TopTop
Begin typing your search above and press return to search.

പ്രതിസന്ധി തുടര്‍ന്നാല്‍ സഹകരണ ബാങ്കുകൾ ഏതു നിമിഷവും ആക്രമിക്കപ്പെടാം

പ്രതിസന്ധി തുടര്‍ന്നാല്‍ സഹകരണ ബാങ്കുകൾ ഏതു നിമിഷവും ആക്രമിക്കപ്പെടാം
ഷൈനിമോൾ

കറൻസി നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നം അവസാനിക്കുന്നത് വരെ സഹകരണ ബാങ്കുകൾ അടച്ചിടാൻ സർക്കാർ തീരുമാനിക്കണം. കാരണം ജില്ലാ സഹകരണ ബാങ്കിൽ നിന്നും ഒരു വ്യക്തിക്ക് ലഭിക്കുന്ന തുക മാത്രമാണ് ഒരു പ്രാഥമിക സഹകരണ സംഘത്തിന് ലഭിക്കുന്നത്. 24,000 രൂപ ഒരു ആഴ്ച ലഭിച്ചാൽ എത്രപേർക്കും കൊടുക്കാൻ കഴിയും എന്ന് ആലോചിച്ചു നോക്കു. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ കയറുപിരിച്ചും തൊണ്ട് ചീയ്ച്ചും മീൻവിറ്റും കൂലിപണിചെയ്തും ലഭിക്കുന്ന തുകയിൽ നിന്നും ഒരു വിഹിതം മിച്ചം പിടിച്ചാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്നത്.

മക്കളുടെ വിവാഹം, ഭവന നിർമാണം തുടങ്ങിയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കാണ്‌ ഈ തുക വിനിയോഗിക്കുന്നത്. ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കി നിക്ഷേപം തിരികെ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് സഹകരണ ബാങ്കുകൾ. അവരുടെ ആവശ്യത്തിന് ഉപകരിക്കുന്നില്ല. ഷെഡ്യൂൾഡ് ബാങ്കുകൾ വായ്പ നൽകുന്നതിന് കുറെ നിയന്ത്രണമുണ്ട്. വാഹനങ്ങൾക്ക് എത്താൻ കഴിയുന്ന വഴിയുണ്ടെങ്കിൽ മാത്രമാണ് ലോൺ അനുവദിക്കുന്നത്. സർവീസ് സഹകരണ ബാങ്കുകളാവട്ടെ തിരിച്ചടവിന്റെ കഴിവ് കണക്കാക്കി പരമാവധി തുക ദുർഘടമായ വഴിയുള്ള വീടുകളിലെ അംഗങ്ങൾക്കും നൽകും.

ധർമോദയ സഹകരണ സംഘം എന്നപേരിൽ 1927 കാലത്തു വാളത്താറ്റ് പുരയിടത്തിലാണ് ഈ സംഘം ആരംഭിച്ചത്. അംഗങ്ങളുടെ ഒത്തൊരുമയും സാമ്പത്തിക നിക്ഷേപവും കൂടിയപ്പോൾ സംഘം വളരുകയായിരുന്നു. തികച്ചും സാധാരണക്കാരാണ് സംഘത്തിലെ 99 ശതമാനം അംഗങ്ങളും. ഓഹരികിട്ടിയ സ്ഥലം വിറ്റു ബാങ്കിൽ നിക്ഷേപിച്ചു അതിൽ നിന്നും ലഭിക്കുന്ന പലിശകൊണ്ടു ജീവിക്കുന്നവരുണ്ട്. അവരുടെ വരുമാനം മുടങ്ങി. പ്രായമായ പലർക്കും ചികിത്സയ്ക്കുള്ള പണം പോലും നൽകാനാവില്ല.

ചിട്ടി നിർത്തി വച്ചിരിക്കുകയാണ്. ചിട്ടി പിടിക്കുന്ന പണം കൊണ്ട് പലകാര്യങ്ങളൂം ആസൂത്രണം ചെയ്ത ആളുകൾ തീർത്തും നിരാശരായി. 15 ലക്ഷം രൂപയുടെ അപേക്ഷയാണ് മേശപ്പുറത്തുള്ളത്. കമ്മറ്റി കൂടി അനുവദിച്ച തുക പോലും നൽകാൻ ബാങ്കിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ഒരാൾ എത്തിയത് മകളെ പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാനുള്ള തുക തേടിയാണ്. നൽകാൻ കഴിഞ്ഞില്ല. ജീവനക്കാരും ഇടപാടുകാരുമായി മികച്ച ബന്ധമാണ് എന്നതിനാൽ മര്യാദവിട്ടുള്ള പെരുമാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അത്യാവശ്യ കാര്യങ്ങൾക്ക് നിക്ഷേപിച്ച തുക ഉപകരിക്കാനായില്ലെങ്കിൽ ജനത്തിന്റെ നിയന്ത്രണം നഷ്ടമാകും. നിലവിലെ അവസ്ഥയിൽ തുടർന്ന് പോകാൻ എന്തിനാണ് സഹകരണ ബാങ്കുകൾ തുറന്നു വച്ചിരിക്കുന്നത്. ഒരു തീരുമാനം വരുന്നത് വരെയെങ്കിലും അടച്ചിടാൻ സർക്കാർ തീരുമാനിക്കണം. പ്രശ്നമെല്ലാം അവസാനിച്ച് വീണ്ടും തുറന്നാലും ജനങ്ങൾ ഇനിയും മുൻകാലത്തെ പോലെ നിക്ഷേപത്തിനായി സഹകരണ ബാങ്കുകളെ ആശ്രയിക്കുമോ എന്നതാണ് നേരിടാൻ പോകുന്ന വലിയ വെല്ലുവിളി.

(സെക്രട്ടറി, വയലാർ സർവീസ് സഹകരണ ബാങ്ക് )

* ഷൈനിമോളുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories