TopTop
Begin typing your search above and press return to search.

ജനം ഇനിയും ക്യൂ നില്‍ക്കും; അത് നോട്ട് വെളുപ്പിക്കാനായിരിക്കില്ല, വോട്ട് ചെയ്യാന്‍

ജനം ഇനിയും ക്യൂ നില്‍ക്കും; അത് നോട്ട് വെളുപ്പിക്കാനായിരിക്കില്ല, വോട്ട് ചെയ്യാന്‍

ശരത് കുമാര്‍

ബിജെപി നേതാവ് വിവി രാജേഷ് ഇന്നലെ മനോരമ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്ന് ഇന്നാണ് നേരിട്ട് ബോധ്യമായത്. ഇന്നാണ് ബാങ്കിലേക്ക് നേരിട്ടുപോയി ഉള്ള കള്ളപ്പണം നോട്ടാക്കിയെടുക്കേണ്ട കുടുംബപരമായ ബാധ്യത വന്നത്. സാധാരണ ഭാര്യ എന്ന വ്യാജേന സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളെക്കൊണ്ട് എടിഎമ്മില്‍ നിന്നും ശമ്പളം പിന്‍വലിപ്പിച്ച്, പാല്, പത്രം, മാസക്കുടിശ്ശികകള്‍, കറന്റ് ചാര്‍ജ്ജും നെറ്റിന്റെ കാശും പോലെയുള്ള ബില്ലുകള്‍, പണയം വച്ചതിന്റെ പലിശയടവ് തുടങ്ങിയ സര്‍ക്കസുകള്‍ തീര്‍പ്പിച്ച് അത്യാവശ്യം സൗകര്യത്തില്‍ ജീവിക്കുകയായിരുന്നു ഇന്നലെ വരെ. ഈ മാസം കിട്ടാനുള്ള വേലക്കൂലി വൈകിയപ്പോള്‍ ചില്ലറ അസ്വസ്ഥതകള്‍ തോന്നിയിരുന്നു. കാശ് അക്കൗണ്ടില്‍ വന്നാല്‍ എങ്ങനെ മാറും എന്ന ഒരു തത്വചിന്താപരമായ ചോദ്യവും ഉയര്‍ന്നു കേട്ടിരുന്നു.

പ്രത്യശാസ്ത്രവും തത്വചിന്തയും വേര്‍തിരിയപ്പെടുന്ന അപൂര്‍വം വേലിക്കെട്ടിലൊന്നിലാണ് ഇന്ന് നല്ലില എസ്ബിടിയിലേക്ക് രാവിലെ എട്ടുമണിക്ക് പുറപ്പെട്ടത്. വല്ലോ കഴിച്ചിട്ട് പോ (കാസര്‍കോട് ഭാഷയിലായതിനാല്‍ അത് ചായ കുടിച്ച് പോ എന്നാണ് പറഞ്ഞത്, ഇപ്പൊ എങ്ങും തിരിച്ചുവരാന്‍ പോകുന്നില്ല, എന്തെങ്കിലും നക്കിയേച്ച് പോടേ എന്ന കൊട്ടാരക്കര സ്ലാങ്ങിലാണെന്ന് മനസ്സിലാക്കാന്‍ നാലു കിലോമീറ്റര്‍ അപ്പുറമുള്ള ബാങ്കില്‍ എത്തേണ്ടി വന്നു) എന്ന് പറഞ്ഞപ്പോ വേണ്ട വന്നിട്ടു കഴിക്കാം എന്നായിരുന്നു അഹമ്മതി.

നാട്ടിന്‍ പുറത്താണ് ബാങ്കിന്റെ ശാഖ, അതിനാല്‍ രണ്ട് ദിവസം കഴിമ്പോള്‍ കാര്യങ്ങള്‍ ഒക്കെ മെച്ചപ്പെടും, വലിയ ക്യൂ ഒന്നും ഉണ്ടാവില്ല എന്ന പ്രത്യയശാസ്ത്രത്തിന്റെ പുറത്ത് എസ്ബിടിയുടെ നല്ലില ബ്രാഞ്ചില്‍ ചെല്ലുമ്പോള്‍ ഇവന്‍ ആരെടെ എന്ന നിലയില്‍ പത്തമ്പത് പേര്‍ ക്യൂ നില്‍ക്കുന്നുണ്ട്. സമയം രാവിലെ എട്ടര. സിവില്‍ സപ്ലൈസില്‍ ക്യൂ നിന്ന സമയങ്ങളെ മനസ്സില്‍ അനുമോദിച്ച് (അല്ലെങ്കില്‍ ഇങ്ങനെയൊരു വിദ്യാഭ്യാസം ലഭിക്കുമായിരുന്നില്ല, മറിച്ച് അസ്വസ്ഥനായേനെ) ക്യൂവിന്റെ പിറകില്‍ ഒരു സ്ഥാനം പിടിച്ചു. ക്യൂവില്‍ ചിലര്‍ ഇടച്ചുകയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവരൊന്നും പ്രത്യക്ഷത്തില്‍ (എന്നു പറയാന്‍ കാരണം സംഘികള്‍ക്ക് പ്രത്യേക വൈഭവം ഉണ്ട് ദേശവിരുദ്ധരെയും കള്ളപ്പണക്കാരെയും കണ്ടുപിടിക്കാന്‍, പിതൃവൈഭം എന്നോ മറ്റോ ആണ് അതിന് സംസ്‌കൃതത്തില്‍ പറയുക) ദേശവിരുദ്ധരോ തീവ്രവാദികളോ എന്തിന് കള്ളപ്പണക്കാര്‍ പോലുമല്ലായിരുന്നു. പെന്‍ഷന്‍ കാശ് ഒന്ന് മാറിക്കിട്ടാന്‍ വന്ന പാവും കിളവന്മാരും കിളവികളുമായിരുന്നു.

ഇനി വി വി രാജേഷിലേക്ക് തിരികെ വരാം. ക്യൂവില്‍ കേട്ട മൊഴിവഴക്കങ്ങള്‍ ഇവിടെ എഴുതുന്നത് അഴിമുഖത്തിന് കേടായതിനാല്‍ അതിന് ഒരുമ്പെടുന്നില്ല. രാജ്യസുരക്ഷയെന്ന മഹാമാന്ത്രികവിദ്യയെ കുറിച്ച് ആരോ ഒരാള്‍ സൂചിപ്പിച്ചപ്പോള്‍ തന്നെ മറുപടി വന്നു, 'വേണോങ്കി കാശുമേടിച്ചോണ്ട് പോടെ'. മോദിജി കരയുന്നത് കേട്ട് ജനം അപ്പാടെ കോരിത്തരിക്കും എന്നാണ് കരുതിയതെങ്കിലും തെറ്റി. 'അവന് പെണ്ണുമ്പുള്ളെ വേണ്ടാത്തതിന് നമ്മള്‍ എന്ത് ചെയ്തു' എന്ന് ചോദിച്ച കിഴവിയെ വിരട്ടാന്‍ രാംമാധവിനെയോ പോട്ടെ ഒരു കെ സുരേന്ദ്രനെ പോലും അവിടെയൊന്നും കണ്ടില്ല. എന്നാലും വായ്ത്താരിക്ക് കുറവുണ്ടായിരുന്നില്ല. കള്ളപ്പണം കെട്ടിവച്ചവനൊക്കെ അതുമായി പുറത്തിറങ്ങുമല്ലോ എന്ന് ചോദ്യത്തിന്, ഡിസംബര്‍ 30 കഴിമ്പോള്‍ കണക്കൊന്ന് കാണിച്ച് തരണേ എന്നായിരുന്നു മറുപടി. ചോദ്യവാന്‍ ബൈക്കുമെടുത്ത് അജ്ഞാത ലോകത്തേക്ക് മറയുന്നതാണ് പിന്നെ കണ്ടത്. നിങ്ങള്‍ ചെയ്‌തോളൂ, അടി ഞങ്ങള്‍ തരാം... പക്ഷെ അത് ഡിസംബര്‍ 30ന് ശേഷം പറ്റില്ല; 2019-ലേ പറ്റൂ എന്ന ജനാധിപത്യബോധമായിരുന്നു പലര്‍ക്കും. മോദി അത്രയും കാത്തിരിക്കുന്നതില്‍ ജനം മുഷിയില്ല. ഇതിലും വലിയ വേഷങ്ങളെ കണ്ടവര്‍ക്ക് ഗുളികനെ പേടിക്കേണ്ടി വരില്ല എന്ന് വി വി രാജേഷ് മനസ്സിലാക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാം.പോരാട്ടത്തിനൊടുവില്‍ അതിമനോഹരമായ രണ്ട് രണ്ടായിരം രൂപ നോട്ടുകളും ബാങ്കിലെ ക്ലര്‍ക്കിന്റെ കൃപയായല്‍ കുറെ നൂറ്, അമ്പത് രൂപ നോട്ടുകളുമായി തിരികെ വരുമ്പോള്‍ ഒരു സഹകരണ ബാങ്ക് കണ്ടിരുന്നു. കെ സുരേന്ദ്രന്റെ ഭാഷയില്‍ 30,000 കോടിയുടെ കള്ളപ്പണ ക്രയവിക്രയം നടക്കുന്ന രാജ്യത്തിന്റെ പ്രധാന ശത്രുക്കളില്‍ ഒന്ന്. ഒരീച്ചപോലും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. കറണ്ട് ബില്‍ അടയ്ക്കാന്‍ ചെന്നപ്പോഴും നെറ്റിന്റെ കാശടയ്ക്കാന്‍ ബിഎസ്എന്‍എല്ലില്‍ ചെന്നപ്പോഴും പുതിയ 2000 രൂപ തന്റെ ഷണ്ഡത്വം പ്രകടിപ്പിച്ചു. പുതിയ നോട്ട് നല്‍കിയാല്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ ബാക്കിയായി തിരികെ തരാമെന്ന് രണ്ടിടത്തും കൗണ്ടറില്‍ ഇരിക്കുന്നവര്‍. പക്ഷെ ധൈര്യം വന്നില്ല. ഞാന്‍ അത് എവിടെ കൊണ്ടു മാറാന്‍. ആ നോട്ടു മാറാന്‍ നാളെയും ഇതുപോലെ ക്യൂ നില്‍ക്കുന്ന കാര്യം ഓര്‍ത്തപ്പോഴേ പറഞ്ഞു, വേണ്ട സാര്‍...

എട്ടരയോടെ ബാങ്കിലെത്തിയ ഞാന്‍ വീട്ടിലെത്തുമ്പോള്‍ രണ്ടു മണിയായി. ഞാന്‍ നില്‍ക്കുമ്പോള്‍ 225 പേര്‍ക്ക് നല്ലില എസ്ബിടിയില്‍ കൂപ്പണ്‍ കൊടുത്തിട്ടുണ്ട്. അവര്‍ക്കും ബാങ്കിന്റെ രണ്ട് കൗണ്ടറിലിരിക്കുന്ന ജീവനക്കാര്‍ക്കും, വാതുക്കല്‍ നിന്ന് ജനങ്ങളെ നിയന്ത്രിച്ച് കടത്തി വിടുന്ന പോലീസുകാരനും ബാക്കി സഹകരിക്കുന്ന ജീവനക്കാര്‍ക്കും അച്ചാ ദിന്‍ പറയാനെ പറ്റു. പുതിയ രണ്ടായിരത്തിന്റെ നോട്ടില്‍ സ്വച്ഛ ഭാരതും ഗാന്ധിയുടെ കണ്ണാടിയും ഉണ്ട്. ക്യൂ നില്‍ക്കുന്ന സ്ത്രീകള്‍ക്കാര്‍ക്കെങ്കിലും മൂത്രം ഒഴിക്കേണ്ടി വന്നാല്‍ മോദിജിയെ പ്രാര്‍ത്ഥിക്കുകയേ തരമുള്ളു. നവോദയ സ്‌കൂളുകളില്‍ അഡ്മിഷന്റെ തിരക്ക് കഴിഞ്ഞെങ്കില്‍ വിവി രാജേഷിനും കെ സുരേന്ദ്രനുമൊക്കെ രാജ്യസുരക്ഷയെ കുറിച്ചും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായി നടന്ന കൂറ്റന്‍ തീരുമാനത്തെ കുറിച്ചും ഇന്നും ഏഷ്യാനെറ്റ് ന്യൂസില്‍ വിനു നടത്തുന്ന അത്ഭുത ചര്‍ച്ചാവശേത്തില്‍ പങ്കാളിയാവാം. ജനം നാളെയും ക്യൂ നിന്നോളും എന്ന ധൈര്യത്തില്‍. പക്ഷെ ക്യൂ കള്ളപ്പണം മാറ്റാന്‍ വേണ്ടി മാത്രമാവില്ല, വോട്ടു ചെയ്യാന്‍ കൂടിയാവും എന്ന് ഓര്‍ക്കുന്നത് നല്ലത്.

ക്യാമറമാനും ഓബി വാനും രാജിവ് ചന്ദ്രശേഖറുമില്ലാതെ, നല്ലില എസ്ബിടിയുടെ മുന്നില്‍ നിന്നും ശരത് കുമാര്‍ ജി എല്‍.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories