TopTop
Begin typing your search above and press return to search.

കറന്‍സി പിന്‍വലിക്കല്‍; അടിയേറ്റ് കാര്‍ഷിക - ഭക്ഷ്യവിതരണ ശൃംഖല

കറന്‍സി പിന്‍വലിക്കല്‍; അടിയേറ്റ് കാര്‍ഷിക - ഭക്ഷ്യവിതരണ ശൃംഖല

അഴിമുഖം പ്രതിനിധി

ദിവസ വിതരണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കൈയില്‍ പണമില്ലാത്തതിനാലും കാര്‍ഡ് വഴിയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ പണം അടയ്ക്കാമെന്നതിനാല്‍ ഉപഭോക്താക്കള്‍ അയാളെ ഉപേക്ഷിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളെ അഭയം പ്രാപിച്ചതിനാലും ദക്ഷിണ ഡല്‍ഹിയിലെ കല്‍ക്കാജിയില്‍ ഒരു ഉന്തുവണ്ടിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന രാജേഷ് കുമാറിന് തന്റെ ദൈനംദിന വ്യാപാരത്തിന്റെ പകുതിയും നഷ്ടമായി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശമായ ഹരിയാനയിലെ ഗുഡ്ഗാവിലെ സെക്ടര്‍ 15ല്‍ വ്യാപാരം നടത്തുന്ന മുകേഷ് സുതാറിന്റെ കടയില്‍ പരിമിതമായ പച്ചക്കറികള്‍ മാത്രമേയുള്ളു. ഓരോ പച്ചക്കറിയും അഞ്ച് കിലോവീതമാണ് താന്‍ സാധാരണ വാങ്ങുന്നതെന്ന് സുതാര്‍ പറയുന്നു. "എന്നാല്‍ ഇപ്പോള്‍ രണ്ട് കിലോ വീതമേ വാങ്ങാന്‍ സാധിക്കുന്നുള്ളു. എന്റെ കൈയില്‍ പൈസയില്ല... സാധനം വാങ്ങാനെത്തുന്നവര്‍ക്ക് ചില്ലറ കൊടുക്കാനും സാധിക്കുന്നില്ല," അദ്ദേഹം പറയുന്നു.

ഡല്‍ഹിയുടെ മറ്റൊരു അതിര്‍ത്തിപ്രദേശമായ യുപിയിലെ ഗാസിയാബാദിലുള്ള നവീന്‍ അനജ് മണ്ഡി (ചന്ത)യിലെ ഒരു കമ്മീഷന്‍ ഏജന്റായ ഷഹ്‌സാദ് അലി, പ്രതിദിനം 200-300 ക്വിന്റല്‍ അരി വിറ്റിരുന്നു. ഇപ്പോള്‍ അത് പ്രതിദിനം 30-40 ക്വിന്റലായി കുറഞ്ഞിട്ടുണ്ട്.

നോട്ട് അസാധുവാക്കാനുള്ള കേന്ദ്രനീക്കത്തിന്റെ പീഡനം അനുഭവിക്കുന്നത് ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലേയും ചെറുകിട, മൊത്തക്കച്ചവടക്കാരാണ്. അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയില്‍ ഇപ്പോള്‍ വര്‍ദ്ധനയൊന്നും ഉണ്ടായിട്ടില്ലെങ്കിലും നിലവിലുള്ള സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ വിലയില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ട്രക്കുകള്‍ക്ക് പണം നല്‍കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാത്തതിനാല്‍ പയറുവര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വരവ് കുറഞ്ഞതായി ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള കമ്പോളങ്ങളില്‍ കച്ചവടം നടത്തുന്ന മൊത്തവ്യാപാരികള്‍ പറയുന്നു. കമ്പോളങ്ങളിലെ മൊത്തവ്യാപാരികള്‍ മുതല്‍ ചുമട്ടുകാര്‍ വരെയുള്ള വിതരണശൃംഖലയെ ആകെത്തന്നെ പണത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

"ഞങ്ങള്‍ അധികപക്ഷവും കര്‍ഷകരില്‍ നിന്നും വായ്പ അടിസ്ഥാനത്തിലാണ് സാധനങ്ങള്‍ സംഭരിക്കുന്നത്. ചെറുകിടക്കാരും മധ്യവര്‍ത്തികളും ഞങ്ങളുടെ കൈയില്‍ നിന്നും സാധനങ്ങള്‍ വായ്പയായി വാങ്ങുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് കിട്ടുന്ന സാധനങ്ങള്‍ പരിമിതമാവുകയും വില്‍ക്കുന്ന സാധനങ്ങളുടെ അളവ് കുറയുകയും ചെയ്യുന്നു. കൂടുതല്‍ സാധനങ്ങള്‍ വാങ്ങി കുറച്ച് മാത്രം വില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. പ്രത്യേകിച്ചും കടമായി. പൈസയുടെ വരവ് സാധാരണനിലയിലേക്ക് മടങ്ങാതെ സ്ഥിതിവിശേഷം മെച്ചപ്പെടില്ല," എന്ന് ആസാദ്പൂര്‍ കാര്‍ഷീകോല്‍പാദന മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗം രാജേന്ദര്‍ ശര്‍മ്മ പറയുന്നു.

ഗുഡ്ഗാവിലെ ഏറ്റവും വലിയ പച്ചക്കറി, പഴകമ്പോളമായ ഘന്‍സ മണ്ഡിയില്‍, കഴിഞ്ഞ ആഴ്ച സവാളയുമായി എത്തുന്ന ട്രക്കുകളുടെ എണ്ണം പത്തില്‍ നിന്നും നാലായി ചുരുങ്ങിയിട്ടുണ്ട്. തക്കാളിയുടെ വിതരണത്തെയും സ്ഥിതിഗതികള്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പണത്തിന്റെ ക്ഷാമം മൂലം കര്‍ഷകര്‍ സാധനങ്ങള്‍ വില്‍ക്കാന്‍ വിസമ്മതിക്കുന്നതായും അതില്‍ വില വര്‍ദ്ധനയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായും ഗുഡ്ഗാവ് സബ്ജി മണ്ഡിയുടെ അധ്യക്ഷന്‍ ഇന്ദര്‍ജിത് താക്രാന്‍ പറുന്നു. "വിതരണം ചെയ്യപ്പെടുന്ന സാധനങ്ങളുടെ അളവ് കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്," എന്ന് അദ്ദേഹം പറഞ്ഞു. ഘന്‍സ മണ്ഡിയില്‍ ബുധനാഴ്ച ചെറുകിട വ്യാപാരികള്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ പച്ചക്കറികള്‍ കുന്നുകൂടി കിടക്കുകയാണ്. 'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ വിതരണം പകുതിയായി കുറഞ്ഞിട്ടുണ്ട്,' എന്ന് താക്രാന്‍ ചൂണ്ടിക്കാട്ടുന്നു.തങ്ങളുടെ 4.5 ലക്ഷം വാഹനങ്ങളില്‍ പകുതിയും കുടങ്ങിക്കിടക്കുകയാണെന്ന് ഡല്‍ഹിയിലെയും പ്രാന്തപ്രദേശങ്ങളിലെയും ട്രക്കുടമകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും എത്തേണ്ടിയിരുന്ന രണ്ട് ലക്ഷം ട്രക്കുകള്‍ എത്തിയിട്ടില്ലെന്ന് അഖിലേന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ചില വ്യാപാരികള്‍ വായ്പകളും രസീതുകളും വഴി ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുടിശ്ശിക മുടങ്ങുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചെറുകിടക്കാര്‍ക്ക് മൊത്തവ്യാപാരികള്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ല. അതിനാല്‍തന്നെ മൊത്തവ്യാപാരികള്‍ക്ക് വിതരണക്കാര്‍ക്കും കര്‍ഷകര്‍ക്കുമുള്ള കുടിശ്ശികകള്‍ കൊടുത്തുതീര്‍ക്കാന്‍ സാധിക്കുന്നില്ല. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ നശിക്കുന്ന സാധനങ്ങള്‍ ചെറുകിടക്കാര്‍ വാങ്ങാന്‍ മടിക്കുന്നത് മൂലം മൊത്തക്കച്ചവടക്കാര്‍ക്കുണ്ടാകുന്ന നഷ്ടം വേറെ.

ഗാസിയാബാദിലെ ഗോവിന്ദപുരത്തെ നവീന്‍ അനജ് മണ്ഡിയിലെത്തുന്ന വിതരണ ട്രക്കുകളുടെ എണ്ണത്തില്‍ 60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'കമ്പോള തരവായി (വ്യാപരികളുടെ കച്ചവടത്തിന്റെ 2 ശതമാനം വരുന്ന തരവ്) ഞങ്ങള്‍ പഴയ നോട്ടുകള്‍ നവംബര്‍ എട്ടിന് ശേഷം സ്വീകരിക്കുന്നില്ല. സാധനങ്ങളുടെ വരവ് 30-40 ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ചില വ്യാപാരികള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷവും മറ്റ് മൂല്യമുള്ള നോട്ടുകള്‍ മാത്രമാണ് സ്വീകരിക്കുന്നത്,' എന്ന് മണ്ഡി സമിതിയുടെ സെക്രട്ടറി രാജേഷ് യാദവ് പറയുന്നു.

സര്‍ക്കാര്‍ നടപടി കര്‍ഷകര്‍ക്കും കടുത്ത പ്രതിസന്ധിയാണ് ഉളവാക്കിയിരിക്കുന്നത്. ഗോതമ്പ് വിളയിറക്കേണ്ട സമയമായിട്ടും വളം സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടകള്‍ നേരിടുകയാണെന്ന് ഒരു സംഘം കര്‍ഷകര്‍ പറഞ്ഞു. 'വളം വാങ്ങുന്നതിനായി ഞങ്ങള്‍ സമീപിക്കുന്ന കടകളും മറ്റ് കമ്പോളങ്ങളും ഇപ്പോള്‍ പുതിയ നോട്ടുകള്‍ ആവശ്യപ്പെടുകയാണ്. പക്ഷെ നിലവില്‍ ഞങ്ങളുടെ കൈയില്‍ പുതിയ നോട്ടുകളില്ല. വരുന്ന പത്തുദിവസത്തിനുള്ളില്‍ വളം വയലുകളില്‍ എത്തിയില്ലെങ്കില്‍ ഗോതമ്പ് കൃഷിയെ അത് പ്രതികൂലമായി ബാധിക്കും,' എന്ന് മസൂരിയിലെ പിപ്പിലെഡ ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനായ നൂറാന്‍ പറയുന്നു.


Next Story

Related Stories