന്നില്ല. ഫെഡറൽ ബാങ്കിൽ കൂടി അക്കൗണ്ട് ഉള്ളതിനാൽ ഇക്കഴിഞ്ഞ ആഴ്ച രണ്ടായിരം രൂപ കിട്ടി. അത് ഉപയോഗിച്ച് അരിയും മറ്റു സാധനങ്ങളും വാങ്ങി. അടുത്ത ആഴ്ചയും ഒരു രണ്ടായിരം കൂടി കിട്ടിയേക്കും. അത് ടാപ്പിംഗ് തൊഴിലാളികള്‍ക്കും മറ്റു പണിക്കാർക്കും കൊടുക്കണമെന്ന് വെച്ചാൽ മറ്റു ആവശ്യങ്ങൾക്ക് പണം എവിടെ എന്നാണ് അയാളുടെ ചോദ്യം. ഇത് തന്നെയാണ് നാളികേര കർഷകനായ പയ്യാവൂർ പൈസക്കരിയിലെ കുര്യാച്ചനും പറയുന്നത്. കൊപ്ര കൊടുത്തതിന്റെ പണം ഇനിയും കിട്ടിയിട്ടില്ല. മകന് ജോലിയുള്ളതുകൊണ്ട് തത്കാലം കുടുംബം പട്ടിണി കിടക്കുന്നില്ലെന്ന് മാത്രം.

ദുരിതങ്ങൾ കാണാതെ പോകുന്നവരോട് ഇത്രമാത്രം . ഇത് കർഷകരുടെ പ്രശ്നമെങ്കിൽ കൂലിപ്പണിയെടുക്കുന്നവന്റെ കാര്യം അതിലേറെ കഷ്ടമാണ്. "കൈയ്യിൽ പണമില്ലാത്തതിനാൽ ആരും ഇപ്പോൾ പണിക്കു വിളിക്കുന്നില്ല. തൊഴിൽ ഉറപ്പു പദ്ധതിയുടെ പണിയും നിലച്ചു. അരി സാധനങ്ങൾ എങ്ങിനെ വാങ്ങും എന്ന് അറിയില്ല," മേരിക്കുട്ടി എന്ന സ്ത്രീ വിലപിക്കുന്നു.

തൊഴിൽ ഉറപ്പു പദ്ധതി പ്രകാരം ഉള്ള പണം പ്രാഥമിക സഹകരണ ബാങ്കുകൾ വഴിയാണ്. ആർ ബി ഐ യും കേന്ദ്ര ധന മന്ത്രാലയവും ചേർന്ന് സഹകരണ സ്ഥാപനങ്ങളുടെ കഴുത്തിൽ കുത്തിപ്പിടിച്ചതോടെ പട്ടിണിയിൽ ആയിരിക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ്. നോട്ടു പ്രശ്നം തീർന്നാലും സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ ഇവരിൽ പലരുടെയും അടുപ്പിൽ തീ പുകയില്ലെന്നതാണ് നിലവിലെ അവസ്ഥ.എല്ലാവരും ബാങ്കിൽ പോയിട്ടായിരുന്നോ ഇത്രകാലവും നിത്യ ചെലവുകൾ നടത്തിയിരുന്നതെന്നു സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധയായ മേരി ജോർജ് അടുത്തിടെ ഒരു ചാനൽ ചർച്ചയിൽ ചോദിക്കുന്നത് കേട്ടിരുന്നു. ടീച്ചർ താങ്കൾ നഗരം വിട്ടു ഒന്ന് കേരളത്തിലെ ഗ്രാമകളിലേക്ക് വരൂ. അപ്പോൾ അറിയാം കഴിഞ്ഞ കുറെ വർഷങ്ങളായി ഗ്രാമീണ ജനതയുടെ ജീവിതം ബാങ്കുകളുമായി, പ്രത്യേകിച്ചും സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കിടക്കുന്നത് എങ്ങനെയാണെന്ന്.

നോട്ടു പ്രശ്നം വെറും മൂന്നാഴ്ച കൊണ്ട് പരിഹരിക്കപ്പെടുമെന്നായിരുന്നു കേന്ദ്ര ധന മന്ത്രി അരുൺ ജെയ്‌റ്റിലി ആദ്യം പറഞ്ഞത്. അമ്പതു ദിവസം എന്നാക്കി പ്രധാനമന്ത്രി അതിനെ തിരുത്തി. എന്നാൽ കാര്യങ്ങളുടെ പോക്കുകണ്ടിട്ടു അമ്പതല്ല നൂറു ദിവസം കഴിഞ്ഞാലും എല്ലാം പഴയ പടി ആകുന്ന ലക്ഷണമില്ല.

പണം മാറ്റിക്കിട്ടൽ മാത്രമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം. ബാങ്കിൽ നിക്ഷേപിച്ച പണം എടുക്കാനും പെടാപ്പാടു പെടണമല്ലോ. ഇന്നലെയും കുഴഞ്ഞുവീണു മൂന്നുപേർ മരിച്ച കാര്യം മേരി ടീച്ചറെ പോലുള്ളവർ കണ്ടില്ലെന്നുണ്ടോ? ചികിത്സ കിട്ടാനും മരുന്ന് വാങ്ങാനും കൂടിയാണ് പലരും ബാങ്കിന് മുന്നിൽ നിന്ന് മടുത്തു കുഴഞ്ഞു വീണു മരിക്കുന്നത് എന്ന യാഥാർഥ്യവും കാണാതെ പോകരുത്.

വരൂ ഈ തെരുവിലെ രക്തം കാണൂ എന്നൊന്നും നെരൂദയെപ്പോലെ ആവശ്യപ്പെടുന്നില്ല. ഗ്രമങ്ങളിൽ നിന്നും പലരും നഗരങ്ങളിലേക്ക് ചേക്കേറിയപ്പോഴും ഗ്രാമങ്ങളിൽ ഒതുങ്ങിപ്പോയ അല്ലെങ്കിൽ ഗ്രാമ വിശുദ്ധിയിൽ വിശ്വസിച്ച (രണ്ടാമത് പറഞ്ഞതാണ് കൂടുതൽ ശരി) ഒരു പാട് മനുഷ്യ ജന്മങ്ങൾ ഇപ്പോൾ ഗതികേടിന്റെ അങ്ങേ തലക്കലാണ്. കഠിനാധ്വാനം ചെയ്യുന്ന കർഷകരും അവർക്കൊപ്പം അന്തസോടുകൂടി തൊഴിൽ ചെയ്തു ജീവിക്കുന്ന തൊഴിലാളികളും കേരളത്തിന്റെ മാത്രം അഹങ്കാരമാണ്. വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടെങ്കിലും സകലർക്കും കിടപ്പാടം ഉണ്ടാക്കാൻ പോന്ന ഒരു നിയമം പാസ്സാക്കപ്പെട്ട ഒരു സംസ്ഥാനത്തിൽ ഇന്ന് കിടപ്പാടം ഉള്ളവനെയും പട്ടിണിക്കിടുന്ന പഴയ ജന്മി വ്യവസ്ഥ തിരികൊണ്ടുവന്നിരിക്കുന്നു എന്നിടെത്തേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങികൊണ്ടിരിക്കുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories