TopTop
Begin typing your search above and press return to search.

ഒരു ചെറിയ ഇന്ത്യന്‍ നഗരത്തില്‍ നിന്നും ഇന്ത്യയോളം വളര്‍ന്ന Paytm കഥ

ഒരു ചെറിയ ഇന്ത്യന്‍ നഗരത്തില്‍ നിന്നും ഇന്ത്യയോളം വളര്‍ന്ന Paytm കഥ

സരിത റായ്

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനും മുഖ്യ എക്സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മ ഒട്ടും ഉറങ്ങിയിരുന്നില്ല. Paytm-ന്റെ ഓഫീസില്‍ എത്തിയപ്പോള്‍ കാപ്പി യന്ത്രം തകരാറായി കിടക്കുന്നു. തത്ക്കാലം ചായ മതിയെന്ന് നിശ്ചയിച്ചു. ഒന്നിന് പിറകെ ഒന്നായി യോഗങ്ങള്‍. മൊബൈല്‍ സേവനങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ വിലയിരുത്തുന്നു, കേന്ദ്ര ബാങ്കുമായി പുതിയ മൊബൈല്‍ ആപ് പരിശോധിക്കാന്‍ ഒരു സംഘത്തിനെ യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനിക്കുന്നു.

ഒരു പുതിയ തൊഴില്‍ ദിനത്തില്‍ കഷ്ടി ഒരു മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ.

ശര്‍മ പരമാവധി പരിശ്രമിക്കുകയാണ്. കാരണം ഇത് Paytm-ന്റെ (ATM-നോട് പ്രാസത്തിലാണ് Paytm എന്ന പേര്) നിര്‍ണായക സമയമാണെന്ന് അയാള്‍ക്കറിയാം. രണ്ടു മാസം മുമ്പാണ് ഒരു മുന്നറിയിപ്പും കൂടാതെ സര്‍ക്കാര്‍, വിതരണത്തിലിരിക്കുന്ന പണത്തിന്റെ അഞ്ചില്‍ നാലും വരുന്ന 500, 100 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

അഴിമതി തടയാനാണ് ഈ നടപടി എന്നാണ് പറഞ്ഞത്. പക്ഷേ ഡിജിറ്റല്‍ പണമിടപാടുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിനും ഇത് ആക്കം കൂട്ടും. മൊബൈല്‍ പണമിടപാട് വിപണി കഴിഞ്ഞ വര്‍ഷത്തെ 1.54 ബില്ല്യണ്‍ ഡോളറില്‍ നിന്നും 2022 ആകുമ്പോള്‍ 300 ബില്ല്യണ്‍ ഡോളറായി ഉയരുമെന്നാണ് വാണിജ്യ സ്ഥാപനങ്ങളുടെ സംഘടനയായ Assocham കണക്കുകൂട്ടുന്നത്.

ഇത് മുതലാക്കാന്‍ Paytm-നോളം പറ്റിയ വേറെയൊരു സ്ഥാപനമില്ല. സര്‍ക്കാരിന്റെ ഞെട്ടിപ്പിക്കല്‍ പ്രഖ്യാപനം വന്നതിനുശേഷം തങ്ങള്‍ 20 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേര്‍ത്തെന്നും ഇതോടെ മൊത്തം 177 ദശലക്ഷം ഉപയോക്താക്കളായെന്നും അവര്‍ പറയുന്നു. ഈ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഇപ്പോഴവര്‍. നൂറുകോടിയോളം ജനങ്ങള്‍ക്ക് സാമ്പ്രദായിക ബാങ്കിംഗ് സൌകര്യങ്ങള്‍ ഇല്ലാത്ത ഒരു രാജ്യത്ത് വളരെ നേരത്തെ ഈ കളത്തിലിറങ്ങിയതിന്റെ നേട്ടമാണ് അവരിപ്പോള്‍ കൊയ്യുന്നത് എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ആദ്യ മുന്‍തൂക്കം ഉണ്ടെങ്കിലും ശര്‍മ ഒന്നും അലസമായി കാണുന്നില്ല. ഒരു ഡസനിലേറെ എതിരാളികള്‍ വിപണിയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ചിലര്‍ കമ്പനിയുടെ ചൈന ബന്ധം അവര്‍ക്കെതിരെ ഉപയോഗിക്കുന്നു. 2015-ല്‍ Alibaba Group Holding-ഉം അവരുടെ സാമ്പത്തിക അനുബന്ധ സ്ഥാപനവും Paytm-ല്‍ 40 ശതമാനം ഓഹരി എടുത്തിരുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസക്കുറവിന്റെ അടിസ്ഥാനത്തില്‍ ദേശീയത വെച്ച് ഇന്ത്യക്കാരെ വശത്താക്കാനാണ് മറ്റ് കമ്പനികള്‍ ശ്രമിക്കുന്നത്.

മിക്കവര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ പോലുമില്ലാത്ത രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ ജനകീയമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ശര്‍മ അംഗീകരിക്കുന്നുണ്ട്. “ഡിജിറ്റല്‍ ഭ്രമമുള്ളവരും ഒരു സെല്‍ഫോണ്‍ പോലും ഇല്ലാത്തവരുമുണ്ട്,” അയാള്‍ പറഞ്ഞു. “പലര്‍ക്കും അതൊരു വെറും ചാട്ടമല്ല, ഇരട്ടിദൂരത്തേക്കുള്ള ചാട്ടമാണ്.”

ഒരു ചെറിയ നഗരത്തില്‍ ഹിന്ദി മാത്രം സംസാരിച്ച് വളര്‍ന്നയാളാണ് 38-കാരനായ ശര്‍മ. ഡല്‍ഹിയില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോഴാണ് അയാള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചത്. ഇപ്പോള്‍ ഒരു പിഴവുമില്ലാതെ പറയും. തെരുവ് ഭക്ഷണം ഇഷ്ടപ്പെടുന്ന ശര്‍മ സംഭാഷണത്തിനിടയ്ക്ക് പോലും ഇഷ്ടപ്പെട്ട പോപ് പാട്ടുകളില്‍ നിന്നു മൂളുകയും അവ ഉദ്ധരിക്കുകയും ചെയ്യും. കോളേജ് പഠന കാലം മുതല്‍ക്കേ ഒരു സംരഭകനായ താന്‍ ഇടക്കാലത്ത് ഒരു ചായയ്ക്ക് പോലും കാശില്ലാതെ വലഞ്ഞിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു.

ലോകത്തെ മിക്ക സംരംഭകരെയും പോലെ Paytm-ല്‍ കാലുറപ്പിക്കുന്നതിന് മുമ്പേ ശര്‍മ തന്റെ വ്യാപാര മാതൃകകള്‍ പല തവണ മാറ്റി. വെറും 10 ദശലക്ഷം ഇന്ത്യക്കാര്‍ മാത്രം ഓണ്‍ലൈനില്‍ ഉള്ള കാലത്താണ്, 2000-ത്തില്‍ അയാള്‍ One97 Communications എന്ന കമ്പനി തുടങ്ങിയത്. അടുത്ത ഒരു 12 കൊല്ലം അത് ആളുകളെ കണ്ടുപിടിക്കല്‍ സേവനങ്ങള്‍, റിംഗ് ടോണ്‍ വില്‍പ്പന, ബോളിവുഡ് സിനിമാപ്പാട്ടുകള്‍ എന്നിവയും മൊബൈല്‍ ഉപയോക്താക്കളുടെ വിശകലന കണക്കും നല്കി.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ഇടപാടുകളും നടത്താന്‍ തുടങ്ങിയതോടെ ശര്‍മ ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് മാറി. ശര്‍മ ഈ മേഖലയില്‍ കൃത്യമായി മുന്നോട്ട് പോകുമ്പോഴാണ് നവംബര്‍ 8-നുള്ള സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം. മാര്‍ച്ച് മാസത്തോടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനും മ്യൂച്ചല്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സും വിറ്റുകൊണ്ട് കച്ചവടത്തിന്റെ സാധ്യതകള്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശര്‍മ.

കാശ് മാറ്റം ആളുകളെ തങ്ങളുടെ പഴയ കാശ് കൈമാറാന്‍ നിര്‍ബന്ധിതരാക്കി; സംശയകരമായ വിധത്തില്‍ വലിയ തുക കയ്യിലുള്ളവര്‍ക്ക് അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടിവന്നു. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ പുതിയ 500-ന്റെയും 2000 രൂപയുടെയും നോട്ടുകള്‍ വന്നു. പക്ഷേ പഴയ നോട്ടുകള്‍ മാറാനും പുതിയ നോട്ടുകള്‍ക്കുമായി രാജ്യത്തെങ്ങും ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട വരികള്‍ നില്‍ക്കേണ്ടിവന്നു. കാശുമാറ്റം ജനത്തെ ദുരിതത്തിലാക്കി.

ഡിജിറ്റല്‍ പണമിടപാട് യുക്തിസഹമായ ഒരു പരിഹാരമായി പലരും കാണുമെന്ന് ശര്‍മ വാദിക്കുന്നു. ഈ സാങ്കേതികവിദ്യ നികുതി വെട്ടിപ്പുകാര്‍ക്ക് കള്ളപ്പണ ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ചെറിയൊരു യൂറോപ്യന്‍ രാജ്യത്തെ ജനസംഖ്യയോളം ഉപഭോക്താക്കളെ തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നു പറയുന്ന ശര്‍മ ബര്‍ഗര്‍ കിംഗും ഡൊമിനൊസും മുതല്‍ വഴിയോര കച്ചവടക്കാര്‍ വരെ തങ്ങളുടെ ഉപഭോക്താക്കളുടെ കൂട്ടത്തിലുണ്ട് എന്നു പറഞ്ഞു. 2016-ല്‍ പ്രതിദിന ഇടപാടുകള്‍ 2 ബില്ല്യനിലേക്ക് നാലിരട്ടിയായി കുതിച്ചു. സെര്‍വര്‍ ശേഷി ഇരട്ടിയാക്കിയ കമ്പനി ആളുകളെ കൂട്ടമായി ജോലിക്കെടുക്കുകയാണ്. ഉടമസ്ഥന് ഉറക്കമില്ലാത്ത പണിത്തിരക്കിന്റെ ദിവസങ്ങള്‍.

എല്ലാത്തരം സാമ്പത്തിക ഇടപാടുകളും നടത്താന്‍ കഴിയുന്ന ഒരു സംവിധാനമാകാന്‍ തയ്യാറെടുക്കുകയാണ് Paytm. പക്ഷേ ചക്രങ്ങള്‍ ഊരിപ്പോകാതെ മുന്നോട്ടു കുതിക്കുന്നതിനുള്ള പങ്കപ്പാടുകള്‍ ഏത് പുതുസംരംഭത്തെയും പോലെ അവര്‍ക്കുമുണ്ട്. അത് ഇന്ത്യയില്‍ അല്പം കൂടി ബുദ്ധിമുട്ടാണ്.

നിയമനങ്ങളുടെ കാര്യമെടുക്കൂ. വിമുദ്രീകരണത്തിന്റെ തൊട്ടടുത്ത ആഴ്ച്ചകളില്‍ ജോലിക്കാരുടെ എണ്ണം 12,000 ആയി ഇരട്ടിപ്പിക്കണമെന്നും പിന്നെയത് 2017 അവസാനത്തോടെ 20,000 ആക്കണമെന്നും അയാള്‍ പദ്ധതിയിട്ടു. എന്തുകൊണ്ടാണ് 20 മുതിര്‍ന്ന പദവികളിലേക്ക് ആളെ വെക്കാന്‍ ബുദ്ധിമുട്ടെന്ന് അയാള്‍ തന്റെ എച്ച്.ആര്‍ വിഭാഗത്തോടു ചോദിച്ചു. എന്നാല്‍ ഈ പുതിയ മേഖലയില്‍ വൈദഗ്ദ്ധ്യമുള്ളവരെ കിട്ടാന്‍ പാടാണെന്ന് അവര്‍ മറുപടി നല്കി. ഉപഭോക്തൃ ഉത്പന്ന കമ്പനികളില്‍ നിന്നും ആളുകളെ നോക്കാമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ശര്‍മ നിരസിച്ചു. “നമുക്ക് വേണ്ടത് പുതിയ രീതിയില്‍ ചിന്തിക്കുന്നവരെയാണ്. എല്ലാ പുതിയ സംരംഭങ്ങളില്‍ നിന്നുമുള്ള വിപണി സ്പെഷ്യലിസ്റ്റ് മേധാവികളെയും തിരയുക.”

സുരക്ഷയാണ് മറ്റൊരു പ്രശ്നം. പ്രമുഖ ഇന്ത്യന്‍ ട്വിറ്റര്‍ അക്കൌണ്ടുകളില്‍ നുഴഞ്ഞുകയറിയ Legion എന്ന അജ്ഞാത സംഘം Paytm-ല്‍ കയറി എന്ന പരിഭ്രാന്തി കഴിഞ്ഞ മാസം പടര്‍ന്നിരുന്നു. അതിനിടെ കമ്പനിയില്‍ നിന്നും ദശലക്ഷക്കണക്കിന് രൂപ തട്ടിച്ച ചില ഉപയോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

നുഴഞ്ഞുകയറ്റത്തിനെതിരായ പ്രതിരോധം കൃത്യമല്ലേ എന്ന് ശര്‍മ എല്ലാ ദിവസവും ജീവനക്കാരോട് അന്വേഷിക്കും. “റഷ്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ ധാരാളമുണ്ട്. സുരക്ഷയാണ് ഞങ്ങളുടെ മുഖ്യ അജണ്ട.”

Paytm ടെലിവിഷന്‍ പരസ്യങ്ങള്‍ ധാരാളം നല്‍കിത്തുടങ്ങി. ഒന്നില്‍, നോട്ട് പിന്‍വലിക്കലില്‍ പരാതി പറയുന്ന ഒരു വീട്ടമ്മ വീട് അടിച്ചുവാരുന്ന വീട്ടുജോലിക്കാരിക്ക് എങ്ങനെ പണം നല്‍കുമെന്ന് ആകുലപ്പെടുന്നു. വീട്ടുവേലക്കാരി ഉടനെ തന്റെ ഫോണ്‍ എടുത്തു പറയുന്നു, “ചേച്ചി വിഷമിക്കേണ്ട, Paytm ഉണ്ടല്ലോ” എന്ന്. മൊബൈല്‍ ശൃംഖലയുമായി പരിചയമുള്ള നഗരവാസികളെയും പുതിയ ഉപഭോക്താക്കളെയുമാണ് അവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പക്ഷേ ശരിക്കും വിജയിക്കണമെങ്കില്‍ കോടിക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാരെയാണ് ശര്‍മ ആകര്‍ഷിക്കേണ്ടത്. അതിനായി അയാള്‍ പത്രങ്ങളില്‍ മുഴുപ്പേജ് പരസ്യം നല്‍കുന്നു. പല ഇന്ത്യന്‍ ഭാഷകളിലേക്കും ഈ സംവിധാനം മൊഴിമാറ്റുന്നു. കച്ചവടക്കാരെ ഇതില്‍ച്ചേര്‍ക്കാന്‍ 6,000 പേരെ നാട്ടിന്‍പുറങ്ങളിലേക്ക് അയയ്ക്കുന്നു. ഇതുപയോഗിക്കുന്നത് പഠിപ്പിക്കാന്‍ പ്രത്യേക പരിപാടികള്‍ തന്നെ സംഘടിപ്പിച്ചു ശര്‍മ.

രാജ്യത്തെ സാമ്പത്തിക സേവന വ്യവസായം ഒപ്പമെത്തുന്നുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിസംബര്‍ പകുതിയോടെ സ്വന്തം മൊബൈല്‍ പണമിടപാട് സംവിധാനം തുടങ്ങി. എന്നാല്‍ മുന്‍നിര ബാങ്കുകളുടെ സംയുക്ത പദ്ധതിയായി തുടങ്ങിയ ദേശീയ ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഡിസംബര്‍ ആദ്യവാരം വെറും 2,50,000 ഇടപാടുകള്‍ മാത്രമാണ് നടത്തിയത്. Paytm-ല്‍ ദശലക്ഷക്കണക്കിന് ഇടപാട് നടക്കുമ്പോഴാണ് ഇത്. Unified Payment Interface (UPI) എന്ന ഈ സംവിധാനം പറയുന്നത് Paytm ചെലവാക്കുന്നതു പോലെ പരസ്യത്തിന് കാശില്ല എന്നാണ്. UPI ഉപയോഗിച്ചുള്ള സര്‍ക്കാരിന്റെ സ്വന്തം സംവിധാനവും ഇറങ്ങിയിട്ടുണ്ട്.

പക്ഷേ എതിരാളികള്‍ Paytm ഭീഷണിയെ ചെറുക്കാനിറങ്ങി. ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തങ്ങളുടെ മൊബൈല്‍ സംവിധാനം Paytm നല്‍കാന്‍ തുടങ്ങിയപ്പോള്‍ അത് ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എന്ന് കാര്‍ഡ് ദാതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ദൃശ്യത്തില്‍ Royal Bank of Scotland മുന്‍ CEO-യും രാഷ്ട്രീയക്കാരിയുമായ മീര സന്യാല്‍ പറയുന്നു, “ഒരു ചൈനീസ് കമ്പനിയായ ആലിബാബ നിയന്ത്രിക്കുന്ന Paytm ഉപയോഗിക്കാന്‍ നമ്മളെ നിര്‍ബന്ധിതരാക്കുകയാണ്.” പകരം യു‌പി‌ഐ സംവിധാനം ഉപയോഗിക്കാന്‍ അവര്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുപോകില്ലെന്ന് ഉറപ്പാക്കാന്‍ ഡിജിറ്റല്‍ പണമിടപാടുകളുടെ സംരംഭങ്ങളില്‍ വിദേശ നിക്ഷേപത്തിന് പരിധി നിശ്ചയിക്കണമെന്ന് വ്യാപാര എതിരാളി MobiKwik ആവശ്യപ്പെട്ടു.

ഇതൊന്നും തന്നെ അലട്ടുന്നതായി ശര്‍മ കാണിക്കുന്നില്ല. യോഗത്തിന് ശേഷം അഞ്ചു ദിവസം നീളുന്ന നാലു നഗരങ്ങളിലേക്കുള്ള ബിസിനസ് ട്രിപ്പുകള്‍ക്കായി അയാള്‍ തിരിക്കുന്നു. ചുമയ്ക്കുള്ള മരുന്ന്, കണ്ണട തുടങ്ങിയവ ടോക്യോവിലേക്കുള്ള യാത്രക്കായി ഒരുക്കിവെക്കാന്‍ അയാള്‍ സഹായികളോട് നിര്‍ദ്ദേശിച്ചു. അവിടെ SoftBank Group Corp അദ്ധ്യക്ഷന്‍ മസായോഷി സോണിനെ കാണും. തന്റെ സുഹൃത്തിന്റെ- ആലിബാബ CEO ജാക് മ- സുഹൃത്താണ് അയാളെന്ന് ശര്‍മ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സംരംഭകനുള്ള പുരസ്കാരം വാങ്ങാന്‍ അയാള്‍ ഇതിനിടയില്‍ മുംബൈയില്‍ ഒന്നിറങ്ങും.

“ഇന്ത്യയിലെ ആദ്യത്തെ 100 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാകലാണ് എന്റെ ലക്ഷ്യം,” - ശര്‍മ പറഞ്ഞു.

Head Full of Dreams എന്ന Coldplay ഗാനം പശ്ചാത്തലത്തില്‍ കേള്‍ക്കാം.


Next Story

Related Stories