TopTop
Begin typing your search above and press return to search.

ഗ്രാമീണസ്ത്രീകളെ ദീര്‍ഘകാലത്തേക്ക് കുഴപ്പത്തിലാക്കുന്ന കറന്‍സി പിന്‍വലിക്കല്‍

ഗ്രാമീണസ്ത്രീകളെ ദീര്‍ഘകാലത്തേക്ക് കുഴപ്പത്തിലാക്കുന്ന കറന്‍സി പിന്‍വലിക്കല്‍

അഴിമുഖം പ്രതിനിധി

അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മിക്കവാറും ബാങ്കിങ് സംവിധാനത്തിന് പുറത്തുള്ള ഗ്രാമീണ സ്ത്രീകളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു എന്ന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

കള്ളപ്പണമെന്നോ കണക്കില്‍ പെടാത്ത പണമെന്നോ വിളിക്കുന്ന പണത്തെ മുഖ്യധാര സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരാനും അഴിമതി തടയാനും എന്നു പറഞ്ഞ് കഴിഞ്ഞ ആഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റ രാത്രി കൊണ്ട് 500, 1000 രൂപ നോട്ടുകള്‍ വിതരണത്തില്‍ നിന്നും പിന്‍വലിച്ചത്.

പക്ഷേ അത് ഉപഭോഗം ചുരുക്കുകയും കാര്‍ഷിക മേഖല, വസ്തു വില്‍പ്പന മേഖല എന്നിവയെ പ്രതികൂലമായി ബാധിക്കുകയും എടിഎം, ബാങ്കുകള്‍ എന്നിവയ്ക്ക് പുറത്ത് പണം കൈമാറ്റം ചെയ്യാനും നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി ആളുകളുടെ നീണ്ട നിരകള്‍ സൃഷ്ടിക്കുകയും ചെയ്തു. രാജ്യത്തെങ്ങുമായി നീണ്ട വരികളില്‍ നിന്നുവലഞ്ഞ 48 പേരെങ്കിലും മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തതായാണ് വാര്‍ത്തകള്‍.

സ്ത്രീകളെയാണ് ഈ നീക്കം ഏറ്റവും പ്രതികൂലമായി ബാധിച്ചത്. അവരില്‍ നാലില്‍ മൂന്നുപേരും ബാങ്കിങ് സംവിധാനത്തിന് പുറത്താണ്. സമ്പാദ്യം പണമായി കയ്യില്‍ സൂക്ഷിയ്ക്കുന്ന ദിവസക്കൂലിക്കാരും അസംഘടിത തൊഴിലാളികളും ഇതുമൂലം വലഞ്ഞു എന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നത്.

"ആഘാതം ഇത്തരം സ്ത്രീകളില്‍ ദുരന്തസമാനമാണ്; അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്," അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ ജോയിന്‍റ് സെക്രട്ടറി കിരണ്‍ മോഘെ പറഞ്ഞു.

"ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമൊക്കെയുള്ള സ്ത്രീകള്‍ പണം മാത്രമാണ് ഉപയോഗിക്കുന്നത്, അവര്‍ പിശുക്കിപ്പിടിച്ചാണ് പണം സൂക്ഷിച്ചുവയ്ക്കുന്നത്. ഇപ്പോഴവര്‍ക്ക് അവശ്യസാധനങ്ങള്‍ കൂടി വാങ്ങാന്‍ കാശ് തികയുന്നില്ല," അവര്‍ പറഞ്ഞു.

പലപ്പോഴും ഭര്‍ത്താക്കന്മാരറിയാതെയാണ് സ്ത്രീകള്‍ ഈ പണം സമ്പാദിക്കുന്നത്. അതവര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഒരു സംരക്ഷണ കവചവും അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഒരു സുരക്ഷാ വലയവുമാണ് എന്നും മോഘെ പറയുന്നു.

ബാങ്ക് അക്കൌണ്ടിന് ആവശ്യമായ കുറഞ്ഞ പണം ഇല്ലാത്തതുകൊണ്ടോ, ഭര്‍ത്താക്കന്‍മാര്‍ക്ക് അക്കൌണ്ട് ഉള്ളതുകൊണ്ടോ, അല്ലെങ്കില്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാലോ ഈ സ്ത്രീകള്‍ക്ക് ബാങ്ക് അക്കൌണ്ട് ഇല്ല എന്നാണ് ഝാര്‍ഖണ്ഡില്‍ ഗ്രാമീണ മേഖലയില്‍ നടത്തിയ ലോകബാങ്ക് പഠനത്തില്‍ പറയുന്നത്.

കാശിന്റെ രൂപത്തില്‍ വരുമാനം വാങ്ങുന്ന അസംഘടിത മേഖലയിലെ 482 ദശലക്ഷം തൊഴിലാളികളെയും ഈ പണം പിന്‍വലിക്കല്‍ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നു.

മുംബൈയിലെ ലൈംഗിക തൊഴിലാളി മേഖലയായ കാമാത്തിപുരയില്‍ തൊഴിലിന് കാശായി പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിക്കേണ്ടിവരികയും അവരുടെ പണം കൈമാറാന്‍ രതിവില്‍പ്പനശാല ഉടമകളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു എന്നും ഇതവരെ കൂടുതല്‍ ചൂഷണത്തിന് വിധേയരാക്കുന്നു എന്നും അപ്നെ ആപ് എന്ന സ്ത്രീ കൂട്ടായ്മയുടെ അധ്യക്ഷ മഞ്ജു വ്യാസ് പറഞ്ഞു.

ബാങ്കുകള്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയവ നല്‍കുന്നുണ്ടെങ്കിലും ഭര്‍ത്താവിന്റെയോ തൊഴിലുടമയുടെയോ സമ്മതത്തോടെ വേണം ബാങ്കിലേക്ക് പോകാന്‍ എന്ന അവസ്ഥ പലപ്പോഴും ദിവസക്കൂലി നഷ്ടമാക്കുകയോ അല്ലെങ്കില്‍ ആ പൈസ തന്നെ കൈവിട്ടുപോകാന്‍ ഇടവരുത്തുകയോ ചെയ്യുന്നു എന്നും മോഘെ പറയുന്നു."ഇത് കള്ളപ്പണമല്ല- അവര്‍ അത്യാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ്. വലിയ കഷ്ടപ്പാടോടുകൂടിയാണ് അത് മാറ്റിവെച്ചത്. ഇപ്പോള്‍ പൊടുന്നനെ അതെല്ലാം ഉപയോഗശൂന്യമായ കടലാസായി മാറിയിരിക്കുന്നു."

ഗ്രാമങ്ങളില്‍, ദിവസക്കൂലിക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാവുകയോ സമയത്തിന് പണം കിട്ടാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണെന്ന് മഹാരാഷ്ട്രയിലെ സങ്കോലയില്‍ ഒരു കാര്‍ഷിക സഹകരണ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ലളിത് ബാബുര്‍ പറഞ്ഞു.

"തൊഴിലുടമകള്‍ സ്ത്രീകള്‍ക്ക് അവസാന പരിഗണയാണ് പലപ്പോഴും കൊടുക്കുന്നത്, അതുകൊണ്ട് അവരാണ് ഏറ്റവും കൂടുതല്‍ സഹിക്കുന്നതും," അദ്ദേഹം പറഞ്ഞു.

"എങ്കിലും കുടുംബത്തെ ഊട്ടാനുള്ള ഉത്തരവാദിത്തം സ്ത്രീക്കാണ് വന്നു ചേരുന്നത്. സ്വന്തം ആവശ്യങ്ങളെപ്പോലും ബലികഴിച്ചാണ് അവരത് ചെയ്യുന്നത്."

പക്ഷേ എല്ലാവരും ഈ നോട്ട് പിന്‍വലിക്കലിന് എതിരല്ല. ഇത് മനുഷ്യക്കടത്തും ബാലവേലയും തടയും എന്നു പറഞ്ഞ് നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി ഈ നീക്കത്തെ അനുകൂലിക്കുന്നു.

പക്ഷേ ബാങ്ക് അക്കൌണ്ടുകളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളും കുടിയേറ്റ തൊഴിലാളികളും ഈ നീക്കത്തിന്റെ ആഘാതത്തില്‍ നിന്നും നിവരാന്‍ കുറച്ചു സമയമെടുക്കുമെന്ന് മോഘെ പറഞ്ഞു.

"ഇത്തരത്തിലുള്ള ഒരു ആഘാതം സ്ത്രീകള്‍ക്കുമേല്‍ ദീര്‍ഘകാലത്തേക്കുള്ള സ്വാധീനമാണ് ഉണ്ടാക്കുക. ഇതുപോലൊന്നിന് അവര്‍ ഒട്ടും സജ്ജരായിരുന്നില്ല."


Next Story

Related Stories