TopTop
Begin typing your search above and press return to search.

ഉടോപ്യന്‍ കാലത്തെ ക്രിസ്തുമസ് സമ്മാനങ്ങള്‍: ജനത്തിന്റെ ദുരിതം മാത്രം ഉടനൊന്നും കുറയില്ല

ഉടോപ്യന്‍ കാലത്തെ ക്രിസ്തുമസ് സമ്മാനങ്ങള്‍: ജനത്തിന്റെ ദുരിതം മാത്രം ഉടനൊന്നും കുറയില്ല

ഡിജിറ്റല്‍ ഇക്കോണമിയുടെ പ്രചരണാര്‍ഥം സര്‍ക്കാര്‍ ക്രിസ്തുമസ് സമ്മാനമായി നറുക്കെടുപ്പും സമ്മാന പദ്ധതിയും പ്രഖ്യാപിച്ചെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് ഉടനെങ്ങും അവസാനമുണ്ടായേക്കില്ല. നിലവില്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഡിസംബര്‍ 30-നും പിന്‍വലിച്ചേക്കില്ലെന്നാണ് സൂചനകള്‍. അതേ സമയം, ക്യാഷ്‌ലെസ് എകോണമിക്കായി സര്‍ക്കാര്‍ തിടുക്കം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന ആശങ്കളും ഉയര്‍ന്നിട്ടുണ്ട്.

ക്യാഷ്‌ലെസ് ഇന്ത്യ സൃഷ്ടിക്കാനായി 340 കോടി രൂപയുടെ നറുക്കെടുപ്പ് പദ്ധതിയാണ് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഇന്നലെ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കുള്ള ക്രിസ്തുമസ് സമ്മാനമെന്നാണ് അദ്ദേഹം ഇതിനെ വശേഷിപ്പിച്ചത്. ഉപഭോക്താക്കള്‍ക്കായി ലക്കി ഗ്രാഹക് യോജന, വ്യാപാരികള്‍ക്കായി ഡിജി ധന്‍ വ്യാപാരി യോജന എന്നിവയാണ് പദ്ധതികള്‍. ക്രിസ്തുമസ് ദിനമായ ഡിസംബര്‍ 25-നാണ് ആദ്യ നറുക്കെടുപ്പ്. ഇത് ക്രിസ്തുമസ് സമ്മാനമാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച ഡിസംബര്‍ 25- ഗുഡ് ഗവേണന്‍സ് ഡേ എന്നതിനെപ്പറ്റി സര്‍ക്കാര്‍ മിണ്ടിയിട്ടില്ല. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ജന്മദിനം അന്നായതിനാലാണ് സര്‍ക്കാര്‍ ഈ ദിവസം ഗുഡ് ഗവേണന്‍സ് ഡേ ആയി പ്രഖ്യാപിച്ചിരുന്നത്.

ക്രിസ്തുമസ് മുതല്‍ 100 ദിവസത്തേക്കാണ് സമ്മാന പദ്ധതി. ഏപ്രില്‍ 14-ന് അബേദ്ക്കര്‍ ജയന്തിക്ക് പദ്ധതി അവസാനിക്കും. ആഴ്ച തോറും നറുക്കെടുപ്പ് നടത്തി ഉപഭോക്താക്കള്‍ക്ക് പരമാവധി 1 ലക്ഷം രൂപയും വ്യാപാരികള്‍ക്ക് അരലക്ഷം രൂപയും സമ്മാനം നല്‍കും. ഏപ്രില്‍ 14-ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 1 കോടി രൂപ, 50 ലക്ഷം രൂപ, 25 ലക്ഷം രൂപ എന്നിങ്ങനെ നല്‍കും. 50 രൂപയ്ക്കും 5,000 രൂപയ്ക്കും ഇടയിലുള്ള ഡിജിറ്റല്‍ ഇടപാടുകളാണ് പദ്ധതിയില്‍ പരിഗണിക്കുകയെന്നുമാണ് അമിതാഭ് കാന്ത് അറിയിച്ചത്. മോദിയുടെ ചിത്രം വച്ച് നീതി ആയോഗ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

less-2

എന്നാല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ യാതൊരു തരത്തിലും സുരക്ഷിതമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ രാജ്യവ്യാപകമായി തന്നെ ഉപഭോക്താക്കളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ചിപ്‌സെറ്റ് നിര്‍മതാക്കളായ Qualcomm പറയുന്നത് ഇന്ത്യയിലെ ഇ-വാലറ്റ്, മൊബൈല്‍ ബാങ്കിംഗുകള്‍ ഹാര്‍ഡ്‌വേര്‍ ലെവല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല എന്നാണ്. ലോകത്തിലെ മിക്ക മൊബൈല്‍ ബാങ്കിംഗ്, വാലറ്റ് ആപ്പുകളും ഹാര്‍ഡ്‌വേര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും ആന്‍ഡ്രോയ്ഡിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും Qualcomm പ്രോഡക്ട് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ എസ്‌വൈ ചൗധരി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ അടക്കമുള്ളവ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിരലടയാളം പോലും ഈ രീതിയില്‍ ദുരുപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറയുന്നു. എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നത് ഒരുപകരണവുമായിട്ടാണ്. ഒരു മൊബൈല്‍ ബാങ്കിംഗ് ആപ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതാണോ എന്ന് ഉപഭോക്താക്കള്‍ അറിയുന്നില്ലെന്നും ലോകത്തിലെ ചിപ്‌സെറ്റ് നിര്‍മാതാക്കളില്‍ മുമ്പന്തിയിലുള്ള കമ്പനി തന്നെയാണ് വ്യക്തമാക്കുന്നത്.

അതായത്, ഡിജിറ്റല്‍ സംവിധാനങ്ങളോട് നിരക്ഷരരായ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളേയും വലിയ അപകടസാഹചര്യത്തിലാക്കുകയോ ഉള്ളൂ ഇപ്പോഴത്തെ ഈ തിരക്കുപിടിച്ച ഡിജിറ്റല്‍വത്ക്കരണം എന്നാണ് ഇവരൊക്കെ പറയുന്നത്. അങ്ങനെ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള യാതൊരു സംവിധാനവും സര്‍ക്കാരിന്റെ പക്കല്‍ ഇപ്പോഴില്ല താനും. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഇ-വാലറ്റ് കമ്പനികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നുപോലും ഉറപ്പില്ല.

ക്യാഷ്‌ലെസ് എകോണമിക്കായി തിരക്കുപിടിച്ചു പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കറന്‍സി നോട്ടുകളുടെ അപര്യാപ്തത മൂലം ജനങ്ങള്‍ അനുഭവിക്കന്ന പ്രശ്‌നങ്ങള്‍ അത്ര ഗൗരവമുള്ളതല്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നാണ് സൂചനകളും. ഡിസംബര്‍ 30 വരെയാണ് പദ്ധതിയുടെ സമയപരിധിയായി മോദി നവംബര്‍ എട്ടിന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആഴ്ചയില്‍ 24,000 രൂപ ബാങ്കില്‍ നിന്നു പിന്‍വലിക്കാനും ഒരു ദിവസം എടിഎമ്മില്‍ നിന്ന് 2500 രൂപാ പിന്‍വലിക്കാനുമാണ് അനുമതിയുള്ളത്. ഡിസംബര്‍ 30 കഴിഞ്ഞാലും ഈ നിരോധനം തുടര്‍ന്നേക്കും.

less-1

നവംബര്‍ എട്ടിന് നിരോധിച്ച 14.73 ലക്ഷം കോടി രൂപയില്‍ അഞ്ചു ലക്ഷം രൂപയ്ക്ക് മേലാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് തിരിച്ചെത്തിച്ചിട്ടുള്ളത്. ഈ മാസാവസാനത്തോടെ 50 ശതമാനം പണവും തിരികെയെത്തുമെന്ന് കഴിഞ്ഞ ദിവസം സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 14.73 ലക്ഷം കോടിയുടെ നാലില്‍ മൂന്നു ഭാഗവും അച്ചടിച്ചിറക്കി കഴിഞ്ഞു മാത്രമേ ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സാധ്യതയുള്ളൂ. ഒറ്റയടിക്ക് ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കൂ എന്നുമാണ് ധനകാര്യ മന്ത്രാലയം നല്‍കുന്ന സൂചനകള്‍.

നോട്ട് നിരോധനം നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങള്‍ ക്യാഷ്‌ലെസ് എകോണമിയിലൂടെ മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ 90 ശതമാനത്തിനു മേല്‍ കറന്‍സി നോട്ടുകള്‍ കൊണ്ട് വിനിമയം നടത്തിയിരുന്ന ഒരു രാജ്യത്ത് ഒറ്റയടിക്ക് ക്യാഷ്‌ലെസ് വിനിമയ മാര്‍ഗങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ എത്രത്തോളം ഫലവത്താകും എന്ന സംശയങ്ങളും ഉയരുന്നുണ്ട്. അതിനൊപ്പമാണ് മതിയായ സുരക്ഷാ ഏര്‍പ്പാടുകളില്ലാത്ത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ക്രിസ്തുമസ് സമ്മാനമെന്നൊക്കെ വിശേഷിപ്പിച്ച് സാധാരണ ജനത്തെ ഉന്തിവിടുന്നത്. ക്യാഷ്‌ലെസ് എകോണമിക്കായി കൈ കോര്‍ത്താല്‍ ഭാഗ്യമുണ്ടെങ്കില്‍ പ്രതിഫലം ലഭിക്കും. ഭാഗ്യമുണ്ടെങ്കില്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയുമില്ല എന്നതാണ് ഇപ്പോഴത്തെ ഇന്ത്യക്കാരുടെ അവസ്ഥ.


Next Story

Related Stories