TopTop
Begin typing your search above and press return to search.

ഈ ശമ്പള ദിനം കറന്‍സി പരിഷ്ക്കരണത്തിന്റെ വിധി ദിനമാകുമോ?

ഈ ശമ്പള ദിനം കറന്‍സി പരിഷ്ക്കരണത്തിന്റെ വിധി ദിനമാകുമോ?

അഴിമുഖം പ്രതിനിധി

ശമ്പളവും മറ്റ് അടവുകളും നല്‍കാന്‍ ജനവും കാശില്ലാതെ ബാങ്കുകളും പരക്കം പായാന്‍ പോകുന്ന വരുന്ന ശമ്പള ദിനം കാശ് പിന്‍വലിക്കലിന്റെ വിധിദിനം ആയേക്കും.

നിലവില്‍ കാശില്ലാതെ ഞെരുങ്ങുന്ന ജനങ്ങളും ബാങ്കുകളും ഡിസംബര്‍ 1-നു സര്‍ക്കാരും, കമ്പനികളും, ആഭ്യന്തര തൊഴില്‍ ദാതാക്കളും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്.

ആവശ്യത്തിന് വേണ്ട കാശിന്റെ വെറും 40% വെച്ചാണ് ബാങ്കുകളും ATM-കളും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ത്തന്നെ ബാങ്കുകളില്‍ നിന്നും 24,000-വും ATM-കളില്‍ നിന്നും 2000രൂപയും മാത്രമേ പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ.

“ഈ ശമ്പളദിനം ബാങ്കുകള്‍ക്ക് ദുരിതദിനം ആകാനാണ് സാധ്യത. ആവശ്യം നേരിടാന്‍ വേണ്ടത്ര പണം ബാങ്കിംഗ് സംവിധാനത്തില്‍ ഇല്ല. ഇത് ആളുകളെ അവരുടെ ശമ്പളവും പെന്‍ഷനും പിന്‍വലിക്കുന്നതില്‍ നിന്നും തടയും,” അഖിലേന്ത്യാ ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ അര്‍ബുദ രോഗബാധയെ തുടര്‍ന്ന് മരിച്ച 74 വയസുണ്ടായിരുന്ന മുന്ന ലാല്‍ ശര്‍മയുടെ ശവസംസ്കാരം ഘാസിയാബാദിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെ ജീവനക്കാര്‍ക്ക് നടത്തിക്കൊടുക്കേണ്ടിവന്നു; അത്രയ്ക്കുണ്ട് കാശിന്റെ ക്ഷാമം.

ശമ്പളത്തിന്റെ ഭൂരിഭാഗവും ബാങ്ക് എക്കൌണ്ടുകളിലേക്കാണ് പോകുന്നത് എന്നത് ശരിയാണ്. പക്ഷേ അതില്‍ മിക്കതിലും കാശിന്റെ ഘടകമുണ്ട്. ചിലതിലെല്ലാം, വീട്ടുവേലക്കാരെയൊക്കെ പോലെ, മുഴുവനും കാശായാണ് നല്‍കുന്നത്. ശമ്പളം ബാങ്കിലേക്ക് എത്തുന്നവരും വീട്ടുചെലവുകള്‍ക്കായി ATM-കള്‍ക്ക് മുന്നില്‍ ഉടനെ വരി നില്‍ക്കുകയാണ് പതിവും.

റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. എന്നാല്‍ അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുളില്‍ എന്തെങ്കിലും വലിയ മാറ്റമുണ്ടാകുമെന്ന് ബാങ്കുകള്‍ കരുതുന്നില്ല.

“മിക്കവരും സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിവാര പരിധിയായ 24,000 രൂപ പിന്‍വലിക്കുന്നവരാണ്. അവര്‍ക്ക് ഡ്രൈവര്‍, വീട്ടുവേലക്കാര്‍ എന്നിവര്‍ക്കൊക്കെ പണം നല്‍കേണ്ടതുണ്ട്. പക്ഷേ ഞങ്ങളുടെ കയ്യിലെ കാശ് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ തീര്‍ന്നു പോകുന്നു; ഞങ്ങല്‍ക്ക് ആവശ്യത്തിന് പണം കിട്ടുന്നില്ല,” ഡല്‍ഹി മയൂര്‍ വിഹാറിലെ കോര്‍പ്പറേഷന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മിക്ക ബാങ്ക് ശാഖകളും നിശ്ചിത പരിധിയായ 24000-രൂപയിലും കുറവാണ് നല്‍കുന്നത്. അവര്‍ക്ക് മറ്റ് വഴിയില്ല. പ്രതിദിനം ആവശ്യമുള്ള 50 ലക്ഷം രൂപയുടെ പകുതി മാത്രമേ തങ്ങള്‍ക്ക് കിട്ടുന്നല്ലോ എന്നാണ് എസ് ബി ഐയുടെ സെന്‍ട്രല്‍ ഡല്‍ഹി ശാഖയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ആര്‍ ബി ഐയില്‍ നിന്നും വേണ്ടത്ര പണം കിട്ടിയില്ലെങ്കില്‍ ബാങ്കിന്റെ ജനക്പുരി, ഝിമ്ലി, ഒഖ്ല കാശ് സംഭരണകെന്ദ്രങ്ങളിലെല്ലാം ഒരു ദിവസത്തിനുള്ളില്‍ കാശ് തീരും. ഒരു കേന്ദ്രത്തില്‍ നിന്നും 50 ശാഖകളിലേക്കാണ് കാശ് നല്‍കുന്നത്.

ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് തന്റെ ശാഖയിലേക്ക് രണ്ടു ദിവസം മുമ്പ് 3,00,000 രൂപ കിട്ടിയതെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു ശാഖാ മാനേജര്‍ പറഞ്ഞത്.”ഒരു ഇടപാടുകാരന്‍ വിവാഹത്തിന് 2,50,000 രൂപ എടുത്തിരുന്നെങ്കില്‍ എന്റെ കയ്യില്‍ വെറും 50,000 രൂപ മാത്രമാകുമായിരുന്നു ബാക്കി. അഞ്ചു പേര്‍ വന്നാല്‍ തീരാവുന്ന പണം.”

ഇതൊന്ന് കണക്കാക്കി നോക്കൂ. നവംബര്‍ 9-നു 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുന്നതിന് മുമ്പ് രാജ്യത്തുള്ള 2,00,000 ATM-കളില്‍ ഓരോന്നിലും 6.5 ലക്ഷം രൂപ നിറയ്ക്കാന്‍ കഴിയുമായിരുന്നു. അതില്‍ പകുതിയിലും ശമ്പള ദിനങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച്ച, ഒരു ദിവസം രണ്ടുനേരം പണം നിറയ്ക്കേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഓരോ ATM-ലും ശരാശരി 2.5 ലക്ഷം രൂപയാണ് പ്രതിദിനം നിറയ്ക്കുന്നത്.

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറയുന്നത് കേരള സര്‍ക്കാരിന് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ കഴിയില്ല എന്നാണ്. “ശമ്പളവും പെന്‍ഷനും നല്കാന്‍ 1200 കോടി രൂപ വേണം. സംസ്ഥാന ട്രഷറികള്‍ക്ക് ആര്‍ ബി ഐ വേണ്ടത്ര പണം നല്‍കിയില്ലെങ്കില്‍ ശമ്പളം വേണ്ട രീതിയില്‍ നല്കാന്‍ കഴിയില്ല.”

തമിഴ്നാട്ടിലെ ബാങ്കുകള്‍ ശമ്പളദിന വരുന്ന പേടിയിലാണ്. ശമ്പളം കാശായി നല്‍കാന്‍ ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. “പക്ഷേ ഞങ്ങളുടെ ആവശ്യം നിരസിച്ചു,” തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘം അദ്ധ്യക്ഷന്‍ ആര്‍ ഷണ്‍മുഖം പറഞ്ഞു.ഗുഡ്ഗാവില്‍ എല്ലാ ബാങ്കുകള്‍ക്കും കൂടി പ്രതിദിനം 2000 കോടി രൂപയുടെ കുറവാണ് നേരിടുന്നത്. ജില്ലാ അധികൃതരുമായി ബാങ്കൂകള്‍ ശനിയാഴ്ച്ച നടത്തിയ യോഗത്തില്‍ ശമ്പള ദിനത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്നായിരുന്നു ചര്‍ച്ച.

സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കം ബാങ്കുകള്‍ക്ക് അധികമായ മുന്‍കരുതലുകള്‍ എടുക്കാനുണ്ടെന്ന് കാനറ ബാങ്കിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് നേരിടാന്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കാനും ചില ബാങ്കുകള്‍ ആലോചിക്കുന്നു.

ഗ്രാമീണ, അര്‍ദ്ധ-ഗ്രാമീണ മേഖലകളില്‍ കാശെത്തിക്കാനാണ് ഇപ്പോള്‍ ശ്രമം. കര്‍ഷകര്‍ക്ക് റാബി കൃഷിക്കാലത്തേക്കുള്ള വിത്തുവിതക്കലിന് ആവശ്യമായ പണം കിട്ടാനാണിത്. പ്രധാന നഗരങ്ങളില്‍ കാശ് ആവശ്യത്തിനില്ലാത്തത് കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാക്കുന്നു എന്നു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ആര്‍ ബി ഐയുടെയും ബാങ്കുകളുടെയും പക്കല്‍ ആവശ്യത്തിന് പണമുണ്ടെന്നും അതുകൊണ്ട് അസാധുവാക്കിയ കാശ് നിക്ഷേപിക്കാനുള്ള അവസാനതിയ്യതി ഡിസംബര്‍ 30-ല്‍ നിന്നും നീട്ടേണ്ടതില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

“നൂറിന്റെ നോട്ടുകളുടെ വിതരണം ഇപ്പോള്‍ത്തന്നെ കൂടിയിട്ടുണ്ട്,” എന്നു ധനകാര്യ സഹമന്ത്രി അരുണ്‍ റാം മേഘ്വാല്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.


Next Story

Related Stories