TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ഈയൊരു ഞാണിന്മേല്‍ കളി മോദി എന്തുകൊണ്ട് കളിച്ചു?

തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ, ഈയൊരു ഞാണിന്മേല്‍ കളി മോദി എന്തുകൊണ്ട് കളിച്ചു?

അനിര്‍ബാന്‍ സാഹ

പ്രിയപ്പെട്ട മോദി ജി,

കാശ് പിന്‍വലിക്കാനുള്ള ഈ നീക്കം മുഴുവനും ശ്രദ്ധാപൂര്‍വ്വം ഒരുക്കിയെടുത്ത തട്ടിപ്പാണെന്ന് ഞാന്‍ കരുതുന്നു. ചില അനുമാനങ്ങളോടെ ഞാനത് വിശദമാക്കാന്‍ ശ്രമിക്കാം. നിലവിലെ സര്‍ക്കാരിനെ വിഡ്ഢികളാണ് കൊണ്ടുനടക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. പൊതുജനാഭിപ്രായം അറിയാന്‍ കഴിവുള്ള രാഷ്ട്രീയാധാരണയുള്ളവര്‍ അതിലുണ്ട്. ഇത്രയും ബൃഹത്തായ ഒരു നീക്കം നടത്താന്‍ മാത്രം അടിസ്ഥാന സൌകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ ഇത്തരമൊരു നീക്കം അതിന്റെ നടത്തിപ്പില്‍ ഒരു പേടിസ്വപ്നമായിരിക്കുമെന്നും താങ്കള്‍ക്ക് പൂര്‍ണമായും അറിവുണ്ടായിരുന്നു.

ഒന്നു കണക്കുകൂട്ടി നോക്കൂ: ബാങ്കുകള്‍, തപാലാപ്പീസുകള്‍, എടിഎമ്മുകള്‍ എന്നിവയുടെ എണ്ണവും ജനസംഖ്യയും കണക്കാക്കുക. അനുപാതം കണക്കാക്കുക. അത് മതിയാകുന്നില്ലെങ്കില്‍, ഗ്രാമങ്ങളുടെ എണ്ണവും വിദൂര ബാങ്ക് ബ്രാഞ്ചുകളും പിന്നെ ഒരിത്തിരി ഗൂഗിളില്‍ തപ്പലുമായാല്‍ ഇതിലെ നിഷേധിക്കാനാകാത്ത വസ്തുതകളിലൊന്ന് ബോധ്യമാകും.

അപ്പോള്‍ എന്തിനാണ് തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ, പൊതുജനാഭിപ്രായത്തെ മാറ്റിയേക്കാവുന്ന ഈയൊരു ഞാണിന്‍മേല്‍ കളി കളിച്ചത്?

‘അത് കള്ളപ്പണവും തെരഞ്ഞെടുപ്പൊന്നുമല്ല കാര്യം’

സര്‍ക്കാര്‍ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ കീര്‍ത്തി ഘോഷിക്കേ കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള അവകാശവാദത്തെ അരക്കിട്ടുറപ്പിക്കാന്‍ മാത്രമായിരുന്നോ ഇത്?

ഇത് ബാധിക്കുന്ന ദരിദ്രര്‍, ഇടത്തരക്കാര്‍, ഒരു വിഭാഗം ധനികര്‍, എന്നിവരെ മുഷിപ്പിക്കുന്ന ഒരപകടസാധ്യത എടുത്തത് എന്തിനാണ്? അങ്ങനെ നോക്കിയാല്‍ താങ്കളെ അനുകൂലിക്കുന്ന സമ്മതിദായകരുടെ ഒരു വലിയ വിഭാഗം. മറ്റ് നീറുന്ന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി ജെ പിയുടെ ഒരു അടവാണോ ഇത്?

അല്ല, കാരണം ശീതകാല സമ്മേളനത്തിന്റെ പ്രധാന അജണ്ട ജി എസ് ടി തട്ടുകള്‍ നിശ്ചയിക്കാനുള്ള ചര്‍ച്ചയാണ്; നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഏതാണ്ട് ഒറ്റക്കെട്ടായേക്കാവുന്ന പ്രതിപക്ഷത്തെ പ്രേരിപ്പിക്കുകയല്ല. പിന്നെ എന്തുകൊണ്ട്? ഉത്തരം ലളിതമാണ്-ഇത് കള്ളപ്പണമോ തെരഞ്ഞെടുപ്പോ ആയി ബന്ധപ്പെട്ടതല്ല. ഒരുപക്ഷേ എന്റെ കത്ത് ചില ഉത്തരങ്ങള്‍ തന്നേക്കാം.

Lehmann and Brothers പാപ്പരായി പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് CITI ഗ്രൂപ്പിന് 0.67% NPA (നിഷ്ക്രിയ ആസ്തി) ഉണ്ടായിരുന്നു. യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപദ്ധതികളിലൊന്നാണ് CITI ഗ്രൂപ്പിന് നല്കിയത്.

ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊരാളായ SBI-ക്കു 2016-17-ലെ ആദ്യപാദത്തില്‍ 6.94% NPA ഉണ്ട്. ഒന്നാലോചിച്ചുനോക്കു. എന്നാല്‍ അന്നത്തെ മാന്ദ്യപ്രതിസന്ധിയിലെപ്പോലെത്തന്നെ, SBI-യെ ഒറ്റപ്പെടുത്തി കാണാനാകില്ല. CITI ഗ്രൂപ്പ് മാത്രമല്ല, പല സാമ്പത്തിക സ്ഥാപനങ്ങളെയും സര്‍ക്കാരിന് രക്ഷപ്പെടുത്തേണ്ടിവന്നു, അതായത് പൊതുപണം ഉപയോഗിച്ച്.

അപ്പോള്‍, കഴിഞ്ഞ അഞ്ചു പാദങ്ങളില്‍ ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തിയുടെ കാര്യത്തിലെ പ്രകടനം നോക്കാം. ഞാന്‍ മൂന്നു വലിയ പൊതുമേഖല ബാങ്കുകളെയും സ്വകാര്യ ബാങ്കുകളിലെ ഏറ്റവും വലിയ വായ്പാദാതാവായ ബാങ്കിനെയും എടുത്തു.ഇന്ത്യന്‍ ബാങ്കിടപാടുകളിലെ വായ്പാ സംവിധാനത്തിലെ വന്‍പിഴവുകള്‍

ഈ ബാങ്കുകളുടെ മൊത്തം NPA 2.37 ലക്ഷം കോടി രൂപ എന്ന ഭീമന്‍ തുകയാണ്. ഇതില്‍ 1.05 ലക്ഷം കോടി രൂപ അഥവാ 7.14% SBI വകയാണ്.

ഇക്കാര്യത്തില്‍ എല്ലാ ബാങ്കുകളുടെയും സൂചിക മേലോട്ടാണ് എന്നുകാണാം. ആസ്തി ബാധ്യത പട്ടിക ശരിയാക്കാന്‍ RBI ബാങ്കുകളോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ഇത്.

ഈ പ്രവണത അപകടകരമാണ്. കാരണം ഇത് ഇന്ത്യയിലെ ബാങ്കിംഗ് വായ്പ സംവിധാനത്തിലെ പിഴവാണ് കാണിക്കുന്നത്. എന്നാലിത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. ഞാനിതു പറയാന്‍ കാരണം, പൊതുമേഖല ബാങ്കുകള്‍ 2012-15 സാമ്പത്തിക വര്‍ഷത്തില്‍ 1.14 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി എന്നതിനാലാണ്. RBI കണക്കാക്കിയത് സമ്മര്‍ദ ആസ്തികള്‍ (നിഷ്ക്രിയ ആസ്തികളും പുനക്രമീകരിച്ച വായ്പകളും ചേര്‍ന്നതാണ് stressed assets അഥവാ സമ്മര്‍ദ ആസ്തികള്‍) ഏതാണ്ട് 7 ലക്ഷം കോടി രൂപ വരുമെന്നാണ്. ഇത് നവംബര്‍ 8-ലെ കാശ് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിലൂടെ സമ്പദ് വ്യവസ്ഥയില്‍ നിന്നും വലിച്ചെടുത്ത പണത്തിന്റെ 50% വരും.

എങ്ങനെയാണ് നമ്മളീ നിലയില്‍ എത്തിയത്?

വസ്തുവില്‍പ്പന രംഗത്ത് ആവശ്യം ഇടിഞ്ഞെങ്കിലും വില ഇപ്പൊഴും അതേ നിലയില്‍ പിടിച്ചുനില്‍ക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാം.

കഴിഞ്ഞ 5 വര്‍ഷക്കാലത്ത് പട്ടികയില്‍ പെട്ട വാണിജ്യ ബാങ്കുകളുടെ വസ്തുവില്‍പ്പന മേഖലയ്ക്കുള്ള വായ്പ 2010-ലെ 5.8 ലക്ഷം കോടി രൂപയില്‍ നിന്നും ഏതാണ്ട് 90% ഉയര്‍ന്നു 2014-ല്‍ 10.94 കോടി രൂപയായി. ഇതൊരു ഒത്തുകളി കച്ചവടമായതുകൊണ്ടു കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് വില കുറയ്ക്കാന്‍ എളുപ്പവുമല്ല; അവര്‍ക്ക് പൊങ്ങിക്കിടന്നേ പറ്റൂ.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വസ്തു വില്‍പ്പന വിപണിക്ക് ഒരു നിയന്ത്രണ സംവിധാനം കൊണ്ടുവരണം എന്നാവശ്യപ്പെട്ടു ബാങ്കിംഗ് സ്ഥാപനങ്ങള്‍ ആര്‍ ബി ഐയെ സമീപിച്ചിരുന്നു. ഇത് കിട്ടാക്കട പ്രതിസന്ധിയുടെ (subprime crisis 2008) പ്രതിധ്വനി ഉണ്ടാക്കുന്നു.

അപ്പോള്‍ ഇപ്പോളെന്താണ് സംഭവിക്കുന്നത്, നമ്മള്‍ പ്രതിസന്ധിയെ ഇങ്ങനെയാണോ കാണുന്നത്? പൊതുമേഖല ബാങ്കുകളിലേക്ക് മൂലധന തള്ളല്‍ (അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 70,000 കോടി രൂപ) പ്രഖ്യാപിച്ചു-വീണ്ടും പൊതുപണം. ഇത് കിട്ടാക്കട പ്രതിസന്ധിയുടെ ആഴം വെച്ചുനോക്കുമ്പോള്‍ നിസാരമാണ്. ഇത് സാധ്യമാണോ?

മോദിയുടെ തന്ത്രം
ആര്‍ ബി ഐക്ക് കാശ് ഒരു ഭാരമാണ്. കാശ് പിന്‍വലിക്കുന്നതിലൂടെ, കാശ് വിതരണം ചുരുക്കുന്നതിലൂടെ ആര്‍ ബി ഐ ഈ ബാധ്യത കുറയ്ക്കുന്നു, അതിന്റെ കണക്ക് പുസ്തകങ്ങള്‍ വൃത്തിയാക്കുകയും സര്‍ക്കാരിന് കൂടുതല്‍ ആദായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

എങ്ങനെയോ ഒരു കാര്യം കാണാതെപോയി. വിപണിയിലെ കാശിന്റെ വിതരണം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ആര്‍ ബി ഐ ATM യന്ത്രങ്ങള്‍ പുനക്രമീകരിക്കാന്‍ തീരുമാനിച്ചു, പുതിയ നോട്ടുകളുടെ വലിപ്പം എന്നാല്‍ സമാനമല്ലായിരുന്നു. വണ്ടിക്ക് പിറകിലാണ് കുതിരയെ കെട്ടിയത്.

ബാങ്കുകളിലെ വര്‍ദ്ധിക്കുന്ന നിക്ഷേപത്തെക്കുറിച്ചും ഏറെ എഴുതിക്കഴിഞ്ഞു. നേരത്തെ രണ്ടാഴ്ച്ചകൊണ്ട് 8000 കോടി രൂപയാണ് വന്നതെങ്കില്‍ കഴിഞ്ഞ രണ്ടു ദിവസത്തില്‍ 11,000 കോടി രൂപയാണ്. ഇതുവരെ ഐ‌സി‌ഐ‌സി‌ഐ ബാങ്കില്‍ 32,000 കോടി രൂപയും ബാങ്കുകളിലെ ചെറിയ നിക്ഷേപങ്ങളായി 5 ലക്ഷം കോടി രൂപയും.

പൊതുമേഖല ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കത്താണെന്ന് ഞാന്‍ കരുതുന്നു. എസ് ബി ഐ പൂട്ടിയിടേണ്ട ഒരു ദു:സ്വപ്നം ആലോചിക്കൂ, അഥവാ സര്‍ക്കാരിന് തങ്ങളുടെ ഒരു സ്വന്തം ബാങ്കിന് രക്ഷാപദ്ധതി നല്‍കേണ്ടിവരിക. രാജ്യം ആകെ കുഴപ്പത്തിലാവുകയും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

ഇത് മറ്റെല്ലാത്തിനെയും നിയന്ത്രിക്കുന്ന വികസന അജണ്ടയ്ക്ക് എതിരാണ്. പകരം കൂടുതല്‍ തന്ത്രപരമായ പദ്ധതികളുമായി വരേണ്ടതുണ്ട്.

വിപണിയില്‍ നിന്നും പണം കണ്ടെത്തുക. അത് നമ്മളാണ്. അത് രാജ്യതാത്പര്യത്തിലാണ് എന്നു വിശ്വസിപ്പിക്കുക. കള്ളക്കണക്കുകള്‍ പടച്ചുവിടുക,‘വികസനം’ ഉറപ്പാക്കുക, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയിക്കുക.

കിടിലന്‍ നീക്കം, മോദി ജി.
സ്നേഹത്തോടെ,
അനിര്‍ബാന്‍ സാഹ

(ഐ ടി പ്രൊഫഷണലും ബ്ലോഗറുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories