TopTop
Begin typing your search above and press return to search.

നോട്ട് അസാധുവാക്കൽ; മാന്ദ്യമുണ്ട്, ചില പ്രതീക്ഷകളും

നോട്ട് അസാധുവാക്കൽ; മാന്ദ്യമുണ്ട്, ചില പ്രതീക്ഷകളും

കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യയിലെ ജനങ്ങൾ ഒന്നടങ്കം അമ്പരന്നു പോയി. "ഇനി എന്ത്"? എന്ന ചോദ്യമായിരുന്നു എല്ലാവരുടെയും മുന്നിൽ.

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ തീരുമാനം നിരവധി ചോദ്യങ്ങള്‍ക്ക് കാരണമാവുകയ്യും ചെയ്തു. തന്നെയുമല്ല ഇത് രാജ്യത്തെ എല്ലാ മേഖലയിലും മാന്ദ്യ൦ സൃഷ്ടിച്ചു. എന്നാൽ ഇത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല മറിച്ചു വിനിമയത്തിന് ആവശ്യമായ കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണെന്ന ഡോ. തോമസ് ഐസക്കിന്റെ വാക്കുകൾ യാഥാർഥ്യമാണ്. ഈ മാന്ദ്യ൦ ഇന്ത്യയുടെ വ്യാവസായിക-കാർഷിക മേഖലകളെ സാരമായി ബാധിച്ചുവെന്നതിനോടൊപ്പം സാധാരണ ജനങ്ങളുടെ നിത്യ ജീവിതത്തെയും താറുമാറാക്കിയെന്നത് അതീവ ദുഃഖജനകമാണ്.

500 മുതല്‍ 1000 രൂപ വരെയുള്ള വിവിധ കൂലി നിരക്കുകളില്‍ ചില്ലറ നല്‍കേണ്ടിവന്ന സാഹചര്യം തൊഴിലുടമകള്‍ക്കും കരാര്‍ ജോലിക്കാർക്കും വളരെ വലിയ ബുദ്ധിമുട്ടുണ്ടാക്കി. പെൻഷൻകാരെയും ബാങ്കിൽ സ്ഥിരനിക്ഷേപത്തിന്റെ പലിശ വരുമാനം ജീവിതച്ചെലവുകൾക്കായി ഉപയോഗിക്കുന്നവരെയും ഈ നടപടി സാരമായി ബാധിച്ചു. നോട്ട്‌ അസാധുവാക്കൽ നടപടി ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയേയും വലിയ രീതിയില്‍ ബാധിച്ചു. കേരളത്തിലെ സഹകരണ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു. 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഇതിനോടകം പുറത്തുവന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം കുറയുവാനിടവരുത്തും. ഇതുമൂലം വിപണിയില്‍ ആവശ്യകതയ്ക്കും ഉപഭോഗത്തിനും കുറവ് സംഭവിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി ഗുണം ചെയ്യുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

“ക്യാഷ്‌ലെസ്” സമ്പദ് വ്യവസ്ഥയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നങ്ങളെ ഇത് എത്രത്തോളം സ്വാധീനിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു! പൂർണ്ണമായും ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥ ലോകത്തു ഒരു രാജ്യത്തും പ്രായോഗികമല്ല. മറിച്ചു ഇ-വിനിമയ സമ്പ്രദായം പുത്തൻ സമ്പദ് വ്യവസ്ഥക്ക് ഉണർവുനൽകും. എന്നാൽ "ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയെന്ന നിലപാടിനെ താന്‍ അനുകൂലിക്കുന്നു. പക്ഷേ കറന്‍സി രഹിത രാജ്യമെന്ന ലക്ഷ്യത്തിലെത്താന്‍ ഒരു രാത്രി കൊണ്ട് നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരിക്കലും അതേപടി വിഴുങ്ങാന്‍ സാധിക്കില്ല. ഈ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമില്ല. ആഘാതം മാത്രമേ ഉള്ളൂ" എന്ന ഗീതാ ഗോപിനാഥിന്റെ അഭിപ്രായം ഇത്തരുണത്തിൽ ഓർക്കുന്നു.

എന്നാൽ നിഷ്പക്ഷമായി ചിന്തിച്ചാൽ 500, 1000 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിനു നല്ലൊരു മറുവശം കൂടിയുണ്ട്. രാജ്യമാകെ പച്ചക്കറി ഉൾപ്പെടെ ഭക്ഷണസാധനങ്ങളുടെ വില താഴുകയും ആനുപാതികമായി പണപ്പെരുപ്പനിരക്കു കുറയുകയും ഉപഭോക്തൃ വില സൂചിക താഴുകയും ചെയ്തു. നിലവിൽ 6.25 ശതമാനമാണ് റീപോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണിത്. ബാങ്ക് പലിശയുടെ അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് റീപോ എത്രയെന്നതനുസരിച്ചാണ്. റിസർവ് ബാങ്ക് അടുത്ത ധനകാര്യ അവലോകനത്തിൽ റീപോ നിരക്ക് 50 പോയിന്റ് അഥവാ അര ശതമാനം കുറയ്ക്കാൻ തീരുമാനിച്ചാൽ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശയിൽ അതു പ്രതിഫലിക്കാതെ തരമില്ല. റീപോ നിരക്ക് 5.75% ആയി താഴുമ്പോൾ അതിനു ആനുപാതികമായി എല്ലാ വായ്പകളുടെയും പലിശ നിരക്കും താഴും അങ്ങനെ നോട്ട് റദ്ദാക്കിയതിന്റെ ഗുണഫലം സാധാരണക്കാരിൽ എത്തിക്കാൻ കഴിയുമെന്നതാണു മറ്റൊരു നേട്ടം.

വ്യവസായ ലോകത്തിനു പ്രതീക്ഷയുടെ മണിമുഴക്കമാണത്. ഇങ്ങനെ വന്നാൽ ഓഹരി വില സൂചിക കയറാനും ഇടയാക്കും.

നോട്ട് അസാധുവാക്കല്‍ ഉത്തരവ് മനുഷ്യക്കടത്തിനെ ഒരുപരിധിവരെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. മനുഷ്യക്കടത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത് കള്ളപ്പണമാണ് നോട്ടു അസാധുവാക്കലിലൂടെ രാജ്യത്തെ ഏറ്റവും വലിയ സംഘടിത കുറ്റകൃത്യ മേഖലകളിൽ ഒന്നാമതായ "സെക്സ്റാക്കറ്റിന്റെ" പ്രവർത്തനം ഒരുപരിധി വരെ നിലച്ച മട്ടാണ്. "ഇരുപതുട്രില്യണ്ണിന്റെ "(ഇരുപതുലക്ഷം കോടി രൂപയുടെ ) ഇടപാടാണ് രാജ്യത്തു ഒരുവർഷം നടന്നു വന്നിരുന്നത്. ഇത് ഇല്ലാതായി എന്നത് ഒരു ചെറിയ ചെറിയ കാര്യമല്ല എന്നാൽ പുതിയ നോട്ടു വ്യാപകമാവുന്നതോടെ കാര്യങ്ങൾ പഴയപടി ആവാതെ നോക്കേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. അതേപോലെ തന്നെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മാഫിയയെയും, തീവ്രവാദികളുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതെല്ലാം താൽക്കാലിക ആശ്വാസത്തിന് വകനൽകുന്നു.

ഈ നടപടിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകൾക്ക് ജനങ്ങളുടെ ഇടയിൽ വേണ്ടത്ര വിശ്വാസ്യത നേടിയെടുക്കാനായില്ല എന്നത് അവരുടെ ഇടയിലെ പടലപ്പിണക്കങ്ങളുടെയും പ്രചാരണ തന്ത്രങ്ങളുടെ വീഴ്ചയുടെയും ഫലത്തെ സൂചിപ്പിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായ ഒരു പ്രവര്‍ത്തനമാണിതെന്ന ഭരണകക്ഷിയുടെ പ്രചാരണങ്ങൾക്കാണ് സാധാരണക്കാരുടെ ഇടയിൽ സ്വീകാര്യത ലഭിച്ചത്. തന്മൂലം ഇതിനോടുള്ള പ്രതികരണത്തിലും വൈവിധ്യങ്ങളുണ്ട്. നീണ്ട വരികളില്‍ നിലയുറപ്പിക്കേണ്ടി വന്ന മിക്കവരും അതിനോടുള്ള തങ്ങളുടെ എതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ചുവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമായ ഒരു പ്രവര്‍ത്തനമായി ഇതിനെ കാണുകയും അത്തരത്തിലുള്ള സർവേ ഫലങ്ങൾ പുറത്തുവരികയും ചെയ്തത് നരേന്ദ്ര മോദിക്ക് ആശ്വാസമേകി. ഇതിനെ മോദിയുടെ വൻനേട്ടമായി കാണാം. കാരണം ഈ “ആയുധം” ഉപയോഗിച്ച് മോദിക്ക് പ്രതിപക്ഷത്തെ നേരിടാനായി. നോട്ട് അസാധുവാക്കലിലൂടെ മോദി രാജ്യത്തെ ഒന്നടങ്കം വലിയ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് എന്നതരത്തിലുള്ള രാഹുലിന്റെ വാദത്തിലും കഴമ്പില്ല. രാഹുലിന്റെ രാഷ്രീയ രംഗത്തെ പരിചയക്കുറവും സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാതെയുള്ള അനവസരത്തിലെ പ്രസ്താവനകളും കോൺഗ്രസ്സിന്റെ പ്രചാരങ്ങൾക്കു തിരിച്ചടിയായി. തന്നെ പിന്തുണച്ചതിന് മമത ബാനര്‍ജിക്കും രാഹുല്‍ ഗാന്ധിക്കും നന്ദി പറയുന്നുവെന്ന പുറത്താക്കപ്പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയും ജനങ്ങളിൽ അവബോധം സൃഷ്ടിച്ചു. "ശാരദ ചിട്ടി" കുംഭകോണത്തിൽ പെട്ട് നട്ടംതിരിയുന്ന തൃണമൂൽ കോൺഗ്രസിനെയും, മമതയേയും വിശ്വാസത്തിലെടുക്കാൻ കഴിയാത്തതിനാലും, കേരളത്തിലെ കോൺഗ്രസ്സിന്റെ നിലപാടുകളും ഇടതുപക്ഷകക്ഷികളെ സ്വന്തം നിലപാടെടുക്കാൻ പ്രേരിപ്പിച്ചു. ഇതും പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. തന്നെയുമല്ല നോട്ട് അസാധുവാക്കല്‍ ഉത്തരവിന് ശേഷം ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ നൂറ്റിനാല് കോടി രൂപയുടെ നിക്ഷേപവും, ബിഎസ്പി നേതാവ് മായാവതിയുടെ സഹോദരന്‍ ആനന്ദ്കുമാറിന്റെ അക്കൗണ്ടിൽ കണക്കില്‍പ്പെടാത്ത കോടികണക്കിന് രൂപവന്നതായുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി.

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള മോദിയുടെ പ്രഖ്യാപിത പോരാട്ടമെന്ന നിലക്ക്, കള്ളപ്പണക്കാരെ വെളിച്ചത്ത് കൊണ്ടുവരാനുള്ള തികഞ്ഞ ആത്മാർഥതയോടെയും ഉദ്ദേശശുദ്ധിയോടെയുമാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം കേന്ദ്ര സർക്കാർ കൊണ്ടുവന്നതെങ്കിൽ താത്കാലിക പ്രതിസന്ധികളെ അതിജീവിച്ചു ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണംചെയ്യും എന്നു കരുതാം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories